Sunday, September 13, 2009

ഒരു ഭ്രാന്തിയമ്മയുടെ ഓര്‍മ്മയ്ക്ക്!

പുല്ലാണിക്കാട് തപാലാപ്പീസില്‍ പോസ്റ്റ്മാസ്റ്റര്‍ ആയാണ് അയാള്‍ക്ക്‌ നിയമനം ലഭിച്ചത്.നഗരത്തില്‍ നിന്നും വളരേ ദൂരത്തുള്ള ഒരു കൊച്ചു ഗ്രാമം. അധികവും കൃഷിക്കാര്‍. നിഷ്കളങ്കരായ ഒരു പറ്റം സാധു ജനങ്ങള്‍.സര്‍ക്കാര്‍ ആപ്പീസായി ആകെയുള്ളത് ഈ ഒരു പോസ്റ്റാപ്പീസ് മാത്രം. സര്‍ക്കാരുദ്യോഗസ്ഥര്‍ നന്നേ വിരളം. ഒരു കൃഷിയാപ്പീസിനു വേണ്ടി അവര്‍ പല സമരങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും ഒരു പരിഹാരമുണ്ടായില്ല. അവര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും പഴ വര്‍ഗങ്ങളും മറ്റും തുച്ചമായ വിലക്ക് വാങ്ങി വേറെ ചിലര്‍ സമ്പാദ്യങ്ങളുണ്ടാക്കി. എന്നിട്ടും അവര്‍ ആരോടും പരിഭവമില്ലാതെ കൃഷി നടത്തിക്കൊണ്ടേയിരുന്നു. ഗുല്‍ മോഹറുകള്‍ പൂത്തു നിന്ന ആ മനോഹരമായ പാതയിലൂടെ കൃഷിയിടങ്ങളിലേക്ക് വരി വരിയായി നീങ്ങുന്ന ആ കര്‍ഷക തൊഴിലാളികള്‍ എന്നും ആ ഗ്രാമത്തിന്റെ മാത്രം കാഴ്ചകളാണെന്ന് അയാള്‍ക്ക്‌ തോന്നി. ആ ഗ്രാമത്തെ തേടി മുടങ്ങാതെ ദേശാടനക്കിളികള്‍ വരുന്നത് ഉത്സവനാളുകളുടെ കേളി കൊട്ടുമായാണെന്നു അവര്‍ വിശ്വസിച്ചിരുന്നു. കാരണം ദേശാടനക്കിളികള്‍ വന്നു പോകുന്നതോടെ പ്രധാന വിളവെടുപ്പുകളുടെ സമയമായിട്ടുന്ടാകും. ഇതേ സ്വഭാവമാണ് ആ ഗ്രാമത്തിലേക്ക് വരുന്ന ആകെയുള്ള ബസ്സിനുമെന്നാണ് അന്നാട്ടിലെ ജനങ്ങളുടെ കളിയാക്കല്‍. നല്ല ദിവസം നോക്കിയെ വരാറുള്ളൂ. ഒരു വയസ്സന്‍ ബസ്. ഈ മലകേറി എന്നും വരാന്‍ അതിനു കഴിയേണ്ടേ? മിക്ക ദിവസങ്ങളിലും ഇടയ്ക്കു വെച്ചുള്ള പണിമുടക്ക് ഒരു ശീലമായോ എന്ന് പോലും പലരും സംശയിച്ചു. എങ്കിലും ബസ്സിനെ ഒരു ദിവസം കണ്ടില്ലെങ്കില്‍ ആവലാതിയുള്ളവരും ആ ഗ്രാമത്തിലുണ്ടായിരുന്നു.

ഒരു സാധാരണ പ്രവര്‍ത്തി ദിവസം പോലെ അയാളുടെ ഔദ്യോഗിക ജീവിതം ആ കൊച്ചു തപാലാപ്പീസില്‍ നാന്ദി കുറിച്ചു. നാട്ടിലെ തന്റെ ഒറ്റമുറി വീട് പോലുള്ള ഒരു കൊച്ചു ഓഫീസ്. അയാളെക്കൂടാതെ ഒരു പോസ്റ്റുമാനും അവിടെ ജോലിക്കുണ്ടായിരുന്നു. അത്ര തിരക്കൊന്നുമില്ലാത്ത ശാന്തമായ ഒരന്തരീക്ഷം. അധികവും കര്‍ഷക പെന്‍ഷനുകളും, തപാല്‍ വഴിയുള്ള പ്രസിദ്ധീകരണങ്ങളും പിന്നെ വിരളമായി മാത്രം കാണുന്ന കത്തുകളും. ഇപ്പോള്‍ ആരും കത്തുകളെ ആശ്രയിക്കാറില്ലല്ലോ.കത്ത് വായിക്കുന്ന ഒരു സുഖം അത് അനുഭവിച്ചവര്‍ക്കല്ലേ അറിയൂ.

"മാഷേ !ഒരു കാര്യം ചോയ്ച്ചാ സത്യം പറയോ?"

തപാലാപ്പീസിന്റെ ജനലിനപ്പുറത്ത് നിന്നും കേട്ട ആ ശബ്ദത്തിന് നേരെ അയാള്‍ നോക്കി. ഒരു പ്രായം ചെന്ന സ്ത്രീ,മുഷിഞ്ഞ വേഷം, അലസമായി കാറ്റില്‍ പാറുന്ന നരയാര്‍ന്ന തലമുടി, ഉള്‍ വലിഞ്ഞു കറുപ്പ് വീണു തുടങ്ങിയ കണ്‍ തടങ്ങള്‍, മുഷിഞ്ഞ ഒരു സാരിയില്‍ പൊതിഞ്ഞെടുത്ത ഒരു മനുഷ്യക്കോലം.

"എന്താ മാഷേ തുറിച്ചു നോക്കണത്? മനക്കലെ രാധടീച്ചര്‍ക്ക് എഴുത്തുണ്ടോന്നു ഒന്ന് നോക്ക് മാഷേ! ആ പോസ്ടുമാനോട് ചോയ്ച്ചാ ഇല്യാ ഇല്യാന്ന് മാത്രേ പറയൂ" ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം ആ സ്ത്രീ ഒരു രഹസ്യം പറയുന്ന ഭാവത്തില്‍ ജനലിനോടു ചേര്‍ന്ന് നിന്നുകൊണ്ട്‌ അല്പം ശബ്ദം താഴ്ത്തി തുടര്‍ന്നു
" മാഷ്ക്ക് അറിയോ ആ പോസ്ടുമാനില്ലേ അയാള് കള്ളനാ! എന്റെ മോനയക്കണ സകല കത്തും പൈസയുമൊക്കെ ആ കള്ളന്‍ എടുത്തിട്ടു എന്നോട് കളവു പറയുന്നതാ! അതോണ്ടാ ഞാന്‍ മാഷോട് ചോയ്ക്കണത്! ഒന്ന് നോക്കൂ മാഷേ!"

