Sunday, October 4, 2009

പ്രിയപ്പെട്ടവനേ വിട!

നവീൻ



“എനിക്ക് വല്ലാതെ ദാഹിക്കുന്നു, അല്‍പ്പം വെള്ളം തരിക”

“ഇതാ എന്റെ ഈ കിണര്‍ മുഴുവന്‍ നിനക്കുള്ളതാണ്, നീ അതില്‍ നിന്നും ഇഷ്ടം പോലെ വെള്ളം എടുത്ത് കൊള്‍ക”

“വേണ്ട, എനിക്കെന്റെ തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം മാത്രം മതി സുഹ്യത്തേ”

“എങ്കില്‍ എന്റെ കയ്യിലുള്ള വിലയേറിയ ഈ വീഞ്ഞ് നീ നുകര്‍ന്ന് കൊള്ളുക”

“വേണ്ട സുഹ്യത്തേ, എനിക്കൊരിറ്റ് ദാഹ ജലം മാത്രം മതി, കൂടുതല്‍ ഒന്നും വേണ്ട, ഒന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല”

“എന്നെ നീ തെറ്റിദ്ധരിക്കരുത്, നീ ഒരിറ്റ് ജലത്തേക്കാള്‍ കൂടുതല്‍ കൂടുതല്‍ അര്‍ഹിക്കുന്നു,ഈ വെള്ളം നീ കുടിച്ച് കൊള്‍ക, പറയൂ നിങ്ങള്‍ ഈ യാത്ര എവിടേയ്ക്കാണ്?”

“ഞാന്‍ അനിവാര്യമായ ഒരു യാത്രയിലാണ്, പലതും എടുക്കാനും പലതും ബാക്കി വെക്കാനും എനിക്ക് സമയം കിട്ടിയില്ല, പക്ഷേ ഈ യാത്ര എന്നെ ഏകാന്തനാക്കുന്നു.ഒറ്റപ്പെടുത്തുന്നു”

“ഒറ്റപ്പെടാനായി എന്തിനീ യാത്ര? തീര്‍ച്ചയായും നിന്നില്‍ നിന്നും അമൂല്യമായ പലതും നിന്നെ സ്നേഹിച്ചവര്‍ പ്രതീക്ഷിച്ചിരിക്കില്ലെ? അവരെ നൊമ്പരപ്പെടുത്തി എന്തിനീ യാത്ര?

“അറിഞ്ഞോ അറിയാതെയോ ഞാന്‍ ഈ യാത്രയെ പറ്റി പറഞ്ഞിരുന്നു എന്നിപ്പോള്‍ ഓര്‍ക്കുന്നു.അതൊരു തമാശയുടെ ലാഘവത്തിലേ എല്ലാവരും എടുത്തുള്ളൂ, പക്ഷേ എന്റെ വഴിയില്‍ എനിക്കായ് ഒരാള്‍  പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടായിരുന്നു.അയാള്‍ എന്നെ ഏറെ സ്നെഹിക്കുന്നുവത്രെ, എന്നെ ഇഷ്ടപ്പെട്ടിരുന്നത്രെ, എന്നെ കൂടെ കൊണ്ട് പോകാന്‍ അയാള്‍ തക്കം പാര്‍ത്തിരിക്കാരുണ്ടായിരുന്ന വഴിയില്‍ വെച്ച് അയാള്‍ എന്നെ വിളിച്ച് കൊണ്ടുപോകയാണ്”

“എന്നിട്ട് അയാളെവിടെ?”

“വേണ്ട അയാളെ നീ കണണ്ടാ, അല്ലെങ്കിലും നിങ്ങളാരും അയാളെ കാണുന്നത് എനിക്കിഷ്ടമല്ല, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പോകാം”

“പക്ഷേ നീ നല്‍കാതെ പോയ ആ അമൂല്യ നിധികള്‍ ഞങ്ങള്‍ക്ക് നഷ്ടമല്ലെ?

“ഹ”

“നീ എന്താണ് ചിരിക്കുന്നത്?”

“ഞാന്‍ ബാക്കി വെച്ചത് കേവലമായ കുറെ നിഴലുകളാണ്.അല്‍പ്പം വെളിച്ചം വീശിയാല്‍ അതെല്ലാം മാഞ്ഞ് പോകും, അതോര്‍ത്ത് ചിരിച്ചതാണ്”

“ഇല്ല, ഒന്നും മാഞ്ഞ് പോകില്ല, ഇപ്പോള്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നു,ആദ്യമായാണ് നിങ്ങളെ കാണുന്നതെങ്കിലും എനിക്ക് നിങ്ങളെ അറിയാം,നിങ്ങളെ എനിക്കും ഇഷ്ടമാണ്”

“പലര്‍ക്കും ഇപ്പോള്‍ എന്നെ അറിയാം, അവരെയെല്ലാം നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ട്, പക്ഷേ എന്റെ യാത്ര എനിക്കിടയ്ക്ക് വെച്ച് നിര്‍ത്താനാകില്ല, പിന്‍ വിളി കേള്‍ക്കാന്‍ എനിക്കാവില്ല, നിങ്ങള്‍ നല്‍കിയ ദാഹ ജലത്തിന് പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല,ഞാന്‍ ദരിദ്രനാണ്”

“നിന്റെ സാമീപ്യം തന്നെ എന്നെ സമ്പന്നനാക്കുന്നു,എനിക്കതു മതി, എന്റെ കയ്യില്‍ നിന്നും നീ നുകര്‍ന്ന ദാഹജലത്തിന്റെ ഓര്‍മ്മയില്‍ ഞാനീ താഴ്വരയില്‍ ഉണ്ടാകും.എനിക്കതു മതി,അത് മാത്രം മതി”

“എങ്കില്‍ ഞാന്‍ യാത്ര തുടരട്ടെ,എന്നെ പോകാന്‍ അനുവദിക്കുക,പോകാതിരിക്കാന്‍ എനിക്കാവില്ല എന്ന തിരിച്ചറിവില്‍ വിട”

“ഈ കവിളിലെ കണ്ണുനീര്‍ നീ കാണുന്നില്ലേ,എനിക്കിനി നല്‍കാന്‍ അതു മാത്രമേയുള്ളൂ പ്രിയ സുഹ്രുത്തേ, അത് നീ സ്വീകരിക്കുക”

“എനിക്കിനി ഒന്നും വേണ്ട, എനിക്കുള്ള ദാഹജലം നിങ്ങള്‍ നല്‍കിക്കഴിഞ്ഞു, ഇനി യാത്ര, യാത്ര”


മൊബൈലിലെ റിങ് ശബ്ദം കേട്ടാണു ഞാന്‍ ഉണര്‍ന്നത്, ഫോണിന്റെ അങ്ങേ തലക്കല്‍ പകല്‍കിനാവന്‍,

“എടാ നമ്മുടെ പ്രാര്‍ത്ഥന വിഫലമായി, ജ്യോനവന്‍ നമ്മെ വിട്ടു പോയി”

“അവന്‍ എന്നോട് യാത്ര പറഞ്ഞു”

“എന്ത്, നിനക്കു വട്ടായോ? നീ എഴുനേറ്റില്ലെ?

“സോറി ഡാ, ഞാന്‍ അവനെ സ്വപ്നം കണ്ടു.ശരിക്കും അവനോട് ഞാന്‍ സംസാരിച്ചെടാ”

“ശരി ഞാന്‍ വെക്കുന്നു, എനിക്ക് ഒന്നു രണ്ട് പേരെ കൂടി അറിയിക്കണം”

പകല്‍കിനാവന്‍ ഫോണ്‍ കട്ട് ചെയ്തെങ്കിലും എന്റെ ചിന്തകള്‍ മുഴുവന്‍ ജ്യോനവനെക്കുറിച്ചായിരുന്നു.ഇനി നല്‍കാന്‍ എന്റെ കണ്ണീരശ്രുക്കള്‍ മാത്രം.ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ കൂട്ടുകാരാ നിന്റെ മരണത്തില്‍ ദുഃഖിക്കുകയും, നിന്റെ ആത്മാവിന് ശാന്തി നേരുകയും ചെയ്തു കൊള്ളട്ടെ.ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ഒരെളിയ സുഹ്യത്ത്.

Tuesday, September 29, 2009

എന്റെ മരണം!

ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു.അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌.അവര്‍ എന്നെ താങ്ങിയെടുത്ത്‌ ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ  അത്യാഹിത വിഭാഗത്തില്‍ എത്തി.
അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി. ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌ നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍ മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍ മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കൌതുകത്തോടെ  മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.

എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച്  അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി. എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ എന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു.


ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.

ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര പോയി തന്റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ “നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന് ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ രങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട് തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട് തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.

എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.

എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്‍ത്തു.എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍  ഒരു പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന  ടി വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.

അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി.
“ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്,ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും?
എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ കളിയാക്കിയവര്‍, അധിക്ഷേപിച്ചവര്‍, സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു. അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ മെത്തയില്‍..എന്തിനായിരുന്നു?   എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എനിക്കതിനൊരു  ഉത്തരം കിട്ടിയില്ല.ആ ഒരു  തീരുമാനമെടുക്കാനുള്ള  സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്‍ത്തു.


അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി. സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു. നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്‍ക്കുന്നു. ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല, ഞാനിപ്പോള്‍
വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.

പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍ തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം. മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ് മെത്തയില്‍!  ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ്?

മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല.ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള  സംശയം എന്നില്‍ ബലപ്പെട്ടു. എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു. ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍ മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ?  എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു കൊച്ചു സ്വപ്നം!

Saturday, September 19, 2009

കിനാവും കണ്ണീരും

മയക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഞാന്‍ യാത്രയിലായിരുന്നു.ജെറ്റ് എയര്‍വേസിന്റെ ബിസിനസ്സ് ക്ലാസിലാണോ? എയ് അല്ല, കാരണം സീറ്റ് ബെല്‍റ്റ് കാണുന്നില്ല,എയര്‍ ഹോസ്റ്റസും നഹീ. ശരിയാണ് ഇത് ചെന്നൈ മെയിലാ‍ണ്,അതിലെ ഏസി കമ്പാര്‍ട്ട്മെന്റില്‍ ഇത്രയും സുഖ സൌകര്യമോ? ശ്ശോ ഇനി ഏസി കമ്പാര്‍ട്ട്മെന്റില്‍ ആദ്യായിട്ട് കയറുകയാണെന്ന് ആരും അറിയേണ്ട.മുഖത്ത് അല്‍പ്പം പോലും ഗൌരവം വിടാതെ ഞാന്‍ “സ രി ഗ മ” യിലെ ഗമയില്‍ തന്നെ ഇരുന്നു.സഹയാത്രികരായ തമിഴ്നാട്ടുകാരായ നാലംഗ കുടുംബം കേരളത്തിലുണ്ടായ ദുരനുഭവങ്ങളും പീഡനങ്ങളും ഒന്ന് കഴിഞ്ഞ് ഒന്ന് എന്ന രീതിയില്‍ പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇടയ്ക്ക് തിരുട്ട് പോലീസ് എന്നൊക്കെ കേട്ടപ്പോഴാണ് സംഗതി പോലീസുകാരില്‍ നിന്നും അവര്‍ ഇരുട്ടടി വരെ കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ ഊഹിച്ചത്. അല്ലെങ്കിലും ചില തമിഴ് എനിക്ക് പെട്ടെന്ന് മനസ്സിലാകും,മനാസ്സിലാകാത്തത് അവര്‍ കുളിക്കാത്തത് എന്താണ് എന്ന ഒറ്റ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.വാടിയ മൂല്ലപ്പൂ‍വിന്റെയും തമിഴ് നാടന്‍ മണവും ചേര്‍ന്ന് ആകെ ഒരു അവിഞ്ഞ മണം ആ കൂപ്പയില്‍ തളം കെട്ടി നിന്നു. എങ്കിലും കണ്ണിന് കുളിരേകിക്കൊണ്ട് എനിക്കെതിര്‍ വശത്ത് ഇരുന്ന ‘തമിഴളകി‘ എന്ന കൊച്ചു സുന്ദരി എന്നെ ഹഠാതാകര്‍ഷിച്ചു.ഞങ്ങള്‍ ഇരു കണ്‍കളാല്‍ കൈതി സെയ്തിരിന്ത് റ്റൈം തള്ളിവിട്ടാര്‍.

പൊടിപിടിച്ച ചില്ലിലൂടെ ഇടയ്ക്കെപ്പോഴോ പുറത്തേക്ക് നോക്കിയപ്പോള്‍ അകത്ത് കാണുന്നതിനേക്കാള്‍ മനോഹര ദ്യശ്യങ്ങളില്ലാത്തതിനാല്‍ എന്റെ നോട്ടം തമിഴളകിയെ ചുറ്റിപ്പറ്റി തന്നെയായിരുന്നു.സണ്‍ റ്റീവിയിലെ തമിള്‍സൊല്‍ മാലയിലെ അവതാരകയ്ക്ക് പോലും ഈ തമിഴളകിയുടെ സൌന്ദര്യമുണ്ടോ എന്ന് എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.അവള്‍ ഒരു ‘തമിഴ് ഹൂറി‘ തന്നെ എന്ന് ഞാന്‍ വിലയിരുത്തി. പിശുക്കില്ലാത്ത അവളുടെ നോട്ടം അവള്‍ക്കൊരു ആയിരം എസ് എം എസ് ആവശ്യം വന്നാലും അയച്ച് പോകുന്ന ഒരു ചുറ്റുപാടിലായിരുന്നു ഞാന്‍! തീവണ്ടി ചെന്നയിലെത്താന്‍ ഇനിയും ഒരു മണിക്കൂറെങ്കിലും എടുക്കും എന്ന് പെടുക്കാന്‍ പോയി വന്ന തന്തൈ തമിഴന്‍ പറഞ്ഞതില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.അതിനി ഒരു പന്ത്രണ്ട് മണിക്കൂറായാലും വിരോധമില്ല എന്ന് ഞാന്‍ ഉള്ളാല്‍ ആഗ്രഹിച്ചു.

ചെന്നൈ സെന്റ്റല്‍ സ്റ്റേഷനില്‍ ഇറങ്ങി തമിഴളകിയെ അവസാനമായി ഒന്ന് നോക്കുമ്പോ‍ള്‍ അവളുടെ കണ്‍കള്‍ വിഷാദത്താല്‍ നിറഞ്ഞ് തുളുമ്പി,അവളുടെ തന്തൈ തമിഴനോട് എന്നെ മാഗല്യം തന്തുനാനേയ പാടിക്കാന്‍ വാശി പിടിക്കും എന്ന് കരുതിയ എന്റെ കണ്‍കള്‍ ഇരണ്ടും തള്ളിക്കുമാറ് തമിഴളകി ഒന്ന് മൈന്റ് പോലും ചെയ്യാതെ നടന്നകലുന്നത് ഒരു ഗദ് ഗദ്ത്തോടെ വിഷണ്ണനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.അല്ലെങ്കിലും ഈ തമിഴ് പെണ്‍കൊടികളെ കുടിക്കുന്ന വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഒരു എം പി പറഞ്ഞത് എത്ര സത്യം! അപ്പോള്‍ മനസ്സില്‍ ഓര്‍മ്മ വന്ന “മാനസ മൈനേ വറൂ” എന്ന ചെമ്മീനിലെ പരീക്കുട്ടിയുടെ ദീന രോദനം മൂളിക്കൊണ്ട് ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും കുണ്ഠിതനായി മെല്ലെ പുറത്തിറങ്ങി.ഒരു യാത്രയില്‍ എന്റെ ആരെല്ലാമോ ആയിത്തീരും എന്ന് കരുതിയ ഒരു സുന്ദരി ക്ഷണ നേരം കൊണ്ട് ഒന്നുമല്ലാതായതിന്റെ ദുഃഖം തല്‍ക്കാലം ഒരു ചായ കുടിച്ച് അവസാനിപ്പിക്കാം എന്ന് കരുതി അടുത്ത് കണ്ട ഒരു തട്ട് കടയില്‍ കയറി, “ഒരു സായൈ“ എന്ന് തമിഴില്‍ നീട്ടിപ്പറഞ്ഞു.

ബാഷ എന്ന സിനിമയില്‍ നായിക നോക്കുന്നിടത്തെല്ലാം രജനീകാന്തിനെ കാണുന്നത് പോലെ എനിക്ക് കുടിക്കുന്ന ചായയില്‍ വരെ തമിഴളകിയുടെ ഛായ രൂപപ്പെടുന്നുണ്ടോ എന്ന് തോന്നി. അതിനാല്‍ ചായ അധികം ആറും മുന്‍പ് തന്നെ വലിച്ച് കുടിച്ചു.പോക്കറ്റിലെ ശുപാര്‍ശക്കത്ത് ഒന്ന് കൂടി എടുത്ത് ഞാന്‍ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ തിരിച്ച് പോക്കറ്റില്‍ തന്നെ നിക്ഷേപിച്ചു.ഒരു ഏസീ കമ്പാര്‍ട്ട്മെന്റില്‍ ചെന്നയിലേക്ക് വണ്ടി കയറിയതിന്റെ ദൂര്‍ത്തും ദുര്‍വ്യയവും ഒര്‍ത്ത് കൂറച്ച് നേരം മനസ്സ് വെറുതെ വേദനിച്ചു.അല്ലെങ്കിലും ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്ന് പറയാറുള്ള കൂട്ടുകാരന്‍ സുനിലിന്റെ തീരുമാനമായിരുന്നു അത്.ഈ സിനിമാക്കാരധികവും ഏസീ കമ്പാര്‍ട്ട്മെന്റിലാത്രെ യാത്ര ചെയ്യുന്നത്.അപ്പോള്‍ ആരേയെങ്കിലും പരിചയപ്പെടാമെന്നും പിന്നീടുള്ള അഭിനയ ജീവിതത്തില്‍ അതൊരു മുതല്‍കൂട്ടാകുമെന്നും പറഞ്ഞപ്പോള്‍ സത്യമായും രോമാഞ്ചം ഉണ്ടായതാ. അഞ്ചിയ രോമങ്ങള്‍ക്ക് പോയി എന്നല്ലാതെ മരുന്നിനു പോലും ഒരു സിനിമാക്കാരന്‍ ഉണ്ടായില്ല എന്നത് എന്റെ കാലക്കേട് എന്നല്ലാതെ എന്ത് പറയാന്‍. ഏസീ കോച്ചില്‍ കേറി കാശ് പോയത് മിച്ചം! എങ്കിലും തമിഴളകി നഷ്ടത്തിന്റെ ആഴം കുറച്ചു എന്ന് ഞാന്‍ വെറുതേ ആശ്വസിച്ചു.

ചായക്കടയില്‍ നിന്നും ഇറങ്ങി സംവിധായകന്‍ ഭരതന്റെ ടി നഗറിലുള്ള വീടായിരുന്നു ലക്ഷ്യം.ഒരു ഓട്ടോ പിടിച്ച് പോയാലോ എന്ന് ശക്തമായ ആഗ്രഹം തൊന്നിയെങ്കിലും, ഇനിയെങ്ങാന്‍ ഭരതന്‍ ചാന്‍സ് തന്നില്ലെങ്കില്‍ തിരിച്ച് പോരാനുള്ള വണ്ടിക്കൂലിയില്‍ കുറവ് വരുമല്ലോ എന്ന ചിന്ത എന്നെ ആ സാഹസത്തില്‍ നിന്നും തടഞ്ഞു.അല്ല്ലെങ്കിലും ചാന്‍സ് കിട്ടാതിരിക്കാന്‍ തരമില്ല, കാരണം ഭരതന്റെ നാട്ടുകാരനും കളിക്കൂട്ടുകാരനും സര്‍വ്വോപരി അമ്മാവന്റെ അനതിരവന്റെ മകനുമായ സര്‍വ്വ ശ്രീ മാധവേട്ടനാണ് ഈ ശിപാര്‍ശക്കത്ത് തന്ന് വിട്ടിരിക്കുന്നത്. മാധവേട്ടന്‍ പറഞ്ഞാല്‍ ഭരതന് അത്ര ഏളുപ്പം തട്ടിക്കളയാന്‍ പറ്റില്ല.പിന്നെ ലളിത ചേച്ചി എത്ര നല്ലവരാന്ന് നമ്മള്‍ എത്ര സിനിമയില്‍ കണ്ടതാ. അവര്‍ സഹായിക്കാതിരിക്കില്ല എന്ന് എനിക്കും ഉറപ്പായിരുന്നു.അങ്ങിനെ നല്ലത് മാത്രം ചിന്തിച്ച് ഞാന്‍ ടി നഗറിലുള്ള ഭരതന്റെ വീട്ടിലെത്തി.

ഗേറ്റിലെ തീരെ മെരുക്കമില്ലാത്ത തടിയന്‍ അണ്ണാച്ചി തമിഴന്‍ ഞാന്‍ അറിയാവുന്ന തമിഴൊക്കെ വെച്ച് കാച്ചീട്ടും അകത്തേക്ക് വിടുന്ന ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല എന്ന ദുഃഖ സത്യം ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി.ഓടുവില്‍ ഞാന്‍ അവസാനത്തെ അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു. അതേ കരഞ്ഞ് കാലില്‍ വീഴുക എന്ന കുടില തന്ത്രം! എങ്കിലും അവസാനമായി ഒരു നമ്പര്‍ കൂടി പ്രയോഗിക്കാന്‍ ഞാന്‍ വാച്ച്മേനോട് വളരെ ഗൌരവത്തൊടെ പറഞ്ഞു, “അണ്ണേ, ഞാന്‍ വന്ത് കേരളാവിലെ വടക്കാഞ്ചേരി പക്കത്തെ സ്ഥലമായ എങ്കക്കാട്ട് നിന്നും വരുകിറേന്‍,റാന്‍ റീന്‍ റൂന്‍! മാധവന്‍ സാര്‍ തന്ത ലെറ്റര്‍ കോണ്ട് വന്തിരിക്കെ, ദോ പാരിങ്കള്‍”.
ഇനി മാധവന്‍ സാര്‍ എന്റെ തന്തയാണോ എന്നാണോ ആ അണ്ണാച്ചി മനസ്സിലാക്കിയത് എന്ന് തോന്നിക്കുമാറ് അണ്ണാച്ചിയുടെ മുഖത്ത് അല്‍പ്പം മയം വന്നു. അയാള്‍ ഇന്റെര്‍കോമെടുത്ത് അകത്തേക്ക് വിളിച്ച് എന്തോ ചോദിച്ചു.അയാള്‍ ഫോണ്‍ താഴെ വെച്ച് എന്റെ നേര്‍ക്ക് വന്നു.
”ഉള്ളെ പോങ്കോ അയ്യാ”

അണ്ണാച്ചിയുടെ ഭവ്യത കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു.ഈ മാധവേട്ടന്‍ ആളൊരു പുലി തന്നെ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്ത് കൊണ്ട് റിലീസ് പടത്തിന്റെ ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടിയവനെ പോലെ അകത്തേക്ക് നടന്നു. വാതില്‍ക്കല്‍ സിനിമയില്‍ കാണുന്ന അതേ പോലെ നില്‍ക്കുന്നു കെ പി ഏ സി ലളിതച്ചേച്ചി. ഞാന്‍ അവരെ വണങ്ങി കയ്യിലുള്ള കത്ത് ലളിതേച്ചിയെ ഏല്‍പ്പിച്ചു.
അവര്‍ കത്ത് വായിച്ചിട്ട് എന്നെ നോക്കി,
”മാധവേട്ടന്‍ പറഞ്ഞ് വിട്ടതാണല്ലെ, പക്ഷെ ഇത്തിരി കൂടി പ്രായമുള്ള ആളെ വേണമെന്നാണല്ലോ പറഞ്ഞത്"

"നമുക്ക്‌ മേക്കപ്പിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താമല്ലോ ചേച്ചീ"

"എന്ത് മേക്കപ്പ്‌? മാധവേട്ടന്‍ ഒന്നും പറഞ്ഞില്ലേ?"

"പറഞ്ഞു, അടുത്തത്‌ ഭരതേട്ടന്‍ ഒരു കുടുംബ ചിത്രമാണ് എടുക്കുന്നതെന്ന് പറഞ്ഞു, എന്താ ചേച്ചി പടത്തിന്റെ പേര്?

"വെങ്കലം"

എന്റെ മനസ്സില്‍ ഒരു കുളിര്‍മഴ പെയ്തു, എന്റെ ആദ്യ ചിത്രം 'വെങ്കലം',എന്നാലും ഭരതേട്ടന് ഇത്തിരി കൂടി വിലയുള്ള പേര് ഇടാമായിരുന്നു വല്ല സ്വര്‍ണ്ണമെന്നോ വജ്രമെന്നോ മറ്റോ , ഈ പേരിനൊരു ഗുമ്മില്ല, സാരമില്ല ആദ്യ സിനിമയല്ലേ.അതില്‍ കേറി അഭിപ്രായം പറയുന്നത് ശരിയല്ലല്ലൊ, അടുത്ത ചിത്രത്തില്‍ നോക്കാം.

“നീ എന്നതാടാ ചെറുക്കാ അന്തം വിട്ട് നില്‍ക്കുന്നതു? നിനക്ക് കൊച്ചുങ്ങളെയൊക്കെ നോക്കാന്‍ വശമുണ്ടോടാ?”


“ഒരു നാടകത്തില്‍ കുട്ടികളെ നോക്കുന്ന ഒരു വേലക്കാരനായി അഭിനയിച്ചിട്ടുണ്ട് ചേച്ചീ,പിന്നെയെല്ലാം ഭരതേട്ടന്‍ കാണിച്ച് തരുമല്ലോ, അതു ഞാന്‍ പെട്ടെന്ന് പഠിച്ചോളാം,പിന്നെ ചേച്ചിക്കറിയോ ഞാന്‍ നന്നായി മിമിക്രി കാണിക്കും,എന്നെ കണ്ടാല്‍ തോന്നില്ലാ എന്നേയുള്ളൂ”


“മിമിക്രിയോ ഈശ്വരാ, അതൊക്കെ പോട്ടെ നിനക്ക് അലക്കാനൊക്കെ അറിയാമോ?“

ലളിതേച്ചിയുടെ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി.ശ്ശൊ ഇതൊക്കെയാണോ ചോദിക്കുന്നത് എന്ന സംശയത്തില്‍ നിന്നപ്പോള്‍ ചേച്ചി വീണ്ടും,

“നീയെന്നതാടാ ചെറുക്കാ നിന്നു ഇളിക്കുന്നത്?

“അല്ല ഞാന്‍ ഭരതേട്ടന്റെ ‘തകരയും‘ ‘‘രതിനിര്‍വ്വേദം’വുമൊക്കെ ഓര്‍ത്ത് നിന്നുപോയതാ”

“അയ്യേ, എടാ നിനക്ക് തുണിയലക്കാനൊക്കെ അറിയാമോന്ന്?


“തുണിയലക്കുന്നതായി അഭിനയിച്ചാല്‍ പോരെ, അതൊക്കെ ഭംഗിയായി ഞാന്‍ ചെയ്യാം ചേച്ചീ”


“അല്ല നീ കൊച്ചുങ്ങളെ നോക്കാനും വീട്ട് ജോലിക്കും വന്നതല്ലേ? ഞാന്‍ മാധവേട്ടനോട് പ്രത്യേകം പറഞ്ഞതാണല്ലോ”

ഞാന്‍ നിന്ന നില്‍പ്പില്‍ ആകെ ഉരുകിപ്പോയി,സിനിമാ നടനാവാന്‍ വന്ന എന്നോട് കുട്ടികളെ നോക്കാനും വീട്ട് ജോലി ചെയ്യാനും ഒരു കണ്ണീചോരയുമില്ലാതെ ലളിതചേച്ചി പറയുന്നു.കണ്ണില്‍ ഇരുട്ട് കയറി.തിരിച്ച് പോകാന്‍ വണ്ടിക്കാശില്ല എന്ന ദുഃഖം ഒരു വശത്ത്, മോഹ ഭംഗം മറുവശത്ത്.മനസ്സില്‍ വല്ലാത്ത സങ്കടവും നിരാശയും വന്നു. എല്ലാം ഉള്ളിലൊതുക്കി ഞാന്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“ചേച്ചീ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു വേഷം തരും എന്ന്‍ മാധവേട്ടന്‍ പറഞ്ഞ് വന്നതാ.ഈ കത്തും തന്ന് മാധവേട്ടന്‍ എന്റെ കൂട്ടുകാരോടൊക്കെ അടുത്ത ഭരതേട്ടന്റെ പടത്തില്‍ എന്നെ കാണാമെന്ന് ഉറപ്പ് പറയുകയും ചെയ്തതാ”


“ഇത് നല്ല കൂത്ത്, സിനിമേല് അഭിനയിക്കാന്‍ വന്നതാണല്ലേ,കത്തില്‍ വീട്ട് ജോലിക്ക് ആളെ അയക്കുന്നു എന്നേ മാധവേട്ടന്‍ എഴുതീട്ടുള്ളൂ. അതൊക്കെ പോട്ടെ എതായാലും ഇത്രെം ദൂരം വന്നതല്ലെ,തല്‍ക്കാലം ഇവിടെ പണിക്ക് നില്‍ക്ക്. ഭരതേട്ടന്‍ വരുമ്പോള്‍ ഞാന്‍ പറഞ്ഞ് ചെറിയ വല്ല വേഷവും വാങ്ങിത്തരാം എന്താ? ഇങ്ങനൊക്കെത്തന്നെയാ സിനിമയിലേക്ക് പടി പടിയായി കേറുന്നത്, നീ വേഗം അപ്പുറത്തേക്ക് വന്നേ, എനിക്ക് ഷൂട്ടിനു‍ പോകാനുള്ളതാ.സമയം കളയാതെ വേഗം വാടാ ചെറ്ക്കാ”

“വേണ്ട ചേച്ചീ ഒരു നായകനില്‍ കുറഞ്ഞുള്ള ഒരു വേഷമൊന്നും ഇപ്പോള്‍ എന്റെ ചിന്തയിലില്ല.ചെറിയ വേഷങ്ങള്‍ ചെയ്താല്‍ പിന്നേ ആ ടൈപ്പായിപ്പോകും!പിന്നെ നായകനാകാന്‍ പറ്റില്ല.ഞാന്‍ കാത്തിരിക്കാം ചേച്ചീ”അല്‍പ്പം പോലും അഹങ്കാരം ഇല്ലാത്തവനെപ്പോലെ ഞാന്‍ ഞാന്‍ പറഞ്ഞു.

“നീ നായകനാവേ, വില്ലനാവ്വേ എന്ത് വേണേലും ആയിക്കോ, പക്ഷേ ഇവിടെ കാത്തിരിക്കാന്‍ പറ്റില്ല,എനിക്ക് വെറെ പണിയുള്ളതാ”

“ശരി ചേച്ചീ, ബുദ്ധിമുട്ടാവില്ലെങ്കില്‍ ഒരു ഹണ്ട്രഡ് മണീസ് കിട്ടിയാല്‍...വണ്ടിക്കൂലിക്കൊന്നും ഇല്ല”

“ഇങ്ങനെ ദിവസം വന്നോളും ഒരോരുത്തന്മാര്‍ നായകനാവാന്‍, പിന്നെ ഭരതേട്ടന്റെ നാട്ടിന്നല്ലേ എന്ന് കരുതി ഞാന്‍ പണം തരുന്നതാ”


ലളിതചേച്ചി പണം തന്നു.നല്ല ചേച്ചി, പക്ഷേ സിനിമയുടെ പിന്നാമ്പുറം ഇത്രയ്ക്ക് വൃത്തികേടാണ് എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.വീട്ട് പണിയെടുത്തും കുട്ടികളെ നോക്കിയും എനിക്ക് സിനിമയിലേക്ക് കേറണ്ട.മാധവേട്ടാ, ആ പേര്‍ മനസ്സില്‍ ഓര്‍ക്കുമ്പോള്‍ തന്നെ കൈ തരിച്ച് വന്നു. സിനിമയില്‍ കേറാനുള്ള കന്നിയാത്ര അതോടെ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. സിനിമാ മോഹത്തിന്റെ ഖബറില്‍ ഒരു പിടി മണ്ണ് വാരിയിട്ട് ഞാന്‍ ചെന്നൈ സെണ്ട്രല്‍ സ്റ്റേഷനെ ലക്ഷ്യമാക്കി നടന്നു. പിന്നെ അധികം താമസിച്ചില്ല ഒരു സാധാ ടിക്കറ്റുമെടുത്ത് നിരാശയോടെ മദ്രാസ് മെയിലിന്റെ കമ്പാര്‍ട്ട്മെന്റില്‍ തിരിച്ച് വരവിനായി ഞാന്‍ ഇരിക്കുമ്പോള്‍ വളരെ യാദ്യശ്ചികമായി തമിഴളകിയെ പോലെ സുന്ദരിയായ ഒരു പെണ്‍കൊച്ച് എനിക്കഭിമുഖമായി വന്നിരുന്നു. ഒരു നാലംഗ മലയാളി കുടുംബം.ഏഷ്യാനെറ്റിലെ അവതാരകയേക്കാള്‍ സുന്ദരിയായ ആ മലയളി പെണ്‍കൊടി ത്രിശ്ശൂര്‍ വരേയെങ്കിലും ഉണ്ടാവണേയെന്നായിരുന്നു എന്റെ ചിന്ത. അല്ലെങ്കിലും ഈ തമിഴ് പെണ്‍കുട്ടികളേക്കാള്‍ എത്ര സുന്ദരികളാ നമ്മുടെ മലയാളി പെണ്‍കിടാങ്ങള്‍, മനസ്സിലാക്കുന്നേയില്ല!


Sunday, September 13, 2009

ഒരു ഭ്രാന്തിയമ്മയുടെ ഓര്‍മ്മയ്ക്ക്!

പുല്ലാണിക്കാട് തപാലാപ്പീസില്‍ പോസ്റ്റ്മാസ്റ്റര്‍ ആയാണ് അയാള്‍ക്ക്‌ നിയമനം ലഭിച്ചത്.നഗരത്തില്‍ നിന്നും വളരേ ദൂരത്തുള്ള ഒരു കൊച്ചു ഗ്രാമം. അധികവും കൃഷിക്കാര്‍. നിഷ്കളങ്കരായ ഒരു പറ്റം സാധു ജനങ്ങള്‍.സര്‍ക്കാര്‍ ആപ്പീസായി ആകെയുള്ളത് ഈ ഒരു പോസ്റ്റാപ്പീസ് മാത്രം. സര്‍ക്കാരുദ്യോഗസ്ഥര്‍ നന്നേ വിരളം. ഒരു കൃഷിയാപ്പീസിനു വേണ്ടി അവര്‍ പല സമരങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും ഒരു പരിഹാരമുണ്ടായില്ല. അവര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും പഴ വര്‍ഗങ്ങളും മറ്റും തുച്ചമായ വിലക്ക് വാങ്ങി വേറെ ചിലര്‍ സമ്പാദ്യങ്ങളുണ്ടാക്കി. എന്നിട്ടും അവര്‍ ആരോടും പരിഭവമില്ലാതെ കൃഷി നടത്തിക്കൊണ്ടേയിരുന്നു. ഗുല്‍ മോഹറുകള്‍ പൂത്തു നിന്ന ആ മനോഹരമായ പാതയിലൂടെ കൃഷിയിടങ്ങളിലേക്ക് വരി വരിയായി നീങ്ങുന്ന ആ കര്‍ഷക തൊഴിലാളികള്‍ എന്നും ആ ഗ്രാമത്തിന്റെ മാത്രം കാഴ്ചകളാണെന്ന് അയാള്‍ക്ക്‌ തോന്നി. ആ ഗ്രാമത്തെ തേടി മുടങ്ങാതെ ദേശാടനക്കിളികള്‍ വരുന്നത് ഉത്സവനാളുകളുടെ കേളി കൊട്ടുമായാണെന്നു അവര്‍ വിശ്വസിച്ചിരുന്നു. കാരണം ദേശാടനക്കിളികള്‍ വന്നു പോകുന്നതോടെ പ്രധാന വിളവെടുപ്പുകളുടെ സമയമായിട്ടുന്ടാകും. ഇതേ സ്വഭാവമാണ് ആ ഗ്രാമത്തിലേക്ക് വരുന്ന ആകെയുള്ള ബസ്സിനുമെന്നാണ് അന്നാട്ടിലെ ജനങ്ങളുടെ കളിയാക്കല്‍. നല്ല ദിവസം നോക്കിയെ വരാറുള്ളൂ. ഒരു വയസ്സന്‍ ബസ്. ഈ മലകേറി എന്നും വരാന്‍ അതിനു കഴിയേണ്ടേ? മിക്ക ദിവസങ്ങളിലും ഇടയ്ക്കു വെച്ചുള്ള പണിമുടക്ക് ഒരു ശീലമായോ എന്ന് പോലും പലരും സംശയിച്ചു. എങ്കിലും ബസ്സിനെ ഒരു ദിവസം കണ്ടില്ലെങ്കില്‍ ആവലാതിയുള്ളവരും ആ ഗ്രാമത്തിലുണ്ടായിരുന്നു.

ഒരു സാധാരണ പ്രവര്‍ത്തി ദിവസം പോലെ അയാളുടെ ഔദ്യോഗിക ജീവിതം ആ കൊച്ചു തപാലാപ്പീസില്‍ നാന്ദി കുറിച്ചു. നാട്ടിലെ തന്റെ ഒറ്റമുറി വീട് പോലുള്ള ഒരു കൊച്ചു ഓഫീസ്. അയാളെക്കൂടാതെ ഒരു പോസ്റ്റുമാനും അവിടെ ജോലിക്കുണ്ടായിരുന്നു. അത്ര തിരക്കൊന്നുമില്ലാത്ത ശാന്തമായ ഒരന്തരീക്ഷം. അധികവും കര്‍ഷക പെന്‍ഷനുകളും, തപാല്‍ വഴിയുള്ള പ്രസിദ്ധീകരണങ്ങളും പിന്നെ വിരളമായി മാത്രം കാണുന്ന കത്തുകളും. ഇപ്പോള്‍ ആരും കത്തുകളെ ആശ്രയിക്കാറില്ലല്ലോ.കത്ത് വായിക്കുന്ന ഒരു സുഖം അത് അനുഭവിച്ചവര്‍ക്കല്ലേ അറിയൂ.

"മാഷേ !ഒരു കാര്യം ചോയ്ച്ചാ സത്യം പറയോ?"

തപാലാപ്പീസിന്റെ ജനലിനപ്പുറത്ത് നിന്നും കേട്ട ആ ശബ്ദത്തിന് നേരെ അയാള്‍ നോക്കി. ഒരു പ്രായം ചെന്ന സ്ത്രീ,മുഷിഞ്ഞ വേഷം, അലസമായി കാറ്റില്‍ പാറുന്ന നരയാര്‍ന്ന തലമുടി, ഉള്‍ വലിഞ്ഞു കറുപ്പ് വീണു തുടങ്ങിയ കണ്‍ തടങ്ങള്‍, മുഷിഞ്ഞ ഒരു സാരിയില്‍ പൊതിഞ്ഞെടുത്ത ഒരു മനുഷ്യക്കോലം.

"എന്താ മാഷേ തുറിച്ചു നോക്കണത്? മനക്കലെ രാധടീച്ചര്‍ക്ക് എഴുത്തുണ്ടോന്നു ഒന്ന് നോക്ക് മാഷേ! ആ പോസ്ടുമാനോട് ചോയ്ച്ചാ ഇല്യാ ഇല്യാന്ന് മാത്രേ പറയൂ" ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം ആ സ്ത്രീ ഒരു രഹസ്യം പറയുന്ന ഭാവത്തില്‍ ജനലിനോടു ചേര്‍ന്ന് നിന്നുകൊണ്ട്‌ അല്പം ശബ്ദം താഴ്ത്തി തുടര്‍ന്നു
" മാഷ്ക്ക് അറിയോ ആ പോസ്ടുമാനില്ലേ അയാള് കള്ളനാ! എന്റെ മോനയക്കണ സകല കത്തും പൈസയുമൊക്കെ ആ കള്ളന്‍ എടുത്തിട്ടു എന്നോട് കളവു പറയുന്നതാ! അതോണ്ടാ ഞാന്‍ മാഷോട് ചോയ്ക്കണത്! ഒന്ന് നോക്കൂ മാഷേ!"

എന്താണ് പറയേണ്ടതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ അറിയാതെ അയാള്‍ പോസ്റ്റുമാനെ നോക്കി.
"അതൊരു ഭ്രാന്തിയാ മാഷേ! ഇവിടെ എന്നും വരും, മോന്റെ എഴുത്ത് ഉണ്ടോന്നു ചോദിക്കും,ഇല്ല്യാന്നു പറഞ്ഞാല്‍ രൂക്ഷമായൊന്നു നോക്കും,പിന്നേ ഏതാണ്ടൊക്കെ പിറു പിറുത്തോണ്ട് തിരിച്ചു പോകും"
പോസ്റ്റുമാന്‍ ശേഖരന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി. എന്നിട്ടയാള്‍ ടീച്ചര്‍ക്ക് നേരെ തിരിഞ്ഞു വളരെ വാല്‍സല്യത്തോടെ പറഞ്ഞു
" ടീച്ചറെ ഇത് പുതിയ ആളല്ലേ, മോന്റെ കത്ത് നോക്കിയെടുക്കാനൊക്കെ ഇത്തിരി സമയമാകും,ടീച്ചര്‍ ഇന്നുപോക്കോളൂ കത്ത് കിട്ടിയാല്‍ ഞാന്‍ കൊണ്ടത്തരാം"

ടീച്ചര്‍ ശേഖരനെ രൂക്ഷമായൊന്നു നോക്കി. എന്നിട്ട് മാഷിന്റെ നേര്‍ക്ക്‌ തിരിഞ്ഞു," മാഷിനെ എനിക്ക് വിശ്വാസാ, മാഷ്‌ പറഞ്ഞാ ഞാന്‍ പോകാം"

അയാള്‍ വലിയൊരു പ്രതിസന്ധിയില്‍ പെട്ട പോലെ വീണ്ടും ശേഖരനെ നോക്കി.

" സമ്മതിച്ചേക്കു മാഷേ, അതൊന്നും അത്ര കാര്യമാക്കേണ്ട"
ശേഖരന്റെ ഉറപ്പില്‍ അയാള്‍ തലയാട്ടി.ടീച്ചര്‍ സന്തോഷത്തോടെ അവിടെ നിന്നും പോയി.

"ഒരു പഴയ സ്കൂള്‍ ടീച്ചറാ, വിരമിച്ചിട്ടിപ്പോ ഒരു പത്തു കൊല്ലമെങ്കിലും ആയിക്കാണും, ഭര്‍ത്താവുണ്ടായിരുന്നത് നേരത്തെ മരിച്ചു. ആകെയുണ്ടായിരുന്ന മകന്‍ പട്ടാളത്തിലായിരുന്നു. കഴിഞ്ഞ കാര്‍ഗില്‍ യുദ്ധത്തില്‍ അയാളും മരിച്ചു. വല്ലപ്പോഴും മകന്‍ ലീവിന് വരുന്നതും, മുടങ്ങാതെ അയക്കാറുള്ള കത്തുകളുമാണ് ആ ടീച്ചറുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും സാന്ത്വനവുമെല്ലാം!മകന്റെ മരണ വാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആ ടീച്ചര്‍ക്കാവുന്നില്ല. ആ ദുരന്ത വാര്‍ത്ത കേട്ട് ടീച്ചര്‍ ഒരിക്കല്‍ പോലും കരഞ്ഞില്ല.കുറെ നാളത്തേക്ക് ഒന്നും മിണ്ടിയതുമില്ല.പിന്നീട് എപ്പോഴോ ടീച്ചര്‍ രാപകലില്ലാതേ അലഞ്ഞു നടന്നു.കാണുന്നവരോടെല്ലാം മകന്റെ സുഖ വിവരങ്ങള്‍ തിരക്കി ഈ നടത്തം തന്നെ, എവിടെ പോയാലും ടീച്ചര്‍ എന്നും ഇവിടെ വരും, മോന്റെ കത്തുണ്ടോന്നു തിരക്കും!അതിനു ഇപ്പോഴും ഒരു മാറ്റവുമില്ലാതേ തുടരുന്നു"
ശേഖരിലുണ്ടായ ചെറു നിശ്വാസങ്ങള്‍ പോലും മാഷിന്റെ ആകാംഷ വര്‍ധിപ്പിച്ചു.

"അവര്‍ക്ക് ബന്ധുക്കളോ കൂടപ്പിറപ്പുകളോ ആരും ഇല്ലേ?“ അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

"അങ്ങിനെ ആരും ഉള്ളതായി ഇന്നാട്ടുകാര്‍ക്ക് അറിവില്ല, എവിടെങ്കിലുമൊക്കെ പോയി വല്ലതും വാങ്ങിക്കഴിച്ചാല്‍ കഴിച്ചു അല്ലെങ്കില്‍ പട്ടിണി തന്നെ.കൃത്യമായ ചികിത്സയോ മരുന്നുകളോ ഒന്നും ഇല്ല! ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന് വിചാരിക്കണ ജനങ്ങളുള്ള നാടല്ലെ! ഇതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കാ നേരം മാഷേ?
ശേഖരന്‍ ഒരു പാര്‍സല്‍ കെട്ടെടുത്തു മാഷിനു കാട്ടിക്കൊണ്ട് തുടര്‍ന്നു
" ടീച്ചറുടെ മകന്റെ വസ്ത്രങ്ങളും, പിന്നേ അയാളുപോയോഗിച്ചിരുന്ന എന്തൊക്കെയോ സാധനങ്ങളും,എഴുത്ത് അന്വേഷിച്ചു വരുന്ന ടീച്ചര്‍ക്ക് മകന്‍ മരിച്ചെന്നും പറഞ്ഞ്‌ ഇതൊക്കെ ഏല്‍പ്പിക്കാന്‍ കഴിയണില്ല മാഷേ, എന്ത് ചെയ്യാനാ, നാടിനു വേണ്ടി വീര മൃത്യുവരിച്ച ഒരു ജവാന്റെ പാവം അമ്മയുടെ ദുര്‍വ്വിധി"
ശേഖരന്‍ ആ പാര്‍സല്‍കെട്ട് മാഷിനെ ഏല്പിച്ചു. ആ പൊതിക്കെട്ട് അയാള്‍ പതുക്കെ തുറന്നു. തന്റെ കൈകള്‍ വിറയ്ക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു. കെട്ടിനുള്ളില്‍ രക്തക്കറ പൂണ്ട വസ്ത്രങ്ങള്‍,അയാള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, അമ്മയോടോപ്പമുള്ള ഫോട്ടോകള്‍, അയാളുടെ പ്രിയപ്പെട്ട അമ്മ അയച്ച കത്തുകള്‍, ഐഡന്റിറ്റി കാര്‍ഡ് , അതില്‍ നിന്നും മരിച്ചത് ബ്രിഗേടിയര്‍ രാകേഷ് വര്‍മ്മയാണെന്നു അയാള്‍ മനസ്സിലാക്കി.ഐഡന്റിറ്റി കാര്‍ഡിലെ അയാളുടെ ഫോട്ടോ മാഷിന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.അയാള്‍ ആ ചിത്രത്തിലേക്ക് കുറെ നേരം നോക്കിയിരുന്നു.ആ ചിത്രത്തിന് ക്രമേണ തന്റെ രൂപം പ്രാപിക്കുന്നുണ്ടോ എന്നയാള്‍ സംശയിച്ചു.

ശേഖരന്‍ കത്തുകളില്‍ സീലടിക്കുന്ന ശബ്ദമാണ് മാഷിനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.പക്ഷെ പിന്നെയും അയാളുടെ ചിന്തകള്‍ ആ മകനെയും അമ്മയെയും ചുറ്റിപ്പറ്റി പറന്നു കൊണ്ടേയിരുന്നു. തിരിച്ചു വരാത്ത മകന് വേണ്ടി കാത്തിരിക്കുന്ന സ്വബോധമില്ലാത്ത അമ്മ. ആ മാതൃ ഹൃദയത്തെയോര്‍ത്ത്‌ അയാള്‍ക്ക്‌ വല്ലാത്ത സഹതാപം തോന്നി. തന്റെ അനാഥത്വത്തില്‍ അയാള്‍ക്ക്‌ ഏറെ ദുഃഖവും.മനസ്സിന്റെ ഭ്രാന്തമായ ലോകത്തും തന്റെ മകനെ അന്വേഷിച്ച് നടക്കുന്ന ആ അമ്മയുടെ രൂപം മാഷിന്റെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചു.ഓര്‍മ്മയുടെ അങ്ങേ അറ്റത്ത് പോലും തന്റെ അമ്മയുടെ രൂപം കണ്ടിട്ടില്ലാത്ത അയാളുടെ മനസ്സ് വളരെ അസ്വസ്ഥമായിക്കൊണ്ടിരുന്നു. താരാട്ടുകളും കളിക്കോപ്പുകളുമൊന്നുമില്ലാത്ത നിറം മങ്ങിയ ഒരുചിത്രജാലം അയാളിലൂടെ കടന്ന് പോയി. അന്ന് മുഴുവനും അയാളുടെ മനസ്സ് അനാഥത്വം നിറഞ്ഞ ഒരു ബാല്യകാല സ്മരണകളാല്‍ മുഖരിതമായിരുന്നു. ഒരമ്മയുടെ വാത്സല്യം എന്തെന്നറിയാതെ, അമ്മാവന്മാരുടെ ശകാരങ്ങളില്‍ മനസ്സ് തളര്‍ന്ന് കിടക്കുമ്പോള്‍, ഒരമ്മയുടെ തലോടല്‍മാത്രം കൊതിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉറങ്ങിയ രാത്രികള്‍ ഇന്നും അയാളില്‍ നൊമ്പരങ്ങള്‍ തീര്‍ത്തു.
അന്ന് രാവേറെയായിട്ടും ഉറങ്ങാതിരുന്നപ്പോള്‍ ഒരമ്മയുടെ മടിയില്‍ തലവെച്ച് താരാട്ട് കേട്ട് ഉറങ്ങാന്‍ അയാള്‍ വെറുതെ ആഗ്രഹിച്ചു. ഭ്രാന്തിയായ ആ അമ്മയുടെ മുഖമായിരുന്നു തന്റെ അമ്മയ്ക്കും എന്ന് അയാള്‍ വെറുതേ ആശ്വസിച്ചു. രാവിന്റെ അന്ത്യ യാമത്തിലെപ്പോഴോ ഒരു താരാട്ട് കേട്ടന്നോണം അയാള്‍ ഉറക്കത്തിലേക്ക് അലിഞ്ഞ് ചേര്‍ന്നു.

