Monday, March 2, 2009

അലവിത്തരങ്ങള്‍

ആശുപത്രിയില്‍ രാത്രി കൂട്ടിരിക്കാമെന്ന് ആരും നിര്‍ബന്ധിക്കാതെ തന്നെയാണ് അലവി സമ്മതിച്ചത്. കാരണം തോമ അവന്റെ അത്രയ്ക്കും പ്രിയപ്പെട്ട ചങ്ങാതിയാണ്. സയാമീസ് ഇരട്ടകളെപ്പോലെയെന്നു അസൂയക്കാര്‍ പറഞ്ഞു നടന്നിട്ടും അവരുടെ ആ വേര്‍പെടലിനു തോമയുടെ ഗള്‍ഫ് യാത്ര ഒരു നിമിത്തമായെന്ന് മാത്രം. അങ്ങിനെ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പ്രിയപ്പെട്ട തോമ തിരിച്ചെത്തിയതിന്റെ ആഘോഷ പരിപാടികള്‍ ഒന്നാം വാരത്തിലേക്ക് കടക്കുമ്പോഴേക്കും തോമയിതാ ആശുപത്രി കിടക്കയില്‍ ഉണ്ടായിരുന്ന ബോധവും നഷ്ടപ്പെട്ടു ഒരു വണ്ടിച്ചെക്ക് പോലെ കിടക്കുന്നു. എന്തൊക്കെ പരിപാടികളും ആസൂത്രണങ്ങളുമായിരുന്നു എല്ലാം ഒരു പന്നിപ്പടക്കം പോലെ പൊട്ടി തകര്‍ന്നില്ലേ ! ഭാഗ്യം തോമ അത്യാഹിത വാര്‍ഡില്‍ അന്ത്യശ്വാസം വലിക്കുകയല്ലല്ലോ എന്നതാണ് അലവിയുടെ ആശ്വാസം!

തോമയുടെ കൂര്‍ക്കം വലിക്കാണോ, ഫാനിന്റെ ഒടുക്കത്തെ കര കര ശബ്ദത്തിനാണോ കൂടുതല്‍ ആമ്പിയര്‍ എന്നറിയാന്‍ അലവി പലതവണ കണ്ണുകളടച്ച് ശ്രമിച്ചുനോക്കി. അപ്പോളാണ് അതിനേക്കാള്‍ കര്‍ണ്ണ കഠോരമാണ് കൊതുകിന്റെ സംഘഗാനമെന്ന തിരിച്ചറിവ് അലവിക്കുണ്ടായത്. ഉറക്കത്തിനു തന്റെ കണ്ണുകളെ ദാനം ചെയ്യാന്‍ അലവി പരമാവധി ശ്രമം നടത്തിക്കൊന്ടെയിരുന്നു. പുകവലി നിരോധന മേഘലയില് ആശുപത്രിയിലെ ഈ പേവാര്‍ഡും പെടുമോ എന്ന സന്ദേഹവും അലവിയില്‍ അല്പ്പം അസ്വസ്ഥതയുണ്ടാക്കി. അരണ്ട വെളിച്ചത്തില് അലവി ക്ലോക്കിലേക്ക് സൂക്ഷിച്ചുനോക്കി, ഒരുമണി! ക്ലോക്കിനൊന്നും പണ്ടത്തേപോലെ വേഗതയില്ലാണ്ടായിരിക്കുന്നു. നായ ഓടീട്ട് കാര്യോം ഇല്ല, നായയ്ക്ക് നില്‍ക്കാന്‍ നേരോം ഇല്ല എന്ന് പറഞ്ഞത് ക്ലോക്കിനെ കുറിച്ചാണെന്ന് അലവി ഒരു നിമിഷം തെറ്റിദ്ധരിച്ചു.

