Thursday, February 17, 2011

മരുഭൂമിയിലെ മസറകള്‍ - തിരക്കഥ

പ്രിയപ്പെട്ട കൂട്ടുകാരെ,

ഒരു ടെലിഫിലിം എടുക്കാമെന്ന മോഹത്തില്‍ എഴുതിയതാണീ തിരക്കഥ. പൂര്‍ണ്ണമായും ഒരു തിരക്കഥയുടെ ഫോര്‍മാറ്റിലല്ല എഴുതിയിരിക്കുന്നത്. സീനുകള്‍ തിരിച്ചെഴുതി എന്ന് മാത്രം.എന്റെ സമയക്കുറവ് കൊണ്ടും ജോലി സംബന്ധമായ തിരക്കുകള്‍ കൊണ്ടും എനിക്കിത് ടെലിഫിലിമാക്കാന്‍ കഴിഞ്ഞില്ല. താല്പര്യമുള്ളവര്‍ സമീപിച്ചാല്‍ ഞാന്‍ പൂര്‍ണ്ണമായി സഹകരിക്കുന്നതാണ്. ഈ കഥയുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
സ്നേഹപൂര്‍വ്വം,
വാഴക്കോടന്‍


സമര്‍പ്പണം 

മരുഭൂമിയിലെ ‘മസറ‘കളില്‍ ജീവിതം ഹോമിച്ചവര്‍ക്ക്......


സീന്‍: 01 (സ്വപ്നം)

വിശാലമായ റോഡ്.ആ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന ഒരാളെ
അമിത വേഗത്തില്‍ പാഞ്ഞ് വന്ന വണ്ടി ഇടിച്ച് അയാള്‍ മരിക്കുന്നത്
സ്വപ്നം കണ്ട് ഉറക്കത്തില്‍ നിന്നും അസീസ് "ബാപ്പാ" 
എന്നുറക്കെ വിളിച്ച്കൊണ്ട് ഞെട്ടിയുണരുന്നു.

സീന്‍ : 01 എ

(അസീസ്,25 വയസിനടുത്ത് പ്രായം.ഗള്‍ഫിലെ അയാളുടെ കമ്പനി റൂം. 
തനിച്ചാണ് റൂമില്‍.പുതിയ കമ്പനിയില്‍ ജോലിക്കെത്തിയിട്ട് അധികം 
നാളുകളായിട്ടില്ല.തന്റെ പിതാവിനെക്കുറിച്ച് അന്വേഷിക്കാന്‍ 
കൂടിയാണ് അസീസ് ഗള്‍ഫിലെത്തിയത്. കഴിഞ്ഞ പത്ത് പതിനാല് 
വര്‍ഷമായി ബാപ്പ നാട്ടില്‍ എത്തിയിട്ടില്ല.എട്ടൊന്‍പത് വര്‍ഷത്തോളം 
പണം ക്ര്യത്യമായി അയച്ചിരുന്നെങ്കിലും പിന്നീട് അതും നിലയ്ക്കുക-
യായിരുന്നു.ആദ്യത്തെ രണ്ട് വര്‍ഷത്തോളം ഒരു കടയുടെ അഡ്രസ്സില്‍
കത്തുകള്‍ അയക്കുകയും സുഹ്യത്തുക്കളെ കൊണ്ട് വല്ലപ്പോഴും മറുപടിയും 
അയക്കാറുണ്ടായിരുന്നു.എഴുത്തും വായനയും അറിയാത്ത ‘ഹസ്സന്‍’ 
അതിന് കഴിയാത്തത് കൊണ്ടാണ് കത്തുകള്‍ നിന്ന്പോയതെന്നും 
ആ കുടുമ്പം കണക്ക് കൂട്ടി.കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തോളമായി ഹസ്സന്‍
എന്നയാളെ കുറിച്ച് ഒരു വിവരവും ആര്‍ക്കും അറിയുമായിരുന്നില്ല.
എഞ്ജിനീയറിങ് കഴിഞ്ഞ്നല്ലൊരു ജോലി നേടിയാണ് അസീസ്  
എത്തിയിരിക്കുന്നത്.)

ബാപ്പ അപകടത്തില്‍ മരിക്കുന്നത് സ്വപ്നം കണ്ടാണ് അസീസ്  
ഞെട്ടിയുണര്‍ന്നത്.അസീസ് സമയം നോക്കുന്നു.അപ്പോള്‍ 
തന്നെ തന്റെ മൊബൈല്‍ ശബ്ദിക്കുന്നു.അയാള്‍ ഫോണ്‍ അറ്റന്റ് 
ചെയ്യുന്നു.ഫോണിന്റെ മറുതലയ്ക്കല്‍ തന്റെ ഉമ്മയാണെന്ന് തിരിച്ചറിയുന്നു..

“എന്താ ഉമ്മാ രാവിലെത്തന്നെ?”

“മോനെ, ഞാന്‍ നിന്നെ സ്വപ്നം കണ്ടു.നിനക്ക് സുഖമല്ലേ മോനെ!

“അതേ ഉമ്മാ. ഉമ്മാക്ക് കാലിന്റെ വേദന ഇപ്പോള്‍ കുറവുണ്ടല്ലോ 
അല്ലെ? മരുന്നൊക്കെ സമയത്തിന് കഴിക്കണം“

“എല്ലാം കഴിക്കുന്നുണ്ട് മോനെ.ബാപ്പാനെക്കുറിച്ച് വല്ല വിവരവും 
അന്വേഷിക്കാന്‍ പറ്റിയോ മോനെ?“

“അന്വേഷിക്കുന്നുണ്ട് ഉമ്മാ. എന്തേങ്കിലും വിവരം കിട്ടാതിരിക്കില്ല.
പിന്നെ ബാങ്കിലേക്ക് പണംഅയച്ചിരുന്ന ആലിക്ക എന്നയാള്‍ 
ഇപ്പോള്‍ ആ അഡ്രസ്സില്‍ ഇല്ല. അയാളൊരു പിക്കപ്പ് വാന്‍ 
വാടകയ്ക്ക് ഓടിക്കുന്ന ആളായിരുന്നത്രേ! ഇപ്പോള്‍ അഞ്ചാറ് 
വര്‍ഷമായില്ലേ ഉമ്മ.അന്വേഷിക്കാം“

‘നിന്റെ ജോലിയൊക്കെ എങ്ങിനെയുണ്ട് മോനെ?‘ 

‘കുഴപ്പമില്ല ഉമ്മാ.കമ്പനിയില്‍ പുതിയ ആളാണെങ്കിലും 
എല്ലാവരും നല്ല സഹായമാണ്.കൂടെയുള്ളവരും ബാപ്പാനെ 
അന്വേഷിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്“

“കഴിഞ്ഞ പതിനഞ്ച് കൊല്ലമായില്ലേ മോനെ ഈ ഉമ്മ 
പടച്ചോനോട് കരഞ്ഞ് ദുആ ചെയ്യുന്നു,പടച്ചോന്‍ എന്റെ 
കണ്ണീര് കാണാതിരിക്യോ? നിന്റെ ബാപ്പ ജീവനോടെ ഉണ്ടായാല്‍മതി 
എന്നാ ഇപ്പോഎന്റെ തേട്ടം. എന്തേങ്കിലും വിവരം കിട്ടിയാല്‍ 
നീ വിളിക്ക് മോനെ.ഉമ്മ ഫോണ്‍ വെക്കട്ടെ..
ഇന്റെ മോന് സുഖം തന്നെയല്ലേടാ..?