“മാഷേ, എന്റെ രാകേഷ് മോന്റെ കത്ത് ഇന്ന് ഉണ്ടാവും അല്ലെ?നാളെ അവന്റെ അച്ചന്‍ മരിച്ചതിന്റെ വര്‍ഷം തികയണ ദിവസാ, അതെങ്കിലും അവന്‍ മറക്കാതെ ഓര്‍ത്ത് കത്തെഴുതും എന്ന് എനിക്ക് ഉറപ്പാ,ഒന്നു നോക്കൂ മാഷേ”

മാഷ് ആ അമ്മയെ നോക്കി.അവരുടെ മുഖത്തെ ആകാംക്ഷ അയാളെ അല്‍ഭുതപ്പെടുത്തി.ടീച്ചറുടെ കണ്ണുകളിലെ തീഷ്ണത അയാളെ വല്ലാതെ ഭയപ്പെടുത്തി.അയാള്‍ എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതു പോലെ അനുഭവപ്പെട്ടു. അല്‍പ്പ നേരത്തെ ആലോചനയ്ക്കു ശേഷം അയാളൊരു കത്തെടുത്ത് ടീച്ചര്‍ക്ക് നേരെ നീട്ടി,
“ഇതാ അമ്മേ മോന്റെ എഴുത്ത്, ഇന്ന് വന്നതാ” വിറയാര്‍ന്ന കൈകളൊടെ അയാള്‍ ആ കത്ത് ടീച്ചര്‍ക്ക് കൊടുത്തു.
ഒരു കൊച്ചുകുട്ടിയ്ക്കു പുതിയൊരു കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ ടീച്ചര്‍ ആ കത്തുമായി അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടി. അവരുടെ മുഖം ആശ്വാസത്താലും ആഹ്ലാദത്താലും ത്രസിക്കുന്നത് മഷ് നോക്കി നിന്നു. അവര്‍ മാഷിന്റെ നേരെ തിരിഞ്ഞു,
“ഞാന്‍ പറഞ്ഞില്ലെ മാഷേ എന്റെ മോന്‍ എഴുത്ത് അയക്കും എന്ന്, ഇപ്പോ കണ്ടില്ലെ! ഈ നാട്ടില്‍ മൊത്തം അസൂയക്കാരാ,അവര് പറയുവാ എന്റെ രാകേഷ് മോന്‍ മരിച്ചൂന്ന്. മുഴു വട്ടാ അവര്‍ക്ക്.ഇന്നു ഞാന്‍ എല്ലാവരേയും തോല്‍പ്പിക്കും, എന്റെ മോന്റെ കത്ത് അവന്‍ മരിച്ചു എന്ന് പറഞ്ഞവരുടെ മുഖത്തേയ്ക്കെറിഞ്ഞ് കൊടുക്കും” പിന്നേയും അവര്‍ എന്തൊക്കെയോ പറഞ്ഞു. ശെഖരനെ കത്തു കണിച്ച് ഒത്തിരി വഴക്ക് പറഞ്ഞു. അല്‍പ്പ സമയത്തിന് ശേഷം അവര്‍ മാഷിന്റെ അടുത്ത് വന്നു,

“മോനെ, ഞാനിന്നാ വീട്ടിലേക്ക് ചെല്ലട്ടെ. കത്ത് വായിക്കാന്‍ കണ്ണട വീട്ടിലിരിക്യാ, കത്തിലെ വിശേഷങ്ങളൊക്കെ വായിച്ചിട്ട് നാളെ വിവരങ്ങളൊക്കെ പറയാം കെട്ടോ”
ടീച്ചര്‍ ആ കത്തുമായി ദൂരെ മറയുന്നതു വരെ മാഷ് വിഷണ്ണനായി നോക്കി നിന്നു.

“മാഷേ”
ശേഖരന്റെ വിളിയാണ് അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്, ശേഖരന്‍ തുടര്‍ന്നു,
“മാഷ് എന്ത് പണിയാ കാണിച്ചെ? മാഷല്ലേ ആ കത്ത് എഴുതിയത്? വേണ്ടിയിരുന്നില്ല”
ശെഖരന്റെ വാക്കുകള്‍ അയാളുടെ മനസ്സില്‍ ഒരു ചാട്ടുളിപോലെ തറഞ്ഞു. അതെ വേണ്ടിയിരുന്നില്ല എന്ന് അയാള്‍ക്കും തോന്നി.ഒരു ഭ്രാന്തിയായ അമ്മയെ അവഹേളിച്ചു എന്ന ശക്തിയായ ഒരു തോന്നല്‍ അയാളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. എങ്കിലും അയാള്‍ ആ കത്തിനെ ന്യായീകരിക്കാന്‍ മനസ്സില്‍ ഒരു പാട് കാരണങ്ങള്‍ മെനയുകയായിരുന്നു.

“മാഷേ,മാഷറിഞ്ഞോ?”
വാ‍ടക വീടിന്റെ പൂമുഖത്തിരുന്ന് പത്രത്താളുകളിലൂടെ സഞ്ചരിക്കുകയായിരുന്ന അയാളുടെ അടുത്തേക്ക് എന്തോ മഹാത്ഭുതം വെളിവാക്കാനുള്ള പോലെ ശേഖരന്‍ ഓടിക്കിതച്ചെത്തി,
“മാഷേ, ആ ടീച്ചറുടെ ഭ്രാന്ത് മാറീന്ന്!മാഷ് കൊടുത്ത കത്ത് വായിച്ചിട്ട് ആ ടീച്ചര്‍ ഒരുപാട് കരഞ്ഞൂത്രെ,മകന്‍ മരിച്ചിട്ടില്ലാന്നും,തനിക്ക് കിട്ടിയത് മകന്റെ കത്താണ് എന്നും തന്നെയാണ് ടീച്ചറ് വിശ്വസിച്ചേക്കണത്.ഇന്നലെ സന്ധ്യയ്ക്ക് കുളിച്ച് ശുദ്ധമായി അമ്പലത്തില്‍ ചെന്ന് പ്രാര്‍ത്ഥിച്ചത് കണ്ടവരുണ്ടത്രേ,പരിചയക്കാരെയൊക്കെ പേര് വിളിച്ചിട്ടല്ലെ വിശേഷങ്ങള്‍ അന്വേഷിക്കുന്നത്”
ശേഖരന്‍ പറഞ്ഞത് നല്ല വാര്‍ത്തയാണെങ്കിലും, ഇനി എന്ത് എന്നുള്ള ഒരു ചോദ്യം മാഷിനെ അലട്ടി.ശേഖരന്‍ തുടര്‍ന്നു,
“ടീച്ചറുടെ ഈ പെരുമാറ്റത്തില് നട്ടുകാര്‍ക്കൊക്കെ വല്യ സന്തോഷായി. ഇനി മോന്‍ മരിച്ചൂ എന്നെങ്ങാനും പറഞ്ഞാല്‍ അവര്‍ക്കു വീണ്ടും ഭ്രാന്ത് പിടിച്ചെങ്കിലോ എന്ന് കരുതി ആരും അതേ പറ്റിയൊന്നും പറഞ്ഞില്ല എന്നാണറിഞ്ഞത്.അവര് മാഷേ കാണാന്‍ നമ്മുടെ ആപ്പീസില് വരുന്നുണ്ടെന്ന് ആരോടൊക്കെയോ പറഞ്ഞൂത്രേ,ആ വിവരോം മാഷിനെ അറിയിക്കാനാ ഞാന്‍ കാലത്ത് തന്നെ ഇങ്ങ് പോന്നത്.”
ശെഖരന്‍ ഒന്ന് നിര്‍ത്തി, ഒരു ദീര്‍ഘനിശ്വാസത്തോടെ വീണ്ടും ചോദിച്ചു,
“ അല്ല മാഷേ, ഇനിയിപ്പോ എന്താ ചെയ്യുകാ? ആ കത്ത് മാഷ് എഴുതീതാന്ന് അറിഞ്ഞാല്‍?”
ശേഖരന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ മൌനമായി നിന്നു, എങ്കിലും അയാളുടെ മുഖത്തെ ഉത്കണ്ട മറച്ച് വെച്ച് അയാള്‍ ഓഫീസില്‍ വെച്ച് കാണാം എന്നും പറഞ്ഞ് ശേഖരനെ പറഞ്ഞ് വിട്ടു.

മനസ്സില്‍ ടീച്ചറുടെ ഭ്രാന്ത് മാറിയതിന്റെ സന്തോഷമാണോ അതോ ഒരു തെറ്റ് ചെയ്തതിന്റെ പശ്ചാതാപമാണോ എന്നറിയാതെ അയാള്‍ വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലായി.എങ്കിലും ആ അമ്മയെ ഒന്നു കാണാന്‍ അയാളുടെ മനസ്സ് വെമ്പല്‍കൊള്ളുന്നതായി അയാള്‍ക്ക് തോന്നി. അന്ന് ഓഫീസിലേക്ക് നടക്കുംതോറും ദൂരം ഏറി വരുന്നതു പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു.

“മോനെ”
ജനലിന്റെ പിന്നില്‍ നിന്നും ഒഴുകി വന്ന ആ സ്വരം അയാളുടെ മനസ്സില്‍ കുളിര്‍ കോരിയിട്ടു. മുണ്ടും നേര്യതും ചുറ്റി, ഈറന്‍ പിന്നിക്കെട്ടിയ മുടിയിഴയില്‍ തുളസിക്കതിരും ചൂടി, കയ്യില്‍ ഒരു പൊതിക്കെട്ടുമായി നിന്ന ടീച്ചറെ കണ്ടപ്പോള്‍ അയാള്‍ ആശ്ചര്യം കൂറി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കണ്ടാലറപ്പ് തോന്നിയിരുന്ന ആ ഭ്രാന്തിയുടെ സ്ഥാനത്ത് ഐശ്വര്യം തൂളുമ്പി നില്‍ക്കുന്ന ഒരമ്മ. ഒരു നിമിഷം ഇത് തന്റെ അമ്മയായിരുന്നെങ്കില്‍ എന്ന് അയാള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.

“എന്താ മാഷേ ആലോചിക്കണേ? എനിക്കിപ്പോ ഭ്രാന്തൊന്നും ഇല്ല്യാന്നെ. മോന്റെ കത്ത് വരാതായപ്പോള്‍ മനസ്സിനൊരു ചെറിയ അസുഖം വന്നു, അതൊക്കെ മോന്റെ കത്ത് വന്നതോട് കൂടി മാറി, മാഷല്ലെ ഇന്നലെ എനിക്ക് മോന്റെ കത്ത് തന്നത്?
അയാള്‍ ചെറുതായൊന്ന് തലയാട്ടി.
“സന്തോഷായി മോനെ, അവനൊരു കത്തയക്കാന്‍ തോന്നിയല്ലോ. മാഷിനറിയോ അടുത്ത മാസം അവന്റെ പിറന്നാളാ, എല്ലാ പിറന്നാളിനും അമ്മേടെ കയ്യോണ്ട് ഒരുരുള ചോറെങ്കിലും തിന്നണം എന്ന നിര്‍ബന്ധള്ള കുട്യാ, ഇപ്പോ കത്തയക്കാന്‍ വരെ മടിയായിരിക്കണൂ.കുട്യോളൊക്കെ വലുതായാ പിന്നെ വയസായ അമ്മമാരെയൊക്കെയുണ്ടോ കണ്ണില്‍ പിടിക്കുന്നു. അവര്‍ക്ക് അവരുടെ ലോകം.എല്ലാ കുട്യൊളുടെം സ്ഥിതി ഇതൊക്കെത്തന്യാ പിന്നെ അവനെ മാത്രം പറഞ്ഞിട്ട് എന്താ കാര്യം?”
ടീച്ചര്‍ കയ്യിലുള്ള പൊതിക്കെട്ട് മാഷിന് നീട്ടിക്കൊണ്ട് ചോദിച്ചു,
“മാഷേ, ഒരു ഉപകാരം ചെയ്യാമൊ?“
അയാള്‍ ആ പൊതി വാങ്ങി ടീച്ചറെ നോക്കി.
“ഇതില് മോന് ഇഷ്ടപ്പെട്ട ശര്‍ക്കരുപ്പേരീം, കായ വറുത്തതും, പിന്നെ ഇത്തിരി ചമ്മന്തിപ്പൊടിയും ഉണ്ട്,ഇതൊന്ന് പാര്‍സലായി എന്റെ മോന് എത്തിച്ചുകൊടുക്കാന്‍ ഏര്‍പ്പാടാക്കണം.മുമ്പ് കൊടുത്ത് വിട്ടതൊക്കെ ഇപ്പോ തീര്‍ന്നു കാണും, ചമ്മന്തിപ്പൊടി ഞാന്‍ രാത്രി ഇരുന്ന് ഉണ്ടാക്കീതാ. പിന്നെ ഒരു ഇന്‍ലെന്റില്‍ ഒരു കത്തും എഴുതി ഇതിന്റെ കൂടെ വെക്കണം, വീട്ടില് നോക്കീട്ട് എഴുതണ ഒരു പേനയും കണ്ടില്ല.ഞാന്‍ എഴുതണ പോലെ മാഷ് തന്നെ എഴുതിയാല്‍ മതി.എഴുതിക്കൂടെ മോനേ?”
ആ അമ്മയുടെ സന്തോഷവും, ഉ‍ത്സാഹവും പരാതികളും പിണക്കങ്ങളുമൊക്കെ ഒരുകൊച്ചു കുട്ടിയെ പോലെ നോക്കിയിരിക്കുകയായിരുന്ന അയാള്‍ പക്ഷേ ടീച്ചറുടെ ചോദ്യം കേട്ടില്ല.
“എന്താ മാഷേ ഇപ്പോഴും പേടി മാറിയില്ലെ?”

“അതല്ല ഞാന്‍ അമ്മയെ നോക്കിയിരുന്ന് എന്തൊക്കെയോ ആലോചിച്ച് പോയതാ. എന്താ എഴുത്തില്‍ പ്രത്യേകമായി എഴുതേണ്ടത്?”

“മാഷ് എന്താ വിളിച്ചേ, അമ്മേന്നോ? സന്തോഷായി മോനേ, എത്ര നാളായി ആ ഒരു വിളി കേട്ടിട്ട്”
ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു,അവര്‍ മാഷിന്റെ അടുത്തേക്ക് നീങ്ങി നിന്നു,
“മോനെ, അവനോട് ഒന്ന് ഇത്രേടം വരാന്‍ പറഞ്ഞ് എഴുതൂ, അമ്മയ്ക്ക് തീരെ സുഖല്ല്യാണ്ടായിരിക്കണൂ ന്ന് പറയൂ.ഇന്നലെ തന്നെ വല്ലാത്തൊരു നെഞ്ച് വേദനയുണ്ടായി.തലകറങ്ങി വീണപ്പോ ആരാ നോക്കാന്‍? കുറേ കഴിഞ്ഞ് ബോധം വന്നപ്പോള്‍ അടുക്കളെല് കിടക്ക്വാ.വേദന ഇപ്പോഴും ഉണ്ട്. ഇത് മാഷിനെ ഏല്‍പ്പിച്ചിട്ട് വേണം ആശുപത്രീലൊന്നു പോകാന്‍. അമ്മയ്ക്ക് സുഖല്ല്യാന്നൊന്നും എഴുതണ്ട,വെറുതെ അവന്‍ വിഷമിക്കും, അവനോട് ലീവെടുത്ത് എത്രേം വേഗം വരാന്‍ എഴുതിയാ മതി മാഷേ”
അയാള്‍ എല്ലാം സമ്മതിച്ച് തലയാട്ടി.അവര്‍ നീട്ടിയ പണം സ്നേഹപൂര്‍വ്വം നിരസിച്ചെങ്കിലും കുറെ മുഷിഞ്ഞ നോട്ടുകള്‍ ടീച്ചര്‍ അയാളെ ഏല്‍പ്പിച്ചു.
“എന്നാ ഞാന്‍ നടക്കട്ടെ മാഷേ, വേദന വല്ലാണ്ട് കൂടണ്ണ്ട്, അല്ല മാഷേ ശേഖരനെ കണ്ടില്ലല്ലോ? ശേഖരാ..നീ ഉണ്ടോ ഇവിടെ”
ഒരു ഭീരുവിനെപ്പോലെ ഒളിച്ചു നിന്ന ശേഖരന്‍ പതുക്കെ പുറത്തേക്ക് വന്നു.
“കുട്യോള് പറഞ്ഞു ഞാന്‍ ശേഖരനെ ഒത്തിരി വഴക്ക് പറയാറുണ്ടെന്ന്, ഒന്നും നീ മനസ്സില് വെക്കണ്ടാ ട്ട്വോ. സുഖല്യാത്തോണ്ടാന്ന് അറിയാലോ നിനക്ക്. അങ്ങിനേം കുറെ കാലം, ഞാന്‍ നടക്കട്ടെ മാഷേ”
ടീച്ചര്‍ അകലേക്ക് നടന്ന് മായും വരെ അയാളും ശേഖരനും ടീച്ചറെ തന്നെ നോക്കി നിന്നു.
"ഇത് ആകെ കുഴഞ്ഞു മറിയുകയാണല്ലോ മാഷേ.ഇനി മകന്‍ മരിച്ചു എന്ന് ശരിക്കും അറിയുമ്പോള്‍ ആ ടീച്ചര്‍ പിന്നേം താളം തെറ്റുമോ?"
ശേഖരന്റെ ചോദ്യം അയാളില്‍ ചെറിയിരു നടുക്കമുണ്ടാക്കി,താന്‍ ചെയ്തത് വലിയൊരു പാപമാണെന്ന് അയാള്‍ക്ക് തോന്നി.ഒരിക്കലും ഒരു ഭ്രാന്തിയോട് ചെയ്യരുതാത്തത് തന്നെയാണ് അയാള്‍ ചെയ്തതെന്ന് മനസ്സില്‍ ഉറപ്പിച്ചു. ദുഃഖങ്ങളും ഓര്‍മ്മകളും വേദനകളുമൊന്നുമില്ലാത്ത മറവിയുടെ ഒരു ഭ്രാന്തന്‍ ലോകത്ത് നിന്നും അവരെ നിത്യദുഃഖത്തിലേക്ക് തള്ളിയിടാന്‍ പോന്ന അല്ലെങ്കില്‍ വീണ്ടും ഓര്‍മ്മകള്‍ മരിച്ച ആ ലോകത്തിലേക്ക് തള്ളിവിടാവുന്ന ഒരു കര്‍മ്മത്തിന് നിമിത്തമാകേണ്ടി വന്നതില്‍ അയാള്‍ക്ക് ഖേദമുണ്ടായി. തന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി ഒരമ്മയുടെ സ്നേഹവും സാമീപ്യവും ആഗ്രഹിച്ച് മരിച്ചു പോയ മകന്റെ പേരില്‍ കള്ളം പറഞ്ഞ് അവരെ ജീവിതത്തിലേക്കു കൈപിടിച്ച് നടത്തിയിട്ട് ഒടുവില്‍ സത്യം അവര്‍ അറിയുമ്പോള്‍ അവരുടെ ശാപത്തിന്റെ ഒരു കണികയെങ്കിലും തനിക്ക് താങ്ങാനാവുമോയെന്ന ചിന്ത അയാളെ വേട്ടയാടി.അയാളുടെ മനസ്സിന്റെ ശാന്തത അയാളില്‍ നിന്നും അകന്നു കൊണ്ടിരുന്നു. ഒടുവില്‍ അയാള്‍ തന്റെ തെറ്റ് തിരുത്താന്‍ തീരുമാനിച്ചു. ആ അമ്മയോട് എല്ലാ സംഭവങ്ങളും തുറന്ന് പറഞ്ഞ്, അവര്‍ക്ക് മകനും തനിക്ക് അമ്മയും നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ട് പോകണം.ഇനിയുള്ള കാലം അവരെ അമ്മേ എന്ന് വിളിച്ച് ഒരു മകന്റെ സ്നേഹവും ലാളനയും നല്‍കണം,അവരെ ചികിത്സിക്കണം തുടങ്ങി അയാളുടെ ചിന്തകള്‍ കാട് കയറി.വറ്റിവരണ്ട തൊണ്ട നനയ്ക്കാനായി ഒരിറ്റ് ജലത്തിനായി അയാള്‍ കസേരയില്‍ നിന്നും എഴുനേറ്റ് മണ്‍കൂജയുടെ അരികിലേക്ക് നടന്നു.

“മാഷേ”
ഉച്ചത്തിലുള്ള ആ വിളികേട്ട് അയാ‍ള്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി, വന്നയാള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
“മാഷേ ആ ഭ്രാന്ത് മാറിയ ടീച്ചറില്ലെ, അവര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു മാഷേ!”
അയാളുടെ മനസ്സില്‍ പെട്ടെന്നൊരു കൊള്ളിയാന്‍ മിന്നി.വെള്ളമെടുത്ത ഗ്ലാസ്സ് തറയില്‍ വീണ് ചിന്നിച്ചിതറി.കണ്ണുകളില്‍ ഇരുട്ട് കയറുന്നതു പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു.തന്റെ കസേരയിലേക്ക് തിരിച്ചെത്താന്‍ അയാള്‍ വല്ലാതെ ബുദ്ധിമുട്ടി.കണ്ണുകളില്‍ നടുക്കം വിട്ടുമാറാത്ത ഒരു കുഞ്ഞിനെപ്പോലെ അയാള്‍ ഭയത്തോടെ ചുറ്റും നോക്കി. ഒരു ഇന്‍ലന്റ് എടുത്ത് അതില്‍ എന്തൊക്കെയോ കോറി വരച്ച ശേഷം അയാള്‍ ടീച്ചര്‍ മകന് അയക്കാന്‍ ഏല്‍പ്പിച്ച ആ പൊതിക്കെട്ട് കയ്യിലെടുത്ത് ഒരു കൊച്ചു കുട്ടിയെ മാറോട് ചേര്‍ത്ത വെച്ച പോലെ അണച്ചു പിടിച്ചു.അയാള്‍ മെല്ലെ ഓഫീസില്‍നിന്നും പുറത്തിറങ്ങാന്‍ നേരം ശേഖരന്‍ ചോദിച്ചു,
“മാഷേ, മാഷെങ്ങോട്ടാ ഈ പൊതിയുമായിട്ട്?”
“ഇത് രാകേഷിനെ ഏല്‍പ്പിക്കണം,പാര്‍സലയച്ചാലൊന്നും കിട്ടില്ല, ഞാന്‍ തന്നെ നേരിട്ട് കൊണ്ടോയി കൊടുക്കാം, ഞാന്‍ കൊടുത്തോളാം”
പിന്നീട് ശേഖരന്‍ പറഞ്ഞതൊന്നും അയാള്‍ കേട്ടില്ല,കാണുന്നവരോടൊക്കെ അയാള്‍ രാകേഷിനെ തേടിപ്പോകുകയാണെന്ന് പറഞ്ഞു.അയാള്‍ നടന്നകലും തോറും തപാലാപ്പീസിലെ സീലടിക്കുന്ന ശബ്ദവും മറ്റും അയാളുടെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞ് തുടങ്ങിയിരുന്നു.

Saturday, September 5, 2009

നന്മയുടെ തിരുവോണം

വിറയ്ക്കുന്ന കൈകളോടെയാണ് പത്മാവതിയമ്മ ഫോണിന്റെ റിസീവര്‍ എടുത്ത് ചെവിയോട് ചേര്‍‍ത്ത് വെച്ചത്. അങ്ങേ തലക്കല്‍ മകന്‍ ഗോപനായിരുന്നു.
“അമ്മേ ഞാന്‍ ഗോപുവാ, അമ്മയ്ക്ക് സുഖാണല്ല്ലൊ അല്ലെ?”

“അതെ മോനെ, നിങ്ങള്‍ക്കൊ?

“സുഖം തന്നെയമ്മെ.അമ്മേടെ കാലിന്റെ വേദന ഇപ്പോള്‍ കുറവുണ്ടോ”

“അതൊക്കെ കുറഞ്ഞോളും, ഈ ഓണത്തിനെങ്കിലും നിനക്ക് മക്കളെയും കൂട്ടി നാട്ടിലേക്കൊന്നു വന്ന് കൂടെ? നലഞ്ച് കൊല്ലായില്ലേടാ നിന്നേം മക്കളെയുമൊക്കെ ഒന്നു കണ്ട്ടിട്ട്. ഇപ്രാവശ്യമെങ്കിലും നീ എങ്ങിനെയെങ്കിലൂം ഒഴിവുണ്ടാക്കി വാ”

“വരാന്‍ ശ്രമിക്കാം അമ്മെ, ഇവിടെ നിന്നും ഒരു നിമിഷ നേരം മാറി നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയാണ്. അതൊന്നും അമ്മയ്ക്കു പറഞ്ഞാല്‍ മനസ്സിലാവില്ല”

“ഇല്ല മോനെ, ഈയിടെയായി അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല.നിന്റെ മക്കള്‍ സുഖായി ഇരിക്കുന്നോടാ?

“അവര്‍ക്കു അസുഖമൊന്നും ഇല്ലമ്മേ”

“നിന്റെ മക്കളെ ഒരു നോക്ക് കാണാനെങ്കിലും ഈ ഓണത്തിന് നിനക്കൊന്നു വന്നു കൂടെ മോനെ? ഇനിയും ഒരു ഓണത്തിന് ഈ അമ്മ..”

“ഓ അമ്മ തുടങ്ങീ സെന്റിയടിക്കാന്‍, അമ്മേ, അമ്മ ഈ അടുത്ത കാലത്തൊന്നും തട്ടിപ്പോകില്ല. എന്തായാലും ഞാനൊന്ന് നോക്കട്ടെ, ഇപ്രാവശ്യം അമ്മയെ കാണാന്‍ തിരുവോണത്തിന്റെ അന്നെങ്കിലും ഞങ്ങള്‍ അവിടെ എത്താന്‍ ശ്രമിക്കാം, എന്താ അതു പോരെ?”

“നീയിതു പറയാന്‍ തുടങ്ങീട്ട് ഒന്ന് രണ്ട് കൊല്ലമായി, ഒരോ ദിവസം ചെല്ലുംതോറും അമ്മയ്ക്കു പ്രായമേറി വരുകയാണെന്ന കാര്യം മറക്കേണ്ട.”

“എപ്പോഴും പറയുന്ന പോലെയല്ല അമ്മേ, ഇപ്രാവശ്യം ഞങ്ങള്‍ അവിടെ ഉണ്ട് തീര്‍ച്ച.തിരിച്ച് പോരുമ്പോള്‍ അമ്മയും എന്റെ കൂടെ ഇങ്ങോട്ട് വന്നേക്കണം.ഇവിടെയാകുമ്പോള്‍ അമ്മ ഒറ്റയ്ക്കാണ് എന്ന ഒരു തോന്നല്‍ ഉണ്ടാവില്ല”

“അതൊക്കെ നീ ഇവിടെ വന്നിട്ട് തീരുമാക്കാം, എന്റെപൊന്നു മോന്‍ ഇങ്ങ് വന്നാല്‍ മതി”

“ശരിയമ്മേ!അപ്പൊ ഇനിയെല്ലാം നേരില്‍ സാംസാരിക്കാം, ഞാന്‍ ഫോണ്‍ വെക്കുന്നേ..”