ഫ്ലാസ്കില്‍ നിന്നും അല്പ്പം കട്ടന്‍ചായ ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോഴും തോമയെ ശ്രദ്ധിക്കാതിരിക്കാന്‍ അലവിക്ക് കഴിഞ്ഞില്ല.തോമയുടെ അത്തറിനേക്കാള്‍ അസഹ്യമായ ഒരു ദുര്‍ഗ്ഗന്ധം തുറന്നിട്ട ജനലിലൂടെ അകത്തേക്ക് വന്നുകൊണ്ടേയിരുന്നു. അലവി വീണ്ടും മൂടിപ്പുതച്ചു ഉറങ്ങാന്‍ ശ്രമിച്ചു. ചിന്താ മണ്ഡലങ്ങള്‍ അത്യാവശ്യത്തിനു പോലും ഉപയോഗിക്കാതിരുന്നതിനാല്‍ അത് തോമയില്‍ തന്നെ ചെന്നുനിന്നു. തോമ വന്നിട്ടിന്നു ആറാം നാള്‍, ഏഴാം നാളില്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് എന്ന ഡിസ്ചാര്ജ് സംഭവിക്കുമെന്ന് അലവി മനസ്സിനെ പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചു.
സ്റ്റാര്‍ സിങ്ങര്‍ മത്സരത്തിലെ ക്ലാസ്സിക്കല്‍ റൌണ്ടില്‍ മത്സരിക്കുന്ന ആവേശത്തില്‍ കൊതുകുകള്‍ സംഗതികളോടെ സംഗീതാര്‍ച്ചന നടത്തിക്കൊന്ടെയിരുന്നു. രണ്ടു കൈകള്‍ തികയാതെ വരുന്ന സന്ദര്‍ഭങ്ങളുടെ ലിസ്റ്റില്‍ അലവി ഇതും ചേര്‍ത്ത് വെച്ചു.

അലവിയെക്കുറിച്ച് പറയുകയാണെങ്കില്‍ അങ്ങിനെ അധികമൊന്നും പറയേണ്ടിവരില്ല. തന്റെ കുട്ടിക്കാലത്ത് ഉമ്മ മരിച്ചത് ബാപ്പ വേറെ കെട്ടാന്‍ വേണ്ടി ഉമ്മാനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നൊക്കെയുള്ള കഥകള്‍ ചാനലുകാര്‍ വാര്‍ത്തയും ചര്‍ച്ചയും വിവാദവുമൊക്കെ ആക്കാത്തത് കൊണ്ടു അത് വിശ്വസിക്കണോ വേണ്ടയോ എന്ന് പോലും അലവിക്ക് വല്യ നിശ്ചയമില്ല. ഒന്നിലധികം പെണ്ണ് കെട്ടുന്നത് ഹറാമോ ഹലാലോ എന്ന ചാനല്‍ ചര്‍ച്ചയില്‍ ബാപ്പ ആവേശത്തോടെ പങ്കെടുക്കുന്നത് അലവി പരമ പുച്ഛത്തോടെയും അസഹിഷ്ണുതയോടെയുമാണ് നോക്കിക്കണ്ടത്. ബാപ്പാനെ ഒരു വര്‍ഗ്ഗവന്ജ്ജകനായി അലവി അന്ന് തിരിച്ചറിഞ്ഞു. ബാപ്പ മൂന്നാമത്തെ പണ്ടാരക്കെട്ടു കെട്ടീട്ടും തന്റെ കാര്യത്തില്‍ ഒരു അനുഭാവപൂര്‍ണ്ണമായ പരിഗണന പോലും ഇല്ലാത്തതില്‍ വീട്ടില്‍ നിന്നും പലകുറി വാക്കൌട്ട് നടത്തിയ വെറുക്കപ്പെട്ടവനാണ് അലവി. എങ്കിലും മഴയും മഞ്ഞും കൊള്ളാതെ കിടക്കാവുന്ന ഒരിടം എന്നതിലുപരി തന്റെ വീടിനു വേറെ പ്രത്യേകതകളൊന്നും കല്‍പ്പിക്കാതെയുമാണ്‌ അലവിയുടെ നടപ്പ്. തന്റെ വീട്ടില്‍ അടിച്ചുവാരാനും ചായ വിളമ്പാനും വന്നവര്‍ സ്ഥാന മോഹികള്‍ ആണെന്കിലും ബാപ്പയ്ക്ക് അവരിലൊന്നും കുഞ്ഞിക്കാല് കാണാന്‍ യോഗം ഇല്ലാതിരുന്നത്കൊണ്ടും ബാപ്പ മയ്യത്തായാല്‍ സ്വത്തെല്ലാം തന്റെ പേരില്‍ തന്നെ വന്നുചേരുമെന്ന് ഒരു ചാണ്ടി സ്വപ്നവുമായി നടക്കുകയാണ് അലവി.

