Friday, May 1, 2009

ശകുനപ്പിഴകള്‍


രാവിലെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ വലതു ഭാഗം ചേര്‍ന്ന് എഴുന്നേല്‍ക്കാന്‍ രാഹുല്‍ ഈശ്വര്‍ പ്രത്യേകം ശ്രദ്ധിച്ചു. രാഹുല്‍ കടുത്ത ഈശ്വര ഭക്തനോന്നുമല്ല. എങ്കിലും ഈ വിദേശ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതം അയാളില്‍ ചില മാറ്റങ്ങള്‍ വരുത്തി എന്ന് പറയുന്നതാവും ശരി. സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ വേണ്ടി അയാള്‍ ദുബായ് നഗരത്തില്‍ വളരെ നാളായി കഷ്ടപ്പെടുകയാണ്.ഇതുവരെ ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ നിന്നും ഒന്ന് കര കേറാന്‍ അദ്ദേഹത്തിനായില്ല. എങ്കിലും ശുഭ പ്രതീക്ഷയിലാണ് രാഹുല്‍. എല്ലാം ഒരു നാള്‍ ശരിയാകുമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.

എന്നാല്‍ ഇന്ന് അയാള്‍ക്ക്‌ വളരെ സുപ്രാധാനമായ ഒരു ദിവസമാണ്‌. അയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌ ഇന്ന് ഒരു പ്രൊജക്റ്റ്‌ ലഭിക്കും. അത് കിട്ടിയാല്‍ ഒരു സ്വപ്ന സാക്ഷത്കാരമെന്നോണം അയാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഇതു വരെയുണ്ടായ അയാളുടെ എല്ലാ കടങ്ങളും എല്ലാ പ്രശ്നങ്ങളും തീരും. നാട്ടിലെ ബാങ്ക് ജപ്തിയില്‍ നിന്നും അയാള്‍ക്ക്‌ തന്റെ തറവാട് വീട് രക്ഷിച്ചെടുക്കാം. അച്ഛന്റെ അസ്ഥിത്തറയുള്ള ആ മണ്ണ് നഷ്ടപ്പെടുന്നത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി കരുതിയ രാഹുലിനു ഈ പ്രൊജക്റ്റ്‌ ലഭിക്കുക എന്നത് തീര്‍ത്തും ഒരു ജീവിത പ്രശ്നം തന്നെയാണ്. ആ പ്രൊജക്റ്റ്‌ ഒരു കാരണവശാലും നഷ്ടപ്പെടാതിരിക്കാന്‍ തന്റെ ഭാഗത്ത് നിന്നും ചെറിയ ഒരു കാരണം പോലും ഉണ്ടാകരുത് എന്ന് കരുതിയാണ് അയാള്‍ അന്ന് വലതു വശം ചേര്‍ന്ന്‌ എഴുന്നേറ്റത്‌.

കുളിച്ച് ശുദ്ധനായി ഈശ്വരന്മാര്‍ക്ക് മുന്നില്‍ ദീപം തെളിച്ചുവെച്ച് പതിവിലും നേരം അയാള്‍ കണ്ണുകളടച്ച് പ്രാര്‍ത്തിച്ചു. റൂമില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് ഒന്നും എടുക്കാന്‍ മറന്നിട്ടില്ല എന്നയാള്‍ ഉറപ്പു വരുത്തി. മനസ്സില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് നടക്കുമ്പോള്‍ പിന്നില്‍ നിന്നും ആരും വിളിക്കല്ലേ എന്ന് അയാള്‍ മനസ്സാല്‍ ആഗ്രഹിച്ചു. ദുബായിയില്‍ നിന്നും മുപ്പതു കിലോമീറ്റെര്‍ അകലെയുള്ള അജ്മാന്‍ എന്ന സ്ഥലത്തേക്കാണ് അയാള്‍ക്ക്‌ പോകേണ്ടത്. ട്രാഫിക് ജാമില്‍ പെട്ട് നേരം വൈകാതിരിക്കാന്‍ അല്പം നേരത്തെയാണ് രാഹുല്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്‌.

കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു പോകാന്‍ തുടങ്ങുമ്പോള്‍ ഒരു മൈന രാഹുലിന്റെ കാറിന്റെ മുന്നില്‍ വന്നിരുന്നു. രാഹുല്‍ വേഗം അതിന്റെ കൂടെ വേറെ മൈനയുണ്ടോ എന്ന് നോക്കി. ആ പരിസരത്തൊന്നും വേറെ മൈനയെ കാണാന്‍ കഴിഞ്ഞില്ല. രാഹുലിന്റെ മുഖത്ത് നിരാശ പടര്‍ന്നു. ഒറ്റ മൈനയെ കാണുന്നത് ആശുഭമാനെന്നൊരു വിശ്വാസം കുട്ടിക്കാലം മുതല്‍ക്കേ രാഹുലിനുണ്ട്. അയാളുടെ മനസ്സ് വെറുതേ അസ്വസ്ഥമായി .