എന്താണ് പറയേണ്ടതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ അറിയാതെ അയാള്‍ പോസ്റ്റുമാനെ നോക്കി.
"അതൊരു ഭ്രാന്തിയാ മാഷേ! ഇവിടെ എന്നും വരും, മോന്റെ എഴുത്ത് ഉണ്ടോന്നു ചോദിക്കും,ഇല്ല്യാന്നു പറഞ്ഞാല്‍ രൂക്ഷമായൊന്നു നോക്കും,പിന്നേ ഏതാണ്ടൊക്കെ പിറു പിറുത്തോണ്ട് തിരിച്ചു പോകും"
പോസ്റ്റുമാന്‍ ശേഖരന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി. എന്നിട്ടയാള്‍ ടീച്ചര്‍ക്ക് നേരെ തിരിഞ്ഞു വളരെ വാല്‍സല്യത്തോടെ പറഞ്ഞു
" ടീച്ചറെ ഇത് പുതിയ ആളല്ലേ, മോന്റെ കത്ത് നോക്കിയെടുക്കാനൊക്കെ ഇത്തിരി സമയമാകും,ടീച്ചര്‍ ഇന്നുപോക്കോളൂ കത്ത് കിട്ടിയാല്‍ ഞാന്‍ കൊണ്ടത്തരാം"

ടീച്ചര്‍ ശേഖരനെ രൂക്ഷമായൊന്നു നോക്കി. എന്നിട്ട് മാഷിന്റെ നേര്‍ക്ക്‌ തിരിഞ്ഞു," മാഷിനെ എനിക്ക് വിശ്വാസാ, മാഷ്‌ പറഞ്ഞാ ഞാന്‍ പോകാം"

അയാള്‍ വലിയൊരു പ്രതിസന്ധിയില്‍ പെട്ട പോലെ വീണ്ടും ശേഖരനെ നോക്കി.

" സമ്മതിച്ചേക്കു മാഷേ, അതൊന്നും അത്ര കാര്യമാക്കേണ്ട"
ശേഖരന്റെ ഉറപ്പില്‍ അയാള്‍ തലയാട്ടി.ടീച്ചര്‍ സന്തോഷത്തോടെ അവിടെ നിന്നും പോയി.

"ഒരു പഴയ സ്കൂള്‍ ടീച്ചറാ, വിരമിച്ചിട്ടിപ്പോ ഒരു പത്തു കൊല്ലമെങ്കിലും ആയിക്കാണും, ഭര്‍ത്താവുണ്ടായിരുന്നത് നേരത്തെ മരിച്ചു. ആകെയുണ്ടായിരുന്ന മകന്‍ പട്ടാളത്തിലായിരുന്നു. കഴിഞ്ഞ കാര്‍ഗില്‍ യുദ്ധത്തില്‍ അയാളും മരിച്ചു. വല്ലപ്പോഴും മകന്‍ ലീവിന് വരുന്നതും, മുടങ്ങാതെ അയക്കാറുള്ള കത്തുകളുമാണ് ആ ടീച്ചറുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും സാന്ത്വനവുമെല്ലാം!മകന്റെ മരണ വാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആ ടീച്ചര്‍ക്കാവുന്നില്ല. ആ ദുരന്ത വാര്‍ത്ത കേട്ട് ടീച്ചര്‍ ഒരിക്കല്‍ പോലും കരഞ്ഞില്ല.കുറെ നാളത്തേക്ക് ഒന്നും മിണ്ടിയതുമില്ല.പിന്നീട് എപ്പോഴോ ടീച്ചര്‍ രാപകലില്ലാതേ അലഞ്ഞു നടന്നു.കാണുന്നവരോടെല്ലാം മകന്റെ സുഖ വിവരങ്ങള്‍ തിരക്കി ഈ നടത്തം തന്നെ, എവിടെ പോയാലും ടീച്ചര്‍ എന്നും ഇവിടെ വരും, മോന്റെ കത്തുണ്ടോന്നു തിരക്കും!അതിനു ഇപ്പോഴും ഒരു മാറ്റവുമില്ലാതേ തുടരുന്നു"
ശേഖരിലുണ്ടായ ചെറു നിശ്വാസങ്ങള്‍ പോലും മാഷിന്റെ ആകാംഷ വര്‍ധിപ്പിച്ചു.

"അവര്‍ക്ക് ബന്ധുക്കളോ കൂടപ്പിറപ്പുകളോ ആരും ഇല്ലേ?“ അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

"അങ്ങിനെ ആരും ഉള്ളതായി ഇന്നാട്ടുകാര്‍ക്ക് അറിവില്ല, എവിടെങ്കിലുമൊക്കെ പോയി വല്ലതും വാങ്ങിക്കഴിച്ചാല്‍ കഴിച്ചു അല്ലെങ്കില്‍ പട്ടിണി തന്നെ.കൃത്യമായ ചികിത്സയോ മരുന്നുകളോ ഒന്നും ഇല്ല! ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന് വിചാരിക്കണ ജനങ്ങളുള്ള നാടല്ലെ! ഇതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കാ നേരം മാഷേ?
ശേഖരന്‍ ഒരു പാര്‍സല്‍ കെട്ടെടുത്തു മാഷിനു കാട്ടിക്കൊണ്ട് തുടര്‍ന്നു
" ടീച്ചറുടെ മകന്റെ വസ്ത്രങ്ങളും, പിന്നേ അയാളുപോയോഗിച്ചിരുന്ന എന്തൊക്കെയോ സാധനങ്ങളും,എഴുത്ത് അന്വേഷിച്ചു വരുന്ന ടീച്ചര്‍ക്ക് മകന്‍ മരിച്ചെന്നും പറഞ്ഞ്‌ ഇതൊക്കെ ഏല്‍പ്പിക്കാന്‍ കഴിയണില്ല മാഷേ, എന്ത് ചെയ്യാനാ, നാടിനു വേണ്ടി വീര മൃത്യുവരിച്ച ഒരു ജവാന്റെ പാവം അമ്മയുടെ ദുര്‍വ്വിധി"
ശേഖരന്‍ ആ പാര്‍സല്‍കെട്ട് മാഷിനെ ഏല്പിച്ചു. ആ പൊതിക്കെട്ട് അയാള്‍ പതുക്കെ തുറന്നു. തന്റെ കൈകള്‍ വിറയ്ക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു. കെട്ടിനുള്ളില്‍ രക്തക്കറ പൂണ്ട വസ്ത്രങ്ങള്‍,അയാള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, അമ്മയോടോപ്പമുള്ള ഫോട്ടോകള്‍, അയാളുടെ പ്രിയപ്പെട്ട അമ്മ അയച്ച കത്തുകള്‍, ഐഡന്റിറ്റി കാര്‍ഡ് , അതില്‍ നിന്നും മരിച്ചത് ബ്രിഗേടിയര്‍ രാകേഷ് വര്‍മ്മയാണെന്നു അയാള്‍ മനസ്സിലാക്കി.ഐഡന്റിറ്റി കാര്‍ഡിലെ അയാളുടെ ഫോട്ടോ മാഷിന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.അയാള്‍ ആ ചിത്രത്തിലേക്ക് കുറെ നേരം നോക്കിയിരുന്നു.ആ ചിത്രത്തിന് ക്രമേണ തന്റെ രൂപം പ്രാപിക്കുന്നുണ്ടോ എന്നയാള്‍ സംശയിച്ചു.