ഉറക്കം വരാതെ അലവി ഞെളിപിരി കൊണ്ടേയിരുന്നു. തോമ ഉറക്കത്തിലെന്തോ പിറു പിറുക്കുന്നത് കേട്ട്‌ അലവി ചെവിയൊന്ന് വട്ടംപിടിച്ചു.ഒന്നും വ്യക്തമല്ല, എന്തോ അറബിയിലാണ് പിറു പിറുക്കുന്നത്. ഇടയ്ക്ക് ചില തേങ്ങലുകള്‍ ഉച്ചത്തിലായി എന്നതൊഴിച്ചാല്‍ അതൊരു സാധാ പേടിസ്വപ്നമായിരിക്കുമെന്ന് അലവി ആശ്വസിച്ചു.
അലവി ഒരു ദീര്‍ഘനിശ്വാസത്തോടെ തോമയെ നോക്കി. പാവം, എന്ത് മാത്രം അറബീടെ തുപ്പും ചവിട്ടും സഹിച്ചാ ഇക്കാലമത്രയും ആ മരുഭൂമിയില് കഷ്ടപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ചെറിയ കമ്പനി ജോലിയിലേക്ക് മാറിയതുകൊണ്ട് തുപ്പും ചവിട്ടും കിട്ടാറുള്ളതോഴിച്ച്ചാല്‍ കഷ്ടപ്പാടിനു കുറവൊന്നും ഉണ്ടായിരുന്നില്ലെന്ന് തോമ ഇടയ്ക്ക് ഫോണ്‍ വിളിക്കുമ്പോള്‍ പറയാറുള്ളത് അലവി വെറുതേ ഓര്‍ത്തു. ഇതൊക്കെയുണ്ടോ ജോണിയെട്ടനും മേരിപ്പെങ്ങള്‍ക്കും മനസ്സിലാകുന്നു? അവര്‍ക്ക് കരിമ്പ്‌ പിഴിഞ്ഞ് ചാറുവരുന്നത്‌ നോക്കിയിരിക്കുന്നത് പോലെയല്ലേ ഡ്രാഫ്റ്റിന് വേണ്ടിയുള്ള നോക്കിയിരുപ്പ്.ഇടയ്ക്കു കാണുമ്പോള്‍ മേരിപ്പെങ്ങളുടെ ഒരു കരയാനും പറയാനും പാട്ടിന്റെ കഥാപ്രസംഗമുണ്ട്‌, ചെറുപ്പത്തില്‍ തോമയുടെ അപ്പനും അമ്മയും മലവെള്ളത്തിലൂടെ ഒലിച്ച് പോയപ്പോ ഈ മേരിയാ അവനെ നോക്കി വളര്‍ത്തിയത്....ഈ മേരിയാ അവന് കഞ്ഞി കൊടുത്തത്... ഇതൊരു പതിവു കഥാപ്രസങ്ങമായതിനാല്‍ മേരിപ്പെങ്ങളെ കാണുന്നത് തന്നെ കുരിശ് കണ്ട കമ്മ്യുണിസ്റ്റുകാരെപ്പോലെ ഒരു അലര്‍ജിയാണ് അലവിക്ക്. ജോണിയേട്ടന്‍ പിന്നെ ഫിറ്റായ നേരത്ത് മാത്രമേ പോലീസുകാരുടെ സ്വഭാവമുള്ളൂ, ബാക്കി സമയമൊക്കെ നല്ല ശമരിയാക്കാരനാ. ഭാഗ്യത്തിന് പുലര്‍ച്ചയ്ക്കൊന്നും ജോണിയെട്ടന്റെ മുന്നില്‍ ചെന്നു പെടാത്തതില്‍ അലവി ആശ്വസിച്ചു. സമയം ഒരു പട്ടിയുടെ ജീവന്‍ പോകുന്ന വേഗത്തില്‍ പോയിക്കൊണ്ടിരുന്നു.