“ശരി മോനെ, അമ്മയ്ക്ക് സന്തോഷമായി”
പത്മാവതിയമ്മ റിസീവര്‍ ക്രാടിലില്‍ വെച്ചു.സന്തോഷത്താല്‍ ആ മനസ്സ് ആഹ്ലാദിച്ചു.നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ മകനെയും പേരക്കുട്ടികളേയും കാണാനുല്ല സന്തോഷത്താല്‍ ആ മാത്രു ഹൃദയം ആനന്ദ സാഗരത്തില്‍ അലയടിച്ചു.

“ഈശ്വരാ, ഇനി അഞ്ച് ദിവസം കൂടി കാത്തിരിക്കണമല്ലൊ,എന്തായാലും ഈ ഓണം മകന്റേയും പേരക്കുട്ടിക്കളുടെയും കൂടെ ആഘോഷിക്കാമല്ലൊ.ദൈവമേ എത്ര നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമാ.എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നല്ലോ ദൈവമേ...”
കാ‍ലിലെ അസഹ്യമായ വേദന മറന്ന് പത്മാവതിയമ്മ വീടെല്ലാം അടുക്കിപ്പെറുക്കി വെക്കാന്‍ തുടങ്ങി.തന്റെ മകന് എത്രയും പ്രിയപ്പെട്ട ശര്‍ക്കര ഉപ്പേരിയും,ചക്കപ്പുഴുക്കും ഉണ്ടാക്കാനായി തൊടിയില്‍ നിന്നും നല്ലൊരു കായക്കുലയും,വരിക്കപ്ലാവിന്റെ ഒരു ചക്കയും ഇടാന്‍ കൊച്ചുട്ടനെന്ന പണിക്കാരനെ ഏല്‍പ്പിച്ചു. പിറ്റെ ദിവസം തന്നെ കൊച്ചുട്ടന്‍ കായക്കൂലയും നല്ല മൂ‍ത്തൊരു ചക്കയും കൊണ്ട് വന്ന് വീടിന്റെ പിന്നിലെ കോലായില്‍ വെച്ച് കൊണ്ട് പത്മാവതിയമ്മയെ വിളിച്ചു,
“കൊച്ചുട്ടാ വരിക്കപ്ലാവില് ഒരു ചക്കകൂടിയില്ലെ? അത് മക്കളിങ്ങ് വന്നിട്ട് ഇട്ടു പഴുപ്പിക്കാ‍ന്‍ വെക്കാം,ഇതെന്താ കൊച്ചൂട്ടാ ഇത്തിരി കൂടി മൂപ്പുള്ള കായ വെട്ടിയെടുക്കായിരുന്നില്ലെ?

“ കായയൊക്കെ കൊടുത്തതല്ലേ, ആ മാപ്ല കാണിച്ച് തന്ന ഒരു കുല നോക്കി വെട്ടി എന്നേയുള്ളൂ,പിന്നെ ഇനി ഒരു ചക്ക കൂടിയുള്ളത് രണ്ടീസം കൂടി കഴിഞ്ഞാല്‍ ഇട്ടേക്കാം, ഇതൊന്നു വെട്ടി വെച്ചാല് നാളേക്ക് പഴുത്ത് കിട്ടും, പിന്നെ”

“ഇവിടത്തെ ആവശ്യം കഴിഞ്ഞുള്ളത് അയാള് വെട്ടിയെടുത്താല്‍ മതി എന്ന് ആ മാപ്ലോട് പറയായിരുന്നില്ലെ?അതോണ്ട് വരണാ നഷ്ടം ഞാന്‍ സഹിച്ചോളാം”

“അല്ല പത്മാവതിയമ്മെ ഇതൊക്കെ കൊണ്ട് ഒറ്റയ്ക്ക് എന്തു ചെയ്യാന്‍ പോകുവാ? ഒരു സഹായത്തിന് ഞാന്‍ നാരായണിയെ ഇങ്ങോട്ട് പറഞ്ഞ് വിടട്ടെ?

“വേണ്ടടാ കൊച്ചുട്ടാ, എന്റെ മക്കള്‍ക്ക് ഞാന്‍ തന്നെ ഉണ്ടാക്കാടാ,അതൊക്കെ അത്ര വല്യ പണിയാണോടാ? മകനും ഭാര്യയും പേരക്കുട്ടികളുമൊക്കെ വരുന്നൂ‍ എന്നു കേട്ടപ്പോള്‍ തന്നെ മനസ്സിനു വല്ലാത്തൊരു സന്തോഷം.എത്ര കാലം കൂടീട്ട് വരുകയാന്നറിയൊ? അവന്‍ അമേരിക്കയില്‍ പോയേ പിന്നെ ആദ്യായിട്ട് വരുകയല്ലെ.എപ്പോഴും ഒരോരൊ തിരക്ക് പറഞ്ഞ് വരാന്‍ പറ്റാറില്ല.എന്തായാലും ഇപ്രാവശ്യം എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു“

"സഹായത്തിന് ഉണ്ടായിരുന്ന നാണിത്തള്ള ഇനി നാലോണോം കഴിഞ്ഞല്ലേ വരൂ. തിരുവോണത്തിന് സദ്യ ഒരുക്കാനെങ്കിലും സഹായത്തിന് ഒരാള്‍ നല്ലതല്ലേ.ഞാന്‍ വേണേല്‍ നാണിത്തള്ളയോടു ഉത്രാടതിന്റന്നു ഇത്രേടം വരാം പറയാം."

"വേണ്ടടാ കൊചൂട്ടാ, അതിന്റെ പെണ്‍ മക്കളും പെരക്കുട്യോളുമൊക്കെ തിരുവോണായിട്ടു വരുമ്പോ...വേണ്ടടാ അതിനു സങ്കടാവും, അല്ലെങ്കിലും ചിങ്ങം പിറക്കുമ്പോഴേക്കും തുടങ്ങീതാ ഓണത്തിന് വീട്ടില്‍ പോകാനുള്ള സമ്മതം വാങ്ങല്. ഒന്നൂല്യങ്കിലും മക്കളേം പേരക്കുട്ടികളേം ഒക്കെ കണ്ടു സന്തോഷായിട്ട് ഇരിക്യാലോ. നീ ഉത്രാടത്തിന്റെ അന്ന് വന്നു എനിക്ക് സദ്യക്കുള്ള സാധനങ്ങളൊക്കെ ഒന്ന് വാങ്ങി തന്നാല്‍ മതി"

"ഓ അങ്ങിനെയാവട്ടെ,എന്നാല്‍ ഞാനങ്ങട്ട്..."

"ഡാ കൊച്ചൂട്ടാ നീയാ മാപ്ലേനെ കണ്ടിട്ട് നിനക്കും നിന്റെ നാരായണിക്കും ഓണക്കോടിക്കുള്ള ഒരു വഹയങ്ങട് വാങ്ങിച്ചോളൂ, ഞാന്‍ പറഞ്ഞൂ ന്നു പറഞ്ഞോളൂട്ടോ.

കൊച്ചൂട്ടന്‍ വളരെ സന്തോഷത്തോടെ പടിപ്പുരയും കടന്ന് പോയി.

"പാവം കൊച്ചൂട്ടന്‍, മക്കളുണ്ടാവാത്തത് അവന്റെ കുഴപ്പാന്നാ നാരായണിയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്റെ ഓരോ തമാശകള്‍, മക്കളുള്ളവര്‍ക്ക് അതിന്റെ വിഷമങ്ങള് ഇല്ലാത്തവര്‍ക്ക് അതിലും വലിയ വിഷമങ്ങള്.ഈശ്വരാ എന്റെ മക്കളെ കാത്തോളണേ.....
ശ്ശെടാ...ഒരൂട്ടം മറന്നല്ലോ? തിരുവോണത്തിന്റെ അന്ന് വലിയൊരു പൂക്കളോം അതിന്റെ നടുക്ക് തൃക്കാക്കരപ്പനെയും ഒരുക്കണം എന്ന് കരുതീതാ, സാരല്യ കൊച്ചൂട്ടന്‍ ഇനി വരുമ്പോള്‍ മറക്കാതെ പറഞ്ഞേല്‍പ്പിക്കാം, എന്റെ മാവേലിത്തമ്പുരാനെ...അടിയനെന്താ ഇത്ര മറവി?"
പത്മാവതിയമ്മ ഒരു കൊച്ചുകുട്ടിയെപ്പോലെ പരിതപിച്ചു. കാലിലെ വേദനയും മറ്റു പ്രായാധിക്യം കൊണ്ടുള്ള എല്ലാ പ്രയാസങ്ങളും മറന്ന് അവര്‍ എല്ലാ പണികളും ഒറ്റയ്ക്ക് തന്നെ ചെയ്തുതീര്‍ത്തു.

ഉത്രാടത്തിന്റെയന്നു വൈകീട്ടോടെ മകനും കുടുംബവും എത്തുമെന്ന് പത്മാവതിയമ്മ വിശ്വസിച്ചിരുന്നെങ്കിലും അവര്‍ക്ക് നിരാശയായിരുന്നു ഫലം. എങ്കിലും പിറ്റേ ദിവസം അവര്‍ എത്തുമെന്ന് ആ അമ്മ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.
പിറ്റേ ദിവസം വളരെ നേരത്തെ തന്നെ പത്മാവതിയമ്മ ഉണര്‍ന്നു.വളരെ വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ അവര്‍ ഒരുക്കി.മുറ്റത്ത്‌ വട്ടത്തില്‍ നല്ലൊരു പൂക്കളവും അതിന്റെ നടുക്ക്‌ തൃക്കാക്കരപ്പനെയും വെച്ച് ഒരു നിലവിളക്കും കത്തിച്ച് വെച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനു ഉടുക്കാതെ മാറ്റിവെച്ച ഒരു ഓണക്കോടിയും ഉടുത്ത്‌ പത്മാവതിയമ്മ ഉമ്മറത്ത്‌ മകനെയും കുടുംബത്തെയും കാത്തിരുന്നു.
നേരം ഒന്‍പതു മണിയോടടുത്തു‌. പടിപ്പുരയിലേക്ക്‌ കണ്ണും നട്ടിരുന്ന പത്മാവതിയമ്മയ്ക്ക് കുറേശ്ശെ നിരാശ പടരാന്‍ തുടങ്ങി.ഉള്ളില്‍ ദുഃഖം ഒരു കാര്‍മേഘം കണക്കേ ഉരുണ്ട് കൂടാന്‍ തുടങ്ങി.ഈ ഓണത്തിനും മകന്‍ പറഞ്ഞു പറ്റിക്കുമോ എന്ന് അവര്‍ ശങ്കിച്ചു പോയി.ദുഃഖം മറക്കാനെന്നോണം അവര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ പടിപ്പുരയില്‍ ഒരു ആളനക്കം പോലെ അവര്‍ക്ക് തോന്നി. അവര്‍ കണ്ണട ശരിയാക്കി വെച്ച് ഒന്ന് കൂടി സൂക്ഷിച്ച് നോക്കി.അവര്‍ കസേരയില്‍ നിന്നും എഴുനേറ്റു..
"എന്റെ പോന്നു മോനല്ലേ അത്?"

പത്മാവതിയംമയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് ഈറനണിഞ്ഞു.ആ ആള്‍ രൂപം പത്മാവതിയമ്മയുടെ അടുത്തേയ്ക്ക് മന്ദം മന്ദം വന്നു.
"മോനെ ഗോപൂ.. നീ എത്തിയല്ലോടാ സന്തോഷമായിമോനെ" അവര്‍ മകനെ കെട്ടിപ്പുണര്‍ന്നു കവിളില്‍ ഉമ്മകള്‍ നല്‍കി.എന്നിട്ട് പടിപ്പുരയിലേക്ക്‌ തന്നെ നോക്കിയിട്ട്,
"എവിടെ മോനെ? മക്കളെവിടെ? എന്നെ പറ്റിക്കാന്‍ ഒളിച്ച് നില്‍ക്ക്വാ? ഇങ്ങു വാ മക്കളെ..." അവര്‍ നീട്ടി വിളിച്ചു,

"ഇല്ലമ്മേ, അവര്‍ വന്നില്ല.പോരാന്‍ നേരത്ത് ശാലിനിക്ക് ഓഫീസില്‍ നിന്നും പുതിയൊരു അസ്സൈന്മെന്റ് കൊടുത്തു. അവളില്ല എന്ന് പറഞ്ഞപ്പോള്‍ മക്കളും പോന്നില്ല.പിന്നെ അവിടെന്ന് എല്ലാരും കൂടി പോരണ്ടാന്നു ശാലിനിയ്ക്കും ഒരേ നിര്‍ബന്ധം.കുട്ടികളുടെ സ്കൂളൊക്കെ പ്രശ്നമാ അമ്മെ"

"എന്നാലും അവരെ കൂടി കൊണ്ടു വരായിരുന്നു. മക്കളൊക്കെ ഇപ്പൊ വല്യ കുട്ടികളായോടാ?"

"എല്ലാം വിശദമായി പറയാം അമ്മെ, അമ്മ വരൂ, അമ്മയ്ക്കു ഞാന്‍ സദ്യ വിളമ്പിത്തരാം, എന്നിട്ട് അമ്മയുടെ കൂടെയിരുന്ന് ഓണസദ്യയും കഴിച്ചേ ഞാന്‍ പോകുന്നുള്ളൂ"

"ഇന്ന് തന്നെ പൂവ്വേ? നിനക്ക് ഒരീസെങ്കിലും ഈ അമ്മയുടെ കൂടെയൊന്നു താമാസിച്ചൂടെടാ മോനെ?"

"അമ്മെ അടുത്ത പ്രാവശ്യമാകട്ടെ,അമ്മയുടെ വിഭവ സമ്രുദ്ധമായ സദ്യ കഴിച്ചിട്ടു വേണം എനിക്കു വേറെ ഒത്തിരി പേരെ കാണാന്‍ പോകാനുള്ളതാ,അവരൊക്കെ എന്നെ കാത്തിരിക്കുകയാകും.ഞാന്‍ വന്നില്ലെങ്കില്‍ അമ്മയ്ക്ക് വിഷമമാകുന്നതു പോലെ അവര്‍ക്കും വിഷമമാവില്ലെ അമ്മെ?“

"നിന്റെ തിരക്കിട്ട പരിപാടികള്‍ ഞാനായിട്ട് തടസ്സപ്പെടുത്തുന്നില്ല,നീ വാ, നിനക്കിഷ്ടപ്പെട്ട ശര്‍ക്കര ഉപ്പേരീം ചക്കപ്പുഴുക്കും അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ട് മോനെ"

“അപ്പോ അമ്മ ഉണ്ടാക്കിയ പാല്‍പ്പായസം എനിക്ക് ഇഷ്ടല്യാന്നാ കരുതിയെ?”

“ഹമ്പടാ കള്ളാ, അപ്പൊ നിനക്കറിയാം ഞാന്‍ പാല്‍പ്പായസം ഉണ്ടാക്കി വെക്കും എന്ന് അല്ലെ?കൊതിയന്‍!
അവര്‍ ഒന്നിച്ചിരുന്നു വഭവ സമൃദ്ധമായ ആ സദ്യ കഴിച്ചു.ഗോപു അമ്മയ്ക്കും അമ്മ ഗോപുവിനും ചോറുരുളകള്‍ വാരിക്കൊടുത്തു.സന്തോഷത്താല്‍ അവരുടെ കണ്ണൂകള്‍ ഈറനണിഞ്ഞു. മകന്റെ ഈ സാമീപ്യത്തിന് കൊതിച്ച ആ അമ്മയുടെ നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് മധുരമുള്ള ഒരു പര്യവസാനം ഉണ്ടായതില്‍ പത്മാവതിയമ്മ വളരെ സന്തോഷവതിയായിരുന്നു.മകന്റെ ഭാര്യയേയും മക്കളെയും കാണാത്തതിലുള്ള സങ്കടം അവരെ നൊമ്പരപ്പെടുത്തിയെങ്കിലും മകന്റെ ഈ സാമീപ്യം തന്നെ അവരെ ആനന്ദ നിര്‍വൃതിയിലാഴ്ത്തിയിരുന്നു.

മകന്‍ യാത്ര പറഞ്ഞിറങ്ങുന്നത് നിറ കണ്ണുകളോടെ പത്മാവതിയമ്മ നോക്കി നിന്നു. മകന്‍ പടിപ്പുരയും കടന്ന് കണ്ണില്‍ നിന്നും മറയുന്നത് വരെ അവര്‍ ഉമ്മറത്ത്‌ തന്നെ നിന്നു. ടെലിഫോണ്‍ ശബ്ദിച്ചപ്പോഴാണ്‌ പത്മാവതിയമ്മ അകത്തേക്ക് പോയത്. അവര്‍ റിസീവര്‍ എടുത്ത്‌ ചെവിയോടു ചേര്‍ത്ത് വിറയാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു,
"ആരാ?"

"അമ്മേ, മാപ്പ്, ഇപ്രാവശ്യത്തെക്കും അമ്മ എന്നോട് പൊറുക്കണം. എനിക്കും മക്കള്‍ക്കും ഇവിടന്നു പോരാന്‍ പറ്റിയില്ല അമ്മേ.എന്നെ ശപിക്കരുത്‌ അമ്മേ.."

"എന്റെ മോന്‍ ഗോപു തന്നെയാണോ ഇത്? നീ എവിടുന്നാ വിളിക്കുന്നെ? പത്മാവതിയമ്മയ്ക്ക് ആകെ പരിഭ്രമമായി.

"അതെ അമ്മേ അമ്മേടെ ഗോപു തന്നെ,ഞാന്‍ അമേരിക്കയില്‍ നിന്നുമാണമ്മേ? എന്തെ എന്ത് പറ്റിയമ്മേ?"

"ഒന്നൂല്യ ഒന്നൂല്യ.."
അവര്‍ ഫോണ്‍ കട്ട് ചെയ്തു വേഗം ഉമ്മറത്തേക്ക് വന്നു. മുറ്റത്തെ പൂക്കളത്തിനു പ്രത്യേകമായ ഒരു തിളക്കം പത്മാവതിയമ്മയ്ക്ക് അനുഭവപ്പെട്ടു.അവര്‍ മുറ്റത്തേയ്ക്കിറങ്ങി, പടിപ്പുരയില്‍ ചെന്ന് അകലേയ്ക്കു നോക്കി.മനസ്സില്‍ എന്തോ തീരുമാനിച്ചുറച്ച് അവര്‍ പൂക്കളത്തിന്റെയടുത്ത് കത്തിച്ച് വെച്ച നിലവിളക്കിന്റെ തിരി അല്‍പ്പം കൂടി നീട്ടി വെച്ച് തൃക്കാക്കരപ്പന്റെ മുന്നില്‍ കണ്ണുകള്‍ അടച്ച് കൈകൂപ്പി നിന്നു.

ഒറ്റപ്പെട്ട നല്ല മനസ്സുകളില്‍ സാന്ത്വനമായി മാവേലിത്തമ്പുരാന്‍ ഈ ഓണക്കാലത്ത് എല്ലാ നല്ല മനസ്സുകളിലും അനുഗ്രഹം ചൊരിയട്ടെ!

Tuesday, September 1, 2009

ഓണത്തിന് മോഡേണ്‍ സദ്യ വേണ്ടേ വേണ്ട!


പ്രിയരേ,
ഓണം പ്രമാണിച്ച് "ആല്‍ത്തറയില്‍" ഇട്ട ഒരു പോസ്റ്റ് ഇവിടെ വീണ്ടും പോസ്റ്റുന്നു. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍!
*********************************************************************

ഈ കഥ നടക്കുന്നത് കേരളത്തിന്‍റെ വടക്കേ പടിഞ്ഞാറെ മൂലയില്‍ തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. ഗ്രാമമെന്ന് പറഞ്ഞാല്‍ ഒരു കുഗ്രാമം. ആ ഗ്രാമത്തിലെ പ്രമാണിയും സ്വന്തമായി ഒരു ബെന്‍സ്‌ കാളവണ്ടിയും രണ്ടു പുലിമാര്‍ക്ക് കാളകളുമുള്ള ഒരു കൊച്ചുമുതലാളിയാണ് ഗോവിന്ദചെട്ടിയാര്‍. ആ ചെട്ടിയാരുടെ പുഞ്ചകൃഷിയിലെ കന്നിക്കൊയ്ത്തില്‍ വിളവെടുത്തതാണ് ചെട്ടിയാരുടെ ഒരേയൊരു മകന്‍ അറുമുഖചെട്ടിയാര്‍. ഗോവിന്ദ ചെട്ടിയാരുടെ തിരു വടിയായ ഏക അപ്പന്‍ ചെട്ടിയാരുടെ ഒരു മെമ്മോറിയല്‍ ട്രോഫി കൂടിയുമായിരുന്നു അറുമുഖന്‍. അറ്മുഖന്റെ സൌന്ദര്യം കണക്കിലെടുത്ത് “കറുമുഖന്‍“ എന്നൊരു ഇരട്ടപ്പേരും നമ്മുടെ അറുമുഖന്‍ വഹിച്ച് പോന്നിരുന്നു. അറുമുഖനെ വിളവെടുപ്പ്‌ നടത്തിയതിന്റെ പത്താം നാള്‍ അറുമുഖന്റെ മമ്മി അതായത് തായ,ഗോവിന്ദ ചെട്ടിയാര്‍ ‘പോന്നുത്തായി‘ എന്നും അറുമുഖന്‍ ‘തങ്കത്തായീ‘ എന്നും വിളിക്കാന്‍ നേര്ച്ചയുണ്ടായിരുന്ന ആ തായ മുഖമടച്ച് കുളിമുറിയില്‍ വീണതിന്റെ വേദന മാറും മുന്പേ അറുമുഖനെയും ഗോവിന്ദചെട്ടിയാരെയും ഒരേ പോലെ കണ്ണീര്‍ കയത്തിലാക്കി ശ്വാസം വലി മതിയാക്കി ഈ ലോകത്തോട്‌ വിട പറഞ്ഞു. പിന്നീട് അറുമുഖനെ വളര്‍ത്തി വലുതാക്കിയതും ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ച് നല്‍കിയത്‌ പ്രൊഡ്യൂസറായ ഗോവിന്ദ ചെട്ടിയാര്‍ തന്നെയായിരുന്നു. ആ ഒരു ചോല്ലുവിളിയില്‍ അറുമുഖന്‍ വളര്‍ന്നത് പാതി അറുമുഖനായും പാതി അറുമുഖിയായും. ഒരു തരം രണ്ടും കെട്ട ജന്മം!മലയാള പദാവലിയിലെ പുതിയ പദപ്രകാരം “ചാന്ത്പൊട്ട്” എന്ന ആധുനിക നാമത്തിലും അറുമുഖന്‍ അറിയപ്പെടാന്‍ തുടങ്ങി.

കുട്ടിക്കാലം മുതല്‍ക്കെ അറുമുഖന്‍ തന്റെ ഇഷ്ട വിനോദമായ കല്ലുകളി, കൊച്ചന്‍ കുത്തിക്കളി, വട്ട് കളി തുടങ്ങി ആസ്ഥാന കളികളില്‍ ഏര്‍പ്പെടുമ്പോഴും സുപ്രസിദ്ധ ഭരതനാട്യ കുലപതി ശ്രീ കലാമണ്ഡലം ഗിരിജന്‍ മാഷിന്റെ ശിക്ഷണത്തില്‍ കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങീ കലകളും അഭ്യസിക്കാന്‍ തുടങ്ങി.അങ്ങിനെ നമ്മുടെ അറുമുഖനും വളര്‍ന്ന് പന്തലിച്ച് കല്യാണപ്പരുവത്തില്‍ എത്തി.

കല്യാണ കമ്പോളത്തില്‍ അറുമുഖന്റെ പ്ലസ് പോയന്റ് ആണായിട്ടും പെണ്ണായിട്ടും ഒരൊറ്റ സന്തതി, ഇഷ്ടം പോലെ സ്ഥാവര ജംഗമ വസ്തുക്കള്‍.പോരാത്തതിനു അമ്മായിയമ്മ നഹീ....
ഈ വിലയേറിയ കൊണകണങ്ങള്‍ അറുമുഖന്റെ അറുബോറന്‍ മോന്തയും, എഴാം തരത്തില്‍ നിന്നുള്ള ബിരുദവും നാട്യശ്രീ പട്ടവും എല്ലാം വിസ്മ്രുതിയിലാകുന്നത് ഒരു കൂണ്ഠിതത്തോടെ മാത്രമേ അറുമുഖന് കാണാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും ഒരു പെണ്ണുകെട്ടിയാല്‍ പേന്‍ നോക്കിക്കൊടുക്കാന്‍ സ്വന്തമായി ഒരു പേന്‍ തല കിട്ടുമല്ലോ എന്ന സന്തോഷത്താല്‍ അറുമുഖന്‍ എല്ലാ വിഷമങ്ങളും മിണ്ങ്ങി മിണ്ങ്ങി കഴിച്ച് കൂട്ടി.അതു കൊണ്ട് നിറയെ പേനുള്ള തലയോട് കൂടിയ ഒരു ആണിനൊത്ത ശരീരമുള്ള ഒരു പെണ്ണ് വേണം എന്ന ഒരൊറ്റ നിര്‍ബന്ധം മാത്രമെ നമ്മുടെ അറുമുഖന് ഉണ്ടായിരുന്നുള്ളൂ.