ശേഖരന്‍ കത്തുകളില്‍ സീലടിക്കുന്ന ശബ്ദമാണ് മാഷിനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.പക്ഷെ പിന്നെയും അയാളുടെ ചിന്തകള്‍ ആ മകനെയും അമ്മയെയും ചുറ്റിപ്പറ്റി പറന്നു കൊണ്ടേയിരുന്നു. തിരിച്ചു വരാത്ത മകന് വേണ്ടി കാത്തിരിക്കുന്ന സ്വബോധമില്ലാത്ത അമ്മ. ആ മാതൃ ഹൃദയത്തെയോര്‍ത്ത്‌ അയാള്‍ക്ക്‌ വല്ലാത്ത സഹതാപം തോന്നി. തന്റെ അനാഥത്വത്തില്‍ അയാള്‍ക്ക്‌ ഏറെ ദുഃഖവും.മനസ്സിന്റെ ഭ്രാന്തമായ ലോകത്തും തന്റെ മകനെ അന്വേഷിച്ച് നടക്കുന്ന ആ അമ്മയുടെ രൂപം മാഷിന്റെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചു.ഓര്‍മ്മയുടെ അങ്ങേ അറ്റത്ത് പോലും തന്റെ അമ്മയുടെ രൂപം കണ്ടിട്ടില്ലാത്ത അയാളുടെ മനസ്സ് വളരെ അസ്വസ്ഥമായിക്കൊണ്ടിരുന്നു. താരാട്ടുകളും കളിക്കോപ്പുകളുമൊന്നുമില്ലാത്ത നിറം മങ്ങിയ ഒരുചിത്രജാലം അയാളിലൂടെ കടന്ന് പോയി. അന്ന് മുഴുവനും അയാളുടെ മനസ്സ് അനാഥത്വം നിറഞ്ഞ ഒരു ബാല്യകാല സ്മരണകളാല്‍ മുഖരിതമായിരുന്നു. ഒരമ്മയുടെ വാത്സല്യം എന്തെന്നറിയാതെ, അമ്മാവന്മാരുടെ ശകാരങ്ങളില്‍ മനസ്സ് തളര്‍ന്ന് കിടക്കുമ്പോള്‍, ഒരമ്മയുടെ തലോടല്‍മാത്രം കൊതിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉറങ്ങിയ രാത്രികള്‍ ഇന്നും അയാളില്‍ നൊമ്പരങ്ങള്‍ തീര്‍ത്തു.
അന്ന് രാവേറെയായിട്ടും ഉറങ്ങാതിരുന്നപ്പോള്‍ ഒരമ്മയുടെ മടിയില്‍ തലവെച്ച് താരാട്ട് കേട്ട് ഉറങ്ങാന്‍ അയാള്‍ വെറുതെ ആഗ്രഹിച്ചു. ഭ്രാന്തിയായ ആ അമ്മയുടെ മുഖമായിരുന്നു തന്റെ അമ്മയ്ക്കും എന്ന് അയാള്‍ വെറുതേ ആശ്വസിച്ചു. രാവിന്റെ അന്ത്യ യാമത്തിലെപ്പോഴോ ഒരു താരാട്ട് കേട്ടന്നോണം അയാള്‍ ഉറക്കത്തിലേക്ക് അലിഞ്ഞ് ചേര്‍ന്നു.

“മാഷേ, എന്റെ രാകേഷ് മോന്റെ കത്ത് ഇന്ന് ഉണ്ടാവും അല്ലെ?നാളെ അവന്റെ അച്ചന്‍ മരിച്ചതിന്റെ വര്‍ഷം തികയണ ദിവസാ, അതെങ്കിലും അവന്‍ മറക്കാതെ ഓര്‍ത്ത് കത്തെഴുതും എന്ന് എനിക്ക് ഉറപ്പാ,ഒന്നു നോക്കൂ മാഷേ”

മാഷ് ആ അമ്മയെ നോക്കി.അവരുടെ മുഖത്തെ ആകാംക്ഷ അയാളെ അല്‍ഭുതപ്പെടുത്തി.ടീച്ചറുടെ കണ്ണുകളിലെ തീഷ്ണത അയാളെ വല്ലാതെ ഭയപ്പെടുത്തി.അയാള്‍ എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതു പോലെ അനുഭവപ്പെട്ടു. അല്‍പ്പ നേരത്തെ ആലോചനയ്ക്കു ശേഷം അയാളൊരു കത്തെടുത്ത് ടീച്ചര്‍ക്ക് നേരെ നീട്ടി,
“ഇതാ അമ്മേ മോന്റെ എഴുത്ത്, ഇന്ന് വന്നതാ” വിറയാര്‍ന്ന കൈകളൊടെ അയാള്‍ ആ കത്ത് ടീച്ചര്‍ക്ക് കൊടുത്തു.
ഒരു കൊച്ചുകുട്ടിയ്ക്കു പുതിയൊരു കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ ടീച്ചര്‍ ആ കത്തുമായി അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടി. അവരുടെ മുഖം ആശ്വാസത്താലും ആഹ്ലാദത്താലും ത്രസിക്കുന്നത് മഷ് നോക്കി നിന്നു. അവര്‍ മാഷിന്റെ നേരെ തിരിഞ്ഞു,
“ഞാന്‍ പറഞ്ഞില്ലെ മാഷേ എന്റെ മോന്‍ എഴുത്ത് അയക്കും എന്ന്, ഇപ്പോ കണ്ടില്ലെ! ഈ നാട്ടില്‍ മൊത്തം അസൂയക്കാരാ,അവര് പറയുവാ എന്റെ രാകേഷ് മോന്‍ മരിച്ചൂന്ന്. മുഴു വട്ടാ അവര്‍ക്ക്.ഇന്നു ഞാന്‍ എല്ലാവരേയും തോല്‍പ്പിക്കും, എന്റെ മോന്റെ കത്ത് അവന്‍ മരിച്ചു എന്ന് പറഞ്ഞവരുടെ മുഖത്തേയ്ക്കെറിഞ്ഞ് കൊടുക്കും” പിന്നേയും അവര്‍ എന്തൊക്കെയോ പറഞ്ഞു. ശെഖരനെ കത്തു കണിച്ച് ഒത്തിരി വഴക്ക് പറഞ്ഞു. അല്‍പ്പ സമയത്തിന് ശേഷം അവര്‍ മാഷിന്റെ അടുത്ത് വന്നു,

“മോനെ, ഞാനിന്നാ വീട്ടിലേക്ക് ചെല്ലട്ടെ. കത്ത് വായിക്കാന്‍ കണ്ണട വീട്ടിലിരിക്യാ, കത്തിലെ വിശേഷങ്ങളൊക്കെ വായിച്ചിട്ട് നാളെ വിവരങ്ങളൊക്കെ പറയാം കെട്ടോ”
ടീച്ചര്‍ ആ കത്തുമായി ദൂരെ മറയുന്നതു വരെ മാഷ് വിഷണ്ണനായി നോക്കി നിന്നു.