അലവിക്ക് ഒരു ഫോറീന്‍ സിഗരറ്റ് വലിക്കാന്‍ കലശലായ മോഹമുണ്ടായി. ശബ്ധമുണ്ടാക്കാതെ തോമയുടെ ബാഗില്‍ തപ്പിത്തടഞ്ഞ് സിഗരറ്റ് കയ്യിലെടുത്തു. പക്ഷെ അത് കത്തിക്കാനുള്ള സൂത്രം മാത്രം കിട്ടിയില്ല. എങ്കിലും പ്രതീക്ഷ കൈവെടിയാതെ റയില്‍വേ സോണ്‍ കാത്തിരിക്കുന്ന കേരളത്തെപ്പോലെ അലവിയും കാത്തിരുന്നു.
ബാഗില്‍ സിഗരറ്റ് തപ്പുന്നതിനിടയിലാണ് ഒരു കത്ത് അലവിയുടെ ശ്രദ്ധയില്‍പെട്ടത്. അത് ഏത് ഭാഷയിലാണ് എന്നറിയാന്‍ പലകുറി തിരിച്ചും മറിച്ചും നോക്കിയിട്ടും അലവിക്ക് മനസ്സിലായില്ല.എങ്കിലും ചില ഊഹാപോഹങ്ങള്‍ അലവിയും നടത്തി. ഏതാണ്ട് മലയാളം എഴുതുന്നത് പോലെയോക്കെയുന്ടെന്നു അലവി ഉറപ്പിച്ചു. ആ കത്ത് വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തതില്‍ ജീവിതത്തിലാദ്യമായി അലവിക്ക് നിരാശ തോന്നി. ഉച്ചക്കഞ്ഞിക്ക് വേണ്ടി മാത്രം ജീവിച്ച സ്കൂള്‍ ജീവിതത്തിലെ തിരുത്തപ്പെടാത്ത ഒരു തെറ്റ് അന്നാദ്യമായി അലവി തിരിച്ചറിഞ്ഞു. കഞ്ഞിപ്പുരയില്‍ തന്നെ സ്ഥിരമായി സഹായത്തിനു നിര്‍ത്തിയവര്‍ കുലംകുത്തികള്‍ തന്നെയെന്ന്‌ അലവി ഉറപ്പിച്ചു.മുമ്പ്  രാജ്യസഭാ സീറ്റ് കിട്ടാത്ത മാണിയുടെ നിരാശയെക്കാള്‍ ഇതു നിസ്സാരമെന്നു അലവി ആശ്വസിച്ചു. കയ്യിലുള്ള കത്ത് തിരിച്ചു ബാഗിലേക്കു തന്നെ വെച്ചു. എങ്കിലും കത്തിന്റെ ഉള്ളടക്കത്തെ കുറിച്ചു പൊടിപ്പും തൊങ്ങലും വെച്ചുള്ള പല കഥകളും അലവിയുടെ മനോമുകുരത്തിലൂടെ മിന്നിമറഞ്ഞു. എങ്കിലും തന്റെ ഉറ്റ ചങ്ങാതിയെ മറ്റൊരു രീതിയില്‍ അവിശ്വസിക്കാന്‍ അലവി തയ്യാറായില്ല. കത്തൊരു പെണ്ണിന്റെ തായിരിക്കുമെന്നു അലവി വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ചു. പെണ്ണെന്നു കേള്‍ക്കുന്നതെ അലവിയുടെ മനസ്സിന് കുളിരാണ്. പല തരുണീമണികളില്‍ നിന്നും വാമൊഴി വഴക്കത്തിന്റെ നേരിട്ടുള്ള സംപ്രേക്ഷണങ്ങള്‍ ഏറ്റു വാങ്ങിയതാണ്. എങ്കിലും ഒരു പിന്മാറ്റത്തിന് അലവി തയ്യാറല്ല. തന്റേതായ ചില പ്രലോഭനങ്ങള്‍ അലവി ഒരു മൂന്നാം ലോക സിദ്ധാന്തം പോലെ പല തരുണികള്‍ക്ക്‌ മുന്നിലും അവതരിപ്പിച്ചു. ഒരു പെണ്ണെങ്കിലും തന്റെ രൂപ രേഖ അംഗീകരിക്കും എന്ന് അലവി പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. തോമയെ കുത്തിവെക്കാന്‍ രാവിലെ നിരോധിച്ച കമ്പനിയുടെ സിറിന്ജിന് പകരം വാങ്ങിയ സിറിന്‍ജുമായി വന്ന കൊച്ചു നേഴ്സിനെ അലവി കണ്ണുകളാല്‍ സ്കാന്‍ ചെയ്യുകയും ശ്രദ്ധ നേടാന്‍ പല വിക്രസ്സുകള്‍ കാട്ടുകയും ചെയ്തെന്കിലും, കണ്ടിട്ടും കാണാതെ, അറിഞ്ഞിട്ടും അറിയാതെ കേട്ടിട്ടും കേള്‍ക്കാതെ താനീ റൂമിലേ ഇല്ല എന്ന ഭാവത്തില്‍ നിന്ന ആ നേഴ്സിനെ മന്ദബുദ്ധി എന്നല്ലാതെ മറ്റൊന്നും വിളിക്കാന്‍ അലവിക്കപ്പോള്‍ തോന്നിയില്ല. അലവി രാവിലെ കണ്ണുകളാല്‍ സ്കാന്‍ ചെയ്തെടുത്ത നേഴ്സിന്റെ ആ വിശ്വ രൂപം സ്വപ്നത്തിലും ദര്‍ശന സുഖം കിട്ടുമോയെന്നോര്‍ത്തു കണ്ണുകള്‍ അടച്ചു തന്നെ കിടന്നു. ഉറക്കം അപ്പോഴും അലവിക്ക് അന്യമായിക്കൊണ്ടിരുന്നു.

ഉറക്കത്തിലേക്കു വീഴും എന്നൊരു ശ്രമമുണ്ടായപ്പോള്‍ അലവിയെ തോമ വിളിച്ചു. അല്‍പ്പം വെള്ളം കുടിക്കാന്‍ വേണമെന്നു ആവശ്യപ്പെട്ടു. ഒരു ദയനീയത തോമയുടെ ശബ്ധത്തില്‍ നിന്നും അലവിക്ക് തോന്നി. ഹീറോ പേന മഷിവലിച്ചെടുക്കുന്നത് പോലെ ഒറ്റ വലിക്കു തോമ വെള്ളം മുഴുവന്‍ കുടിച്ചു. ഒരു നെടുവീര്‍പ്പിനോടുവില്‍ ബാഗിലേക്കു ചൂണ്ടിക്കൊണ്ട് അതില്‍ ഒരു ടെലിഗ്രാം ഉണ്ടെന്നും അതെടുത്ത് കൊടുക്കുവാനും ആവശ്യപ്പെട്ടു. അലവി ബാഗ് മുഴുവന്‍ നോക്കിയിട്ടും അപ്പറഞ്ഞ സാധനം മാത്രം കിട്ടിയില്ല. അതിനെങ്ങനെ ടെലിഗ്രാം ഇതിന് മുമ്പു കണ്ടെന്കിലല്ലേ അലവിക്കത് ടെലിഗ്രാം ആണെന്ന് അറിയൂ. ഒടുവില്‍ അലവിയുടെ കൈയോണ്ട് അത് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ തോമ ആ ബാഗ് ആവശ്യപ്പെട്ടു. ബാഗില്‍ നിന്നും താന്‍ നേരത്തേ ഒരു പെണ്ണിന്റെ കത്താകുമെന്നൊക്കെ തെറ്റിദ്ധരിച്ച ആ കത്ത് തോമ പുറത്തെടുത്തു. ജീവിതത്തിലാദ്യമായി ഒരു എംപിയെ കണ്ട പൊന്നാനിക്കാരെപ്പോലെ അലവി ആ ടെലിഗ്രാം അമ്പരപ്പോടെ നോക്കി നിന്നു.