പൊന്നുത്തായിയുടെ ആക്സിഡെന്റല്‍ ഡെത്തിനു ശേഷം,ഗോവിന്ദചെട്ടിയാര്‍ തികച്ചും ഒരു ക്രോണിക് ബാച്ചിലറെ പോലെ ജീവിച്ചത്, ആണായും പെണ്ണായും ജനിച്ച തന്റെ ഏക പുത്രനുവേണ്ടിയാണെന്ന് ഒരോ ചിന്ന വീട്ടിലേയും ലവളുമാര്‍ കല്യാണത്തിന് നിര്‍ബന്ധിച്ചാല്‍ ലവളുമാരുടെ തലയില്‍ തൊട്ട് സത്യം ചെയ്തു ചെയ്ത് ശിഷ്ട ജീവിതം തള്ളി നീക്കി മുന്നേറുകയായിരുന്നു. ഇനി തന്റെ അറുമുഖനെ ഒരു പെണ്ണു കെട്ടിച്ചാല്‍ തന്റെ ഈ അവതാര ലക്ഷ്യം പൂര്‍ത്തീകരണമാകും എന്ന് ചെട്ടിയാര്‍ ഉറച്ചു വിശ്വസിച്ചു. അതിന്റെ വെളിച്ചത്തില്‍ ബ്രോക്കര്‍ പളനി മുത്ത് തന്റെ കയ്യിലുള്ള ബ്ലാക്ക് & വൈറ്റ് പടങ്ങള്‍ മുതല്‍ കളര്‍ ഡിജിറ്റല്‍ പടങ്ങളില്‍ തരുണീ മണികള്‍ നാനാവിധ പോസുകളില്‍ നില്‍ക്കുന്ന ഒരു അമൂല്യ ശേഖരവുമായി ചെട്ടിയാരെ തേടിയെത്തി.
“ദോ യിത് പാര്‍, എന്നാ അളക് എന്നാ മൂക്ക്, എന്നാ കണ്ണ്! എല്ലാം നല്ലാറ്ക്ക് ആണാല്‍ ഒരു കാല്‍ കൊഞ്ചം നീളം കമ്മി. തേവയില്ലാത്ത കാല്‍ താനേ കമ്മി! അഡ്ജസ്റ്റ് പണ്ണലാമേ കണ്ണാ”

“ഡേയ് പളനീ അന്ത മാതിരി പൊണ്ണ് വേണ്ടാ, ഫുള്‍ ഫിറ്റിങ്ങ്സോട് കൂടി വല്ലതും ഉണ്ടെങ്കില്‍ സൊല്ലെടാ മുത്ത്”
അച്ഛന്‍ ചെട്ടിയാര്‍ തനിക്കു വേണ്ടതായ മോഡല്‍ പറഞ്ഞ് കൊടുക്കുന്നതു കേട്ട് അറുമുഖന്‍ കാല്‍ നഖം കൊണ്ട് നിലത്ത് കളം വരച്ചു.

“ദോ ഇതു പാര്‍, തങ്കമാന പൊണ്ണ്, അമേരിക്കാവില്‍ പെരിയ ഉദ്യോഗം, കല്യാണത്ത്ക്കപ്പുറം മാപ്ലയെ അമേരിക്കാവിലേക്ക് കൊണ്ട് പോറേംഗേ, പാര് കണ്ണാ നല്ലാ പാത്ത് സൊല്ല്”
പളനിമുത്ത് ഒരു പെണ്ണിന്റെ ഫോടൊ അറുമുഖന്റെ കയ്യില്‍ കൊടുത്തു. അറുമുഖന്റെ കണ്ണുകള്‍ തിളങ്ങി. അവളുടെ വലിയ തലയില്‍നിറയെ പേന്‍ ഉണ്ടാകുമെന്ന് അറുമുഖന്‍ സ്വപ്നം കണ്ടു. ഫോടോ അല്‍പ്പം നാണത്തോടെ തന്റെ പ്രൊഡ്യൂസര്‍ക്ക് നേരെ നീട്ടി. “പുന്നെല്ല് കണ്ട് ചിരിക്കുന്ന എലിയെ പോലെ’ ചിരിച്ച് നില്‍ക്കുന്ന അറുമുഖന്റെ സന്തോഷം കണ്ട് ഗോവിന്ദചെട്ടിയാര്‍ ആ കേസ് ഫോര്‍വാര്‍ഡ് ചെയ്യാന്‍ പളനിമുത്തുവിന് അഡ്വാന്‍സ് തുക സഹിതം കരാര്‍ ഉറപ്പിച്ചു. അറുമുഖന്‍ അമേരിക്കയിലേക്കു പോയാല്‍ നാട്ടില്‍ ഒരു കോഴിവിളയാട്ട് തന്നെ നടത്താം എന്ന് ക്രോണിക് ബാച്ചിലറായ ഗോവിന്ദചെട്ടിയാര്‍ സ്വപ്നം കണ്ടു. അങ്ങിനെ അറുമുഖന്റെ കല്യാണം അമേരിക്കന്‍ വധുവുമായി ഉറപ്പിച്ചു. കല്യാണത്തിനു രണ്ട് ദിവസം മുന്‍പ് വധു എത്തുമെന്നും കല്യാണവും തിരുവോണവും കഴിഞ്ഞ് നവവധു തിരിച്ച് പറക്കുമെന്നും, അറുമുഖന് പ്രസിഡന്റ് ഒബാമ ഒപ്പിട്ടു നല്‍കിയാല്‍ ഉടന്‍ വിസ അയക്കുമെന്നുമുള്ള കരാറിന്റെ വെളിച്ചത്തില്‍ കല്യാണം നടത്താന്‍ തീരുമാനിച്ചു. അറുമുഖനും ഇതൊക്കെ സമ്മതമായിരുന്നു, കാരണം അറുമുഖന്റെ കണക്കില്‍ അഞ്ചു രാത്രിയും ആറ് പകലും തന്റെ ഭാര്യയുടെ പേന്‍ നോക്കാന്‍ സമയം കിട്ടുമല്ലോ എന്ന് മാത്രമേ ആ മരത്തലയന്‍ ചിന്തിച്ചുള്ളൂ.

അങ്ങിനെ കല്യാണം അതി ഗംഭീരമായിത്തന്നെ കഴിഞ്ഞു. അന്ന് രാത്രിയില്‍ തന്നെ ശാന്തി മൂഹൂര്‍ത്തം ഉണ്ടെന്ന് അപ്പന്‍ ചെട്ടിയാരോട് പറയാന്‍ വേണ്ടി അറുമുഖന്‍ ജ്യോത്സ്യന് ഒരു കണ്ണി പുകയില കൈക്കൂലിയായി കൊടുത്തു. അതിന്‍ പ്രകാരം മണിയറയില്‍ നാണം കുണുങ്ങി ഇരിക്കുകയായിരുന്നു അറുമുഖന്‍. കല്യാണപ്പെണ്ണിന് നട്ടില്‍ വീടില്ലാത്തതിനാലും ഉള്ള വീട് അങ്ങ് അമേരിക്കാവിലായതിനാലും എല്ലാ ചടങ്ങുകളും ഗോവിന്ദചെട്ടിയാരുടെ വീട്ടില്‍ വെച്ച് തന്നെയാണ് നടത്തിയത്. സമയം ഒരു ഒന്‍പത് ഒന്‍പതര ഒന്‍പതേ മുക്കാല്‍ ആയപ്പോള്‍ അറുമുഖന്റെ ഡാന്‍സ് മേറ്റ്സ് എല്ലാവരും ചേര്‍ന്ന് നവവധുവിനെ കുരവയിട്ടു മണിയറയിലേക്ക് പതുക്കെ കടത്തി നിര്‍ത്തി വാതിലടച്ചു. തന്റെ മാത്രം സ്വന്തമായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അറുമുഖന് നാണകം വന്നു. കട്ടിലില്‍ അനന്ദശയനത്തില്‍ കിടന്ന അവന്‍ തന്റെ നവവധുവിനെ തന്റെ അടുത്തേക്ക് ക്ഷണിച്ചു. മന്ദം മന്ദം നടന്നു വരുന്ന തന്റെ വധുവിന്റെ നടത്തത്തില്‍ എന്തോ പന്തികേടുണ്ടെന്ന് അറുമുഖന് തോന്നി.അറുമുഖന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് നേരെ ‘പഞ്ചവര്‍ണ്ണ’ത്തിന്റെ അടുത്തേക്കു ചെന്നു,
“എന്നാ പഞ്ചവര്‍ണ്ണം എന്നാച്ച്? കാലില്‍ എന്നാച്ച്?’
പഞ്ചവര്‍ണ്ണം നാണത്താല്‍ മുഖം കുനിച്ച് കാല്‍ നഖം കൊണ്ട് നിലത്ത് വരച്ചു.എങ്കിലും ആ കാലുകളൊന്ന് കാണുവാന്‍ വേണ്ടി അറുമുഖന്‍ തന്റെ ജീവിതത്തിലെ ആദ്യ സാഹസം കാണിച്ചു. അവന്‍ പഞ്ചവര്‍ണ്ണത്തിന്റെ സാരി കാല്‍മുട്ടോളം പൊക്കി!
ആ കാഴ്ച്ച കണ്ട് അറുമുഖന്‍ ഞെട്ടി! തന്റെ എല്ലാമെല്ലാമായ പഞ്ചവര്‍ണ്ണത്തിന്റെ കാലുകളില്‍ രണ്ടിലും വലിയ രണ്ട് മന്തുകള്‍, മന്തെന്നു പറഞ്ഞാല്‍ പെരു മന്ത്, ഇത്രയും മുന്തിയ മന്തുകള്‍ ആ ദേശത്തൊന്നും അറുമുഖന്‍ കണ്ടിട്ടില്ല. കാലുകളില്‍ പയര്‍മണിപോലെയുള്ള മുഴകള്‍, കൂര്‍ക്കകള്‍,ചേമ്പിന്‍ വിത്തുകള്‍, ഹൊ എന്തൊരു മന്ത്! ഇത് ചതിയാണ്, ബ്രോക്കര്‍ പളനിമുത്തുവിന്റെ ചതി! അറുമുഖന്‍ ആകെ ബേജാറിലായി.എങ്കിലും പഞ്ചവര്‍ണ്ണത്തിന്റെ തലയില്‍ യാതൊരു വിധ മുഴകളും ഇല്ലാത്തതില്‍ അവന്‍ സന്തോഷിച്ചു. മാത്രമല്ല ഇക്കാര്യം പുറത്തു പറഞ്ഞാല്‍ അറുമുഖനെ അമേരിക്കയിലേക്ക് കൊണ്ട് പോകില്ലയെന്നു പഞ്ചവര്‍ണ്ണം ഭീഷണിപ്പെടുത്തി!
അങ്ങിനെ രണ്ട് മൂന്നു നാള്‍ അറുമുഖന്‍ പഞ്ചവര്‍ണ്ണത്തിന്റെ പേന്‍ മുട്ടി നാളുകള്‍ കഴിച്ചു.അങ്ങിനെ തിരുവോണം വന്നെത്തി.ഈ തിരുവോണത്തിന് മരുമകള്‍ വെച്ച് വിളമ്പണമെന്ന് ഗോവിന്ദചെട്ടിയാര്‍ ഉത്തരവിറക്കി. അതിന്‍ പ്രകാരം പഞ്ചവര്‍ണ്ണം അതി മാരകമായ ഒരു സദ്യയൊരുക്കി എല്ലാവരേയും ഉണ്ണാന്‍ ക്ഷണിച്ചു.

സദ്യ തിന്നാന്‍ തയ്യാറായി വന്ന അറുമുഖനും അപ്പന്‍ ഗോവിന്ദ ചെട്ടിയാരും ഒരോ വിഭവം വിളമ്പുമ്പോഴും ഞെട്ടിക്കോണ്ടിരുന്നു. കാരണം പഞ്ചവര്‍ണ്ണം ഉണ്ടാക്കിയത് ഒരു അമേരിക്കന്‍ സദ്യയായിരുന്നു. ബ്രെഡ് ടോസ്റ്റും,അമേരിക്കന്‍ ചോപ്സെയുമൊക്കെ ആ ഗ്രാമത്തില്‍ തന്നെ ആദ്യമായിരുന്നു.ബര്‍ഗ്ഗറും സാന്റ്വിച്ചുകളും കണ്ട് രണ്ട് ചെട്ടിയാന്മാരും അന്തം വിട്ടിരുന്നു. എങ്കിലും വിശക്കുന്ന വയറിനെ പട്ടിണിക്കിടരുതല്ലോ എന്നോര്‍ത്ത് രണ്ട് പേരും അതെല്ലാം കുശാലായി തട്ടിവിട്ടു. പായസത്തിന് പകരം കിട്ടിയ ഫ്രൂട്ട് സലാഡ് അവര്‍ ആര്‍ത്തിയോടെ അകത്താക്കി.അങ്ങിനെ ഒരു മോഡേണ്‍ ‍ഓണസദ്യ അവര്‍ വിശാലമായി ആസ്വദിച്ചു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഗോവിന്ദചെട്ടിയാര്‍ക്ക് വിളി വന്നു. പ്രകൃതിയുടെ അതി മാരകമായ വിളി.അധികം വൈകാതെ അറുമുഖനും വിളിവന്നു. അവര്‍ മത്സരിച്ച് ഓട്ടപ്രദക്ഷിണം റൂമില്‍ നിന്നും കക്കൂസിലേക്കും, തിരിച്ചും നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ക്ഷീണിതനായ ഗോവിന്ദ ചെട്ടിയാര്‍ അറുമുഖനെ അടുത്ത് വിളിച്ച് കൊണ്ട് പറഞ്ഞു,

“മകനേ നല്ലോരു ഓണമായിട്ട് അപ്പന് അകെയുള്ള ഓണക്കോടിയായ ഈ ട്രൌസറൊന്ന് ഇടാന്‍ കൊതിയായെടാ!“

“ഞാന്‍ ആ മോഹം എപ്പൊഴെ ഉപേക്ഷിച്ചു അപ്പാ...”

ഗുണപാഠം: ഓണത്തിന് നാടന്‍ സദ്യ കഴിക്കുക, മോഡേണ്‍ സദ്യ വേണ്ട കാരണം ബാക്ടീരിയ അല്ല! ഒരു പക്ഷേ നിങ്ങളും ട്രൌസറിടാന്‍ കൊതിച്ചാലോ??

ഏല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു!


photo curtsy:google

Wednesday, July 22, 2009

ചെറായിയിലേക്കുള്ള അവസാനത്തെ വണ്ടി!

പ്രിയമുള്ളവരേ,
കാപ്പിലാന്റെ തോന്ന്യാശ്രമത്തിലെ അവസാന റൌണ്ട് കഥാമത്സരത്തില്‍ വോട്ടെടുപ്പ്‌ ഇല്ലാത്തതിനാല്‍ ഈ കഥയുടെ സമ്മാനത്തുകയോ സ്ഥാനമോ അറിഞ്ഞില്ല. അതിനാല്‍ അഭിപ്രായം അറിയിക്കാനായി വിനയപൂര്‍വ്വം നിങ്ങളെ
ല്‍പ്പിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

മത്സരത്തിനു നല്കിയ കഥാ സന്ദര്‍ഭം!

ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.
നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.
ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല

----

ഓടനാവട്ടത്തെ ബി ബി സി യിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. എനിക്കിവിടെ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. എങ്കിലും ഇവരില്‍ നിന്നും വീണു കിട്ടുന്ന നുറുങ്ങുകള്‍ എന്‍റെ ബ്ലോഗില്‍ ഒരു പോസ്റ്റായി ഇടാമല്ലോ എന്നാ അത്യാഗ്രത്താലാണ് ഞാന്‍ ഈ ബി ബി സി യുടെ അടുത്ത്‌ ചുറ്റിപ്പറ്റി നില്‍ക്കുന്നത്. നാട്ടിന്‍പുറത്തെ ഒരു ചായക്കടയുടെ എല്ലാ ലക്ഷണക്കേടും ഉള്ള ഒരു കൊച്ചു റ്റീ ഷോപ്പിന്റെ പ്രൊപ്രൈറ്റര്‍ കം ചായ മാഷാണ് കുഞ്ഞന്‍സ്‌. ആയ കാലത്ത് കടയിലേക്ക് പാല് കൊണ്ടുവരാറുള്ള ദാക്ഷായണിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞനെ കയ്യോടെ ദാക്ഷായണിയുടെ തൊഴുത്തില്‍ കെട്ടി.എന്ന് പറഞ്ഞാല്‍ കല്യാണം കഴിപ്പിച്ചു എന്ന്. കുഞ്ഞനെ സംബന്ധിച്ച് രണ്ടും ഒന്ന് തന്നെ. സ്ത്രീധനമായി കിട്ടിയ രണ്ടു എരുമകളുമായി,ക്ഷമിക്കണം അത് നാട്ടുകാര്‍ അസൂയ കൊണ്ട് പറയുന്നതാ!,ഒരു എരുമയും പിന്നെ ദാക്ഷായണിയുമായും ഈ ചായപ്പീടികയുടെ പടികള്‍ കയറി വരുമ്പോള്‍ കുഞ്ഞന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തിരുന്നു.ദിവസവും
അഞ്ചിടങ്ങഴി പാലുമായി വരാറുള്ള ദാക്ഷായണിയുടെ ഇനിയുള്ള പാല് മുഴുവന്‍ തനിക്ക്‌ ഫ്രീയാണല്ലോ എന്ന് കുഞ്ഞന്‍ നായര്‍ ആനന്ദം കൊണ്ടു. ആദ്യ രാത്രികള്‍ നേരത്തെ കഴിഞ്ഞിരുന്നതിനാല്‍ കടയിലെ ബാക്കിയായ പാല് പകുതി വീതം കുടിക്കാന്‍ നില്‍ക്കാതെ കുഞ്ഞന്‍ അത് മോരുണ്ടാക്കാന്‍ ഒഴിച്ച് വെച്ചു. ദാക്ഷായണിയെയും എരുമയെയും സ്വന്തമാക്കിയ കുഞ്ഞന്‍ ആ രാത്രി മതിവരുവോളം ആര്‍മ്മാദിച്ചു. തൌട് തിന്നുന്ന എരുമ കെ എസ്‌ കാലിത്തീറ്റ കണ്ട പോലെ ഒരു ഒന്നൊന്നര ആര്‍മ്മാദം.പക്ഷെ രാവിലെ എഴുനേറ്റു തൊഴുത്തിലേക്ക്‌ നോക്കിയ കുഞ്ഞന്‍ ആദ്യമൊന്നു ഞെട്ടി,പിന്നെ എരുമയെയും ദാക്ഷായണിയെയും മാറി മാറി നോക്കി.
എങ്ങിനെ ഞെക്കിപ്പിഴിഞ്ഞെടുത്തിട്ടും മൂന്നു ഇടങ്ങാഴി പാലില്‍ ഒരു തുള്ളി കൂടുന്നില്ല. ദേഷ്യം വന്ന കുഞ്ഞന്‍ ദാക്ഷായണിയുടെ നേരെ അലറിയടുത്തു, ദാക്ഷായണിയുടെ കടുപ്പിച്ച നോട്ടം കണ്ടപ്പോള്‍ കുഞ്ഞന്റെ അലര്‍ച്ചയുടെ രണ്ടാം പാതി ഒരു കരച്ചിലായി മാറി. മൂന്നിടങ്ങഴി പാലില്‍ രണ്ടിടങ്ങാഴി വെള്ളമായിരുന്നു എന്നാ സത്യം ഒരു നെടുവീര്‍പ്പോടെ അന്ന് മനസ്സിലാക്കിയ കുഞ്ഞന്‍ പിന്നീട് ദാക്ഷായണിയോടു ഇത് വരെ പാലിന്റെ കണക്കെന്നല്ല ഒരു കാര്യവും ചോദിച്ചിട്ടില്ല. പിന്നീട് എല്ലാം കുഞ്ഞന്‍ അനുസരിക്കുകയായിരുന്നു. എങ്കിലും ദാക്ഷായണി ഇല്ലാത്ത നേരത്ത് കുഞ്ഞന്‍ കടയിലെ മെയിന്‍ മോഡറേറ്ററാണ്, എന്തും ചര്‍ച്ച ചെയ്യും...അപ്പോള്‍ ആ നിന്ന് ചായ ആറ്റുന്നതാണ് കഥാപാത്രം നമ്പര്‍ വണ്‍്. കുഞ്ഞന്‍


ബാക്കിയുള്ളവരെ നമുക്ക് വഴിയെ പരിചയപ്പെടാം. എന്നാല്‍ നമുക്ക് അവരുടെ ഗൂഡാലോചനയിലേക്ക് ഒന്ന് എത്തി നോക്കാം.

"യൂ നോ ഇന്ത്യാ പാക്ക് യുദ്ധ സമയത്ത് ഇതുപോലെ ഒരു പ്രതിസന്ധി ഗട്ടമുണ്ടായിരുന്നു."

കുഞ്ഞന്‍:എന്ത് പ്ലാവിന്മേ മഞ്ഞത്തുണി കെട്ടിയതോ?

കേണല്‍: നോ നോ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ എന്റെ സീനിയര്‍ ഓഫീസര്‍ കുഴങ്ങിയ ആ സന്ദര്‍ഭം ഹോ ഭയാനകം....

കുഞ്ഞമ്മദ്: അല്ല നായരെ എന്താ ഈ ഇന്ത്യാ പാക് യുദ്ധം?

കേണല്‍: യൂ നോ വെന്‍ ഐ വാസ്‌ ഇന്‍ ഡെറാഢൂണ്‍....ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് ഒരു ലോറി നിറയെ പാക്ക് കയറ്റിപ്പോയിരുന്നു.ചൈനയിലേക്ക് പാക്ക് കയറ്റിപ്പോയ ആ ലോറിയെ ചൊല്ലി ഉടലെടുത്ത ഒരു പ്രശ്നമാണ് പിന്നീട് ഇന്ത്യാ പാക്ക് യുദ്ധമായത്‌. ഞാനന്ന് അടുക്കളയിലായത് കൊണ്ട് ഛെ അല്ല അണ്ടര്‍ ഗ്രൌണ്ട് ട്രെന്ചിലായത് കൊണ്ട് രക്ഷപ്പെട്ടു.

കുഞ്ഞന്‍: നായരെ ഇങ്ങടെ ബഡായി നിര്‍ത്തിന്‍ ഇവിടത്തെ പ്രശ്നം ആ സിദ്ധനാ.അവനെ തുരത്താനൊരു വഴി ആലോചിക്കൂ..

കേണല്‍: ആദ്യം എന്റെ പ്ലാവ് എന്നിട്ട് മതി സിദ്ധന്‍.

ബേബിച്ചായന്‍:ഒരാള് ഒരു ഷര്‍ട്ടടിക്കാന്‍ തന്നാല്‍ ബാക്കി തുണി കൊണ്ട് നമ്മടെ കുട്ടിക്ക് ഒരു ഷര്‍ട്ടടിച്ചാ എന്താ കൊഴപ്പം?

കുഞ്ഞന്‍ : അന്റെ സ്വഭാവം ഇപ്പൊ ഇവിടെ വിളിച്ചു പറയാന്‍ കാര്യം?

ബേബി: ഒരു ചര്ച്ചയല്ലേ എന്റെ വകയായിട്ട് എന്തെങ്കിലുമൊക്കെ പറയണ്ടേ.അതോണ്ടാ.

പാക്കരന്‍: നിങ്ങടെ അനിയനെ ഒരു സ്വകാര്യം പറയാന്‍ ഒരു തെങ്ങിന്റെ ചോട്ടിലേക്ക് വിളിക്ക്, നല്ല മുഴുത്തൊരു കൊല വെട്ടി തലേല്ക്ക് ഇടുന്ന കാര്യം ഞാന്‍ ഏറ്റു, എന്താ.


കേണല്‍: അത് വേണ്ട പാക്കരാ. നമുക്കാ വെറ്റിലയെ നാട് കടത്തിയാ ധൈര്യമായി പ്ലാവങ്ങോട്ടു വെട്ടാം,അതിനുള്ള വഴി ഉണ്ടാക്കൂ..

സഖാവ്‌: വളരെ വ്യക്തമായി പറഞ്ഞാല്‍ ഈ ഗൂടോത്രത്തിലും ദൈവത്തിലുമോന്നും ഞങ്ങള്‍ ഈ സഖാക്കള്‍ക്ക് ഒരു വിസ്വാസോം ഇല്ലെടോ.പിന്നെ ആപത്തു വരുമ്പോള്‍ വല്ലപ്പോഴും ദൈവത്തെ വിളിച്ചാല്‍ പാര്ട്ടീന്നു പുറത്തൊന്നും പോകില്ലന്നെ, എന്നാലും ഈ പ്ലാവിനെ എസ്‌ എന്‍ ഡീപ്പീല് എടുത്തപോലെയായല്ലോ,മഞ്ഞയല്ലേ പുതപ്പിച്ചിരിക്കുന്നത്!

കുഞ്ഞമ്മദ്: ഗള്ഫില് ഈ വക ഒരു ജാഹിലുകളും ഇല്ലായിരുന്നുട്ടോ. എന്ത് തങ്കപ്പെട്ട ആള്‍ക്കാരാ അവിടെ.ഇത്തിരി പാര വെക്കും എന്നല്ലാണ്ട് വേറെ ഒരു കൊയപ്പോം ഇല്ല. ഇപ്പൊ ഒരാളുടെ പേഴ്സ് പോയി എന്ന് വെക്കുക, അവിടെക്കിടക്കും.

കുഞ്ഞന്‍: പെഴ്സവിടെ കിടക്ക്വോ?

കുഞ്ഞമ്മദ്: ശൈയ്ത്താനെ പേഴ്സ് ആണുങ്ങള് കൊണ്ടോവും.പെഴ്സിന്റെ ഉടമസ്ഥന്‍ അവിടെ കിടക്കും! പേഴ്സിലെ കായീം കാര്‍ഡൊക്കെ പോയാല് ഓനെവിടെ പോകാന്‍? ഓനവിടെ കിടക്കും.

പാക്കരന്‍: അപ്പൊ അവിടെ കള്ളനെ പിടിക്കാന്‍ പോലീസും പോലീസ് നായയുമോന്നും ഇല്ലേ?

കുഞ്ഞമ്മദ്: നായ ഈ അറബ്യോള്‍ക്ക് ഹറാമല്ലേ അതിനു പകരം പോലീസ് ഒട്ടകമാണ്,പോലീസ് ഒട്ടകം.