കുട്ടിക്കാലത്ത് ഒറ്റ മൈനയെ കണ്ടു സ്കൂളില്‍ പോയ ദിവസമൊക്കെ കണക്കു മാഷിന്റെ കയ്യില്‍ നിന്നും കണക്കിനു കിട്ടിയിട്ടുണ്ട് അല്ലെങ്കില്‍ അച്ഛന്റെ വക. ഏതായാലും അന്നത്തെ ദിവസം അടി ഉറപ്പായിരുന്നു. അന്ന് മുതല്‍ ഒറ്റ മൈനയെ കാണുമ്പോള്‍ അതൊരു അശുഭ കാഴ്ച്ചയായാണ് രാഹുല്‍ കരുതിപ്പോന്നത്. തന്റെ കാറിനു മുന്നില്‍ വന്നു പെട്ട ഒറ്റ മൈനയും അയാളെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. തന്റെ പ്രൊജക്ടിനെ ഇതു വല്ല വിധേനയും ബാധിക്കുമോയെന്ന് അയാള്‍ വെറുതേ ഭയപ്പെട്ടു. എങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ അയാള്‍ അജ്മാനിലേക്ക് നീങ്ങി. വഴിയില്‍ പതിവില്ലാത്ത ഒരു ട്രാഫിക് ജാം അയാളെ അസ്വസ്ഥനാക്കി. അര മണിക്കൂറിലധികമായി ഒരു ട്രാഫിക്‌ ജാമില്‍ പെട്ട് അയാളുടെ കാര്‍ അല്‍പ്പം പോലും മുന്നോട്ടു നീങ്ങിയില്ല. ഒറ്റ മൈനയെ കണ്ടതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയെന്ന് രാഹുല്‍ മെല്ലെ വിശ്വസിക്കാന്‍ നിര്‍ബന്ധിതനായിത്തുടങ്ങി.

ആ റോഡില്‍ ഒരു ആക്സിടെന്റ്റ് ഉണ്ടായിട്ടുണ്ടെന്ന് എതിര്‍ വശത്തെ വണ്ടിയിലെ ഡ്രൈവര്‍ ആന്ഗ്യം കാണിച്ചതില്‍ നിന്നും അയാള്‍ക്ക്‌ മനസ്സിലായി. മറ്റൊരു റോഡിലൂടെ അജ്മാനിലേക്ക് എത്തിപ്പെടാന്‍ രാഹുല്‍ കാര്‍ മറ്റൊരു റോഡിലേക്ക് തിരിച്ചു. അല്പം വളഞ്ഞാണെങ്കിലും ആ റോഡിലൂടെ തന്റെ ലക്ഷ്യ സ്ഥാനത്ത് എത്താമെന്ന് രാഹുലിനു മനസ്സിലായി. ജനവാസമുള്ള ഒരു പ്രദേശത്ത്‌ കൂടിയാണ് ആ റോഡ് പോകുന്നത്. നിറയെ വളവുകളും തിരിവുകളുമാണ്. ഒറ്റ മൈനയെ കണ്ടതിനാലാണ് തനിക്ക് ഈ വഴി വരേണ്ടി വന്നതെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.

ഒരു വളവു തിരിഞ്ഞതും ഒരു കറുത്ത പൂച്ച രാഹുലിന്റെ കാറിനു വട്ടം ചാടി. ഒരു കച്ചറ ടിന്നിനടുത്ത്‌ എന്തോ തിന്നു കൊണ്ടു നിന്നിരുന്ന പൂച്ച കാറിന്റെ ശബ്ദം കേട്ട് പേടിച്ചു ഓടിയതാണ്. രാഹുല്‍ ആകെ സ്തബ്ധനായി. താന്‍ ജീവിതത്തില്‍ കാണാന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യം തന്റെ ജീവിതത്തിലെ സുപ്രാധാനമായ ദിവസത്തില്‍ കണ്ടിരിക്കുന്നു. അയാള്‍ക്ക്‌ ഭയങ്കര നിരാശ തോന്നി. താന്‍ ഏറ്റവും അധികം ആഗ്രഹിച്ചിരുന്ന ആ പ്രൊജക്റ്റ്‌ തനിക്ക് നഷ്ട്ടപ്പെടുമെന്നു അയാള്‍ ഉറച്ചു വിശ്വസിച്ചു. ഒരു വേള തിരിച്ചു പോയാലോ എന്ന് പോലും അയാള്‍ ചിന്തിച്ചു. എങ്കിലും അപ്പോയന്റ്റ്‌മെന്റ് ഉള്ള സ്ഥിതിക്ക് മാത്രം പോകാമെന്ന് കരുതി അയാള്‍ യാത്ര തുടര്‍ന്നു. എല്ലാം തന്റെ വിധിയാനെന്നോര്‍ത്തു സമാധാനിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. തന്റെ എല്ലാ സ്വപ്നങളും മോഹങ്ങളും ഒരു മരീചിക പോലെയായെന്നു അയാള്‍ക്ക്‌ തോന്നി. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ആ ഓഫീസിലേക്ക് നടന്നു.