“മാഷേ”
ശേഖരന്റെ വിളിയാണ് അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്, ശേഖരന്‍ തുടര്‍ന്നു,
“മാഷ് എന്ത് പണിയാ കാണിച്ചെ? മാഷല്ലേ ആ കത്ത് എഴുതിയത്? വേണ്ടിയിരുന്നില്ല”
ശെഖരന്റെ വാക്കുകള്‍ അയാളുടെ മനസ്സില്‍ ഒരു ചാട്ടുളിപോലെ തറഞ്ഞു. അതെ വേണ്ടിയിരുന്നില്ല എന്ന് അയാള്‍ക്കും തോന്നി.ഒരു ഭ്രാന്തിയായ അമ്മയെ അവഹേളിച്ചു എന്ന ശക്തിയായ ഒരു തോന്നല്‍ അയാളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. എങ്കിലും അയാള്‍ ആ കത്തിനെ ന്യായീകരിക്കാന്‍ മനസ്സില്‍ ഒരു പാട് കാരണങ്ങള്‍ മെനയുകയായിരുന്നു.

“മാഷേ,മാഷറിഞ്ഞോ?”
വാ‍ടക വീടിന്റെ പൂമുഖത്തിരുന്ന് പത്രത്താളുകളിലൂടെ സഞ്ചരിക്കുകയായിരുന്ന അയാളുടെ അടുത്തേക്ക് എന്തോ മഹാത്ഭുതം വെളിവാക്കാനുള്ള പോലെ ശേഖരന്‍ ഓടിക്കിതച്ചെത്തി,
“മാഷേ, ആ ടീച്ചറുടെ ഭ്രാന്ത് മാറീന്ന്!മാഷ് കൊടുത്ത കത്ത് വായിച്ചിട്ട് ആ ടീച്ചര്‍ ഒരുപാട് കരഞ്ഞൂത്രെ,മകന്‍ മരിച്ചിട്ടില്ലാന്നും,തനിക്ക് കിട്ടിയത് മകന്റെ കത്താണ് എന്നും തന്നെയാണ് ടീച്ചറ് വിശ്വസിച്ചേക്കണത്.ഇന്നലെ സന്ധ്യയ്ക്ക് കുളിച്ച് ശുദ്ധമായി അമ്പലത്തില്‍ ചെന്ന് പ്രാര്‍ത്ഥിച്ചത് കണ്ടവരുണ്ടത്രേ,പരിചയക്കാരെയൊക്കെ പേര് വിളിച്ചിട്ടല്ലെ വിശേഷങ്ങള്‍ അന്വേഷിക്കുന്നത്”
ശേഖരന്‍ പറഞ്ഞത് നല്ല വാര്‍ത്തയാണെങ്കിലും, ഇനി എന്ത് എന്നുള്ള ഒരു ചോദ്യം മാഷിനെ അലട്ടി.ശേഖരന്‍ തുടര്‍ന്നു,
“ടീച്ചറുടെ ഈ പെരുമാറ്റത്തില് നട്ടുകാര്‍ക്കൊക്കെ വല്യ സന്തോഷായി. ഇനി മോന്‍ മരിച്ചൂ എന്നെങ്ങാനും പറഞ്ഞാല്‍ അവര്‍ക്കു വീണ്ടും ഭ്രാന്ത് പിടിച്ചെങ്കിലോ എന്ന് കരുതി ആരും അതേ പറ്റിയൊന്നും പറഞ്ഞില്ല എന്നാണറിഞ്ഞത്.അവര് മാഷേ കാണാന്‍ നമ്മുടെ ആപ്പീസില് വരുന്നുണ്ടെന്ന് ആരോടൊക്കെയോ പറഞ്ഞൂത്രേ,ആ വിവരോം മാഷിനെ അറിയിക്കാനാ ഞാന്‍ കാലത്ത് തന്നെ ഇങ്ങ് പോന്നത്.”
ശെഖരന്‍ ഒന്ന് നിര്‍ത്തി, ഒരു ദീര്‍ഘനിശ്വാസത്തോടെ വീണ്ടും ചോദിച്ചു,
“ അല്ല മാഷേ, ഇനിയിപ്പോ എന്താ ചെയ്യുകാ? ആ കത്ത് മാഷ് എഴുതീതാന്ന് അറിഞ്ഞാല്‍?”
ശേഖരന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ മൌനമായി നിന്നു, എങ്കിലും അയാളുടെ മുഖത്തെ ഉത്കണ്ട മറച്ച് വെച്ച് അയാള്‍ ഓഫീസില്‍ വെച്ച് കാണാം എന്നും പറഞ്ഞ് ശേഖരനെ പറഞ്ഞ് വിട്ടു.

മനസ്സില്‍ ടീച്ചറുടെ ഭ്രാന്ത് മാറിയതിന്റെ സന്തോഷമാണോ അതോ ഒരു തെറ്റ് ചെയ്തതിന്റെ പശ്ചാതാപമാണോ എന്നറിയാതെ അയാള്‍ വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലായി.എങ്കിലും ആ അമ്മയെ ഒന്നു കാണാന്‍ അയാളുടെ മനസ്സ് വെമ്പല്‍കൊള്ളുന്നതായി അയാള്‍ക്ക് തോന്നി. അന്ന് ഓഫീസിലേക്ക് നടക്കുംതോറും ദൂരം ഏറി വരുന്നതു പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു.

“മോനെ”
ജനലിന്റെ പിന്നില്‍ നിന്നും ഒഴുകി വന്ന ആ സ്വരം അയാളുടെ മനസ്സില്‍ കുളിര്‍ കോരിയിട്ടു. മുണ്ടും നേര്യതും ചുറ്റി, ഈറന്‍ പിന്നിക്കെട്ടിയ മുടിയിഴയില്‍ തുളസിക്കതിരും ചൂടി, കയ്യില്‍ ഒരു പൊതിക്കെട്ടുമായി നിന്ന ടീച്ചറെ കണ്ടപ്പോള്‍ അയാള്‍ ആശ്ചര്യം കൂറി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കണ്ടാലറപ്പ് തോന്നിയിരുന്ന ആ ഭ്രാന്തിയുടെ സ്ഥാനത്ത് ഐശ്വര്യം തൂളുമ്പി നില്‍ക്കുന്ന ഒരമ്മ. ഒരു നിമിഷം ഇത് തന്റെ അമ്മയായിരുന്നെങ്കില്‍ എന്ന് അയാള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.