കേണല്‍: ഈ ഒട്ടകം നായ്ക്കളെ പോലെ മണം പിടിക്ക്യോ കുഞ്ഞമ്മദേ, നിങ്ങടെ മസാല ഇത്തിരി കൂടുന്നുണ്ട്...

കുഞ്ഞമ്മദ്: എടൊ ഈ ഒട്ടകം വല്യ വല്യ കുന്നിന്റെ പുറത്തൊക്കെ കേറി നിന്ന് നോക്കുമ്പോ കള്ളനെ കാണാലോ. അങ്ങനെ പോലീസ് പോയി പിടിക്കും.

കുഞ്ഞന്‍: വല്ലാത്ത നാട് തന്നെ.അതവിടെ നിക്കട്ടെ നമുക്ക് ഈ സിദ്ധനെ ഒരു ഇരുട്ടടി അടിച്ചാലോ? അല്ലെങ്കില്‍ അവന്റെ തരികിട പൊളിക്കുന്ന വല്ല നമ്പരും ഇറക്കണം.

ബേബി: ഞാനൊരു കാര്യം പറയാം. നാട്ടുകാരെ മുഴുവന്‍ കൂട്ടീട്ടു നമ്മുടെ ഓടനാവട്ടം ഓമനേടെ മകന്റെ അച്ഛന്‍ ആരാന്നു ആ സിദ്ധനെക്കൊണ്ട് പറയിച്ചാലോ? ഓമനക്ക് തന്നെ അറിയാത്ത കാര്യം ആ സിദ്ധന്‍ പറയുമോ എന്ന് നോക്കാലോ? ഏത്?

കുഞ്ഞന്‍: അത് വേണ്ട അത് ശരിയാവില്ലാ.

കേണല്‍: അതെന്താ ശരിയാവാത്തെ. ഓമനേടെ സ്വഭാവം വെച്ച് ആരാന്നു സിദ്ധനല്ല അവന്റെ അപ്പന്‍ വിചാരിച്ചാല്‍ നടക്കില്ല പിന്നെയല്ലേ.

കുഞ്ഞന്‍: അത് വേണ്ട എന്നല്ലേ പറഞ്ഞത്, വേറെ വഴി വല്ലതും നോക്കാം...

സഖാവ്‌: എന്റെ ഒളിവുകാല ജീവിതം, ഐ മീന്‍ അണ്ടര്‍ഗ്രോണ്ട് ജീവിതത്തില്‍ ഓമനയുടെ വീടിനടുത്ത് കൂടെ രാത്രി പോയി എന്നല്ലാതെ ഞാന്‍ അവിടെ ഒളിച്ചിട്ടെയില്ലാ.അത് കൊണ്ട് എനിക്ക് പേടിയില്ല, കുഞ്ഞാ അത് മതിയെടോ നമുക്ക് അതില് സിദ്ധനെ പൂട്ടാം.

കുഞ്ഞന്‍: എടാ ദ്രോഹികളെ ! ആ സിദ്ധന്‍ എന്റെ പേരെങ്ങാനും വിളിച്ചു പറഞ്ഞാല്‍...

കുഞ്ഞമ്മദ്: എടാ കള്ളക്കുഞ്ഞാ...

ആ വിളിയോടെ ചര്‍ച്ച അല്‍പ്പ നേരത്തിനു നിശ്ശബ്ദമായി.

ഈ ഗൂഡാലോചന എങ്ങും ചെന്നെത്തില്ലാ എന്ന് എനിക്ക് മനസ്സിലായി ഞാന്‍ പതുക്കെ ചായക്കടയുടെ ഉള്ളില്‍ കയറി.

ഞാന്‍: ചേട്ടാ ഒരു ചായ.മധുരത്തില് ആയിക്കോട്ടെ". എന്നിട്ട് മെല്ലെ കുഞ്ഞഹമ്മദിക്കാനെ നോക്കി.

"നിങ്ങള് അബുദാബീല് ഉണ്ടായിരുന്ന ആളല്ലേ"

കുഞ്ഞമ്മദ്: അതെ മോനെ ഇജ്ജ്‌ ഇന്നേ കണ്ടിട്ടുണ്ടാ..ഇജ്ജിങ്ങഡ് വന്നെ ഒരു സൊകാര്യം ചോയിക്കട്ടെ"

ഇതും പറഞ്ഞു കുഞ്ഞഹമ്മദിക്ക എന്നെ കടയുടെ ഒരു മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയി ശബ്ദം താഴ്ത്തി പറഞ്ഞു.
" അതേയ് ഞാന്‍ പണ്ട് ഗള്ഫില് ഉണ്ടായിരുന്നത് നേരാ പക്ഷെ അവിടെ എന്തായിരുന്നു പണി എന്നാ വിവരം മാത്രം ഇജ്ജ്‌ ഇവിടെ പറയരുത്‌. സുലൈമാനി ഓപ്പറേറ്റര്‍ എന്നാ ഭയങ്കര ജോലിയായിരുന്നു എനിക്ക് എന്നാ ഞാന്‍ കാച്ചിയിരിക്കുന്നത് ,അത് പൊളിക്കരുത്, ചായടെ കായി ഞാന്‍ കൊടുത്തോളാം..ഏത്?

ഞാന്‍ ചിരിച്ചു കൊണ്ട് സമ്മതിച്ചു.കുഞ്ഞഹമ്മദിക്ക അതിലേറെ സന്തോഷിച്ചു, എന്നിട്ട് അവരോടായി പറഞ്ഞു.'കണ്ടോ എന്റെ ഒരു ചങ്ങായിടെ മകനാ, ഓന്‍ എന്നെ കാണാന്‍ ബന്നതാ"

സഖാവ്‌: വല്ല അറബിപ്പോലീസുമാണോ കോയാ?

കുഞ്ഞമ്മദ്: അത് ഞമ്മക്കിട്ടു താങ്ങീതാണല്ലോ സഖാവേ. ഇങ്ങള് തന്നെ ശോയിക്കീന്‍.

കുഞ്ഞന്‍ ചായ ഗ്ലാസ്സ്‌ എന്റെ മുന്നില്‍ വെച്ച് കൊണ്ട്: നിങ്ങളേതാ ഇതിനു മുമ്പ് ഇവിടെ കണ്ടിട്ടില്ലാലോ?

ഞാന്‍: ഞാനൊരു ബ്ലോഗറാ,പടം പിടിക്കാനും കഥ എഴുതാനുമൊക്കെ കറങ്ങി നടക്കുന്ന കൂട്ടത്തില്‍ ഇവിടെയും വന്നെന്നു മാത്രം.

ബേബിച്ചായന്‍ വളരെ പതുക്കെ കുഞ്ഞമ്മദിനോട്: അല്ല മൂപ്പരെ എന്താ ഈ പറഞ്ഞ സാധനം,ബ്ലോഗര്‍?

കുഞ്ഞമ്മദ്: ഞാന്‍ ഗള്ഫിലുള്ളപ്പോഴൊന്നും അങ്ങിനെ ഒരു സാധനം കേട്ടിട്ടില്ലാന്നെ എന്തോ മുന്തിയ ഇനമാ..ആ കാമറയൊക്കെ കണ്ടില്ലേ...

ഞാന്‍: എന്താ ഒരു സ്വകാര്യം? ഞാനും കൂടി കേള്‍ക്കട്ടെ?

കുഞ്ഞമ്മദ്: ഒന്നൂല്യാന്നെ, ഒരു വെറ്റില സിദ്ധന്‍ വന്നിട്ട് ഞമ്മളെ ആകെ ബേജാറാക്കിക്കൊണ്ടിരിക്ക്യല്ലേ. ഓനെ ഈ നാട്ടീന്നു കെട്ട് കെട്ടിക്കണം.അതിനൊരു വളഞ്ഞ വഴി ആലോയിച്ചോണ്ടിരിക്കുവാ..

ഞാന്‍: ആഹാ അത്രയേ ഉള്ളോ കാര്യം? സിദ്ധനെ ഞാന്‍ ഓടിച്ചു തരാം,പകരംനിങ്ങള്‍ എന്ത് തരും?

കേണല്‍: എന്റെ പൊന്നു മോനെ എന്ത് വേണമെന്ന് പറ. പൊട്ടാത്ത ബോംബ് വേണോ? എ കെ 47 വേണോ? കാശ് വേണോ? പറ..ആ സിദ്ധനെ ഓടിച്ചാല്‍ ഞങ്ങള്‍ എന്തും ചെയ്യും.

ഞാന്‍: അയ്യോ എനിക്കതൊന്നും വേണ്ട.എനിക്ക് നിങ്ങടെ നാട് വളരെ ഇഷ്ടമായി.കുറച്ചു ഫോട്ടോ എടുക്കാന്‍ എന്നെയൊന്നു ഇവിടുത്തെ എല്ലാ സ്ഥലങ്ങളും ഒന്ന് കാണിച്ചു തന്നാല്‍ മതി.

പാക്കരന്‍: അത്രയേ ഉള്ളോ? ഞാന്‍ ഒരു കുടം തെങ്ങിന്‍ കള്ളെങ്കിലും ചോദിക്കുമെന്ന് പ്രതീക്ഷിച്ചു.

ഞാന്‍: അതോക്കെ ഒന്നു അന്തി മയങ്ങട്ടെ എന്റെ പാക്കരാ.സിദ്ധനെ നമുക്ക് കുതന്ത്രം കൊണ്ട് നേരിടണം.മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്നത് പോലെ. നമ്മള്‍ സിദ്ധന്‍ കളിച്ച കളി തിരിച്ചു കളിക്കണം.
എല്ലാവരുടെ മുഖത്തും ആകാംക്ഷ ഞാന്‍ ശ്രദ്ധിച്ചു. എല്ലാവരും എന്റെയടുത്തേക്ക് കുതന്ത്രം കേള്‍ക്കാന്‍ നിശ്ശബ്ദരായി നിന്നു. ഞാന്‍ ഒരു ചാണക്യനെപ്പോലെ കുതന്ത്രങ്ങളിലേക്ക് കടന്നു.

ഞാന്‍: നമുക്കൊരു ഭ്രാന്തനെ സിദ്ധനെതിരായി ഇറക്കാം, അതിനു രൂപം കൊണ്ട് പാക്കരന്‍ മതിയാകും. ഭ്രാന്തന് എന്ത് ബസ്സും കാറും? ഭ്രാന്തന് എന്തും ചെയ്യാം ആരും സംശയിക്കില്ല. പാക്കരനാകുമ്പോള്‍ തെങ്ങില്‍ നിന്നും വീണിട്ടു സംഭവിച്ചതാണ് എന്നൊരു പബ്ലിസിറ്റിയും കൊടുക്കാം."

എല്ലാവരുടെ മുഖത്തും ആശ്വാസ ഭാവവും പുഞ്ചിരിയും വന്നു തുടങ്ങി ഞാന്‍ തുടര്‍ന്നു,ഭ്രാന്തഭിനയിക്കുന്ന പാക്കരന്‍ നേരെ പ്ലാവിലെ തുണി പറിച്ചു തലയില്‍ കെട്ടണം, അതിനു ശേഷം വെട്ടുകത്തിയും നീട്ടിപ്പിടിച്ചു കൊണ്ട് സിദ്ധന്റെ വീട്ടിലേക്കു ചെല്ലുക. പിന്നെ ജീവനുണ്ടെങ്കില്‍ സിദ്ധന്‍ അവിടെ നില്‍ക്ക്വോ? അയാള്‍ ജീവനില്‍ കൊതിയുണ്ടെങ്കില്‍ നാട് വിട്ടോടില്ലേ?

പാക്കരന്‍: അല്ലാ ആ തുണി പറിച്ചാല്‍ തലമണ്ട പൊട്ടിത്തെറിക്കുമെന്നല്ലേ സിദ്ധന്‍ പറഞ്ഞിരിക്കുന്നത്?

ഞാന്‍: പാക്കരാ, അതിനുള്ള കൂടോത്രം ഞാന്‍ പറഞ്ഞുതരാം.എന്താ പോരെ?

പാക്കരന്‍: പിന്നെ എനിക്കെന്തു പേടി? അത് ഞാന്‍ ഏറ്റൂ...

കുഞ്ഞമ്മദ്: അരേ വാ, അന്റെ തല നിറച്ചും ബുദ്ധിയാണല്ലോ എന്റെ പൊന്നും കട്ടേ. അന്നേ ഞമ്മക്ക്‌ പെരുത്തു ഇഷ്ടായെക്കുന്നു. ഇജ്ജ്‌ ബരീന്‍ ഇന്ന് ഞമ്മന്റെ പെരേല് അനക്ക് കോയി ബിരിയാണി.

കേണല്‍: മോനെ നീ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വല്ല അബദ്ധത്തിലും ചെന്ന് ചാടിയേനെ.

കുഞ്ഞന്‍: ആശ്വാസമായി ഭഗവതീ..ഒരു ചായേം കൂടി എടുക്കട്ടെ.

ബേബി: ഭഗവതിക്ക് ചായേ? വേണേല്‍ എനിക്കൊരെണ്ണം എടുത്തോ.

സഖാവ്‌: ഓരോ പരിപ്പ് വടേം പോരട്ടെ. ഈ നിസ്സാര പ്രശ്നമല്ലേ നമ്മള്‍ പീബീലെന്ന പോലെ ചര്‍ച്ച ചെയ്തത്.ഹോ ഈ ബ്ലോഗര്‍ എന്നത് ഒരു സാമ്രാജ്യത്വ ശക്തിയൊന്നും അല്ലല്ലോ അല്ലെ?

കുഞ്ഞമ്മദ്: എന്തായാലും മനുഷ്യനെ ഇടങ്ങേറാക്കിണ ഹലാക്കുകളല്ലാന്നു ഞമ്മക്ക്‌ പുടികിട്ടീ..

എല്ലാവരും സന്തോഷത്താല്‍ ചിരിച്ചു. അവര്‍ എന്നെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു.
പിറ്റേ ദിവസം ആ നാട്ടിലെ മനോഹരങ്ങളായ ചിത്രങ്ങളൊക്കെ ഒപ്പിയെടുത്തു കൊണ്ട് പോരാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ നില വിളിച്ചു ഓടുന്നത് കണ്ടു. പിന്നാലെ ഭ്രാന്തന്റെ വേഷത്തില്‍ ഓടി വരുന്ന പാക്കരനെ കണ്ടപ്പോള്‍ മുന്നില്‍ ഓടുന്നത് സിദ്ധനാണെന്ന് മനസ്സിലായി...

പാക്കരന്‍ എന്നെ കണ്ടതും ഒരു നിമിഷം നിന്നു. പിന്നാലെ കൂട്ടമായി ഓടിവന്ന നാട്ടുകാരും പാക്കരന്റെ കുറച്ചു പിന്നിലായി നിന്നു. പാക്കരന്‍ എന്റെ അടുത്തേക്ക്‌ ആ വെട്ടു കത്തിയുമായി നടന്നു വന്നു. പാക്കരന്റെ ഭാവം കണ്ടാല്‍ ഭ്രാന്തില്ലാന്നു ആരും പറയില്ല. എനിക്കും ചെറിയൊരു ഉള്‍ഭയം ഉണ്ടായി. ഞാന്‍ രണ്ടടി പിന്നോട്ട് നീങ്ങി.അപ്പോഴാണ്‌ പാക്കരനും സങ്കതി എന്തോ പന്തി കേടുന്ടെന്നു മനസ്സിലായത്‌. ഞാന്‍ ഓടുന്ന സിദ്ധനെ ചൂണ്ടിക്കൊണ്ട് പാക്കരനോട് പറഞ്ഞു,

"പാക്കരാ അതാ പോകുന്നതാ സിദ്ധന്‍ ഞാനൊരു പാവം ബ്ലോഗറാ....നീ അവന്റെ പിന്നാലെ വിട്ടോടാ..."


നിഷ്കളങ്കരായ ഓടാനവട്ടത്തുകാരെ സിദ്ധന്റെ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടുത്തിയതിന്റെ ചതാരിതാര്‍ത്ഥ്യവുമായി ഞാന്‍ എന്റെ അടുത്ത ലക്ഷ്യമായ "ചേറായിയിലെക്കുള്ള ” അവസാനത്തെ വണ്ടിക്കായി കാത്തു നിന്നു. ഓടനാവട്ടത്തു നിന്നും ചെറായിയിലേക്കുള്ള അവസാനത്തെ വണ്ടി.

Saturday, July 18, 2009

അവള്‍ കാത്തിരുന്നു......അവനും!

പ്രിയമുള്ള കൂട്ടുകാരെ,
കാപ്പിലാന്റെ തോന്ന്യാശ്രമത്തിലെ റിയാലിറ്റി കഥാ മത്സരത്തില്‍ രണ്ടാം റൌണ്ടിലും എന്റെ ഈ കഥയാണ്‌ നേരിയ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത്‌ എത്തിയത്. വോട്ടുകള്‍ ചെയ്തു ഈ കഥ തിരഞ്ഞെടുത്ത എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം, വായിക്കാത്തവര്‍ക്കായി ഈ കഥ ഇവിടെ വീണ്ടും പോസ്റ്റുന്നു.

മത്സരത്തിനു തന്ന കഥാ സന്ദര്‍ഭം :

നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....

നീണ്ട എട്ടു വര്‍ഷം,ഒരു പാട് മാറ്റങ്ങള്‍ ഈ റയില്‍വേ സ്റ്റേഷനിലും വരുത്തിയിരിക്കുന്നു. കാഴ്ചകള്‍ സമ്പന്നമാണെങ്കിലും യാത്രക്കാരുടെ ഭാവം ഇപ്പോഴും ഒരു മാറ്റമില്ലാതെ അതേ നിസ്സംഗത തന്നെ. എല്ലാവരും പലവിധ കണക്കു കൂട്ടലുകളിലും പ്രതീക്ഷകളിലുമാണ്,രണ്ടറ്റവും കൂടിച്ചേരാത്ത റെയില്‍ പാളങ്ങള്‍ പോലെയുള്ള ജീവിത യാത്രകളില്‍....വ്യത്യസ്തമായ ചിന്തകളുടെയും,നിസ്സംഗതയുടെയും, മോഹങ്ങളുടെയും വിഴുപ്പുകളുമായി ആ തീവണ്ടി മറ്റൊരു തീരത്തേക്ക് മെല്ലെ ഒഴുകിത്തുടങ്ങി.

"സാര്‍ ടാക്സി വേണോ?"
പ്രായം ചെന്ന ആ കുറിയ മനുഷ്യന്റെ ചോദ്യം അകലേക്ക് മാഞ്ഞു പോയിക്കൊണ്ടിരുന്ന തീവണ്ടിയെ നോക്കി നിന്ന എന്നെ ഉണര്‍ത്തി.അയാളെ നോക്കി പോകാമെന്ന അര്‍ത്ഥത്തില്‍ തലയാട്ടി. അയാള്‍ എന്റെ ബാഗുകള്‍ വാങ്ങി സ്റ്റെഷന്റെ പുറത്തേക്ക് നടന്നു. ഞാന്‍ അയാളെ അനുഗമിച്ചു.

" സാറ് കൊറേ ദൂരേന്നു വര്വാ ന്നു തോന്നണ്ടല്ലോ ആണോ സാറേ?
ഞാന്‍ ചെറുതായൊന്നു മൂളിക്കൊടുത്തു.
"അല്ല ഇവിടെപ്പോ ഗള്‍ഫീന്ന് നിത്യം ആള്‍ക്കാര് തീവണ്ടീലല്ലേ വന്ന് ഇറങ്ങണത്. മ്മടെ ബോംബെ വരെ കമ്പനിക്കാര് ടിക്കെറ്റ് കൊടുക്കൂത്രേ, പിന്നെ പാവങ്ങള് ഈ ട്രെയിനില് തന്നെ യാത്ര. ഒരു റിസര്‍വ്വേഷനും ഇല്ലാതെ പഞ്ച പാവങ്ങള്. ഒരു ഗതീം പിടിക്ക്യാണ്ട് വര്വുആവും"
സംസാരത്തിനിടയില്‍ അയാള്‍ ബാഗുകളെല്ലാം കാറിന്റെ ഡിക്കിയില്‍ വെച്ചു.
"സാറ്ന്നാ കേറിയാട്ടെ.എവിടിക്യാ പോണ്ടെന്നു പറഞ്ഞില്യാലോ?"
"വടക്കാഞ്ചേരി കഴിഞ്ഞുള്ള പരുത്തിപ്പറയില്‍"
"അത് പറ, ഇവന് പണ്ട് അവിടെ സ്റൊപ്പുണ്ടായിരുന്നതാ. ഇപ്പൊ വടക്കാഞ്ചേരീല് സ്റ്റോപ്പില്ല. അതൊന്ടെന്തായി നമ്മക്കൊരു ഓട്ടം കിട്ടീ. ഈ റെന്റ് എ കാറൊക്കെ വന്നെ പിന്നെ പഴേ പോലെ ഓട്ടൊന്നും ഇല്ല സാറേ", അയാള്‍ ഇടയ്ക്കു എന്നെയൊന്നു നോക്കിക്കൊണ്ടു തുടര്‍ന്നു " ഞാനിങ്ങനെ വള വളാന്ന് സംസാരിക്കണതോണ്ട് സാറിന് വിരോധൊന്നും ഇല്ലല്ലോ അല്ലെ?
മറുപടിയെന്നോണം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.അല്ലെങ്കിലും അയാളുടെ സംസാരം ശ്രദ്ധിക്കുകയായിരുന്നില്ല. ടൌണിലെ മാറ്റങ്ങളെ ആവോളം നോക്കി ആസ്വദിക്കുകയായിരുന്നു. അയാള്‍ നാട്ടിലെ പല പ്രധാന സംഭവങ്ങളും വാര്‍ത്തകളുമൊക്കെ വളരെയധികം ആത്മാര്‍ത്ഥതയോടെ തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.ഇടയ്ക്ക് ചെറുതായി മൂളിക്കൊണ്ട് ഞാന്‍ അയാളെ നിരാശപ്പെടുത്തിയില്ല.ടൌണിന്റെ തിരക്കില്‍ നിന്നും ഞങ്ങള്‍ ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്,ഐശ്വര്യത്തിലേയ്ക്ക് അലിഞ്ഞു ചേര്‍ന്നു.
"ഡ്രൈവര്‍, കാറ് വ്യാസാ കോളെജ് വഴി പോയാ മതി.എനിക്കവിടെ ഒരാളെ കാണാനുണ്ട്"
"സാറ് പറഞ്ഞാ പിന്നെ നമ്മള് ഏത് വഴീം പോകുട്ടാ"
എഫ്‌ എം റേഡിയോയില്‍ നിന്നും നേരിയ ഒരു സംഗീതം കാറിനുള്ളില്‍ അലകളായി ഒഴുകി നടന്നു.ഡ്രൈവര്‍ അതിന്റെ ശബ്ദം അല്‍പ്പം ഉയര്‍ത്തി വെച്ചു. അയാളും ആ പാട്ടുകള്‍ക്കൊപ്പം മൂളുന്നത്തായി മനസ്സിലായി.ഞാന്‍ വെറുതെ കണ്ണുമടച്ചു ചാരിയിരുന്നു.ചിന്തകള്‍ വീണ്ടും മനസ്സിനെ മുഖരിതമാക്കിക്കൊണ്ടിരുന്നു.എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കുറ്റവാളിയെപ്പോലെ നാടുവിടേണ്ടി വന്ന തനിക്ക് ഒരു തിരിച്ചു വരവ് ഒട്ടും പ്രതീക്ഷിച്ചതല്ല. പട്ടിണി കൊണ്ടും രോഗങ്ങള്‍ കൊണ്ടും അവശനായപ്പോഴും ഒരിക്കല്‍ പോലും വീടിനെക്കുറിച്ചോ നന്ദനയെക്കുറിച്ചോ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ജീവിതത്തില്‍ നിന്നും ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടി എല്ലാം അവസാനിപ്പിക്കാന്‍ തനിക്ക് ശക്തിയുണ്ടായില്ല.അല്ലെങ്കില്‍ ഈ തിരിച്ചു വരവ് പോലും ഉണ്ടാകുമായിരുന്നില്ല. കൈമോശം വന്ന കളിപ്പാട്ടം കിട്ടുമ്പോഴുള്ള കുട്ടിക്കാലത്തെ ആ സന്തോഷം അമ്മയെയും നന്ദനയെയും തിരിച്ചു കിട്ടുമ്പോള്‍ തനിക്കുണ്ടാകുമോ?അറിയില്ല. വീട് അടുക്കുംതോറും ഉള്ളില്‍ വികാരങ്ങളുടെ വേലിയേറ്റമുണ്ടായി. ഇത്ര നാള്‍ ക്ഷമിചില്ലേ ഇനി കുറച്ചു സമയം കൂടിയല്ലേയുള്ളൂ ആ സംഗമത്തിന്...