‘ഉമ്മ വിഷമിക്കാതിരിക്ക്. എല്ലാം ശരിയാവും ഉമ്മാ! സഫിയ 
ഇന്ന് കോളേജില്‍ പോയില്ലെ?

‘അവള് പോയിട്ടുണ്ട് മോനെ.ഇന്നലെ ഉപ്പാനെ സ്വപ്നം കണ്ടൂന്നും 
പറഞ്ഞിട്ട് അവള്‍ക്ക് വല്യസങ്കടായിരുന്നു.ഉപ്പാനെ ആരോ 
ഉപദ്രവിക്കുന്നത് സ്വപ്നം കണ്ടൂത്രെ? പാവം.ഉപ്പാടെ മുഖം പോലും 
ശരിക്ക് കണ്ടിട്ടില്ല. അതും പറഞ്ഞ് വിഷമിച്ചാ ഇന്നും പോയത്.നീ 
അവളുള്ളപ്പോള്‍ഒന്ന് വിളിക്ക്. അവള്‍ക്ക് മനസ്സിന് ഇത്തിരി 
 ആശ്വാസം കിട്ടുമെങ്കില്‍ ആയിക്കോട്ടെ.
നീ ഇന്ന് ജോലിക്ക് പോകുന്നില്ലെ മോനെ?

“പോകുന്നുണ്ട് ഉമ്മ.സമയം ആവുന്നേയുള്ളൂ.എന്നാ ഉമ്മ വെച്ചോ 
ഞാന്‍ പിന്നെ വിളിക്കാം!‘

(അസീസ് ഫോണ്‍ കട്ട് ചെയ്ത് പ്രഭാത കര്‍മ്മങ്ങളിലേക്ക് നീങ്ങുന്നു)
 
സീന്‍ - 2

പകല്‍
അസീസിന്റെ ഓഫീസ്.ഡയറക്റ്ററുടെ റൂം.
ഡയറക്റ്ററായ അറബിയുടേ മുന്നില്‍ അസീസും മറ്റൊരു ഉദ്യോഗസ്ഥനും 
ഒരു മേശയ്ക്ക് ഇരുപുറമായി ഇരിക്കുന്നു.

Director: Mr. Asees,Hope now everything is clear.We have to 
emerge in the market,and keep our position. Mr. Mathew also 
from  Kerala.He will help you Ok.Now carry on.

Asees: Sure Sir, I will try my level best.

Director: good, Mathew show him the project details. ok

Mathew: yah, Sir I have a request, His father is absconding for 
the last 15 years!

Director: Laa hawla va laakkuvaththaa! 15 Years??

Mathew: Yes sir, Can you help him to find him?, I hope you 
could inquire to the police and other officials,as you know the 
officials well.

Director; Definitely, Don't worry Let me see how I can help you.
Believe in God! He will be back.Let's hope for the best!

Asees: Thank you very much sir, I will remain grateful to you!

Director: No mention young man!

Mathew: Thank you sir,

(ഡയറക്റ്റര്‍ക്ക് ഹസ്ത ദാനം നല്‍കി മാത്യുവും അസീസും 
ഡയറക്റ്ററുടെ ഓഫീസില്‍ നിന്നും അവരുടെ സീറ്റിലേക്ക് പോകുന്നു)

സീന്‍ - 3

സമയം വൈകുന്നേരം/രാത്രി

നഗരത്തിലെ ഒരു കോഫീ ഹൌസിലെ സായാഹ്നം! 
മാത്യുവും അസീസും ഒരു ചെറിയ വട്ടമേശയ്ക്ക് അപ്പുറവും 
ഇപ്പുറവുമിരുന്ന് ചായ കുടിക്കുന്നു.

മാത്യു: ഇപ്രാവശ്യം തണുപ്പ് തീരെ കുറവായിരുന്നു.ചൂടും 
അത് പോലെ കുറവായിരുന്നാല്‍ മതിയായിരുന്നു.
പുറത്ത്പണിയെടുക്കുന്ന തൊഴിലാളികള്‍ക്കാ കഷ്ടം!
(അശ്രദ്ധനായി ഇരിക്കുന്ന അസീസിനെ നോക്കി) 
നീയെന്താ ആലോചിക്കുന്നത്?
ഇങ്ങനെ മൂഡ് ഓഫായി ഇരുന്നിട്ട് എന്താ കാര്യം? നമുക്ക് 
അന്വേഷിക്കാം.നീ വിഷമിക്കാതിരിക്ക്.അല്ലാ അഞ്ചാറ് കൊല്ലം  
ഒരു ആലിക്കയുടെ അഡ്രസ്സിന്നാണ് പണം വന്നിരുന്നത് എന്ന് 
പറഞ്ഞല്ലോ,ആലിക്കാടെ വല്ല വിവരവും കിട്ടിയോ?

അസീസ്: അന്വേഷിക്കുന്നുണ്ട്. എന്റെ കൂട്ടുകാരോടും പറഞ്ഞിട്ടുണ്ട്
അവരും കാര്യായി അന്വേഷിക്കുന്നുണ്ട്.

മാത്യു: പത്ത് പതിനഞ്ച് വര്‍ഷമായിട്ടും വേറെ വഴിക്കൊന്നും 
അന്വേഷിച്ചില്ലേ അസീസെ?

അസീസ്:പലര്‍ക്കും, മുഖ്യമന്ത്രി,പ്രവാസകാര്യ മന്ത്രി,പ്രധാനമന്ത്രി 
തുടങ്ങിയവര്‍ക്കും  പരാതി കൊടുത്തു എംബസികളില്‍  പല 
തവണ പരാതിയുമായി ചെന്നു. ഒരു മറുപടിയുംഎവിടെനിന്നും 
കിട്ടിയില്ല.ആരും സഹായിച്ചില്ല! മുട്ടാത്ത വാതിലുകളില്ല.

മാത്യു: നമ്മുടെ സംവിധാനങ്ങളൊക്കെ അത്രയേ ഉള്ളൂ. ഇവിടെ 
ക്യത്യമായി എത്രപേര്‍ ഉണ്ടെന്നതിന് കണക്കില്ല,ഇവിടെ വല്ല 
അപകടത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍  ഒന്നന്വേഷിക്കാന്‍ 
പോലും ആരുമില്ല. ഒരു പാട് കടലാസ് സംഘടനകളുണ്ട്.വരിസംഖ്യ 
പിരിക്യാ,ആഘോഷായ ആഘോഷങ്ങളൊക്കെ നടത്തുക!
കൂട്ടംകൂടിയിരുന്ന് വെള്ളമടിക്കാന്‍ ഓരോരൊ സംഘടനകള്‍!
ദോഷം പറയരുതല്ലൊ ചിലര്‍ക്ക് ഈ സംഘടനകള്‍ കൊണ്ട് 
നല്ല സഹായാ!പിന്നെ നമ്മുടെ സര്‍ക്കാര്‍സംവിധാനങ്ങളെപ്പറ്റി 
പറയാനുണ്ടോ?ഇനിയിപ്പോ വോട്ടവകാശം കിട്ടാത്ത കുറവേയുള്ളൂ...
അതൊക്കെ പറയാതിരിക്കുന്നതാ നല്ലത്.