“എന്താ മാഷേ ആലോചിക്കണേ? എനിക്കിപ്പോ ഭ്രാന്തൊന്നും ഇല്ല്യാന്നെ. മോന്റെ കത്ത് വരാതായപ്പോള്‍ മനസ്സിനൊരു ചെറിയ അസുഖം വന്നു, അതൊക്കെ മോന്റെ കത്ത് വന്നതോട് കൂടി മാറി, മാഷല്ലെ ഇന്നലെ എനിക്ക് മോന്റെ കത്ത് തന്നത്?
അയാള്‍ ചെറുതായൊന്ന് തലയാട്ടി.
“സന്തോഷായി മോനെ, അവനൊരു കത്തയക്കാന്‍ തോന്നിയല്ലോ. മാഷിനറിയോ അടുത്ത മാസം അവന്റെ പിറന്നാളാ, എല്ലാ പിറന്നാളിനും അമ്മേടെ കയ്യോണ്ട് ഒരുരുള ചോറെങ്കിലും തിന്നണം എന്ന നിര്‍ബന്ധള്ള കുട്യാ, ഇപ്പോ കത്തയക്കാന്‍ വരെ മടിയായിരിക്കണൂ.കുട്യോളൊക്കെ വലുതായാ പിന്നെ വയസായ അമ്മമാരെയൊക്കെയുണ്ടോ കണ്ണില്‍ പിടിക്കുന്നു. അവര്‍ക്ക് അവരുടെ ലോകം.എല്ലാ കുട്യൊളുടെം സ്ഥിതി ഇതൊക്കെത്തന്യാ പിന്നെ അവനെ മാത്രം പറഞ്ഞിട്ട് എന്താ കാര്യം?”
ടീച്ചര്‍ കയ്യിലുള്ള പൊതിക്കെട്ട് മാഷിന് നീട്ടിക്കൊണ്ട് ചോദിച്ചു,
“മാഷേ, ഒരു ഉപകാരം ചെയ്യാമൊ?“
അയാള്‍ ആ പൊതി വാങ്ങി ടീച്ചറെ നോക്കി.
“ഇതില് മോന് ഇഷ്ടപ്പെട്ട ശര്‍ക്കരുപ്പേരീം, കായ വറുത്തതും, പിന്നെ ഇത്തിരി ചമ്മന്തിപ്പൊടിയും ഉണ്ട്,ഇതൊന്ന് പാര്‍സലായി എന്റെ മോന് എത്തിച്ചുകൊടുക്കാന്‍ ഏര്‍പ്പാടാക്കണം.മുമ്പ് കൊടുത്ത് വിട്ടതൊക്കെ ഇപ്പോ തീര്‍ന്നു കാണും, ചമ്മന്തിപ്പൊടി ഞാന്‍ രാത്രി ഇരുന്ന് ഉണ്ടാക്കീതാ. പിന്നെ ഒരു ഇന്‍ലെന്റില്‍ ഒരു കത്തും എഴുതി ഇതിന്റെ കൂടെ വെക്കണം, വീട്ടില് നോക്കീട്ട് എഴുതണ ഒരു പേനയും കണ്ടില്ല.ഞാന്‍ എഴുതണ പോലെ മാഷ് തന്നെ എഴുതിയാല്‍ മതി.എഴുതിക്കൂടെ മോനേ?”
ആ അമ്മയുടെ സന്തോഷവും, ഉ‍ത്സാഹവും പരാതികളും പിണക്കങ്ങളുമൊക്കെ ഒരുകൊച്ചു കുട്ടിയെ പോലെ നോക്കിയിരിക്കുകയായിരുന്ന അയാള്‍ പക്ഷേ ടീച്ചറുടെ ചോദ്യം കേട്ടില്ല.
“എന്താ മാഷേ ഇപ്പോഴും പേടി മാറിയില്ലെ?”

“അതല്ല ഞാന്‍ അമ്മയെ നോക്കിയിരുന്ന് എന്തൊക്കെയോ ആലോചിച്ച് പോയതാ. എന്താ എഴുത്തില്‍ പ്രത്യേകമായി എഴുതേണ്ടത്?”

“മാഷ് എന്താ വിളിച്ചേ, അമ്മേന്നോ? സന്തോഷായി മോനേ, എത്ര നാളായി ആ ഒരു വിളി കേട്ടിട്ട്”
ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു,അവര്‍ മാഷിന്റെ അടുത്തേക്ക് നീങ്ങി നിന്നു,
“മോനെ, അവനോട് ഒന്ന് ഇത്രേടം വരാന്‍ പറഞ്ഞ് എഴുതൂ, അമ്മയ്ക്ക് തീരെ സുഖല്ല്യാണ്ടായിരിക്കണൂ ന്ന് പറയൂ.ഇന്നലെ തന്നെ വല്ലാത്തൊരു നെഞ്ച് വേദനയുണ്ടായി.തലകറങ്ങി വീണപ്പോ ആരാ നോക്കാന്‍? കുറേ കഴിഞ്ഞ് ബോധം വന്നപ്പോള്‍ അടുക്കളെല് കിടക്ക്വാ.വേദന ഇപ്പോഴും ഉണ്ട്. ഇത് മാഷിനെ ഏല്‍പ്പിച്ചിട്ട് വേണം ആശുപത്രീലൊന്നു പോകാന്‍. അമ്മയ്ക്ക് സുഖല്ല്യാന്നൊന്നും എഴുതണ്ട,വെറുതെ അവന്‍ വിഷമിക്കും, അവനോട് ലീവെടുത്ത് എത്രേം വേഗം വരാന്‍ എഴുതിയാ മതി മാഷേ”
അയാള്‍ എല്ലാം സമ്മതിച്ച് തലയാട്ടി.അവര്‍ നീട്ടിയ പണം സ്നേഹപൂര്‍വ്വം നിരസിച്ചെങ്കിലും കുറെ മുഷിഞ്ഞ നോട്ടുകള്‍ ടീച്ചര്‍ അയാളെ ഏല്‍പ്പിച്ചു.
“എന്നാ ഞാന്‍ നടക്കട്ടെ മാഷേ, വേദന വല്ലാണ്ട് കൂടണ്ണ്ട്, അല്ല മാഷേ ശേഖരനെ കണ്ടില്ലല്ലോ? ശേഖരാ..നീ ഉണ്ടോ ഇവിടെ”
ഒരു ഭീരുവിനെപ്പോലെ ഒളിച്ചു നിന്ന ശേഖരന്‍ പതുക്കെ പുറത്തേക്ക് വന്നു.
“കുട്യോള് പറഞ്ഞു ഞാന്‍ ശേഖരനെ ഒത്തിരി വഴക്ക് പറയാറുണ്ടെന്ന്, ഒന്നും നീ മനസ്സില് വെക്കണ്ടാ ട്ട്വോ. സുഖല്യാത്തോണ്ടാന്ന് അറിയാലോ നിനക്ക്. അങ്ങിനേം കുറെ കാലം, ഞാന്‍ നടക്കട്ടെ മാഷേ”
ടീച്ചര്‍ അകലേക്ക് നടന്ന് മായും വരെ അയാളും ശേഖരനും ടീച്ചറെ തന്നെ നോക്കി നിന്നു.
"ഇത് ആകെ കുഴഞ്ഞു മറിയുകയാണല്ലോ മാഷേ.ഇനി മകന്‍ മരിച്ചു എന്ന് ശരിക്കും അറിയുമ്പോള്‍ ആ ടീച്ചര്‍ പിന്നേം താളം തെറ്റുമോ?"
ശേഖരന്റെ ചോദ്യം അയാളില്‍ ചെറിയിരു നടുക്കമുണ്ടാക്കി,താന്‍ ചെയ്തത് വലിയൊരു പാപമാണെന്ന് അയാള്‍ക്ക് തോന്നി.ഒരിക്കലും ഒരു ഭ്രാന്തിയോട് ചെയ്യരുതാത്തത് തന്നെയാണ് അയാള്‍ ചെയ്തതെന്ന് മനസ്സില്‍ ഉറപ്പിച്ചു. ദുഃഖങ്ങളും ഓര്‍മ്മകളും വേദനകളുമൊന്നുമില്ലാത്ത മറവിയുടെ ഒരു ഭ്രാന്തന്‍ ലോകത്ത് നിന്നും അവരെ നിത്യദുഃഖത്തിലേക്ക് തള്ളിയിടാന്‍ പോന്ന അല്ലെങ്കില്‍ വീണ്ടും ഓര്‍മ്മകള്‍ മരിച്ച ആ ലോകത്തിലേക്ക് തള്ളിവിടാവുന്ന ഒരു കര്‍മ്മത്തിന് നിമിത്തമാകേണ്ടി വന്നതില്‍ അയാള്‍ക്ക് ഖേദമുണ്ടായി. തന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി ഒരമ്മയുടെ സ്നേഹവും സാമീപ്യവും ആഗ്രഹിച്ച് മരിച്ചു പോയ മകന്റെ പേരില്‍ കള്ളം പറഞ്ഞ് അവരെ ജീവിതത്തിലേക്കു കൈപിടിച്ച് നടത്തിയിട്ട് ഒടുവില്‍ സത്യം അവര്‍ അറിയുമ്പോള്‍ അവരുടെ ശാപത്തിന്റെ ഒരു കണികയെങ്കിലും തനിക്ക് താങ്ങാനാവുമോയെന്ന ചിന്ത അയാളെ വേട്ടയാടി.അയാളുടെ മനസ്സിന്റെ ശാന്തത അയാളില്‍ നിന്നും അകന്നു കൊണ്ടിരുന്നു. ഒടുവില്‍ അയാള്‍ തന്റെ തെറ്റ് തിരുത്താന്‍ തീരുമാനിച്ചു. ആ അമ്മയോട് എല്ലാ സംഭവങ്ങളും തുറന്ന് പറഞ്ഞ്, അവര്‍ക്ക് മകനും തനിക്ക് അമ്മയും നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ട് പോകണം.ഇനിയുള്ള കാലം അവരെ അമ്മേ എന്ന് വിളിച്ച് ഒരു മകന്റെ സ്നേഹവും ലാളനയും നല്‍കണം,അവരെ ചികിത്സിക്കണം തുടങ്ങി അയാളുടെ ചിന്തകള്‍ കാട് കയറി.വറ്റിവരണ്ട തൊണ്ട നനയ്ക്കാനായി ഒരിറ്റ് ജലത്തിനായി അയാള്‍ കസേരയില്‍ നിന്നും എഴുനേറ്റ് മണ്‍കൂജയുടെ അരികിലേക്ക് നടന്നു.