തോമയുടെ കണ്ണുകള്‍ നിറയുന്നതും നിശ്വാസങ്ങള്‍ എങ്ങലുകലായി മാറുന്നതും അലവിക്ക് അസ്വസ്ഥതയുണ്ടാക്കി. ടെലിഗ്രാമിന്ടെ ഉള്ളടക്കത്തെപ്പറ്റി ചോദിച്ചറിയാന്‍ അലവി തോമക്കരികിലേക്ക് എത്തിയതും തോമ വീണ്ടും മയക്കത്തിലേക്ക് വീണു. തോമയെ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചരിയണമെന്നു അലവിക്ക് തോന്നിയെന്കിലും ആ കിടപ്പ് കണ്ടിട്ട് അലവിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഈ ടെലിഗ്രാം കണ്ടിട്ടാണ് അവാര്‍ഡ് ഇല്ലെന്നറിഞ്ഞ കലാഭവന്‍ മണിയെപ്പോലെ തോമക്ക് ബോധം പോയതെന്നും ഇവിടെ അഡ്മിറ്റ് ആയതെന്നും അലവിയുടെ സാമാന്യബുദ്ധിയില്‍ സ്വന്തമായി തെളിഞ്ഞു. ഇത്രയും ബോധക്കെടുണ്ടാക്കുന്ന ഈ കത്തിനെ ഒരു കുറി വായിക്കാന്‍ കഴിഞ്ഞെന്കില്‍ എന്ന് അലവിക്ക് വീണ്ടും തോന്നിക്കൊണ്ടിരുന്നു. എത്രയും വേഗം നേരം പുലര്‍ന്നു കിട്ടിയെന്കിലെന്നു അന്നാദ്യമായി അലവി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

സൂര്യന് തെറ്റിയില്ല, അന്നും പതിവുപോലെ കിഴക്കു നിന്നും എത്തി നോക്കി. അലവി ഏറെ പ്രതീക്ഷിച്ചിരുന്ന ആ ശുഭ മുഹൂര്‍ത്തം കാണാന്‍ ഉറക്കത്തിന്റെ അടിമച്ചങ്ങലയില്‍ നിന്നും മോചിതനായി എത്താന്‍ എപ്പോഴോ ഉറക്കം തട്ടിയെടുത്ത അലവിക്കായില്ല. പുലര്‍ച്ചകളില്‍ ജോണിയെട്ടനെ കാണാതിരിക്കുന്നത് ഭാഗ്യമായി കരുതിയിരുന്ന അലവിക്ക് അന്ന് ജോണിയെട്ടനെ കണ്‍ കുളിരെ കണ്ട് ഉണരേണ്ടി വന്നു. ഡോബര്‍മാന്റെ മുന്നില്‍ പെട്ട പോലെ കുരയ്ക്കുമോ കടിക്കുമോ എന്ന ആശങ്കയില്‍ അലവി ഉറക്കച്ചടവില്‍ എഴുന്നേറ്റു നിന്നു. അലവി പതിയെ ക്ലോക്കിലേക്കൊന്നു പാളി നോക്കി. സമയം പത്തിനോടടുതിരിക്കുന്നു. തോമ ഇപ്പോളും ബോധക്കേടില്‍ തന്നെ. ജോണിയെട്ടനോട് ടെലിഗ്രാം വിഷയം ചോദിച്ചാലോ എന്ന് അലവിക്ക് ശക്തിയായി തോന്നിയെന്കിലും കേന്ദ്രം കേരളത്തോട് കാണിക്കുന്ന ഒരു അവഗണന മനോഭാവം തന്നെയാണ് ജോണിയെട്ടന് തന്നോടെന്നു പലപ്പോഴും അലവി തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ഇക്കാര്യം ചോദിക്കാതിരുന്നാല്‍ തനിക്ക് മനസ്സമാധാനം കിട്ടില്ലെന്ന തിരിച്ചറിവില്‍ അലവി രണ്ടും കല്‍പ്പിച്ചു മൂന്നാമതൊരു ലോകസഭ സീറ്റ് ചോദിച്ച മുസ്ലിം ലീഗിനെപ്പോലെ കിട്ടിയാല്‍ കിട്ടട്ടെ എന്ന ഭാവത്തില്‍ ചോദിച്ചു. ജോണിയേട്ടന്‍ ദയനീയമായൊന്നു അലവിയെ നോക്കി. ഒരു നീണ്ട നെടുവീര്‍പ്പിനു ശേഷം ജോണിയേട്ടന്‍ പറഞ്ഞു തുടങ്ങി.