അസീസ്: നമ്മുടെ രാജ്യത്തിന്റെ പരിമിതികള്‍ നമ്മള്‍ മനസ്സിലാക്കണ്ടെ?

മാത്യു: എല്ലാം പരിമിതികളില്‍ പെടുമ്പോഴാണ് പ്രശ്നം! മറ്റു രാജ്യങ്ങള്‍ 
അവരുടെ പൌരന്മാര്‍ക്ക് നല്‍കുന്ന പരിഗണനയുടേയും  
സംരക്ഷണത്തിന്റേയും ഒരു ശതമാനം പോലും നമുക്ക് കിട്ടുന്നുണ്ടോ?
അതൊക്കെ പറഞ്ഞാല്‍ വെറുതെ തല പെരുത്ത് വരും!
 അതൊക്കെ അവിടെ നില്‍ക്കട്ടെ,അസീസെ ഇവിടത്തെ ജയിലുകളില്‍
നമുക്കൊന്ന് അന്വേഷിച്ചാലോ?

അസീസ്: ജയിലിലോ? അതിന് ബാപ്പ വല്ല കുറ്റവും...?

മാത്യു : ബാപ്പ കുറ്റം ചെയ്തിട്ടുണ്ടാവണമെന്നില്ല അസീസെ.
ചിലപ്പോള്‍ സ്പോണ്‍സറുടെ അടുത്ത് നിന്നും ഓടിപ്പോയി പോലീസിന്റെ
കയ്യില്‍ അകപ്പെട്ടാലും മതിയല്ലോ? പിന്നെ വല്ല കള്ളക്കേസുകളിലും
പെട്ടാലും മതിയല്ലോ?  പിന്നെ....(മാത്യു ഒന്ന് നിര്‍ത്തുന്നു)

അസീസ്: എന്താ മാത്യുവേട്ടാ?

മാത്യു: അല്ലാ അന്വേഷണത്തിന്റെ ഭാഗമാണെന്ന് കൂട്ടിയാല്‍ 
മതി. ഇവിടത്തെ മോര്‍ച്ചറികളിലുംനമുക്കൊന്ന് അന്വേഷിക്കണം. 
വല്ല അജ്ഞാത ജഡങ്ങളുടെ കൂട്ടത്തിലും... 

(അസീസ് അത് കേട്ട് വിതുമ്പുന്നു) 
ഞാന്‍ പറഞ്ഞല്ലോ അന്വേഷണത്തിന്റെ ഭാഗമായി കണക്കാക്കിയാല്‍ മതി.
ഓരോ ദിവസവും റോഡപകടങ്ങളിലും,തൊഴില്‍ സ്ഥലങ്ങളിലെ 
അപകടങ്ങളിലും മറ്റും എത്ര പേരാണ് മരണപ്പെടുന്നത്. ക്ര്യത്യമായ 
രേഖയില്ലാത്തവര്‍ അജ്ഞാത മ്യതദേഹങ്ങളായി മാറുന്നു. 
പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ കുടുംബത്തിന്റെ കണ്ണീര്‍ മാത്രം 
ബാക്കിയാവുന്നു.ഇപ്പോള്‍ വാര്‍ത്താ മാധ്യമങ്ങള്‍ ചില ഇടപെടലുകള്‍ 
നടത്തുന്നത് വളരെയേറെ ആശ്വാസമാണെന്ന് പറയാം. എങ്കിലും 
അവര്‍ക്കും പരിമിതികളുണ്ട്. ‘മസറകളില്‍’ കഴിയുന്നവരെ കുറിച്ചൊന്നും 
ഒന്നും അറിയാന്‍ കഴിയാറില്ല.എത്രയോ മലയാളികള്‍ മസറകളില്‍ 
പണിയെടുക്കുന്നു.ഈ മസറകളില്‍ എത്തിപ്പെടാന്‍ തന്നെ പ്രയാസമാണ്.

അസീസ്: മസറകള്‍ എന്ന് പറഞ്ഞത് മനസ്സിലായില്ലല്ലൊ  മാത്യുവേട്ടാ?

മാത്യു: ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ജയില്‍! ആടുകളെയും ഒട്ടകങ്ങളേയും 
വളര്‍ത്തുന്ന സ്ഥലമാണ് മസറകള്‍. ഇതൊക്കെ പലപ്പോഴും മരുഭൂമിയുടെ 
ഉള്‍പ്രദേശങ്ങളിലോ ആളൊഴിഞ്ഞ സ്ഥലങ്ങളിലോ ഒക്കെയായിരിക്കും. 
എന്തിനധികം മൊബൈല്‍ ഫോണിന് വരെ റെയിഞ്ചില്ലാത്ത 
മസറകള്‍ ഉണ്ട്.അവിടേയും മലയാളികള്‍ വയറ്റിപ്പിഴപ്പിനായി ജോലി 
ചെയ്യുന്നുണ്ട്.ഗതികേട് അല്ലെങ്കില്‍ നിവര്‍ത്തികേട്!
എന്ത് കഷ്ടപ്പാടാണെങ്കിലും ഇട്ടെറിഞ്ഞ് പോകാനുള്ള മടികൊണ്ടോ 
അല്ലെങ്കില്‍ അവിടന്ന് രക്ഷപ്പെടാനോ കഴിയാത്ത അവസ്ഥയിലാകും
ചിലര്‍. ആ കഥകളൊക്കെ പറയാതിരിക്കുന്നതാ ഭേതം.
കണ്ണില്‍ നനവു പടരാതെ ഒരു മസറയിലെ പണിക്കാരനെ കാണാന്‍ 
കഴിയില്ല എന്നതാണ് സത്യം.

(അസീസിന്റെ ഫോണ്‍ ശബ്ദിക്കുന്നു, അസീസ് ഫോണ്‍ എടുക്കുന്നു)

അസീസ്: ഹലോ അതെ അസീസാണ് എന്താ റഫീക്കേ?

റഫീക്ക്:“നമ്മള്‍ അന്വേഷിക്കുന്ന ആലിക്കയെ കുറിച്ച് ഒരു വിവരം കിട്ടി”

അസീസ്:‘അല്‍ഹംദുലില്ലാഹ്, പറയൂ റഫി ആലിക്ക എവിടെയുണ്ട് ?