"സാര്‍ കോളെജ് എത്തി, ഇവിടെ ആരെയോ കാണണമെന്ന് പറഞ്ഞല്ലോ"
ഞാന്‍ കണ്ണുകള്‍ തുറന്നു പുറത്തേക്ക് നോക്കി. അപരിചിതമായ ഒരു സ്ഥലത്ത് എത്തിയ പോലെ ഞാന്‍ സംശയ ഭാവേന ഡ്രൈവറെ നോക്കി.
"സാറ് പറഞ്ഞ കോളെജ് ഇതാ. ആരെ കാണേണ്ടത് സാറേ?'
"ഓക്കേ ഓക്കേ ഞാന്‍ പെട്ടെന്നു വേറെ എന്തോ ചിന്തിച്ചു പോയി, താന്‍ കാര്‍ അല്‍പ്പം അങ്ങ് മാറ്റി പാര്‍ക്ക്‌ ചെയ്തേക്ക്‌, ഞാനിപ്പോ വരാം, അധികം താമസിക്കില്ല"
വാച്ചുമാനില്‍ നിന്നും അനുവാദം വാങ്ങി എന്റെ സ്വപ്‌നങ്ങള്‍ തല്ലിയുടക്കപ്പെട്ട ആ സ്മാരക മന്ദിരത്തിലേക്ക് മെല്ലെ നടന്നു കയറി. മെയിന്‍ ബ്ലോക്കിന്റെ മുന്നിലെ കൊടിമരങ്ങള്‍ എന്നെ കണ്ടു മുദ്രാ വാക്യങ്ങള്‍ വിളിക്കുകയാണോ എന്ന് എനിക്ക് തോന്നി ? മുദ്രാവാക്യത്തിന്റെ അലയൊലി എന്റെ കാതുകളിലേക്ക് തുളഞ്ഞു കയറി....
"ഇന്ക്വിലാബ് സിന്ധാബാദ്‌, വിദ്യാര്‍ത്ഥി ഐക്യം സിന്ധാബാദ്‌
അയ്യോ പൊന്നെ പ്രിന്സിപ്പാളെ ക്ലാസുകളെല്ലാം ചോരുന്നൂ
ബില്‍ഡിംഗ് ഫണ്ടും പിടിഎ ഫണ്ടും കട്ടുമുടിച്ചേ പ്രിന്‍സിപ്പാള്‍"

ആ മുദ്രാവാക്യങ്ങള്‍ സംഭവബഹുലമായ ആ കോളെജ് ദിനങ്ങളിലേക്ക് എന്റെ ഓര്‍മ്മകളെ ശക്തിയായി തള്ളി വിട്ടു.ഞാന്‍ മുഷ്ടി ചുരുട്ടി കൈ ഉയര്‍ത്തി, മെയിന്‍ ബ്ലോക്കിന്റെ വരാന്തയിലൂടെ വന്ന ആ ജാഥയിലേക്ക് നടന്നു കയറി അവരോടൊപ്പം മുദ്രാവാക്യം വിളിച്ചു മുന്നോട്ടു നീങ്ങി.
"സൂചന സൂചന സൂചന മാത്രം ഓര്‍ത്തോ പ്രിന്‍സീ മൂരാച്ചീ....
സൂചന സൂചന സൂചന മാത്രം ഓര്‍ത്തോ പ്രിന്‍സീ മൂരാച്ചീ...."

"ഡാ രമേഷേ",
സുഹൃത്ത് രഘുവിന്റെ വിളി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. " എന്താടാ?"
"നിന്നെ മഞ്ജു അന്വേഷിക്കുന്നു. നിന്നോട് വേഗം കിന്നരി മാവിന്റെ ചോട്ടിലേക്ക് ചെല്ലാന്‍ "
"അളിയാ ഈ പ്രകടനം തീര്‍ന്നിട്ട് വരാം നീ ചെല്ല്."
"എടാ എന്തോ അത്യാവശ്യ കാര്യമാ, ഞാന്‍ പറഞ്ഞില്ലാന്നു വേണ്ടാ. വെറുതെ അവളുടെ വായിലിരിക്കുന്നത് കേള്‍ക്കണ്ടാ"
"ശരി എന്നാല്‍ നീയിങ്ങു വന്നെ, എനിക്ക് പകരം നീ ഈ പ്രകടനത്തില്‍ പോ ഞാന്‍ കെമിസ്ട്രി ലാബിന്റെ അടുത്ത് എത്തുമ്പോഴേക്കും ഇതില്‍ കേറിക്കോളാം"

രഘുവിനെ ഒരു വിധത്തില്‍ ആ ജാഥയില്‍ നിര്‍ത്തി ഞാന്‍ നേരെ കിന്നരി മാവിന്‍ ചുവട്ടിലേക്ക്‌ നീങ്ങി.മഞ്ജു ഏതോ ഒരു പെങ്കുട്ടിയെ നിര്‍ത്തിപ്പൊരിക്കുകയാണ്. അവളുടെ പരിചയപ്പെടലിന്റെ ഒരു നേരംപോക്ക്. നീണ്ട മുടിയില്‍ തുളസിക്കതിര്‍ ചൂടിയ ആ പെണ്‍കുട്ടിയെ പിന്‍കാഴ്ച്ചയില്‍ തന്നെ എനിക്കെന്തോ ആകര്‍ഷണം തോന്നി. ഗ്രാമത്തിന്റെ സകല നിഷ്കളങ്കതയുമുള്ള ഒരു കുട്ടിയായിരിക്കും എന്ന് ഞാന്‍ ഊഹിച്ചു.

"ആ വന്നല്ലോ വനമാല", മഞ്ജു എന്നെ നോക്കിയാണ് പറഞ്ഞത്.കേട്ട് നിന്നിരുന്ന പ്രീതിയും മൃദുലയുമൊക്കെ ചിരികളില്‍ പങ്കു കൊണ്ടെങ്കിലും ഒരു സിംഹത്തിന്റെ മുന്നിലകപ്പെട്ട മാന്‍ പേട പോലെ ആ കുട്ടി പേടിച്ചു നില്‍ക്കുകയാണ്‌.ഞാന്‍ കരുതിയ പോലെ തന്നെ വളരെ ആകര്‍ഷണീയത തോന്നിക്കുന്ന നിഷ്കളങ്ക മുഖമുള്ള ഒരു കൊച്ചു സുന്ദരി.

"രമേഷേ ഇത് നന്ദന. ഈ പാവത്തിന്റെ കയ്യില്‍ നമുക്ക് പരിപ്പുവട വാങ്ങിക്കാനുള്ള കാശ് തരാനില്ലാത്രേ.ഇവരൊക്കെ ഇങ്ങനെ കാശില്ല എന്ന് പറഞ്ഞാല്‍ നമ്മെ പോലുള്ള പാവങ്ങള്‍ എങ്ങിനെയാടാ ആ കാന്റീനിന്റെ പരിസരത്തു കൂടി നടക്കുന്നത്? നീ പറ എന്ത് ശിക്ഷ വിധിക്കണം?"

ഞാന്‍ ആ കുട്ടിയെ നോക്കി വിളറി വെളുത്ത്‌ ആകെ പേടിച്ചു നില്‍ക്കുകയാണ്‌. അവളുടെ മാന്‍ പെടയുടെത് പോലുള്ള കണ്ണുകള്‍ എന്നോട് രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുന്നതായി തോന്നി.ഞാന്‍ ആ കുട്ടിയെ മഞ്ജുവില്‍ നിന്നും രക്ഷിക്കാന്‍ തീരുമാനിച്ചു.

"മഞ്ജു, ഇത് എനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടിയാ, എന്റെ അകന്ന ഒരു ബന്ധത്തിലുള്ളതാ.നീ അവളെ വിട്ടേക്ക്.ഇന്നത്തെ കാന്റീന്‍ ചെലവ് എന്റെ വക. എന്താ സമ്മതിച്ചോ? "
"നൂറു വട്ടം സമ്മതം, എന്നാലും ഈ മാന്‍ പേടയെ നീ രക്ഷിച്ചെടുത്തല്ലോ അല്ലെ? കഥയൊന്നും ഞാന്‍ വിശ്വസിച്ചില്ലാ, ഈ സുന്ദരിക്കുട്ടിയെ എനിക്കും ബോധിച്ചു ഒരു പാവമാണെന്ന് തോന്നുന്നു. നീ പൊക്കോ കുട്യേ, നമുക്ക് വിശദമായി പിന്നീട് പരിചയപ്പെടാം ഓക്കേ, മോനെ രമേഷേ ചലോ കാന്റീന്‍!"
"എടീ പ്രീതെ നീയൊക്കെ കൂടിയാണ് മഞ്ജുവിന്റെ സ്വഭാവം നാശമാക്കുന്നത് അല്ലെ?"
"ഓ ഞങ്ങളൊക്കെ എന്നാ പിഴച്ചെന്നാ, ഇതൊക്കെ ബൈ ബര്‍ത്ത് കിട്ടുന്ന സ്വഭാവ കൊണങ്ങളല്ലേ.... ഞങ്ങളൊക്കെ പാവങ്ങളാണേ...."
"എടീ കൂടെ നടന്നു ഒറ്റുന്നോ? ദ്രോഹികളെ..ഇനിയിങ്ങു വാടി കാന്റീനിലേക്ക് എത്തയ്ക്കാ പുഴുങ്ങീത് ഉണ്ടെന്നും പറഞ്ഞു..അപ്പൊ കാണിച്ച് തരുന്നുണ്ട് ഞാന്‍.. .."
"അയ്യേ മഞ്ജൂ നീ കാണാത്തതൊന്നും കാണിക്കല്ലേ"
"നീ പോടാ വെറുതെ എന്റെ കയ്യീന്ന് മേടിക്കും..പറഞ്ഞേക്കാം. ദോ നിന്റെ കൂടെപ്പിറപ്പ് രഘു ഓടിവരുന്നുണ്ടല്ലോടാ വല്ല പണിയും കിട്ടിയോ?"
'രമേഷേ കോളേജിന്റെ ജൂബിലി ആഘോഷത്തിന് മമ്മൂട്ടി വരുന്നുണ്ടത്രേ.നമ്മളോട് പ്രിന്‍സി നല്ലൊരു നാടകം അവതരിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്"
"എന്തിനാടാ അയാളെ അഭിനയം പഠിപ്പിക്കാനാണോ? അതോ വല്ല പ്രതികാരവും തീര്‍ക്കാനുണ്ടോ പ്രിന്സിക്ക്?"
"ഓഫര്‍ സാമ്പത്തിക സഹായം ഉള്പ്പടെയാടാ അളിയാ..."
"അത് കൊള്ളാലോ മഞ്ജൂ നമുക്കൊന്ന് തകര്‍ത്താലോ? കലാ രംഗം ഒന്ന് പരിപോഷിപ്പിച്ചിട്ടു കുറെ നാളായി. ഒരു ചെത്ത് നാടകം കേറ്റണം എന്താ മഞ്ജൂ."
"പരിപോഷിപ്പിക്കുന്നതൊക്കെ കൊള്ളാം പക്ഷെ തകരാതെ നോക്കിയാല്‍ നിനക്ക് കൊള്ളാം, നീ നാടകം ഏതാന്നു പറ"
"നമുക്ക് റോമിയോ ജൂലിയറ്റ് തട്ടേല്‍ കേറ്റാം എന്താ?'
" ഈ ജൂലിയറ്റിനു മാച്ചാവുന്ന ഒരു റോമിയോ വേണ്ടേ? അതൊക്കെ വല്യ പാടാ മേക്കപ്പൊന്നും പണ്ടത്തെ പോലെ എശില്ലാ,വല്ല പുരാണോം എടുക്കാം അത് പോരേടാ?
"അളിയാ, മഞ്ജൂ, പ്രീതെ..നിങ്ങള്‍ക്കൊക്കെ സമ്മതമാണെങ്കില്‍ ഞാന്‍ റോമിയോ ആകാം.. എന്താ?എന്താ ആരും മിണ്ടാത്തെ? ഇനി വേണ്ടാനുണ്ടോ?"
"മോനെ രഘുവേ വല്ല ഹനുമാന്റെ റോള്‍ വരുമ്പോള്‍ നിന്നെ വിളിക്കാം കേട്ടാ, അഭിനയമോ ഇല്ല രൂപം കൊണ്ടെങ്കിലും പിടിച്ചു നില്‍ക്കാലോ ഏതു?

പിന്നീട് അവിടെ ഒരു കൂട്ടച്ചിരിയായിരുന്നു. പക്ഷെ രഘു മാത്രം ചിരിച്ചില്ല. മഞ്ജുവിന്റെ കമന്റ്റ് അവനു ശരിക്കും ഫീല്‍ ചെയ്തു.അവന്‍ മറ്റെന്തോ കാരണം പറഞ്ഞു അവിടെ നിന്നും പോയി.ഞങ്ങള്‍ കാന്റീനില്‍ പോയി നാടകത്തിനു ഏകദേശ രൂപം നല്‍കി.മഞ്ജുവും ഞാനും ലീഡ്‌ റോള്‍ കൈകാര്യം ചെയ്യാനും തീരുമാനിച്ചു അന്നത്തെ കാന്റീന്‍ യോഗം പിരിഞ്ഞു.കാന്റീനില്‍ നിന്നും വരുമ്പോള്‍ നന്ദന മെയിന്‍ ബ്ലോക്കിലെ ഒരു തൂണിനു മറവില്‍ ആരെയോ പ്രതീക്ഷിച്ചെന്നോണം നില്‍പ്പുണ്ടായിരുന്നു. ഞാന്‍ അവളുടെ അടുത്തെത്തിയപ്പോള്‍ അവള്‍ ഒന്ന് പുഞ്ചിരിച്ചു.
"രമേഷേട്ടന് തിരക്കുണ്ടോ? എനിക്കൊരൂട്ടം പറയാനുണ്ടായിരുന്നു"
അതിനെന്താ നന്ദന പറഞ്ഞോളൂ എനിക്ക് തിരക്കൊന്നുമില്ല.
"വല്യ ഉപകാരാ ഏട്ടന്‍ ചെയ്തത്.ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല"
"ഹോ അതൊന്നും അത്ര കാര്യാക്കണ്ട നന്ദനേ, കുട്ടിയെ കണ്ടപ്പോള്‍ വളരെ സാധുവാണെന്ന് തോന്നി അത് കൊണ്ട് സഹായിച്ചതാ.."
അവളുടെ ചിരിയില്‍ എന്തോ ആകര്‍ഷണീയത ഉണ്ടായിരുന്നു. പിന്നീട് പല സ്ഥലങ്ങളില്‍ വെച്ചും ഞങ്ങള്‍ കണ്ടു മുട്ടി. ഞങ്ങളില്‍ പ്രണയം തളിര്‍ത്തു അതൊരു വസന്തമാകുകയായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.വേര്‍പിരിയാനാകത്ത വിധം എന്തോ ഒരു ശക്തി ഞങ്ങളെ വല്ലാതെ അടുപ്പിച്ചു കൊണ്ടേയിരുന്നു. പിന്നീട് പലപ്പോഴും ഞങ്ങള്‍ പഞ്ചാരി മാവിന്റെ ചോട്ടില്‍ സ്വപ്നങ്ങള്‍ പരസ്പരം പങ്കുവെച്ചു.പ്രണയം ഞങ്ങളില്‍ പെരുമഴയായി പെയ്തിറങ്ങിക്കൊണ്ടിരുന്നു.ഒരു താലിച്ചരടില്‍ മാത്രമേ ഈ ബന്ധം അവസാനിപ്പിക്കാവൂ എന്ന് ഞങ്ങള്‍ ഉറച്ച ഒരു തീരുമാനമെടുത്തു.

ദിവസങ്ങള്‍ കടന്നു പോയി കോളേജിന്റെ ജൂബിലി ആഘോഷത്തിന്റെ ദിവസം വന്നു.വൈകീട്ട് ആറ് മണിക്ക് തീരേണ്ട പരിപാടി ഏഴ്മണിയായിട്ടും അവസാനിച്ചില്ല. മുഖ്യാഥിതി വരാന്‍ വൈകിയതായിരുന്നു കാരണം.ഞങ്ങള്‍ നാടകത്തിനു തയാറായി മേക്കപ്പിട്ടു ഇരിക്കാന്‍ തുടങ്ങിയിട്ട് ഒത്തിരി നേരമായിരുന്നു. മഞ്ജുവിന്റെ മുഖത്ത്‌ വല്ലാത്ത പരിഭ്രമം ഞാന്‍ ശ്രദ്ധിച്ചിരുന്നു.അവള്‍ പക്ഷെ അപ്പോള്‍ ഒന്നും പറഞ്ഞില്ല.
ഒടുവില്‍ നാടകം ഭംഗിയായി തീര്‍ന്നു.മഞ്ജു ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു എന്നെ സ്റ്റേജിന്റെ പിന്നിലുള്ള ഒരു ക്ലാസിലേക്ക് കൊണ്ട് പോയി. അവള്‍ ‍രഘുവിനെ കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു. പെട്ടെന്നുള്ള അവളുടെ ചോദ്യം എനിക്ക് എന്തോ പന്തികേടുണ്ടെന്ന് തോന്നി.വളരെയധികം നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ രഘു നടത്തിയ പ്രണയാഭ്യാര്‍ത്ഥനയെ പറ്റിയും അവന്‍ കയറിപ്പിടിച്ചതും ബലമായി ചുംബിച്ചതിനെ പറ്റിയുമൊക്കെ പറഞ്ഞു. എങ്കിലും വിശദമായി പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞു ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു പോന്നു. വരുമ്പോള്‍ രഘു ഗ്രീന്‍ റൂമിന്റെ അടുത്ത്‌ തന്നെ നില്‍പ്പുണ്ടായിരുന്നു.
"എന്താ അളിയാ ഒരു സ്വകാര്യം, കുറെ നേരമായല്ലോ പോയിട്ട്?"
അവന്റെ ആ ചോദ്യം മുന വെച്ചുള്ളതായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി,വെറുതെ ഒരു സീന്‍ ഉണ്ടാക്കേണ്ടാ എന്ന് കരുതി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് ഞാന്‍ അവിടെ നിന്നും പോയി.
പിറ്റേ ദിവസം നന്ദനയുടെ ഫോണ്‍ വന്നിട്ട് അമ്മ വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്.
ഞാന്‍ ഫോണ്‍ എടുത്തു.
"രമേഷേട്ടാ ഞാന്‍ നന്ദുവാണ്, നമ്മുടെ മഞ്ജു....നമ്മെ വിട്ടു...പോയി"
"വാട്ട്? എന്താ നന്ദൂ ഈ പറയുന്നത്?"
"അതെ ഏട്ടാ, ഇന്നലെ നാടകം കഴിഞ്ഞു അവള്‍ വീട്ടിലെത്തിയിട്ടില്ല.അന്വേഷിച്ചപ്പോള്‍ അവളെ ആരോ.....അവളെ ആരോ..."
" എന്തായാലും പറ നന്ദൂ എന്താ ഉണ്ടായേ?
"മഞ്ജൂനേ ആരോ നശിപ്പിച്ച്‌ കൊലപ്പെടുത്തി ഏട്ടാ, അതും നമ്മുടെ കോളേജില്‍ വെച്ച് തന്നെ"
"ദൈവമേ എനിക്ക് കേള്‍ക്കാന്‍ വയ്യല്ലോ...ഞാനിപ്പോ എന്താ ചെയ്യാ..ദൈവമേ...നന്ദു നമുക്ക് കോളെജ് വരെ ഒന്ന് പോയാലോ...നീ വേഗം റെഡിയാകൂ..ഞാന്‍ ..ഞാനിപ്പോ വരാം....
"വേണ്ട ഏട്ടാ, അത് പറയാന്‍ കൂടിയാണ് ഞാന്‍ വിളിച്ചത്.ആ രഘു, ഏട്ടനെ സംശയമുണ്ടെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ടത്രേ,അത് കൊണ്ട് തല്‍ക്കാലമൊന്ന് മാറി നില്‍ക്കാന്‍ പ്രീത ഏട്ടനോട് പറയാന്‍ പറഞ്ഞു"
"ദൈവമേ.. എന്നെ സംശയമോ? എനിക്കറിയാം ഇതിന്റെ പിന്നില്‍ അവനാണ് രഘു. അവള്‍ എല്ലാം എന്നോട് പറയാനിരുന്നതാ, ഞാനാ പറഞ്ഞത് എല്ലാം പിന്നീട് സംസാരിക്കാമെന്ന്...എനിക്കൊരു സമാധാനവും കിട്ടണില്ലല്ലോ ദൈവമേ.. ഞാനീ നാട് വിട്ടു എങ്ങോട്ട് മാറി നില്‍ക്കാന്‍ നന്ദൂ.."
"ഏട്ടന്‍ തല്‍ക്കാലത്തേക്ക് എങ്ങോട്ടെങ്കിലും പോകൂ...എല്ലാമൊന്നു കലങ്ങിത്തെളിഞ്ഞിട്ടു തിരിച്ചു വന്നാല്‍ മതി...അല്ലെങ്കില്‍ എന്റെ ഏട്ടനെ..."

കരഞ്ഞു കൊണ്ടാണ് നന്ദന ഫോണ്‍ കട്ട് ചെയ്തത്. അമ്മ പലവട്ടം ചോദിച്ചിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല, പറയാന്‍ നാവു വഴങ്ങിയില്ല.പിന്നീട് കോളേജില്‍ നിന്ന് പ്രിന്‍സിപ്പാളും ഫോണ്‍ ചെയ്തു ഒന്ന് മാറി നിന്നോളാന്‍ പറഞ്ഞു.കേസിന്റെ ഗതി അറിഞ്ഞിട്ടു വന്നാല്‍ മതിയെന്ന് ഉപദേശിക്കുകയും ചെയ്തു. അമ്മയോട് ഒരു വിധം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.അന്ന് ഒരു ബാഗുമെടുത്ത് ഇറങ്ങിയതാണ്....നാട് വിട്ട്, വീട് വിട്ട്, എന്റെ എല്ലാമെല്ലാമായിരുന നന്ദനയെ വിട്ട്..നീണ്ട എട്ടു വര്‍ഷം...

ഒരു നീണ്ട നെടുവീര്‍പ്പോടെ ഞാന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നു. വെറുതെ കിന്നരി മാവിന്റെ ചോട്ടിലൂടെ അല്‍പ്പം നടന്നു.പഴയ ഓര്‍മ്മകളിലൂടെ ഒരു തിരിഞ്ഞു നടത്തം. അവിടുന്ന് മെല്ലെ ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് പോയി. പഴയ സ്റ്റേജിന്റെ സ്ഥാനത്ത്‌ നല്ലൊരു ഓഡിറ്റോറിയം.ഏറ്റവും പിന്നിലെ നിരയിലെ കസേരയില്‍ ഞാന്‍ ഇരുന്നു.മഞ്ജുവിന്റെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ നോവിച്ചു. കേസ് തെളിഞ്ഞില്ലായിരുന്നെങ്കില്‍ ഈ ലോകം മുഴുവന്‍ മഞ്ജുവിന്റെ കൊലയാളിയായി തന്നെ മുദ്ര കുത്തിയേനെ. നന്ദനയുടെ ഈ കത്ത് കിട്ടിയില്ലായിരുന്നെന്കില്‍ സത്യമറിയാതെ ഞാനും നീറി നീറി മരിച്ചു പോയേനെ.പോക്കറ്റില്‍ നിന്നും ആ കത്തെടുത്തു വീണ്ടും അതിലൂടെ ഒന്ന് കണ്ണോടിച്ചു..

സ്നേഹം നിറഞ്ഞ ഏട്ടന്,
ഇതിപ്പോള്‍ മറുപടി കിട്ടാത്ത ഇരുപതാമത്തെ എഴുത്താണ്. ഒരു വരിയെങ്കിലും കുറിച്ച് ഏട്ടനൊന്നു അയച്ചു കൂടെ ? ഞാന്‍ കഴിഞ്ഞ മാസം അമ്മയെ കണ്ടിരുന്നു. അമ്മയ്ക്ക് തീരെ വയ്യാണ്ടായിരിക്കുന്നു. പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഈ കത്ത് എഴുതുന്നത്‌. അച്ഛന്‍ കഴിഞ്ഞ ദിവസം വക്കീലിനെ കണ്ടിരുന്നു. കേസ് നമ്മള്‍ ജയിക്കും എന്നാണു പറയുന്നത്. രഘു ഹാജരാക്കിയ കള്ള സാക്ഷികളെ വിസ്തരിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണത്രെ പറഞ്ഞത്. രഘു തന്നെയാണ് ഈ ക്രൂര കൃത്യം ചെയ്തത്.ഫൊറന്സിക്കിന്റെ റിപ്പോര്‍ട്ടില്‍ തിരുമറി നടന്നു എന്നാ ആരോപണം വന്നത് കൊണ്ടാണ് കേസ് ഇത്രയും നീണ്ടു പോയത്. എല്ലാം കഴിഞ്ഞ കത്തില്‍ എഴുതിയിരുന്നല്ലോ. റിപ്പോര്‍ട്ട് കിട്ടി അത് കോടതി സ്വീകരിച്ചാല്‍ രഘുവിനു ശിക്ഷ ലഭിക്കും എന്ന് ഉറപ്പാണ്. രഘു മനപ്പൂര്‍വ്വം ഏട്ടനെ കുരുക്കാന്‍ വേണ്ടി ചെയ്തതാണ്. എന്തായാലും ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. ഈ കത്ത് കിട്ടിയാല്‍ ഏട്ടന്‍ വരണം. വീട്ടില്‍ അമ്മയുടെ കാര്യവും ഓരോ ദിവസം കഴിയും തോറും വിഷമത്തിലാണ്. അമ്മയെ ഓര്‍ത്തെങ്കിലും ഏട്ടന്‍ വേഗം വരണം.ഇനിയും എത്ര നാള് വേണമെങ്കിലും കാത്തിരിക്കാന്‍ ഈ നന്ദു ഒരുക്കമാണ്.പക്ഷെ ഇനിയും ഏട്ടന്‍ ഒളിച്ചോടെണ്ട കാര്യമില്ല. സത്യം എല്ലാവര്‍ക്കും ബോധ്യമായി.അതിനാല്‍ ഈ കത്ത് കിട്ടിയാല്‍ ഏട്ടന്‍ വരണം, ഞാന്‍ ഏട്ടന്റെ വരവും നോക്കി കാത്തിരിക്കും,ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ,
ഏട്ടന്റെ സ്വന്തം നന്ദു.

" അല്ലേ സാറ് ഇത് ഇവിടെ ഇരിക്ക്യാ?" ഡ്രൈവറുടെ ചോദ്യം കേട്ടു ഞാന്‍ കത്തില്‍ നിനും തലയുയര്‍ത്തി നോക്കി.
"ഞാനിത് എവിടെയൊക്കെ നോക്കി. പോകണ്ട സാറേ?നേരം ഒരുപാടായേ.."

"പോകണം, ഇനിയും വൈകിക്കൂടാ, വരൂ, അവള്‍ കാത്തിരിക്കുന്നുണ്ടാകും.....എന്റെ നന്ദു.