പ്രോജക്ടിന്റെ കാര്യം സംസാരിക്കാന്‍ ഡയരെക്ടര്‍ അല്‍പ്പ സമയത്തിനകം വരുമെന്നും അയാളോട് ഗസ്റ്റ് റൂമില്‍ കാത്തിരിക്കുവാനും റിസപ്ഷനിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. താന്‍ കണ്ട ലക്ഷണങ്ങള്‍ വെച്ച് നോക്കിയാല്‍ ഈ പ്രൊജക്റ്റ്‌ തനിക്ക് കിട്ടാന്‍ ഒരു സാധ്യതയും ഇല്ലെന്ന് അയാള്‍ വീണ്ടും വീണ്ടും മനസ്സില്‍ ഓര്‍ത്ത് കൊണ്ടിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഒരച്ഛന്റെ മകനില്‍ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിതത്തില്‍ അലിഞ്ഞ് ചേര്‍ന്നത്‌ സ്വാഭാവികം എന്ന് പറഞ്ഞു തന്റെ വിശ്വാസങ്ങളെ ന്യായീകരിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

അല്‍പ്പ സമയത്തിന് ശേഷം രാഹുലിനെ ഡയരെക്ടറുടെ റൂമിലേക്ക്‌ വിളിപ്പിച്ചു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവനെപ്പോലെ, വളരെയേറെ നിരാശയോടെ രാഹുല്‍ ഡയറക്ടറുടെ മുന്നില്‍ ഇരുന്നു.തന്റെ വിശ്വാസങ്ങളെ തകിടം മറിച്ച്‌ അത്ഭുതങ്ങളൊന്നും സംഭവിക്കാനില്ല എന്ന് അയാള്‍ മനസ്സില്‍ ഓര്‍ത്തുകൊന്ടെയിരുന്നു.എന്നാല്‍ തന്റെ എല്ലാ വിശ്വാസങ്ങളെയും അശുഭ ലക്ഷണങ്ങളെയും തകര്‍ത്ത് കൊണ്ട് ആ പ്രൊജക്റ്റ്‌ രാഹുലിനു കിട്ടി. ആ സത്യം ഉള്‍ക്കൊള്ളാന്‍ അയാള്‍ പ്രയാസപ്പെട്ടു. സന്തോഷത്താല്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു പുതിയ സാമ്രാജ്യം വെട്ടിപ്പിടിച്ച അതിരറ്റ സന്തോഷത്തിലായിരുന്നു രാഹുല്‍.

പ്രോജക്ടിന്റെ അഡ്വാന്‍സ് തുകയുടെ ചെക്കുമായി ആ ഓഫീസിന്റെ പടികളിറങ്ങുമ്പോള്‍ അയാള്‍ ആ ഒറ്റ മൈനയെപ്പറ്റിയും കറുത്ത പൂച്ചയെപ്പറ്റിയും ചിന്തിച്ചു. എല്ലാം വെറും അന്ധ വിശ്വാസങ്ങളാണെന്നു അയാള്‍ക്ക്‌ തോന്നി. തിരിച്ചു പോകുമ്പോള്‍ താനിനി ഇത്തരം ശകുനങ്ങളില്‍ വിശ്വസിക്കില്ല എന്ന് അയാള്‍ ഉറച്ചൊരു തീരുമാനമെടുത്തു. തിരിച്ചുള്ള യാത്രയില്‍ ആ കറുത്ത പൂച്ചയെ ഒന്നു കൂടി കണ്ടാല്‍ കൊള്ളാമെന്നു അയാള്‍ക്ക്‌ തോന്നി. ഒരു പക്ഷെ ആ പൂച്ച മുന്നില്‍ ചാടിയതിനാലാണോ തനിക്ക് പ്രൊജക്റ്റ്‌ കിട്ടിയതെന്ന് വരെ രാഹുല്‍ ചിന്തിച്ചു. തന്റെ മണ്ടന്‍ തീരുമാനത്തില്‍ പ്രൊജക്റ്റ്‌ സൈന്‍ ചെയ്യാന്‍ പോകാതെ തിരിച്ചു പോകാനെങ്ങാനും തീരുമാനിച്ചിരുന്നെങ്കില്‍ എന്ന് ഒരു നടുക്കത്തോടെ അയാള്‍ ഓര്‍ത്തു. സന്തോഷത്താല്‍ അയാള്‍ മതി മറന്നു.