റഫീക്ക്:“അജ്മാനിലെ ഹമീദിയ എന്ന സ്ഥലത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് 
നടത്തുകയാ ആലിക്ക. അതിനടുത്ത് തന്നെയുള്ള ഒരു വില്ലയിലാണ്  
താമസം. ആലിക്കാടെ മക്കളാ കട നടത്തുന്നത്. ആലിക്ക വില്ലയില്‍ 
തന്നെ കാണും.“

അസീസ്:“നമുക്ക് നാളെ രാവിലെത്തന്നെ ആലിക്കാനെ കാണാന്‍ 
പോയാലോ? നിനക്ക് വരാനൊഴിവുണ്ടാകുമോ?“

റഫീക്ക്:“ഇല്ല അസീസേ, ഞാന്‍ ആലിക്കാടെ നമ്പര്‍ തരാം. 
എനിക്ക് നാളെ അര്‍ബാബിന്റെ കൂടെ ഒരു മീറ്റിങ്ങിനു പോകാനുണ്ടെടാ. 
വരാന്‍ ചിലപ്പോള്‍ വൈകും.ഞാന്‍ നമ്പര്‍ തരാം.നിനക്ക് വേറെ 
ആരെയെങ്കിലും കൂട്ടിപ്പോകാമോ എന്ന് നോക്ക്,ഇല്ലെങ്കില്‍ 
വൈകിയാണെങ്കിലും നമുക്ക് പോകാം“

അസീസ്:“സാരമില്ല റഫീക്, ഞാന്‍ വേറെ ആരെയെങ്കിലും കൂട്ടി 
പോകാന്‍  ശ്രമിക്കാം.നീ നമ്പര്‍ താ“

റഫീക്ക് : നംബര്‍ ഒരു മിനിറ്റേ...“0505157862“

അസീസ്: “ശരി റഫീക് ഞാന്‍ പിന്നെ വിളിക്കാം. ഓക്കെ ബൈ...“

(അസീസ് ഫോണ്‍ കട്ട് ചെയ്യുന്നു)

മാത്യു: എന്താ അസീസ് റഫീക്ക് പറഞ്ഞത് ? ആരെ കണ്ടെന്നാ? 

അസീസ്: ഉമ്മാടെ അക്കൌണ്ടിലേക്ക് പണം അയച്ചിരുന്നു എന്ന് 
പറഞ്ഞില്ലേ ഒരു ആലിക്ക.അദ്ദേഹത്തെ കുറിച്ചുള്ള വിവരം കിട്ടി 
എന്നറിയിക്കാന്‍ വിളിച്ചതാ. എനിക്കറിയാം  ബാപ്പാനെ
കണ്ടെത്താന്‍ എന്നെ സഹായിക്കാന്‍ ആലിക്കാക്ക് കഴിയും. 
നമുക്കൊന്നു അദ്ദേഹത്തെ കാണാന്‍ പോയാലോ മത്യുവേട്ടാ? 
നാളെ പ്രത്യേകിച്ച് വല്ല പരിപാടികളും ഉണ്ടോ?

മാത്യു: അതിനെന്താ അസീസേ നമുക്ക് രാവിലെത്തന്നെ പോകാം. 
ഞാന്‍ രാവിലെ നിന്റെ ഫ്ലാറ്റിനു താഴെ വന്ന് ഒരു മിസ്കോള്‍ തരാം. 
അപ്പോള്‍ നീ ഇറങ്ങി വന്നാല്‍ മതി. ഒരു എട്ട് മണിയോടെ വന്നേക്കാം. 
എന്താ പോരെ?

അസീസ്:അത് മതി മത്യുവേട്ടാ. ഞാന്‍ ബുദ്ധിമുട്ടിക്കുകയല്ലല്ലോ അല്ലെ?

മാത്യു: ബുദ്ധിമുട്ടിക്യേ? സീനിയറും ജൂനിയറുമൊക്കെ ഓഫീസില്‍, 
അപ്പോള്‍ നാളെ കാണാം! ബൈ

(അവര്‍ യാത്ര പറഞ്ഞ് പിരിയുന്നു )

സീന്‍ - 4

സമയം പകല്‍

വില്ലയുടെ മുന്നിലെ കോളിങ്ങ് ബെല്ലമര്‍ത്തി കാത്ത് നില്‍ക്കുന്ന മാത്യുവും
അസീസും.ആലിക്കാടെ വില്ലയുടെ മുന്‍ഭാഗം.
ആലിക്ക വാതില്‍ തുറക്കുന്നതില്‍ നിന്നും തുടക്കം.

അസീസ്: അസ്സലാമു അലൈകും

ആലിക്ക: വ അലൈകും അസ്സലാം. ആരാ?

അസീസ്: ഞാന്‍ അസീസ് ഇത് മാത്യു. ഇന്നലെ റഫീക് വിളിച്ച് 
പറഞ്ഞ ആളാണ് ഞാന്‍.

ആലിക്ക: ആരേയോ അന്വേഷിച്ച് വന്ന ആളാണെന്ന് പറഞ്ഞത് 
നിങ്ങളെയാണോ?

അസീസ്: അതെ. ആലിക്കാ ഒരഞ്ചാറ് വര്‍ഷം മുന്‍പ് 
വരെ ക്യത്യമായി പൈസ അയക്കാറുണ്ടായിരുന്ന
കദീജാഹസ്സന്‍ എന്ന പേര്‍ ഓര്‍ക്കുന്നുണ്ടോ ഇക്കാ?

ആലിക്ക: എന്റെ റബ്ബേ, ഹസ്സന്റെ മോനാണോ നീ? 
ബാപ്പ ഇപ്പോള്‍ എവിടെ? സുഖമായിരിക്കുന്നോ?

അസീസ്: ബാപ്പാനെ അന്വേഷിച്ചാണ് ഞാന്‍ വന്നത്!

ആലിക്ക: യാ അള്ളാ ഹസനെകുറിച്ച് ഒരു വിവരവുമില്ലെന്നോ?

അസീസ്: ആലിക്കാക്ക് ബാപ്പാനെക്കുറിച്ച് വിവരങ്ങള്‍ അറിയാമെന്ന് 
കരുതിയാണ് ഇക്കാനെ അന്വേഷിച്ചെത്തിയത്,മാത്രമല്ല 
ബാപ്പാനെക്കുറിച്ച് എന്തെങ്കിലും അറിയുന്നത് ആലിക്കാക്ക് 
മാത്രമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.ഉമ്മാടെ ബാങ്ക് 
അക്കൌണ്ടിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷം മുന്‍പ് വരെ 
പണം അയച്ചിരുന്ന ആലിക്കാക്ക് ബാപ്പാനെക്കുറിച്ച്  എന്തെങ്കിലും
അറിയാതിരിക്കില്ലല്ലോ എന്ന വിശ്വാസവും.

ആലിക്ക: മോനെ, ഹസനെ ഞാന്‍ ആദ്യായിട്ട് കാണുന്നത് ഒരു 
മസറയില് വെച്ചാ. അന്നെനിക്ക് ഒരു പിക്കപ്പ് വേന്‍ വാടകയ്ക്ക് 
ഓടിക്കലായിരുന്നു പണി!

