Wednesday, May 4, 2011

മനസ്സമാധാനം(മിനിക്കഥ)

മരത്തണലില്‍ വിഷണ്ണനായി ഇരുന്ന അയാളുടെ അരികിലേക്ക്, മാലാഖയെപ്പോലെ സൌന്ദര്യമുള്ള ഒരു കൊച്ചു പെണ്‍കുട്ടി നടന്ന് ചെന്നു. കാഴ്ചയില്‍ ഒരു മൂന്ന് വയസ് പ്രായം തോന്നിയ്ക്കും.അയാളുടെ ഇരിപ്പ് കണ്ട് അവള്‍ കൊഞ്ചിക്കൊണ്ട് ചോദിച്ചു, 

“അങ്കിള്‍, അങ്കിളെന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്?”

ആ കൊച്ചുമോളെ അരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു, 

“മോളെ, എന്റെ മകളെ ഉപദ്രവിക്കുന്ന ഒരു അക്രമിയെ തടഞ്ഞപ്പോള്‍ അവനെന്നെ കഠാര കൊണ്ട് കുത്തി വീഴ്ത്തി. കണ്ടോ എന്റെ ശരീരത്തിലെ മുറിവുകളൊക്കെ തുന്നിക്കെട്ടിയിരിക്കുന്നത്” 

അയാള്‍ ആ കുട്ടിക്ക് തുന്നിക്കെട്ടിയ മുറിപ്പാടുകള്‍ കാട്ടിക്കൊടുത്തു.എന്നിട്ടവളോട് ചോദിച്ചു,

“ആട്ടേ മോളെന്താ ഇവിടെ തനിച്ച് നടക്കുന്നത്?”

ആ ചോദ്യത്തിന് മുന്നില്‍ മുഖത്ത് നിരാശ നിഴലിച്ച ആ കുഞ്ഞ് പതിഞ്ഞ സ്വരത്തില്‍ പറയാന്‍ തുടങ്ങി, 

“ഒരു ദിവസം അച്ഛനെനിക്ക് ഒത്തിരി മിഠായികള്‍ തന്ന് എന്നെ  സന്തോഷിപ്പിച്ചു , പിന്നെ...പിന്നെ അച്ഛന്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. എനിക്ക് വേദന സഹിക്കാതായപ്പോള്‍ ഞാന്‍ അലറിക്കരഞ്ഞു.അന്നേരം ആരും കേള്‍ക്കാതിരിക്കാന്‍ അച്ഛനെന്റെ വായും മൂക്കുമെല്ലാം മുറുകെ പൊത്തിപ്പിടിച്ചു.പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല അങ്കിള്‍”

ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ആ ഉത്തരത്തിന് മുന്നില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു.,ഹൃദയം വിങ്ങിപ്പൊട്ടി,അയാള്‍ ദൈവത്തെ വിളിച്ച് കൊണ്ട് പറഞ്ഞു,

“മരിച്ച് മുകളില്‍ വന്നാലും ഒരു മനസ്സമാധാനവും ഇല്ലല്ലോ രക്ഷിതാവേ...”