എത്രയും വേഗം തന്റെ ഓഫീസിലെത്താന്‍ അയാള്‍ കാറിനു അല്‍പ്പം വേഗത കൂട്ടി. ഈ സന്തോഷം നാട്ടിലുള്ള തന്റെ ഭാര്യയുമായി പങ്കുവെക്കാന്‍ അയാള്‍ തന്റെ ഫോണെടുത്തു നാട്ടിലേക്ക് വിളിച്ചു. ഭാര്യയോടു സംസാരിക്കുന്നതിന്റെ സന്തോഷത്തില്‍ മുന്നിലുള്ള സിഗ്നലില്‍ ചുവപ്പ് വെളിച്ചം തെളിഞ്ഞത് രാഹുല്‍ കണ്ടില്ല. ഇടതു വശത്തെ റോഡില്‍ നിന്നും വന്ന ഒരു ട്രെയിലര്‍ രാഹുലിന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ നിന്നും അല്‍പ്പം ഉയര്‍ന്ന് ഒരു ഘോര ശബ്ദത്തില്‍ നിലത്ത് വന്നു വീണു നിശ്ചലമായി.

37 comments:

വാഴക്കോടന്‍ ‍// vazhakodan said...

തിരിച്ചുള്ള യാത്രയില്‍ ആ കറുത്ത പൂച്ചയെ ഒന്നു കൂടി കണ്ടാല്‍ കൊള്ളാമെന്നു അയാള്‍ക്ക്‌ തോന്നി. ഒരു പക്ഷെ ആ പൂച്ച മുന്നില്‍ ചാടിയതിനാലാണോ തനിക്ക് പ്രൊജക്റ്റ്‌ കിട്ടിയതെന്ന് വരെ രാഹുല്‍ ചിന്തിച്ചു....
വിശ്വാസങ്ങള്‍ അന്ധമാകുമ്പോള്‍......ഇനി നിങ്ങള്‍ പറയുക, സസ്നേഹം......വാഴക്കോടന്‍

ഹന്‍ല്ലലത്ത് Hanllalath said...

അന്ധ വിശ്വാസം നിങ്ങളും വിശ്വസിക്കുന്നു അല്ലെ..?
പാവം....
അയാളെ കൊന്നപ്പോ എല്ലാര്‍ക്കും സമാധാനമായി..!

കഥയുടെ അവതരണം കൊള്ളാം

വാഴക്കോടന്‍ ‍// vazhakodan said...

അശ്രദ്ധ കൊണ്ടുണ്ടായ അപകടം ഒരിക്കലും ശകുനപ്പിഴയല്ല. അന്ധവിശ്വാസങ്ങള്‍ ചില സമയത്ത്‌ സത്യമാണെന്ന് പലര്‍ക്കും
അനുഭവപ്പെട്ടിട്ടുണ്ട്‌. അപ്പോള്‍ നമുക്ക് അന്ധവിശ്വാസങ്ങളില്‍ വിശ്വാസം തോന്നും. എന്നാല്‍ അതു വെറും അശ്രദ്ധ കൊണ്ട്‌
മാത്രം സംഭവിക്കുന്നതാണ് എന്നു പറയാണാണ് ശ്രമിച്ചത്‌. അഭിപ്രായങ്ങള്‍ക്ക് നന്ദി. തുടര്‍ന്നും അഭിപ്രായം പറയുമല്ലൊ!
സസ്നേഹം......വാഴക്കോടന്‍

കെ.കെ.എസ് said...

twist in the tail ..നന്നായി..കൊള്ളാം

Patchikutty said...