(അല്‍പ്പ നേരത്തെ മൌനത്തിന്നും ഒരു നീണ്ട നെടുവീര്‍പ്പിനും 
ശേഷം ആലിക്ക പറഞ്ഞ് തുടങ്ങുന്നു)
അന്നൊക്കെ ഓട്ടം വളരെ കുറവാ.എന്ത് ഓട്ടം കിട്ടിയാലും എടുക്കും.
ഏത് നരകത്തിലേക്ക് ഓട്ടം കിട്ടിയാലും ഓടും,അതായിരുന്നു അന്നത്തെ
അവസ്ഥ.അങ്ങിനെ ഒരു ദിവസം ആരും ഓട്ടം പോകാന്‍ മടിക്കുന്ന 
ഒരു മസറയിലെക്കുള്ള ഒരു വാടക കിട്ടി! മരുഭൂമിയുടെ ഒരു 
ഉള്‍പ്രദേശത്താണ് ഈ മസറ.ഒരു കണ്ണീചോരയില്ലാത്ത 
അറബിയുടെ മസറയായിരുന്നു അത്.വാടക വിളിച്ച് പോയാല്‍ ക്യത്യമായി 
വാടക തന്നെ തരാന്‍ മടിക്കുന്ന ഒരു കാട്ടറബി. അത് കൊണ്ട്
മലയാളികളാരും അയാളുടെ ഓട്ടം പോകാറില്ല. അന്നെന്തോ 
അയാള്‍ വാടകയൊക്കെ മുന്‍ കൂട്ടി തന്ന് കുറച്ച് പുല്ലും സാധനങ്ങളും 
മസറയില്‍ എത്തിക്കാന്‍ പറഞ്ഞ് വഴിയും പറഞ്ഞ് തന്നു...

സീന്‍ - 05 (ഫ്ലാഷ് ബാക്ക്)

സമയം പകല്‍
മരുഭൂമിയുടെ നടുവില്‍ ദരിദ്രമായ കാഴ്ചകളോടെ ഒരു മസറ
ആലിക്ക പിക്കപ്പുമായി ആ മസറയിലേക്ക് വരുന്നതില്‍ നിന്നും തുടക്കം.

ഒട്ടകങ്ങളും ആടുകളുമൊക്കെ കള്ളി തീരിച്ചുള്ള കൂ‍ടുകളില്‍ നില്‍ക്കുന്നു.
അതിനടുത്തായി  ചെറിയ ഒരു ഈന്തപ്പനയോലകൊണ്ട് മേഞ്ഞ ഒരു 
കൊച്ചു കുടില്‍. പോടി പറത്തിക്കൊണ്ട് ആലിക്കായുടെ പിക്കപ്പ് 
മസറയിലേക്ക് പാഞ്ഞ് വരുന്നു.

വണ്ടിയുടെ അടുത്തേക്ക് ഒരാള്‍ മുഷിഞ്ഞ വസ്ത്രത്തോടെ ഓടി വരുന്നു.
അയാളുടെ അടുത്ത് വണ്ടി നിര്‍ത്തിയിട്ട് ആലിക്ക അയാളെ നോക്കുന്നു.
അയാള്‍ ദാഹം കൊണ്ട് വലഞ്ഞിരിക്കുകയാണെന്ന് ഒറ്റനോട്ടത്തില്‍ 
തന്നെ മനസ്സിലാവുന്ന പ്രക്യതം.അയാള്‍ ആലിക്കാടെഅടുത്ത് വന്ന് 
“മാ‍ഇ  മാഇ”  എന്ന് പറഞ്ഞ് ആംഖ്യം കാണിക്കുന്നു.ആലിക്കയുടെ 
വണ്ടിയില്‍ ഒരു സൈഡിലുള്ള വെള്ളത്തിന്റെ കുപ്പി ചൂണ്ടിക്കാട്ടുന്നു. 
ആലിക്ക വെള്ളം എടുത്ത് നല്‍കുന്നു.
ആര്‍ത്തിയോടെ അയാള്‍ ആ വെള്ളം കുടിച്ച് തീര്‍ക്കുന്നു. 
അയാളത്തന്നെ ശ്രദ്ധിച്ച് നിന്ന ആലിക്ക
ആദ്യം ഹിന്ദിയിലും പിന്നെ അറബിയിലും ചോദ്യങ്ങള്‍ ചോദിക്കുന്നു.
ഉത്തരമെന്നോണം നിസ്സഹായമായി 
ചിരിക്കുന്നു.പിന്നെ ആലിക്കാടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലാകുന്നു.

ആലിക്ക:” പടച്ച റബ്ബേ ഇതെന്തൊരു പടപ്പാ? ഊരും പെരുമൊന്നും 
ഇല്ലാത്ത മനുഷ്യനോ?ദുനിയാവില് ഇങ്ങനേയും ആളുകള്‍ 
കഷ്ടപ്പെടുന്നുണ്ടല്ലോ റബ്ബേ...”

അത് കേട്ടതും അയാളുടെ മുഖത്ത് സന്തോഷം പ്രകടമാകുന്നു. 
അയാള്‍ വളരെ പ്രയാസപ്പെട്ട് 

ഹസന്‍: “ഞാനും ഞാനും ഒരു മലയാളിയാ....“

ആലിക്ക : “ന്റെ റബ്ബേ നിങ്ങളു മലയാളിയാണ്ന്നോ?

ഹസന്‍: “അതേ,അതെ... അഞ്ചാറ് കൊല്ലമായി ഞാന്‍ ആരോടെങ്കിലും
മലയാളത്തില് സംസാരിച്ചിട്ട്.മലയാളത്തില് സംസാരിക്കണം എന്ന് 
തോന്നിയാല് ഞാ‍ന്‍ കൊതി തീരണ വരെ ഈ ആടുകളോടും
ഒട്ടകങ്ങളോടും പറയും.അപ്പോ അവരു ആവരുടെ ഭാഷേല് മറുപടി തരും, 
പിന്നെ പിന്നെ അവരുടെഭാഷ ഞാന്‍ പഠിച്ചു.ഇപ്പോള്‍ ഞാന്‍ പറയുന്നത്  
അവര്‍ക്കും അവര്‍ പറയുന്നത് എനിക്കും മനസ്സിലാകും.”

ആലിക്ക: “എന്താ അന്റെ പേര്? എവിട്യാ നിന്റെ നാട്”

ഹസന്‍: “ഹസ്സന്‍ എന്നാണ് പേര്. മലപ്പുറത്ത ചേലൂര്‍ എന്ന സ്ഥലത്താ 
വീട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.”

ആലിക്ക: “നാട്ടിലെങ്ങാനും പോയിരുന്നോ അടുത്തെങ്ങാനും?