“മാഷേ”
ഉച്ചത്തിലുള്ള ആ വിളികേട്ട് അയാ‍ള്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി, വന്നയാള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
“മാഷേ ആ ഭ്രാന്ത് മാറിയ ടീച്ചറില്ലെ, അവര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു മാഷേ!”
അയാളുടെ മനസ്സില്‍ പെട്ടെന്നൊരു കൊള്ളിയാന്‍ മിന്നി.വെള്ളമെടുത്ത ഗ്ലാസ്സ് തറയില്‍ വീണ് ചിന്നിച്ചിതറി.കണ്ണുകളില്‍ ഇരുട്ട് കയറുന്നതു പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു.തന്റെ കസേരയിലേക്ക് തിരിച്ചെത്താന്‍ അയാള്‍ വല്ലാതെ ബുദ്ധിമുട്ടി.കണ്ണുകളില്‍ നടുക്കം വിട്ടുമാറാത്ത ഒരു കുഞ്ഞിനെപ്പോലെ അയാള്‍ ഭയത്തോടെ ചുറ്റും നോക്കി. ഒരു ഇന്‍ലന്റ് എടുത്ത് അതില്‍ എന്തൊക്കെയോ കോറി വരച്ച ശേഷം അയാള്‍ ടീച്ചര്‍ മകന് അയക്കാന്‍ ഏല്‍പ്പിച്ച ആ പൊതിക്കെട്ട് കയ്യിലെടുത്ത് ഒരു കൊച്ചു കുട്ടിയെ മാറോട് ചേര്‍ത്ത വെച്ച പോലെ അണച്ചു പിടിച്ചു.അയാള്‍ മെല്ലെ ഓഫീസില്‍നിന്നും പുറത്തിറങ്ങാന്‍ നേരം ശേഖരന്‍ ചോദിച്ചു,
“മാഷേ, മാഷെങ്ങോട്ടാ ഈ പൊതിയുമായിട്ട്?”
“ഇത് രാകേഷിനെ ഏല്‍പ്പിക്കണം,പാര്‍സലയച്ചാലൊന്നും കിട്ടില്ല, ഞാന്‍ തന്നെ നേരിട്ട് കൊണ്ടോയി കൊടുക്കാം, ഞാന്‍ കൊടുത്തോളാം”
പിന്നീട് ശേഖരന്‍ പറഞ്ഞതൊന്നും അയാള്‍ കേട്ടില്ല,കാണുന്നവരോടൊക്കെ അയാള്‍ രാകേഷിനെ തേടിപ്പോകുകയാണെന്ന് പറഞ്ഞു.അയാള്‍ നടന്നകലും തോറും തപാലാപ്പീസിലെ സീലടിക്കുന്ന ശബ്ദവും മറ്റും അയാളുടെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞ് തുടങ്ങിയിരുന്നു.

46 comments:

വാഴക്കോടന്‍ ‍// vazhakodan said...

അമ്മയുടെ സ്നേഹം കൊതിച്ച ഒരു ഹതഭാഗ്യനും,മകനെ കാത്തിരുന്ന ഒരമ്മയും...
അഭിപ്രായങ്ങള്‍ക്കായി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
സസ്നേഹം,

വാഴക്കോടന്‍

ജിപ്പൂസ് said...

ആഹാ.. തേങ്ങാക്കാരാരും ഇത് വഴി വന്നിട്ടില്ലേ.ന്നാ അത് തന്നെ ആദ്യം.
((((((((ഠേ)))))).

വായിച്ച് വന്ന് വിശദമായി ഗമന്‍റാം ട്ടോ വാഴക്കാ...

Sureshkumar Punjhayil said...

Makkale snehikkunna ella ammamarkkum vendi...!!!

Ithu valare nannayirikkunnu Vaze... Manassil thattunna katha...! Ashamsakal...!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നൊമ്പരപ്പെടുത്തുന്ന കഥകള്‍ ഒരു വശത്ത്,മറുവശത്ത് ഹാസ്യം! രണ്ടും ഒന്നിനോടൊന്ന് മെച്ചം,വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു.അമ്മയുടെ സ്നേഹം കൊതിച്ച ഒരു ഹതഭാഗ്യനും,മകനെ കാത്തിരുന്ന ഒരമ്മയും...ഈ രണ്ട് കഥാപാത്രങ്ങക്കും ഞാന്‍ എന്റെ മനസിനോട് ചേര്‍ത്തുവെക്കുന്നു.

Arun said...

മനസ്സില്‍ വല്ലാത്തൊരു ഫീല്‍,
അമ്മയുടെ സ്നേഹം എത്ര പറഞ്ഞാലും തീരില്ലാ വാഴക്കോടാ.
എനിക്ക് ഈ കഥ വളരെ ഇഷ്ടമായി.

അഭിനന്ദനങ്ങള്‍

ജെയിംസ് ബ്രൈറ്റ് said...