Sunday, June 21, 2009

അവിചാരിതം....തികച്ചും അവിചാരിതം

തോന്ന്യാശ്രമാത്തിലെ റിയാലിറ്റി കഥാ മത്സരത്തില്‍ ആദ്യ റൌണ്ടില്‍ വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കഥ വായിക്കാത്തവര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

മത്സരത്തിനു തന്ന കഥാ സന്ദര്‍ഭം ആദ്യം..
ജയിംസ് വാച്ചില്‍ നോക്കി. 11മണി ആയിരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ഗബ്രിച്ചായന്‍ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു. ഈ റിക്ഷായുടെ കുലുക്കത്തിലും ഇങ്ങേര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു? അല്ലെങ്കില്‍ തന്നെ ടൌണില്‍ ചായക്കടയില്‍ നിന്ന് വലിച്ചുകേറ്റിയത് ചില്ലറ വല്ലതുമാണോ?കര്‍ത്താവേ, ബ്രോക്കറിങ് പ്രൊഫഷനായി ഏറ്റെടുക്കുന്നവര്‍ക്ക് നീ അപാര ദഹന ശക്തിയാണല്ലോ കൊടുക്കുന്നത്. ഈ പെണ്ണുകാണല്‍ എന്ന കടമ്പ വല്ലാത്തതു തന്നെയാണ്. ക്യത്യമായി പറഞ്ഞാല്‍ ഇത് 17 )മത്തേതാണ്. ഇതെങ്കിലും ഒന്ന് ശരിയായാല്‍ മതിയാരുന്നു. ആദ്യമൊക്കെ പെണ്ണ് സുന്ദരിയായിരിക്കണം,വിദ്യാഭ്യാസമുള്ളവളായിരിക്കണം, പിന്നെ മുടി ഉള്ളവളായിരിക്കണം ഇങ്ങനെ എത്രയെത്രഡിമാന്റുകളായിരുന്നു താന്‍ ഓരോ മൂന്നാമന്മാരോടും പറഞ്ഞിരുന്നത്. മൂന്ന് മാസത്തെ ലീവ് ഉണ്ടല്ലോ, പതുക്കെയായലു തനിക്ക് യൊജിച്ച ഒരുവളെ തന്നെ നല്ലപാതിയായി കിട്ടണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ഡിമാന്റുകളും പിന്‍ വലിച്ചിരിക്കുന്നു. മാമോദിസ മുങ്ങിയ ഒരു പെണ്ണ് അത്രയും മതി.അല്ലേല്‍ ഈ അവധി തീരുന്നതിനു മുമ്പ് കല്യാണം നടന്നില്ലേല്‍? ഇനിയൊരു ലീവിന് 2 കൊല്ലം കാത്തിരിക്കണം. അപ്പോള്‍ പ്രായം 36 . കര്‍ത്താവേ, ദുബായില്‍ തന്റെ ഒപ്പം താമസിക്കുന്ന റഹ്മാന്‍ പറയുന്നത് ജയിംസ് ഓര്‍ത്തു. ഡാ എന്റെ മോള്‍ക്ക് 4 കൊല്ലം കൂടി കഴിഞ്ഞാല്‍ നിക്കാഹ് ആലോചിക്കണം.ന്നാലും അനക്ക് അതിനു മുമ്പ് കല്യാണം നടക്കുമോ? റഹ്മാന്‍ കുട്ടികാലത്ത് തന്റെ സഹപാഠിയായിരുന്നു .ഇനി എങ്ങോട്ടാണ് പോകേണ്ടത്? നിങ്ങള്‍ പറഞ്ഞ സ്കൂള്‍ എത്തി. ഓട്ടോറിക്ഷാ ഡ്രൈവര്‍ പിന്നോട്ട് തിരിഞ്ഞ് ചോദ്യമുയര്‍ത്തി. ജയിംസ് ഗബ്രിച്ചായനെ തട്ടി വിളിച്ചു.............................

ഗബ്രി ഉറക്കത്തില്‍ നിന്നും "എന്റെ പരുമല പുണ്യാളോ എന്നെ കൊല്ലാന്‍ വരുന്നേ രക്ഷിക്കണേ.."എന്നുറക്കെ വിളിച്ച് ഞെട്ടിയുണര്‍ന്നു. ചുറ്റും ഒന്ന് നോക്കിയിട്ട്,
"
ഹോ ഞാന്‍ പേടിച്ച് പോയി! വല്ല കല്യാണക്കാരാകും എന്ന് കരുതി".

ഒരു
നെടുവീര്‍പ്പോടെ ഗബ്രിച്ചായന്‍ പോക്കറ്റില്‍ നിന്നും ഒരു കൊച്ചു ഡയറി പുറത്തെടുത്ത് പേജുകള്‍ മറിച്ച്‌ നോക്കിയിട്ട്:

"
കുവൈറ്റ്‌ ചാണ്ടി, സ്കൂളിന്റെ വലതു വശത്തെ ടാറിടാത്ത റോഡില്‍ കൂടി ഒരു നൂറു മീറ്റര്‍ പോയാല്‍ വീടിന്റെ ഗയിറ്റിനു മുന്നില്‍ ഏറോപ്ലയിനിന്റെ രൂപം പണിത് വെച്ചത് അടയാളം.
ഗബ്രി ഡ്രൈവറെ നോക്കി റോഡിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു,
"
ദാ കാണുന്ന റോഡില്‍ കൂടി പോട്ടെ. ഇതൊക്കെ സ്വിംഗ് സ്വിങ്ങാക്കി കയ്യിത്താരാം എന്റെ ജയിംസ്‌ നീ പേടിക്കാണ്ടിരി. കാര്യം പെണ്‍ വീട്ടുകാര്‍ ഇത്തിരി മുന്തിയ കൂട്ടാരാ. പഴയ തറവാട്ടുകാരാ, തോമാസ്ലീഹ നേരിട്ട് വന്നു ആസിഡ് മുക്കീതാന്നാ അല്ല മാമോദീസ മുക്കീതാന്ന വെയ്പ്പ്, നമ്മളതൊന്നും ശ്രദ്ധിക്കാന്‍ പോണ്ട, കുട്ടി തെറ്റില്യാന്നാ അറിഞ്ഞത്

ഞാന്‍ നിസ്സംഗമായി എല്ലാം മൂളിക്കേട്ടു.

ഗബ്രി തുടര്‍ന്നു, "എന്ന് കരുതി നമ്മളും മോശക്കാരാന്നല്ലാട്ടോ, നമ്മളും കൊല്ലും കൊലയുമോക്കെയുള്ള തറവാട്ടുകാരല്ലേ , ഇപ്പൊ കൊല്ലില്ലാ എന്നല്ലേയുള്ളൂ ബാക്കിയോക്കെയില്ലേ?"
ഗബ്രി പുറത്തേക്ക് നോക്കി ഡ്രൈവറോട് പറഞ്ഞു, " നിര്‍ത്ത് നിര്‍ത്ത് ദാ കാണുന്നതല്ലേ എറോപ്ലയിന്‍? ഇതുതന്നെ വീട്. വാ ഐശ്വര്യമായി ഇറങ്ങിക്കെ, ഒക്കെ സ്വിംഗ് സ്വിങ്ങായി ഗബ്രിയേല്‍ ശരിയാക്കിത്തരാം"

ഗബ്രിയേല്‍ മുന്നിലായും ഞാന്‍ അയാളുടെ പിന്നിലായും നടന്നു.ഒരു കൊച്ചു വീട്, ഗയിറ്റില്‍ നിന്നും രണ്ടടി നടക്കണം വീട്ടിലേക്കെത്താന്‍. വഴിയില്‍ ചപ്പു ചവറുകള്‍ കിടക്കുന്നു, തൂത്ത് വാരിയ ലക്ഷണമൊന്നും കാണുന്നില്ല, പടികള്‍ക്കു മുന്നിലായി കോഴികള്‍ കാഷ്ടിച്ച് വെച്ചിരിക്കുന്നു. ഒരു മാതൃകാ കൃഷിഭവന്റെ ലോക്കല്‍ ബ്രാഞ്ചിലേക്ക് കയറിപ്പോകുന്നത്‌ പോലെ എനിക്ക് വീട്ടിലേക്കു കയറുമ്പോള്‍ അനുഭവപ്പെട്ടു.

ഗബ്രിചായന്‍ ഉമ്മറത്തേക്ക് കയറി.പള പള മിന്നുന്ന സില്‍ക്ക് ജുബ്ബ കഴുത്തോളം വിഴുങ്ങി ഒരു ഉപ്പുമാങ്ങാ ഭരനിപോലെയുള്ള കുവൈറ്റ്‌ ചാണ്ടിയുടെ രൂപം കണ്ടപ്പോള്‍ എനിക്ക് അല്‍പ്പം അസ്വസ്ഥത തോന്നി. കാരണം പേറ്റന്ട് ഇതാണെങ്കില്‍ പ്രോഡക്റ്റ് എന്തായിരിക്കും എന്നുള്ള ചിന്ത എന്നെ വല്ലാതെ അസ്വസ്ത്ഥനാക്കി. സ്വര്‍ണ്ണ ഫ്രെയിമിന്റെ കണ്ണട ശരിയാക്കി വെച്ച് അയാള്‍ എന്നെയൊന്നു നോക്കി. എനിക്ക് എന്തോ ഒരു ലജ്ജ തോന്നി. അറിയാതെ ഞാനും എന്റെ ശരീരമോന്നു നോക്കി,വയറിന്റെ മുകളിലുള്ള മസിലുകള്‍ ഒന്ന് മുറുക്കിപ്പിടിച്ചു. ശ്വാസം വളരെ പ്രയാസപ്പെട്ടാണ് പിന്നീട് എന്റെ ശരീരത്തില്‍ കയറിയിറങ്ങിയത്‌ എന്ന് എനിക്ക് മനസ്സിലായി.

ചാണ്ടി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.അകം ഒരു വിശാലമായ ഹാളായിരുന്നു. പുറത്തു നിന്ന് നോക്കിയാല്‍ ഇതൊരു ചെറിയ വീടായേ തോന്നിയുള്ളൂ. അകത്ത് കേറിയപ്പോഴല്ലേ ഇതൊരു വിശാലമായ ഷോറൂമാനെന്നു മനസ്സിലായത്‌.ഗബ്രി വാചാലനായി എന്റെയും കുടുംബക്കാരുടെയും വീര ശൂര പരാക്രമണങ്ങളും കൊണകണങ്ങളും അല്‍പ്പം പോലും പിശുക്കില്ലാതെ കുവൈറ്റ്‌ ചാണ്ടിയുടെ തിരു സന്നിധിയില്‍ വിളമ്പുകയാണ്.ഗബ്രിയുടെ അസ്ഥാനത്തുള്ള ചില പൊക്കിപ്പറച്ചില്‍ കേട്ടപ്പോള്‍ ഗബ്രിയെ ഒറ്റടിക്ക് തെമ്മാടിക്കുഴിയിലടക്കാന്‍ എനിക്ക് ശക്തമായ തോന്നലുണ്ടായി. എന്നാല്‍ പിന്നീട് കുവൈറ്റ്‌ ചാണ്ടിയുടെ ഗ്രാമഫോണ്‍ തിരിഞ്ഞു തുടങ്ങി.കടിച്ചതിനേക്കാള്‍ വലുതാണ്‌ മടയില്‍ കിടക്കുന്നത് എന്ന് പറഞ്ഞ പോലെയായിരുന്നു അവസ്ഥ. ഇതിലും എത്രയോ ഭേതമായിരുന്നു ഗബ്രി. ചാണ്ടി എന്ന ബോംബിനു മുന്നില്‍ ഗബ്രി വെറും ഒരു ചീനപ്പടക്കമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

ഇറാഖ്‌ അധിനിവേശവും കുവൈറ്റ്‌ യുദ്ധവും, യുദ്ധാനന്തര കുവൈറ്റ്‌ പ്രശ്നവും കഴിഞ്ഞു ഏതാണ്ട് സദ്ദാമിന്റെ വധശിക്ഷ കഴിഞ്ഞതോടു കൂടി കുമ്മായത്തില്‍ മുഖം കുത്തിവീന പോലെ ഒരു രൂപം ചായയുമായി വന്നു. ഒരു നിമിഷം മെത്രാനച്ചന്‍ മുഖ്യമന്ത്രിയായ പോലെ ഒരു ഞെട്ടല്‍ എനിക്കുണ്ടായി.കുവൈറ്റ്‌ ചാണ്ടി എന്റെ ഭാവം കണ്ടെന്നോണം പറഞ്ഞു,

" ഇത് ആലീസ്‌, എന്റെ ഭാര്യയാണ്. അവള്‍ക്കു ബ്യൂട്ടി പാര്‍ലറില്‍ കേറിയതിന്റെ ശിക്ഷയാ മുഖമിങ്ങനെ വെളുത്തോണ്ടിരിക്കുന്നത്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടല്ലെയുള്ളൂ ഇത് വയിറ്റ് വാഷ്‌ ചെയ്തപോലെയായി ബൂ...ഹു... ഹു ഹൂ ”.

കുവൈറ്റ്‌ ചാണ്ടി ഗള്‍ഫ്‌ യുദ്ധത്തിനു ശേഷം ഇങ്ങനെയാണ് ചിരിക്കാറ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ആലീസ്‌ ഒളികണ്ണിട്ട്‌ ചാണ്ടിച്ചനെ നോക്കി"അച്ചായ വേണ്ടാട്ടോ, ഞാന്‍ മറ്റേ കാര്യം പറയണോ?”

അത് കേട്ടമാത്രമയില്‍ കുവൈറ്റ്‌ അച്ചായന്‍ ഫിലമെന്റ്റ് അടിച്ചുപോയ ബള്‍ബ് പോലെ കെട്ട്‌പോയി.എന്തായിരിക്കും രഹസ്യമെന്ന് അറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും, വന്ന കാര്യത്തിലേക്ക് കടക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു.

ഒരു പച്ച നിറത്തിലുള്ള സാരിയുമുടുത്തു ഒരു സുന്ദരിപ്പെണ്ണ് എനിക്ക് അഭിമുഖമായി നിന്നു. എന്റെ ക്യാമറ കണ്ണുകള്‍ താഴെ നിന്നും സ്കാന്‍ ചെയ്ത്‌ ചെയ്ത്‌ അങ്ങ് തലശ്ശേരി വരെ എത്തി. കൊള്ളാം നല്ല കുട്ടി. ഇത്തിരി തടി കൂടുതലുള്ളത് കൊളസ്ട്രോള്‍ അമിതമായി അടിഞ്ഞു ചേര്‍ന്നതിലാണെന്ന് ഞാന്‍ മനസ്സിലാക്കി. അത് കയറു ചാട്ടംകൊണ്ടോ വീട്ടുപണി കൊണ്ടോ കുറപ്പിക്കാം എന്നും കണക്കു കൂട്ടി. മൊത്തത്തില്‍ വലിയ കുഴപ്പമില്ല. ഒരു എണ്‍പതു മാര്‍ക്ക് വരെ കൊടുക്കാവുന്ന ഒരു ഫിഗര്‍,പക്ഷെ ആക്രാന്തം കൊണ്ട് ഞാന്‍ നൂറ്റിപ്പത്ത് മാര്‍ക്കും നല്‍കി. തടസ്സങ്ങളൊന്നും ഇല്ലാതെ ഇതെങ്കിലും നടക്കണം എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഗബ്രി വിജയീ ഭാവത്തില്‍ എന്നെ നോക്കി വളരെ പതുക്കെ,"എല്ലാം സ്വിംഗ് സ്വിങ്ങല്ലേ?" എന്നിട്ട് അവരോടായി പറഞ്ഞു,"അവര്‍ക്കു വല്ലതും പറയാനുന്ടെന്കി നമ്മളിവിടെ നിക്കണത് ശരിയല്ലല്ലോ. നമുക്കങ്ങോട്ടു മാറിനില്‍ക്കാം"

ഗബ്രിയുടെ ബുദ്ധിപരമായ നീക്കത്തില്‍ എനിക്ക് ഗബ്രിയോടു വല്ലാത്ത ആരാധന തോന്നി. കസേരയില്‍ നിന്നും എഴുനേറ്റു അവളുടെ അടുത്തേക്ക്‌ നിന്നു, തൊണ്ടയൊന്നു ശരിയാക്കി ഞാന്‍ ചോദിച്ചു,
"
എന്താ പേര്?"

റോസ് മേരി.

ഇപ്പോള്‍ പഠിക്കുന്നുണ്ടോ?

ഇല്ല ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒന്നിനും പോയില്ല, പിന്നെ പെണ്ണുകാണല്‍..

എന്നെ ഇഷ്ടമായോ?

അതിനവള്‍ മറുപടിയൊന്നും പറഞ്ഞില്ല.ഒരു പുഞ്ചിരി മാത്രം.എങ്കിലും ഞാന്‍ നിര്‍ബന്ധിച്ചു. ഇതിനുമുന്‍പ് പതിനാറു പെണ്ണ് കണ്ട കഥയും ഒന്നും നടക്കാതെ പോയതും, കല്യാണം നടക്കണം എന്നആഗ്രഹത്താല്‍ ഞാന്‍ റോസിനോട് ഒരു അടുത്ത സുഹൃത്തിനെപ്പോലെയാണ് സംസാരിച്ചത്‌. ഒടുവില്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും വളരെ അടുത്തവരെപ്പോലെ റോസ് സംസാരിച്ചു തുടങ്ങി,

"
ഇവിടെ ഇഷ്ടമല്ലല്ലോ പ്രധാനം, മറ്റു പലതുമല്ലേ? എന്നെ ഇഷ്ടപ്പട്ട പലരും പിന്നീട് വഴി വന്നിട്ടില്ല. എങ്കിലും ഒരു ദിനചര്യപോലെ ഞാന്‍ വീണ്ടും വീണ്ടും അരങ്ങിലേക്കെത്തുന്ന ഒരു കോമാളിയെപ്പോലെ കാണികളെ രസിപ്പിക്കുന്നു"

"
റോസ് നന്നായി സംസാരിക്കുന്നു, റോസിനെ ഇഷ്ടപ്പെട്ടവര്‍ മടങ്ങി വരാത്തെതിന്റെ കാരണം സ്ത്രീധനമാണെങ്കില്‍ സോറി, എനിക്കതില്‍ താല്പര്യമില്ല, എന്നെ സ്നേഹിക്കുന്ന, എന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടി, അത് മാത്രം മതി എനിക്ക്"

അതുമാത്രം മതിയോ?

അവളുടെ ചോദ്യം എന്നില്‍ ഒരു നടുക്കമുണ്ടാക്കി.
"
റോസ്, നീ എന്താണ് ഉദ്ദേശിച്ചത്? പറയൂ. നിന്നെ ഇഷ്ട്ടപപെട്ടവര്‍ തിരിച്ചു വരാത്തതിന്റെ കാരണങ്ങള്‍...അതെന്താണെങ്കിലും പറയൂ. ഒരു പക്ഷെ ഈ വിവാഹം നടന്നാല്‍...പിന്നീട് ഞാന്‍ അറിയാനിടയായാല്‍.... പ്ലീസ്‌ പറയൂ റോസ്"

"അതെ..ഒരുപക്ഷെ ഈ വിവാഹം നടന്നാലും ഇല്ലെങ്കിലും,എന്റെ ജീവിതം വീടിനുള്ളില്‍ അവസാനിച്ചാലും സത്യം അറിഞ്ഞവര്‍ പൂര്‍ണ്ണ സമ്മതത്തോടെ എന്നെ സ്വീകരിക്കുന്നത്‌ വരെ എനിക്കീ വേഷം കെട്ടിയെ ഒക്കൂ"

"
റോസ്, തെളിച്ചു പറയൂ, നിന്റെ സത്യസന്ധത ഞാന്‍ മനസ്സിലാക്കുന്നു. എന്നോട് പറയാന്‍ കഴിയുന്നതാണെങ്കില്‍ റോസ് നീയത് പറയണം"

"അല്ലെങ്കിലും ഇതൊന്നും ആരും അറിയില്ലെന്ന് ധരിക്കാന്‍ മാത്രം ഒരു വിഡ്ഢിയല്ലല്ലോ ഞാന്‍,
എന്നെ കാണാന്‍ വരുന്നവരോട് പറഞ്ഞു പറഞ്ഞു എനിക്കിതു പറയുക എന്നതും ഒരു ചടങ്ങാണ്, കഥയറിഞ്ഞാല്‍ ഒരു പക്ഷെ നിങ്ങളും തിരിച്ചു വരില്ലായിരിക്കാം, എങ്കിലും എനിക്ക് പറഞ്ഞെ മതിയാകൂ, വിഴുപ്പുകളുമായി ഒരു ജീവിതം പേറാന്‍ എനിക്കാവില്ല.അതുകൊണ്ടാണ്"

"
റോസ് മുഖവുരയ്ക്ക് ദൈര്‍ഖ്യം കൂടുന്നു, ഇനിയും വളച്ച് കെട്ടാതെ പറയൂ..."

"തന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടി പതിവ്രതയായിരിക്കണം എന്നാണ് ഏതോരു പുരുഷനും ആഗ്രഹിക്കുന്നത്,എനിക്ക് ആഗ്രഹം സാധിച്ചു തരാനാവില്ല. മനപ്പൂര്‍വ്വം ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ റാഗിങ്ങിന്റെ പേരില്‍ രണ്ടുമൂന്നു സീനിയര്‍ ആണ്‍കുട്ടികള്‍ എന്നെ ബലമായി നശിപ്പിച്ചു. ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ ഞാന്‍ അവരുടെ ആക്രമണത്തിനു ഇരയായി. മാനഹാനി ഭയന്നു ഞങ്ങള്‍ ആ നാട്ടില്‍ നിന്നും വീട് വിറ്റു പോന്നു. കേസും കൂട്ടവുമോന്നും ഉണ്ടായില്ല. എന്റെ ജീവിതം തകരുമെന്ന് പേടിച്ചു ഒരു കേസിനും പോകണ്ട എന്നാണു എല്ലാവരും തീരുമാനിച്ചത്? ഇതെല്ലാം മൂടി വെച്ച് ഒരു സമാധാന ജീവിതം എനിക്കുണ്ടാകുമോ? അങ്ങിനെ ഏതു നിമിഷവും പുറത്തു വരാവുന്ന ഒരു ഭൂതത്തെ ഒളിപ്പിച്ചു വെച്ചുകൊണ്ടുള്ള ഒരു ജീവിതം, അതില്‍ എനിക്ക് സത്യമായും താല്പര്യമില്ല മിസ്റ്റര്‍ ജയിംസ്‌. എന്നോടൊന്നും തോന്നരുത്‌, ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കൂ.."

ഞാന്‍ വല്ലാത്തൊരു ധര്‍മ്മസങ്കടത്തിലായി.വാക്കുകള്‍ക്ക് വേണ്ടി തപ്പിത്തടഞ്ഞു, കടുത്ത മൌനം അവിടെ അല്‍പ്പ നേരം തളം കെട്ടി നിന്നു. അവസാനം ഒരു തീരുമാനം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

"
റോസ്, നീ വളരെ സത്യസന്ധയാണ്. നിന്നെ കാണാതെ പോയാല്‍ എന്റെ ജന്മം തികച്ചും അര്‍ത്ഥ ശൂന്യമാകും. വിവാഹത്തിനു ശേഷം എത്ര കുടുംബങ്ങള്‍ അവിഹിത ബന്ധങ്ങളാല്‍ തകര്‍ന്നതും ഏച്ച് കെട്ടി കൊണ്ട് നടക്കുനതുമായ ജീവിതങ്ങള്‍ നമ്മള്‍ കാണുന്നു. ആയിരം
കള്ളങ്ങള്‍
പറഞ്ഞ് ഒരു വിവാഹം നടത്തുമ്പോള്‍ ഒരു സത്യത്തിന്റെ പേരില്‍ ഒരു വിവാഹം മുടങ്ങില്ല റോസ്. ഞാനിതാ വാക്ക് തരുന്നു. വിവാഹം നടക്കും.ഞാന്‍ കണ്ടെത്തിയ പുണ്യത്തെ എനിക്ക് കൈവിടാനാകില്ല, ഇത് സത്യം"

റോസ്
അപ്പോഴും ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു, അപ്പോള്‍ അവളുടെ മുഖം കൂടുതല്‍ ശോഭയുള്ളതായി എനിക്ക് തോന്നി.

"
എന്താ ജയിംസ്, കഴിഞ്ഞില്ലേ കിന്നാരം?എല്ലാം സ്വിംഗ് സ്വിങ്ങല്ലേ?"
ഗബ്രി ഹാളിലേക്ക് കയറിവന്നു ചോദിച്ചു. “നിങ്ങടെ കഴിഞ്ഞെങ്കി ചായ കുടിക്കാമായിരുന്നു, അത് വെറുതെ തണുപ്പിക്കെണ്ടല്ലോ.എന്താന്നറിയില്ല ഈയിടെയായി ഭയങ്കര വിശപ്പില്ലായ്മ, വല്ല ഡോക്ടറേയും കാണേണ്ടി വരുമോ എന്തോ?"

ഞാനും റോസും ഒന്ന് പുഞ്ചിരിച്ചു, കണ്ണുകള്‍ എന്തോപറയാന്‍ ശ്രമിച്ചോ എന്നൊരു തോന്നല്‍..

അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നിറയെ റോസായിരുന്നു.അവളുടെ ദുരന്തം മറ്റാരും അറിയരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു, അവള്‍ എത്ര പേരോട് ഇക്കഥ പറഞ്ഞിട്ടുണ്ടാകും എന്നുള്ള ഒരാശങ്ക വെറുതെ എന്റെ മാസ്സിലൂടെ കടന്നു പോയി.എങ്കിലും റോസിനെ നഷ്ടപ്പെടുത്തുന്ന ഒരു തീരുമാനവും ഉണ്ടായില്ല, ഉണ്ടാക്കിയില്ല എന്ന് പറയുന്നതാവും ശരി.