ട്രെയിലര്‍ വന്നിടിച്ചു രാവിലെ മനുഷേന്റെ മൂഡ് കളഞ്ഞല്ലോ... കാരണം എന്‍റെ കെട്ടിയോനെ ഓര്‍ത്ത് എന്നും ഈ തീ കുറെ ഞാന്‍ തിന്നുന്നതാ.ഓഫീസിലെ ജോലിക്കിടെയില്‍ കൂടി സമയമുണ്ടാക്കി വിളിക്കുമ്പോ ചോദിക്കുന്നതോ നിനക്കെന്താ കൂടെ കൂടെ വിളിക്കാന്‍ വേറെ പണി ഒന്നുമില്ലെന്ന്. ഇവിടുത്തെ ട്രാഫിക്കും അപകടങ്ങളും ഒക്കെ അങ്ങിനെയല്ലേ.പിന്നെ മൈന ഞാനും അറിയാതെ ഒന്നിനെ ഒറ്റയ്ക്ക് കണ്ടാല്‍ അടുത്തതിനെ തിരക്കും പെട്ടന്ന്...അന്ധ വിസ്വാസ്മല്ല... സ്കൂള്‍ തലം മുതലുള്ള ഒരു പേടി...അങ്ങിനെ കണ്ടാല്‍ അടി കിട്ടും...പെട്ടന്ന് വിരല്‍ കടിച്ചാല്‍ അത് മാറും എന്നൊക്കെ ഓരോ പൊട്ടത്തരം കെട്ടല്ലെ വളര്‍ന്നത്... അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ.

മാണിക്യം said...

ചൊട്ടയിലേ ശീലം ചുടലവരെ.....
ഒറ്റ മൈന കറുത്ത പൂച്ച
എന്തിനാ പാവം ജീവികളെ പഴിക്കുന്നത്?
അരി എത്തി എന്ന് കരുതുന്നതാ അതിലും നല്ലത്...

വാഴക്കോടന്‍ വലിച്ചു നീട്ടില്ലാതെ നന്നായി എഴുതി...
നമ്മുടെ മനസ്സില്‍ വിശ്വസിക്കുന്നത് തന്നെ സംഭവിക്കും
അതുകൊണ്ടാവും “:നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും:”
എന്ന് പറയപ്പെടുന്നത്..
ഇനിയും നല്ല കഥകളെയുതാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു..

പാവപ്പെട്ടവൻ said...

വിശ്വാസങ്ങള്‍ അതാണ്‌ പ്രശ്നം. നമ്മുടെ അശ്രദ്ധകള്‍ പോലും വിശ്വാസ കണ്ണാടിയിലൂടെ കാണാനേ നാം ശ്രമിക്കറുള്ളു .നമ്മുടെ ന്യായ-അന്യായ വ്യവസ്ഥകള്‍ പോലും ഇതിന്‍റെ ചരടറ്റത്തിലാണ് .

ഇതൊരു സംഭവമാണ് മാണ്..... കേട്ടോ

കാപ്പിലാന്‍ said...

കഥ നന്നായി അതോടൊപ്പം വിശ്വാസങ്ങളെ കുറേകൂടി ഉറപ്പിച്ചു എന്ന് പറയുന്നതാകും ശരി .എനിക്കും ഇങ്ങനെയുള്ള കാര്യങ്ങളില്‍ ശരിക്കും വിശ്വാസം ഉണ്ട് .നല്ല കഥ വാഴേ .

shajkumar said...

നന്നായി.

ramanika said...

കറുത്ത പൂച്ചയും ഒറ്റ മൈനയും അപ്പൊ പൊട്ട ശകുനം തന്നെ !

ബാജി ഓടംവേലി said...

“എല്ലാം വെറും അന്ധ വിശ്വാസങ്ങളാണെന്നു അയാള്‍ക്ക്‌ തോന്നി. തിരിച്ചു പോകുമ്പോള്‍ താനിനി ഇത്തരം ശകുനങ്ങളില്‍ വിശ്വസിക്കില്ല എന്ന് അയാള്‍ ഉറച്ചൊരു തീരുമാനമെടുത്തു.“
ബാക്കി അശ്രദ്ധ കൊണ്ട്‌ സംഭവിച്ചതാണ്.

പി.സി. പ്രദീപ്‌ said...

വാഴക്കോടാ, നന്നായിട്ടുണ്ട്.
അശ്രദ്ധ കൊണ്ടാണെങ്കിലും ശകുനപ്പിഴയാണെന്ന് വരുത്തി തീര്‍ക്കാനാണ് വിശ്വാസികള്‍ക്ക് ഇഷ്ടം.

പൊട്ട സ്ലേറ്റ്‌ said...

നല്ല ശ്രമം. വീണ്ടും എഴുതുക.