ഹസന്‍: “(നിസ്സഹായമായ് ചിരി വീണ്ടും) അഞ്ച് വര്‍ഷത്തോളമായി 
ഞാന്‍ നാട്ടില്‍ നിന്നും വന്നിട്ടെന്ന് തോന്നുന്നു.ഇത് വരെ തിരിച്ച് പോകാന്‍  
പറ്റിയിട്ടില്ല. പോകാന്‍ അറബി സമ്മതിച്ചിട്ടില്ല.ഇന്റെ കുട്യോളെ 
കാണാണ്ട് ഖല്‍ബ് പൊരിയാ? ഞാന്‍ വരുമ്പോ എന്റെ മൂത്ത മോന്‍ 
ആറാം തരത്തിലും മോള്‍ നാലാം തരത്തിലും പഠിക്യാ.ഇപ്പോ 
അവരൊക്കെ വല്യ  കുട്ടികളായിട്ടുണ്ടാകും! ന്റെ റബ്ബേ അവരെ 
കാത്തോളണേ..അവര്‍ക്ക് നീ മാത്രമാണ് റബ്ബേ തുണ.

ആലിക്ക: “ഭാര്യയുടേയും മക്കളുടേയും കത്തുകളൊന്നും വരാറില്ലേ? 
അല്ല എങ്ങിനെ നിങ്ങളീ മസറയില്‍ എത്തിപ്പെട്ടത്?

ഹസന്‍: “ബോംബേന്ന് ഒരു അറബിടെ കടയിലേക്കാണെന്നും 
പറഞ്ഞാ വിസ തന്നത്.ആദ്യത്തെ മൂന്ന് നാലു മാസം ഒരു  
കടയിലായിരുന്നു.കാലത്ത് അഞ്ച് മണിക്ക് തുടങ്ങും പണി.രാത്രി 
പന്ത്രണ്ട് മണി വരെ പണി തന്നെ പണി.എന്നാലും ഒരു സമാധാനം 
ഉണ്ടായിരുന്നത് നാട്ടില്‍ നിന്നും കത്തുകള്‍ അയക്കുന്നത് 
കിട്ടുമായിരുന്നു. എനിക്ക് എഴുത്തും വായനയുമൊന്നും അറിയാത്തതോണ്ട് 
കൂട്ടുകാരാണ് കത്തുകള്‍ വായിച്ച് തരാറ്.”

ആലിക്ക:“ശമ്പളമൊക്കെ ക്യത്യമായി കിട്ടിയിരുന്നോ?

ഹസന്‍: “വന്നിട്ട് നാലുമാസത്തിനിടയ്ക്ക് രണ്ട് തവണ 
കുറച്ച് പൈസ കിട്ടി. അത് കയ്യോടെ ഭാര്യയുടെ അക്കൌണ്ടിലേക്ക് 
അയച്ചു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ 
അറബി ഇവിടെ കൊണ്ടു വന്നാക്കി.അതില്‍ പിന്നെ പൈസ ഒന്നും 
തരാറില്ല.ചോദിച്ചപ്പോള്‍ ഭാര്യയുടെ അക്കൌണ്ടിലേക്ക് എല്ലാ
മാസവും അയക്കുന്നുണ്ടെന്ന് പറഞ്ഞു. ഒന്ന് വിളിക്കാന്‍ ഫോണോ 
അല്ലെങ്കില്‍ ഒരു കത്തോ ഒന്നും ഇവിടെ ആയതില്‍ പിന്നെ കിട്ടിയിട്ടില്ല“

ആലിക്ക: “ഭാര്യ പിന്നെ കത്തൊന്നും അയച്ചില്ലേ?

ഹസന്‍: “അറിയില്ല.എന്റെ പഴയ അഡ്രസ്സില്‍ അയച്ച് കാണും.
ഒന്നും എനിക്ക് കിട്ടിയില്ല.”

ആലിക്ക: “ഇവിടന്ന് ഓടി രക്ഷപ്പെടായിരുന്നില്ലേ? ഇവിടെ ഇങ്ങനെ 
കഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലത് ഇവിടന്ന് രക്ഷപ്പെടായിരുന്നില്ലേ?

ഹസന്‍: “ഒന്ന് രണ്ട് തവണ ഞാന്‍ ശ്രമിച്ചതാ.അപ്പോഴൊക്കെ 
അറബിയുടെ ആളുകള്‍ പിടിച്ച് കൊണ്ട് വന്ന് പൂട്ടിയിടും
പിന്നെ കുറേ നളത്തേക്ക് ഒരു തുള്ളി വെള്ളം പോലും തരില്ല. 
എന്റെ ജീവിതം ഇവിടെ അവസാനിക്കും.ഇന്റെ വിധി
അതാ.ഇന്റെ ഭാര്യടെം കുട്ടികളുടേം ഹാല് ഓര്‍ക്കുമ്പഴാ....
(അയാള്‍ വിതുമ്പുന്നു. ഒന്ന് നിര്‍ത്തിയ ശേഷം)
കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളവും റൊട്ടിയുമൊക്കെ തീര്‍ന്നിട്ട്.
ഈ തീരുന്നതും പട്ടിണിയ്‍ാകുന്നതുമൊന്നും ആദ്യായിട്ടല്ലാത്തോണ്ട് 
എല്ലാം ശീലായി!”

ആലിക്ക:“നിങ്ങള്‍ എന്റെ കൂടെ പോരുന്നോ? ഞാന്‍ നിങ്ങളെ 
വേറെ എവിടേയെങ്കിലും എത്തിക്കാം. ഇവിടന്ന് രക്ഷപ്പെടൂ!

ഹസന്‍: “(വീണ്ടും ചിരിക്കുന്നു) വേണ്ട അത് വേണ്ടാ.എന്നെ 
രക്ഷിക്കാന്‍ ശ്രമിച്ചവരൊക്കെ അപകടത്തില്‍ പെട്ടിട്ടേയുള്ളൂ.
അറബി നിങ്ങളേയും ഉപദ്രവിക്കും.നിങ്ങളുടെ വണ്ടിയുടെ നമ്പറും 
മറ്റും അയാള്‍ കുറിച്ച് വെച്ചിട്ടുണ്ടാകും.വേണ്ട നിങ്ങളും വെറുതെ 
കുഴപ്പത്തിലാവണ്ട.ന്റ വിധി ഞാന്‍ അനുഭവിച്ചോളാം’

ആലിക്ക: “എന്റെ ഹസന്‍, ഞാന്‍ എങ്ങിനേയാ നിങ്ങളെ 
സഹായിക്കുക? എന്റെ റബ്ബേ..ഈ മനുഷ്യന് സമാധാനം നല്‍കണേ’

ഹസന്‍ :“നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ എനിക്കൊരു ഉപകാരം ചെയ്യാമോ?

ആലിക്ക: “എന്താണെങ്കിലും പറയൂ ഹസ്സന്‍.എന്നെക്കൊണ്ടാവുന്നത് ചെയ്യാം“.

ഹസന്‍; “കഴിഞ്ഞ മാസം സാധനങ്ങള്‍ കൊണ്ട് വന്ന കൂട്ടത്തില്‍ 
ഇക്കൊരു കത്തും ഉണ്ടായിരുന്നു.സമയമുണ്ടെങ്കില്‍ അതൊന്ന്  
വായിച്ച് തരാമോ?”