"അവന്റെ കമ്പനീനു ടെലിഗ്രാം വന്നിരിക്കണ്,സാമ്പത്തിക മാന്ദ്യം മൂലം അവനെ പിരിച്ചു വിട്ടെന്നും,ലീവ് കഴിഞ്ഞാല്‍ ഇനി തിരിച്ചു ചെല്ലെണ്ടാന്നും ഒരു കണ്ണീ ചോരയുമില്ലതേ എഴുതിരിക്കുവാടാ അലവീ".
ആ കമ്പി കണ്ടപ്പോള്‍ ബോധം പോയതാ തോമെടെ. ഒരു നിശ്വാസത്തോടെ ജോണിയേട്ടന്‍ തുടര്‍ന്നു
"ഇനി ഞങ്ങള്‍ എങ്ങിനെ ജീവിക്കനാ? ഇത്രയും കാലം ഇവനുണ്ടല്ലോ എന്നോര്‍ത്ത് അവന്റെ കാര്യങ്ങള്‍ നോക്കി നടത്തി ജീവിച്ചു, ഇനിയിപ്പോള്‍..."
ജോണിയേട്ടന്‍ വല്ലാതെ സങ്കടപ്പെട്ടു. ജോണിയെട്ടന്റെ മുഖത്ത് ഇങ്ങനെയും ഭാവങ്ങള്‍ വിരിയുമെന്ന് ഒരു അമ്പരപ്പോടെ അലവി നോക്കി നിന്നു. എന്തെങ്കിലും പറയണോ വേണ്ടയോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോളാണ് ജോണിയെട്ടന്റെ കയ്യിലെ മറ്റൊരു പേപ്പര്‍ അലവി കണ്ടത്. എന്താണെന്ന ഭാവത്തില്‍ ജോണിയെട്ടനെ നോക്കിയതും ജോണിയേട്ടന്‍ തുടര്‍ന്നു,
"ഇതു കണ്ടാ, ഇതു ഇവന്റെ സമ്പാദ്യത്ത്തിന്റെ ലിസ്റ്റാ, കാണണോ നിനക്ക്?
അല്‍പ്പം പരിഭവത്തിലായി പിന്നേ ജോണിയേട്ടന്‍. ഈ സാമ്പത്തിക മാന്യത്തിലും ഒത്തിരി സമ്പാദ്യമുള്ള തന്റെ തോമയെയോര്‍ത്തു അലവിക്ക് അഭിമാനം തോന്നി. ജോണിയേട്ടന്‍ ഒരു പൊട്ടിത്തെറിക്ക്‌ സജ്ജമായെന്നു അലവി തിരിച്ചറിഞ്ഞു. ജോണിയേട്ടന്‍ അലവിക്ക് ആ പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു,
"സമ്പാദ്യങ്ങള്‍ എന്താന്നറിയെണ്ടേ കൂട്ടുകാരന്? പ്രഷര്‍ , ഷുഗര്‍ , കൊളസ്ട്രോള് പോരാത്തതിന് ബീപ്പിയും!"

ലീഗിന്റെ ആണവക്കരാര്‍ നയം പോലെ അലവിക്കൊന്നും മനസ്സിലായില്ല. എങ്കിലും വളരെയേറെ സമ്പാദ്യമുണ്ടായിട്ടും അതിന്റെ ഒരു അഹങ്കാരവുമില്ലാതെ കിടക്കുന്ന തന്റെ പ്രിയ സുഹൃത്തിനെ നോക്കി അലവി അഭിമാനം കൊണ്ടു.