അനില്‍@ബ്ലോഗ് // anil said...

അയാളെ ചുമ്മാ കൊന്ന് അന്ധവിശ്വാസി എന്ന പേരും നേടി.
:)
ഓവര്‍ എക്സൈറ്റഡായി വാഹനമോടിച്ചാലും കുറ്റം പാവം പൂച്ചക്ക്.

കഥ കൊള്ളാം.

Anil cheleri kumaran said...

കറതീര്‍ന്ന മനോഹരമായ എഴുത്ത്.
ദുബായില്‍ മൈന ഉണ്ടോ? എനിക്കറിയില്ല കേട്ടൊ.

ഹരിശ്രീ said...

അശ്രദ്ധ കൊണ്ടുണ്ടായ അപകടം ഒരിക്കലും ശകുനപ്പിഴയല്ല. വിശ്വാസങ്ങള്‍ ചില സമയത്ത്‌ സത്യമാകാം, എന്നാല്‍ അപടങ്ങള്‍ ഭൂരിഭാഗവും അശ്രദ്ധ കൊണ്ട്‌
മാത്രം സംഭവിക്കുന്നതാണ്....

നന്നായിരിയ്കുന്നു...
:(

ബിനോയ്//HariNav said...

നമ്മുടെ തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ ആണോ? ലവനാണെങ്കില്‍ ആ പാവം ട്രെയ്‌ലര്‍ ഡ്രൈവറായിരിക്കും തട്ടിപ്പോയിട്ടുണ്ടാവുക :)

naakila said...

ചുമ്മാ എഴുതാം.
നന്നായിരിക്കുന്നു. പൊളളയല്ല ഇത്

ബഷീർ said...

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും തമ്മിൽ കൂട്ടിക്കുഴച്ച് ജീവിതം തുലക്കുന്നവർ നിരവധിയാണ്. വരുത്തി വെക്കുന്ന വിനകളും അബദ്ധജഡിലമായ വിശ്വസങ്ങളുമായി കൂട്ടിച്ചേർക്കാനാണ് മനുഷ്യർക്ക് താത്പര്യം. വസ്ഥുതാപരമാ‍ായി വേർതിരിച്ചെടുക്കുന്നവർ വിരളം..

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക ഗുണപാഠം ഇങ്ങിനെയും വായിക്കാം

ശ്രീഇടമൺ said...

നല്ല രചന...

കണ്ണനുണ്ണി said...

പ്രിയദര്‍ശന്റെ പഴയ സിനിമകള്‍ (ചിത്രം,വന്ദനം ) പോലെ ഒരു അവസാനം ആണുട്ടോ കഥയ്ക്ക്. കഥ നല്‍കുന്ന സന്ദേശം .. അന്ധവിശ്വാസങ്ങള്‍ വിശ്വസിക്കണം എന്നോ വേണ്ട എന്നോ ?.. നന്നായിട്ടോ.. കഥ...

അരുണ്‍ കരിമുട്ടം said...

അവതരണം ഇഷ്ടപ്പെട്ടു.
എന്താ സന്ദേശം എന്ന് സംശയം ആയി

Suмα | സുമ said...

:O :O
എന്ടമ്മേ...!
കൊള്ളില്ല്യാട്ടാ...

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം പങ്കു വെച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി അറിയിക്കട്ടെ. ഞാന്‍ പറഞ്ഞല്ലോ,അന്ധവിശ്വാസങ്ങള്‍ പല വിധത്തിലുണ്ട്. മിക്കവാറും ഒറ്റ മൈനയെ ഞാന്‍ കാണാറുണ്ട്‌, ചിലപ്പോള്‍ രണ്ട് അല്ലെങ്കില്‍ അതില്‍ കൂടുതല്‍.പക്ഷെ പ്രത്യേകമായി ആ ദിവസം ഒന്നും സംഭവിക്കാറില്ല. അതുപോലെ മിക്കവാറും ഒരു കറുത്ത പൂച്ച എന്നും എന്റെ വണ്ടിക്കു വട്ടം ചാടും,ചിലപ്പോള്‍ അതിന്റെ കൂടെ വേറെ പൂച്ചയും ഉണ്ടാകും, പക്ഷെ ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടേ... ഇവിടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായത്.അത്തരം അശ്രദ്ധകള്‍ മൂലം സംഭവിച്ച പരാജയങ്ങള്‍ നാം പലപ്പോഴും ശകുനപ്പിഴകളുടെ മേല്‍ ചാരി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയും നിങ്ങള്‍ അശ്രദ്ധ കാണാതെ പോയി വെറുതെ ശകുനങ്ങളിലേക്ക് ശ്രദ്ധിക്കാതിരിക്കൂ...
അതാണ്‌ പറയാന്‍ ശ്രമിച്ചത്.പക്ഷെ ഒരു ചോദ്യം നിങ്ങളുടെ മുന്നില്‍ ഇത് ശകുനപ്പിഴയാണോ അതോ അശ്രദ്ധയാണോ എന്ന് ഒരു നിമിഷം സംശയിപ്പിച്ചെങ്കില്‍ ഞാന്‍ വിജയിച്ചു.
എല്ലാവര്‍ക്കും നല്ലത് വരട്ടെ!
സസ്നേഹം,
വാഴക്കോടന്‍.