ആലിക്ക :“അതിനെന്താ ഹസന്‍ എവിടെ കത്ത് എടുത്ത് തരൂ.”
(ഒരു തകരപ്പെട്ടിയില്‍ നിന്നും അയാള്‍ ഒരു കത്തെടുക്കുന്നു.അത് 
ആലിക്കാക്ക് വായിക്കാനായി നീട്ടുന്നു.ആലിക്കഅത് വാങ്ങി വായിക്കുന്നു)
 
ആലിക്ക: “പടച്ച റബ്ബേ ഇതൊരു കൊല്ലം മുന്‍പ് എഴുതിയ 
കത്താണല്ലോ! നീ വല്ലാത്തൊരു ഭാഗ്യ ദോഷിതന്നെയാണ് ഹസ്സാ....
എന്തായാലും ഇപ്പോഴെങ്കിലും വായിക്കാന്‍ തരായല്ലോ. അതന്നെ വല്യ കാര്യം,

(ആലിക്ക കത്തിലേക്ക് നോക്കി വായിക്കാന്‍ തുടങ്ങുന്നു)

ഒബിഹില്ലാഹി തൌഫീക്, 
എത്രയും സ്നേഹം നിറഞ്ഞ എന്റെ സ്നേഹനിധി അറിയുന്നതിന്ന് ഭാര്യയും 
മക്കളും ചേര്‍ന്ന്എഴുതുന്ന കത്ത്.ഞങ്ങള്‍ക്കിവിടെ ഒരു വിധം 
സുഖം തന്നെ.നിങ്ങള്‍ക്കും അപ്രകാരമാണെന്ന് അള്ളാഹുവില്‍ വിശ്വസിക്കുന്നു.
മറുപടി കിട്ടാത്ത കത്തുകളുടെ കൂട്ടത്തിലേക്ക് ഒരു കത്ത് കൂടി എഴുതുന്നു. 
ഈ കത്തുകളൊക്കെ നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ എന്ന്പോലും അറിയില്ല. 
എങ്കിലും കഴിഞ്ഞ മൂന്നാലു വര്‍ഷമായി നിങ്ങളുടെ വരവു കാത്തിരിക്കുന്ന 
എനിക്ക് നിങ്ങളുടെ എന്തേങ്കിലും വിവരം അറിയാന്‍ കഴിഞ്ഞെങ്കിലെന്ന 
കൊതിയോടെ വീണ്ടും എഴുതുകയാണ്. മക്കള്‍ നന്നായി പഠിക്കുന്നുണ്ട്.
അവര്‍ക്ക് ബാപ്പാനെ കാണാത്ത ഒറ്റവിഷമം മാത്രേയുള്ളൂ.ഒന്നും കൊണ്ടു 
വന്നില്ലെങ്കിലും ബാപ്പാനെ ഒന്ന് കാണാനെങ്കിലും നാട്ടിലേക്ക് വരാനാണ് 
അവര്‍ പറയുന്നത്. വീട്ടിലെ കാര്യങ്ങള്‍ അറിയാലോ, ബാങ്കില്‍ 
പണയപ്പെടുത്തിയ പണ്ടങ്ങളൊക്കെ ലേലം വിളിച്ച് പോയി.
അതോര്‍ത്ത് നിങ്ങള്‍ ബേജാറാവണ്ട.പടച്ചോന്‍ വിധി കൂട്ടിയാല്‍ 
അതൊക്കെ നമുക്ക് ഇനിയും ഉണ്ടാക്കാം മക്കളേക്കാള്‍ 
പൊരിഞ്ഞിട്ടാണ് ഞാന്‍ കഴിച്ച് കൂട്ടുന്നത്. നിങ്ങളെയൊന്ന് 
മുഖതാവില്‍ കാണാന്‍ എന്നാണ് കഴിയുക. മനസ്സിന്റെ വിഷമങ്ങള്‍ 
ഇങ്ങനെ എഴുതിയാലെങ്കിലും തീരട്ടെ എന്ന് കരുതിയാണ് മറുപടി 
കിട്ടാഞ്ഞിട്ടും എഴുതുന്നത്. ഈ കത്ത് കിട്ടിയാല്‍ നിങ്ങള്‍ എത്രയും 
വേഗം വരാന്‍ ശ്രമിക്കണം. ഞങ്ങള്‍ക്ക് സ്വത്തും മുതലും സമ്പാദ്യവും 
ഒന്നും വേണ്ട. നിങ്ങളെയൊന്നു കണ്ടാല്‍ മാത്രം മതി. നിങ്ങളുടെ 
വരവും കാത്തിരിക്കുന്ന നമ്മുടെ മക്കളുടെ മുഖം കാണാനെങ്കിലും
നിങ്ങള്‍ വരുമെന്ന് കരുതുന്നു.ഞങ്ങള്‍ക്ക് വേറെ ആരുമില്ലെന്ന് 
എപ്പോഴും ഓര്‍മ്മ വേണം.മക്കളോട് ഇനിയും അവധി
പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ വയ്യ.അത് കൊണ്ട് ഈ കത്ത് കിട്ടിയാല്‍ 
എത്രയും വേഗം വരുമെന്ന് റബ്ബില്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ക്കും കൂട്ടുകാര്‍ക്കും പിരിശത്തില്‍ സലാം പറഞ്ഞ് കൊണ്ട് നിര്‍ത്തുന്നു.
മുഖം മുത്തി മണത്ത് കൊണ്ട് സലാമോടെ ഭാര്യയും മക്കളും,
അസ്സലാമു അലൈകും....
കത്ത് വായിച്ച് തീരുന്നു. ആലിക്ക കത്ത് മടക്കിക്കൊണ്ട്
ദയനീയമായി ഹസനെ നോക്കുന്നു.ആലിക്കാടെ കണ്ണുകളും നിറയുന്നു. 
ഹസന്‍ പൊട്ടിക്കരയുന്നു. ആലിക്ക ആശ്വസിപ്പിക്കുന്നു. അല്‍പ്പ 
സമയത്തിന് ശേഷം ഹസന്‍ വസ്ത്രത്തിന്റെ തല കൊണ്ട് മുഖം 
തുടച്ച്  അകത്തേക്ക് പോയി ഒരു പൊടിപിടിച്ച് കിടന്ന ഒരു പെട്ടി 
തുറക്കുന്നു. അതില്‍ നിന്നും  തപ്പിത്തിരഞ്ഞ് കുറച്ച് മുഷിഞ്ഞ 
നോട്ടുകള്‍ കണ്ടെടുക്കുന്നു. അത് ചുരുട്ടിപ്പിടിച്ച്
കൊണ്ട് ആലിക്കാടെ അടുത്തേക്ക് വരുന്നു. വിറയാര്‍ന്ന കൈകളോടെ 
ആ മുഷിഞ്ഞ ദിര്‍ഹമുകള്‍ ആലിക്കാടെ നേരെ നീട്ടുന്നു.