നല്ല കഥ വാഴേ..
ആ അമ്മയുടെ അബ്നോര്‍മല്‍ ഗ്രീഫ് റിയാക്ഷന്‍ ജീവിതത്തിലും ഞാന്‍ രോഗികളില്‍ കണ്ടിട്ടുണ്ട്.
വളരെ റിയലിസ്റ്റിക്കായി എഴുതിയിരിക്കുന്നു.
നല്ല ഭാഷ..നല്ല അഖ്യായന രീതി.
അഭിനന്ദനങ്ങള്‍.

Rakesh R (വേദവ്യാസൻ) said...

“മാഷേ, മാഷെങ്ങോട്ടാ ഈ പൊതിയുമായിട്ട്?”
“ഇത് രാകേഷിനെ ഏല്‍പ്പിക്കണം,പാര്‍സലയച്ചാലൊന്നും കിട്ടില്ല, ഞാന്‍ തന്നെ നേരിട്ട് കൊണ്ടോയി കൊടുക്കാം, ഞാന്‍ കൊടുത്തോളാം”

വേദനയോടെ ഇഷ്ടമായി :)

Sabu Kottotty said...

ഇതിനു കമന്റെഴുതാന്‍ കഴിയുന്നില്ല മാഷേ...
അച്ഛനുമമ്മയ്ക്കും ഒരേയൊരു സന്തതിയിരുന്ന എന്റെ സുഹൃത്തിനെ ഓര്‍ത്തുപോയി. പട്ടാളത്തില്‍നിന്നു ലീവിനുവന്നു കല്യാണവും കഴിച്ചു ഒരുമാസത്തിനു ശേഷം മടങ്ങിപ്പോയതാണ്. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായിരുന്ന ഭാര്യയെയും കൂട്ടിപ്പോകാന്‍ വീണ്ടും വരുന്നവഴി റയില്‍‌വേ സ്റ്റേഷനില്‍ വച്ചു തീവണ്ടിതട്ടി മരിച്ചുപോയി... എന്താണെന്നറിയില്ല മറക്കാന്‍ ആഗ്രഹിയ്ക്കുന്നതെല്ലാം ഓര്‍മ്മയില്‍ കൂടുതല്‍ തെളിയുന്നു. ഇപ്പൊ വാഴക്കോടന്റെ പോസ്റ്റ് മറ്റൊരു ഓര്‍മ്മയെയും ഉണര്‍ത്തുന്നു...
നന്നായിട്ടുണ്ട് വാഴക്കോടന്‍..

കണ്ണനുണ്ണി said...

അല്പമെങ്കിലും നന്മ മനസ്സില്‍ സൂക്ഷിക്കുന്ന ആര്‍ക്കെങ്കിലും നഷ്ടപെട്ട മകനെ ഓര്‍ത്തു കരയുന്ന അമ്മയെ കണ്ടില്ലെന്നു നടിക്കാന്‍ ആവുമോ...
ഹൃദയത്തില്‍ തൊട്ടു വാഴേ..സത്യം..

പാവത്താൻ said...

ആര്‍ദ്രമായ കഥ....വേദനിപ്പിച്ചു...

kichu / കിച്ചു said...

എഴുതാന്‍ ഒന്നും വരുന്നില്ലല്ലൊ വാഴേ..
കഥയെന്നാശ്വസിക്കട്ടെ..

ജീവിതവും ഇതില്‍ നിന്നും വിഭിന്നമല്ലാലൊ.

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി വാഴ.
ഇനിയും ഒരുപ്പാട്‌ നൊമ്പരങ്ങളും തമാശകളും നിറഞ്ഞ കഥകള്‍ കൊണ്ട് ഈ ബൂലോകത്ത് നീ നിറഞ്ഞു നില്‍ക്കട്ടെ. ആശംസകള്‍.

Rafeek Wadakanchery said...

നീ നന്നാവാന്‍ തീരുമാനിച്ചോ..?
രണ്ടു തരത്തിലുള്ള വാഴയുടെ എഴുത്തുകള്‍ നന്നായി ആസ്വദിക്കുന്നു.
അങ്ങട് പൂശിക്കൊടക്കടാ...

Jayesh/ജയേഷ് said...

നന്നായി കഥ

Patchikutty said...

nalla kadha. oppam nanmkykk എന്ന് karuthi cheyyunna palathum bhaviyil nammale തന്നെ എങ്ങിനെ ഒക്കെ swadhinikkum ennoru chinthayum koodi അല്ലെ.

ഓട്ടകാലണ said...

നല്ല രീതിയില്‍ ഹ്യദ്യമായ ഒരു കഥ
പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍ വാഴേ...

സച്ചിന്‍ // SachiN said...

വളരെ ഹൃദ്യമായി അവതരിപ്പിച്ചു സ്നേഹത്തിന്റെ വാല്‍സല്യത്തിന്റെ ഈ കഥ. മനസ്സില്‍ തട്ടുന്ന എഴുത്ത്‌. ഭ്രാന്തിയമ്മയും മാഷും മനസ്സില്‍ നൊമ്പരത്തിന്റെ ഒരു വിങ്ങല്‍ തീര്‍ത്തു. അഭിനന്ദനങ്ങള്‍!

Husnu said...

The story of a mother who lost her son, and a son who lost his mother.
Really touched my heart vazhakodan.
Wonderful presentation of the story.

congrats!

ശ്രദ്ധേയന്‍ | shradheyan said...

നന്നായി... നൊമ്പരപ്പെടുത്തിയ വായന.

വാഴക്കോടന്‍ ‍// vazhakodan said...

ഈ ഭ്രാന്തി അമ്മയെയും, അമ്മയുടെ സ്നേഹം കൊതിച്ച മകനെയും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. അമ്മമാരുടെ സ്നേഹത്തിന്റെ കഥ എത്ര എഴുതിയാലും തീരില്ല. ഈ കഥ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
നിങ്ങളുടെ ഈ പ്രോത്സാഹനം ഇനിയും എഴുതാന്‍ പ്രേരകമാണ് എന്നും അറിയിക്കട്ടെ.
സസ്നേഹം,
വാഴക്കോടന്‍

രഞ്ജിത് വിശ്വം I ranji said...

കഥ വായിച്ചിട്ട് വീണ്ടും തിരിച്ച് പ്രൊഫൈലില്‍ പോയി നോക്കി.. ആ വാഴ തന്നെയോ ഈ വാഴ.. ഹാസ്യം പോലെ തന്നെ നൊമ്പരവും നന്നായി വഴങ്ങുന്നുണ്ട്..ചിരിപ്പുട്ടിനിടയ്ക്ക് ഇത്തരം നൊമ്പരത്തേങ്ങകള്‍ ഇനിയും പോരട്ടെ..

ramanika said...

അമ്മയുടെ സ്നേഹം എത്ര പറഞ്ഞാലും അധികമാവില
അമ്മ = നന്മ

കഥ മനസ്സില്‍ തറച്ചു !

Junaiths said...

:0(

:0)

ബിനോയ്//HariNav said...

ബായേ നീ മനുശമ്മാരെ ടെന്‍ശനാക്കി കളിക്ക്യാ?!

കഥ നന്നായീട്ടാ. ആശംസകള്‍ :)

Afsal said...

ഈ കമന്റും ഇതിലൂടെ അയക്കാതെ നേരില്‍ കൊണ്ട് തരണമെന്ന് തോന്നിപ്പോയി .................... വളരെ നന്നായി.