raadha said...

ദേ വെറുതെ ഇങ്ങനെ അന്ധ വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു കൊണ്ടു കഥ എഴുതല്ലേ.... ആരാ കഥ നായകനോട് ഫോണ്‍ ചെയ്തു കൊണ്ടു കാര്‍ ഓടിക്കാന്‍ പറഞ്ഞത്? ഇവിടെ നാട്ടില്‍ ആയിരുന്നെങ്ങില്‍ 1000 രൂപ ആണ് ഫൈന്‍. (ഞങ്ങള്‍ കൊടുത്തിട്ട് രണ്ടു ദിവസമേ ആയുള്ളൂ..) :-)

The Editors Catalogue said...

നന്ദി ..
കുട്ടിക്കാലം ഓര്മിപ്പിച്ചതിനു ..
മനസ്സില്‍ പതിഞ്ഞു പോയ കുഞ്ഞു കുഞ്ഞു വിശ്വാസങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയതിനു ...
വെറുതെയെങ്കിലും മനസിലേക്ക് അറിയാതെ കടന്നു വരുന്ന "ശകുന പിഴകളെ " ഒരു പുഞ്ഞിരിയോടെയും വേദനയോടെയും പകര്‍ത്തിയതിനു ...........

രാജീവ്‌ .എ . കുറുപ്പ് said...

ഇത് അശ്രദ്ധ തന്നെ ഭായി,

മര്യാദക്ക് വീട്ടില്‍ എത്തിയിട്ട് വിളിച്ചാല്‍ പോരാരുന്നോ
അല്ല പിന്നെ??

കിടു വാഴേ (കുറുപ്പിന്റെ കണക്കു പുസ്തകം)

പാവത്താൻ said...

ഒറ്റമൈനയെ കണ്ടാല്‍ എന്തു ചെയ്യണം എന്നെനിക്കറിയില്ല.കാരണം അതൊരു അപശകുനമായി കരുതുന്നില്ല. കറുത്ത പൂച്ച കുറുക്കു ചാടിയ ഉടന്‍ തന്നെ വണ്ടി നിര്‍ത്തി പുറത്തിറങ്ങി 3 തവണ വട്ടം കറങ്ങി 4 ദിക്കിലേക്കും തുപ്പിയിരുന്നെങ്കില്‍ അയാള്‍ക്ക് ഒരു കുഴപ്പവും വരില്ലായിരുന്നു.
ഇത്ര നല്ല സന്ദേശങ്ങള്‍ നല്‍കുന്ന ക്ഥകളെഴുതുമ്പോള്‍ ഇനിയെങ്കിലും ഇത്തരം ഉപകാരപ്രദമായ വിജ്ഞാനശകലങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ.

Mizhiyoram said...

അവതരണം നന്നായിട്ടുണ്ട്. ആശംസകള്‍.
അന്ധവിശ്വാസങ്ങളെക്കുറിച്ച് വായ്‌ തോരാതെ സംസാരിക്കുമ്പോഴും, ഉള്ളിന്‍റെ ഉള്ളില്‍ എന്തൊക്കെയോ അന്ധ വിശ്വാസങ്ങള്‍ എല്ലാവരിലുമില്ലെ എന്നെനിക്കു തോന്നുന്നു. കണികാണല്‍, കൈനീട്ടം പോലുള്ള കാര്യങ്ങളെല്ലാം ഇതിന്റെ ഭാഗമല്ലേ എന്നൊരു തോന്നല്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയാളെ വണ്ടി ഇടിപ്പിച്ചു കൊന്നപ്പൊ വാഴയ്ക്കു സമാധാനമായി
അല്ലെ?
നന്നായി രസമായി വായിച്ചു വരികയായിരുന്നു. കൊളമാക്കി.

സഞ്ജയന്‍ എഴുതിയ ഒരു കഥ വായിച്ചതോര്‍ക്കുന്നു

കടുവ ആളെക്കൊല്ലിയാണെന്ന അന്ധവിശ്വാസം വന്ന കഥ

പുല്ലു ചെത്താന്‍ പോയ ഒരാള്‍ പതുങ്ങി ഇരിക്കുന്ന കടുവയെ കണ്ടു.

കടുവ ആളെ കൊല്ലും എന്ന അന്ധ വിശ്വാസം കാരണം ആയാള്‍ ഭയന്നു മരിച്ചു വീണു

ഇതു കണ്ട കടുവയ്ക്കു വിഷമം ആയി

ഇനി ആ ശവം അവിടെ കിടന്നു ചീഞ്ഞു നാറണ്ട എന്നു കരുതി അതിനെ അങ്ങു തിന്നേക്കാം എന്നു കടൂവ വിചാരിച്ചു. അല്ലാതെ മറ്റൊന്നും കൊണ്ടല്ല

കടുവ അങ്ങനെ ഒരു നല്ല കാര്യം ചെയ്യാന്‍ തുടങ്ങിയതും മറ്റൊരാള്‍ ആ വഴി വന്നു

കാണുന്ന കാഴ്ഛയോ കടൂവ ആളെ തിന്നുന്നു

പോരെ പുതിയ ഒരു അന്ധവിശ്വാസവും കൂടി കടൂവ ആളെ തിന്നും അത്രെ

എന്താ കഥ

സ്വപ്നകൂട് said...

viswaasam aavaam but athu andha viswaasma aayaal ..............

വാഴക്കോടന്‍ ‍// vazhakodan said...

പാവത്താനേ അപ്പോ വട്ടം കറങ്ങി നാലു ദിക്കിലേക്കും തുപ്പാറുണ്ടല്ലേ? :):)
ഹെറിട്ടേജ് മാഷ് ഈ കഥ പറഞ്ഞില്ലായിരുന്നെങ്കില്‍ ജീവിത കാലം മുഴുവന്‍ ഞാന്‍ കടുവകളേ തെറ്റിദ്ധരിച്ചേനെ :):)

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!

ആചാര്യന്‍ said...

കഥ കൊള്ളാം പക്ഷെ അവസാനം അന്ത്യം ..അന്ധ വിശ്വാസത്തെ ന്യയീകരിക്കുകയല്ലേ എന്നൊരു ചെറിയ സംശയം എന്തേ ..

ചാർ‌വാകൻ‌ said...

വാഴേ,ഹിന്ദു പാർലമെന്റ് രാഹുൽ ഈശ്വരനാണോ..കഥാപാത്രം.പുള്ളി തട്ടിപോയ്യോ..?

വാഴക്കോടന്‍ ‍// vazhakodan said...

ചാര്‍വാകോ അങ്ങേരൊന്നുമല്ലാട്ടോ. ആ പേരില്‍ ഒരു ഈശ്വര വിശ്വാസത്തിന്റെ ലാഞ്ചന കഥാപാത്രത്തിന് നല്‍കാന്‍ വേണ്ടി ആ പേരിട്ടെന്നേയുള്ളൂ.

ആചാര്യാ..ഇതിന്റെ അന്ത്യം വായനക്കാരന് വിട്ടുകൊടുക്കുകയാണ് ഞാന്‍ ചെയ്തത്. അന്ധവിശ്വസം കൊണ്ടാണ് മരണം സംഭവിച്ചതെന്ന് വിശ്വസിക്കുന്നവരും അശ്രദ്ധകൊണ്ടാണ് അപകടം സംഭവിച്ചത് എന്ന് വിശ്വസിക്കുന്നവര്‍ക്കും അവരുടേ ഉള്ളിലെ വിശ്വാസങ്ങളെ മുന്‍ നിര്‍ത്തി ഒരു തീരുമാനത്തിലെത്താം.ഞാന്‍ ആ അപകടത്തെ തികഞ്ഞ അശ്രദ്ധയായി മാത്രമാണ് കാണുന്നത്!

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

Afsal said...

കൊള്ളാം, വിശ്വാസം അതല്ലേ എല്ലാം.

Unknown said...

വിശ്വാസവും അന്ധ വിശ്വാസവും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ് , നിര്‍ഭാഗ്യവശാല്‍ സാഹചര്യങ്ങളുടെ സമ്മര്ധങ്ങള്‍ നമ്മെ അന്ധ വിശ്വാസങ്ങളില്‍ തളച്ചിടുന്നു എന്നു വേണം അനുമാനിക്കാന്‍ ,കൊള്ളാം കേട്ടോ