Unknown said...

snehichu kothi theeraatha ammayum
snehikkaan kothikkunna makanum...
vallaathe nombarappeduthunnu,
kathayaanennu thiricharinjittum.
vaayana oru 'anubhavamaakkithannathinu,
inium nannaayi ezhuthaan kazhiyatte enna
praarthana pakaram tharunnu...
abhimaanathode oru "AMMA"
-geethachechi-

Anitha Madhav said...

ആ അമ്മയെയും പോസ്റ്റ്‌ മാഷിനെയും നേരില്‍ കാണുന്ന ഒരു പ്രതീതിയുണ്ട് വായിക്കുമ്പോള്‍. വളരെ മനോഹരമായ എഴുത്ത്‌.മനസ്സില്‍ സൂക്ഷിക്കാന്‍ നല്ലൊരു കഥ കൂടി തന്നതില്‍ സന്തോഷം.
അഭിനന്ദനങ്ങള്‍

മുഫാദ്‌/\mufad said...

നൊമ്പരപ്പെടുത്തുന്നു...

കാട്ടിപ്പരുത്തി said...

സൂറാന്റെ പിന്നില്‍ മനപ്പിച്ചു നടക്കുന്ന വാഴയുടെ ഉള്ളിന്റെയുള്ളില്‍ ഇങ്ങനെയൊരു കതാകാരനുള്ളതറിഞീല-

ഭാവുകങ്ങള്‍-

Typist | എഴുത്തുകാരി said...

എന്തിനാ വാഴക്കോടാ ആ മാഷേയും അങ്ങനെ ആക്കിയതു്. ടീച്ചര്‍ മരിച്ചെങ്കിലും, അവസാനം ഒരു ദിവസമെങ്കിലും അവര്‍ക്കു സന്തോഷം കൊടുക്കാന്‍ സാധിച്ചല്ലോ, എന്ന സമാധാനത്തില്‍ കഴിയാന്‍ ആ മാഷെ അനുവദിക്കാമായിരുന്നു. സങ്കടമായിപ്പോയി.

ജിപ്പൂസ് said...

നന്നായിരിക്കുന്നു വാഴക്കാ..
ആ ക്ലൈമാക്സ് ഉണ്ടല്ലോ.അതാണു വല്ലാതാക്കിയത്.

Jenshia said...

നല്ല കഥ ...

അനില്‍@ബ്ലോഗ് // anil said...

വാഴക്കോടാ,
മനസ്സില്‍ തട്ടുന്ന എഴുത്ത്.

പാവപ്പെട്ടവൻ said...

“മാഷേ ആ ഭ്രാന്ത് മാറിയ ടീച്ചറില്ലെ, അവര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു മാഷേ!”

കരയിപ്പിക്കാനും ചിരിപ്പിക്കാനുമുള്ള മുതലുകള്‍ വാഴേ..... നിനക്ക് മാത്രം സ്വന്തം . വയസായവരുമായി നിന്‍റെ കഥകള്‍ക്ക് വലിയ ബന്ധമാണ് ഇതുപോലെ മനസ്സില്‍ തട്ടുന്ന ഒരു ടീച്ചരുടെ കഥ നീ എഴുതിയത് ഞാന്‍ ഓര്‍ക്കുന്നു അഭിനന്ദനങ്ങള്‍

മാണിക്യം said...

മനസ്സില്‍ ഒരു വല്ലത്ത വിങ്ങല്‍ ആയി....
ടീച്ചറുടെ അവസ്ഥ മനസിലാക്കാം,
പക്ഷെ മാഷ് ..
അതിത്തിരി അപാരമായ ചെയ്ത്തായി ..

വായിച്ചിട്ട് മനസ്സില്‍ നിന്ന് പോകുന്നില്ല.
രണ്ടു ദിവസമായി ഒരു കമന്റെഴുതാന്‍ ശ്രമിക്കുന്നു.

ഒരൊ സംഭവവും നമ്മള്‍ ഉള്‍കൊള്ളുന്നത്
ആ നിലയില്‍ സ്വയം പ്രതിഷ്ടിച്ചിട്ടാണു,
അതുകൊണ്ടു കൂടി ആവും
വല്ലതെ അലട്ടുന്നു ഈ കഥ ..

വാഴക്കൊടന്‍ എന്ന കഥാകൃത്തിനു അഭിമാനിക്കാം

ഷൈജു കോട്ടാത്തല said...

നല്ല കഥ എഴുതിയതിന്റെ പേരില്‍
അഭിമാനിച്ചോളൂ
അഭിനന്ദനങ്ങള്‍.

മീര അനിരുദ്ധൻ said...

മനസ്സിൽ തട്ടിയ കഥ.നന്നായി വാഴക്കോടൻ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

താളവട്ടം ??

NAZEER HASSAN said...

മജീ,
നിന്റെ എഴുത്തിന്റെ രീതി വളരെ നന്നായിരിക്കുന്നു. ഇനിയും നല്ല കഥകള്‍ എഴുതാന്‍ നിനക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഈ കഥ വളരെ ഇഷ്ടപ്പെട്ടു.

സസ്നേഹം,
നസി

വാഴക്കോടന്‍ ‍// vazhakodan said...

ഈ കഥ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇനിയും നല്ല കഥകളുമായി വരാന്‍ ശ്രമിക്കാം.നിങ്ങള്‍ ഈ വഴി ഇനിയും വരുമല്ലോ...

സസ്നേഹം,

വാഴക്കോടന്‍

വശംവദൻ said...

നല്ല കഥ.

ഇതു വായിച്ചപ്പോൾ, ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ട ഏകമകൻ വരുന്നതും നോക്കി എന്നും വൈകുന്നേരമാകുമ്പോൾ വീടിന്റെ മുറ്റത്തിറങ്ങി വഴിയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന, എനിക്ക് നേരിട്ടറിയാവുന്ന, ഒരു അമ്മയെ ഓർമ വന്നു.

കഥയിലെ അമ്മയെപ്പോലെ വേദനയോടെയേ അവരെയും ഓർക്കാനാകൂ.

അപര്‍ണ്ണ II Appu said...

നല്ല കഥ. ഇഷ്ടപ്പെട്ടു.

ചിതല്‍/chithal said...

മാഷിന്റെ അവസാനം കലക്കി. ബാക്കി ഒക്കെ ഒരു ക്ലീഷെ ആയി തോന്നി.
തോന്നിയ അഭിപ്രായം തുറന്നു് പറഞ്ഞു എന്നു് മാത്രം

കലക്കോടന്‍ said...

ബ്രിഗേടിയര്‍ രാകേഷ് വര്‍മ്മ

athu kurachu over ayi poyi njan chettante ezhuthukale vimarsikkan alalla ennalum oru vayanakkaran aswadhakan enna nilayil thonniyathanu...nelam kurakkarunnu.

യാത്ര said...

brother

enthu comment aanu njaan ithinu itentathenn enikkariyunnulla. parayaan vaakkukalilla. athrakk nannaayittunt. kannu nirannu poyi.

യാത്ര said...

brother

enthu comment aanu njaan ithinu itentathenn enikkariyunnulla. parayaan vaakkukalilla. athrakk nannaayittunt. kannu nirannu poyi.