ഹസന്‍ :“എന്റെ കുട്ടികള് പട്ടിണി കിടക്കാന്‍ പാടില്ല.ഇതൊന്ന് 
എന്റെ ഭാര്യയ്ക്ക് എത്തിച്ച് കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യണം,ഇത് എത്ര
ഉണ്ടാവുമെന്നോ എത്ര കിട്ടുമെന്നോ എനിക്കറിയില്ല.എന്റെ കയ്യില്‍ 
ഇപ്പോള്‍ ഇതേ ഉള്ളൂ ആലിക്കാ. ഇന്റെ മക്കള്‍ പഠിച്ച് നല്ല 
നിലയിലെത്തണം. അവരെന്നെപ്പോലെ കഷ്ടപ്പെടാന്‍ പാടില്ല. 
ഇന്റെ കഷ്ടപ്പാട് സാരല്യ.ഇന്റെ മക്കള്‍ക്ക് മുടക്കം കൂടാതെ 
വല്ലതും അയക്കാന്‍ എനിക്ക് കഴിയണേ റബ്ബേ..
എന്നാണെന്റെ എപ്പഴത്തേം ദുആ (ഹസന്‍ വിതുമ്പുന്നു)
(അല്‍പ്പ നേരം കൂടി അവിടെ ചിലവഴിച്ച് ആലിക്ക അവിടെ നിന്നും യാത്ര 
പറഞ്ഞിറങ്ങുന്നു.)


സീന്‍ - 06 


പകല്‍
ആലിക്കാടെ വീട്.
ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചായ കുടിക്കുന്ന അസീസും ആലിക്കയും മാത്യുവും.
ആലിക്ക തുടരുന്നു.
ആലിക്ക: “പിന്നീട് ഒരു തവണകൂടി ഞാന്‍ ഹസനെ കണ്ടു.
അന്നും കുറച്ച് പണം ഏല്‍പ്പിച്ചു. പിന്നെ അങ്ങോട്ട് ഓട്ടം കിട്ടാറുമില്ല
എനിക്കൊട്ട് പോകാനോ കഴിഞ്ഞില്ല. ഓരോരോ തിരക്ക്. 
അല്ലെങ്കിലും സ്വയം പച്ച പിടിക്കാനുള്ള തന്ത്രപ്പാടിലാണല്ലോ
ഒരോരുത്തരും ഈ മണലാരണ്യത്തില്‍ വന്നാല്‍. പക്ഷേ ഹസന്‍ തന്ന 
ആ അഡ്രസ്സില്‍ ഞാന്‍ ഒരു നാലഞ്ച് കൊല്ലത്തോളം
ക്യത്യമായി പണം അയച്ചിട്ടുണ്ട്. പിന്നെ മക്കളൊക്കെ വലുതായി 
നിയന്ത്രണങ്ങളൊക്കെ അവരുടെ കയ്യിലായപ്പോള്‍
അത് തുടരാന്‍ പറ്റിയില്ല.അതിലു എന്നോട് വിരോധമൊന്നും തോന്നരുത്
അസീസെ...“
അസീസ്: വിരോധോ? നിങ്ങള്‍ പണം അയ്ച്ചില്ലായിരുന്നെങ്കില്‍ 
ഞങ്ങള്‍ എന്നേ പട്ടിണി കിടന്ന് മരിച്ചിട്ടുണ്ടാകുമെന്നോ ആലിക്കാ.
നിങ്ങളോടുള്ള കടപ്പാട് ഞങ്ങള്‍ക്ക് എങ്ങിനെ മറക്കാന്‍ പറ്റും?

മാത്യു: ആലിക്ക, നിങ്ങളുടെ നല്ല മനസ്സ് എല്ലാവര്‍ക്കും ഉണ്ടാവട്ടെ 
എന്നാണ് എന്റെ പ്രാര്‍ത്ഥന. കഷ്ടപ്പെടുന്നവരെ സഹായിക്കുവാനുള്ള
ഒരു മനസ്സ് ഇന്ന് ആര്‍ക്കും ഇല്ല. എല്ലാവര്‍ക്കും സ്വന്തം കാര്യങ്ങള്‍ മാത്രം.

ആലിക്ക: എന്തായാലും നമുക്കൊന്ന് അവിടെവരെ പോയി അന്വെഷിച്ച് 
നോക്കാം.ആദ്യം ആ അറബി സാധനങ്ങള്‍ വാങ്ങിയിരുന്ന 
കടയിലൊന്ന് അന്വേഷിക്കാം.അവിടന്ന് എന്തേങ്കിലും വിവരം 
കിട്ടാതിരിക്കില്ല എന്നാണ് തോന്നുന്നത്.അതിനടുത്തെവിടേയോ ആ 
അറബിയുടെ ഓഫീസ് ഉണ്ടായിരുന്നെന്ന് തോന്നുന്നു. വാ നമുക്കൊന്ന് 
അന്വേഷിച്ച് നോക്കാം...“

(അവര്‍ മൂവരും ചായകുടി നിര്‍ത്തി എഴുനേല്‍ക്കുന്നു.അവര്‍ റൂമിന് 
പുറത്തിറങ്ങുന്നു.പുറത്ത് കടന്ന് അവര്‍ കാറില്‍ കയറി യാത്രയാകുന്നു.)

സീന്‍ - 07

പകല്‍ 
കാര്‍ ഒരു ഗ്രോസറിയുടെ മുന്നിലെ പാര്‍ക്കിങ്ങില്‍ വന്ന് നിര്‍ത്തുന്നതില്‍ 
നിന്നും തുടക്കം. ഡോറ് തുറന്ന് മൂന്ന് പേരും ഗ്രോസറിയിലേക്ക് കയറുന്നു.


സീന്‍ - 07 എ

ഒരു ഗ്രോസറിയുടെ ഉള്‍വശം.
അതിനകത്ത് കട നടത്തുന്ന ആളും അയാളുടെ സഹായിയും.
കടയുടമ ലിസ്റ്റ് നോക്കി നില്‍ക്കുന്നു.ഒരാള്‍ കടയില്‍ നിന്നും 
സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങുന്നതില്‍ നിന്നും തുടക്കം)

കടയുടമ: എടാ..ഈ ബാച്ചിലേര്‍സ് വന്ന് ഒരു സാധനം വാങ്ങുമ്പോ 
വേറെ രണ്ട് സാധനം എടുത്ത് പോക്കറ്റിലിടും. അത് ഇയ് കാണില്ല,
അപ്പോ ഈ വക ആള്‍ക്കാര് വരുമ്പോ എപ്പോഴും ഒരു പത്ത് ദിര്‍ഹം
വെച്ച് കൂട്ടി എഴുതണം മനസ്സിലായോ? മാസാവസാനം കാശ്
കിട്ടിയെങ്കിലായി, ഇനിയെങ്ങാന്‍ അവര് മുങ്ങിയാലോ കായി 
കമ്പനിക്കടിക്കും . മനസ്സിലായോ?

മുനീര്‍: ഹും അതൊക്കെ വേണ്ട പോലെ ഞാന്‍ ചെയ്യുന്നുണ്ട് വാപ്പാ.
(കടയിലേക്ക് ആലിക്കയും അസീസും കടന്ന് വരുന്നു.)

കടയുടമ: എന്താ വേണ്ടത്?
(ആലിക്കാനെ കണ്ടതും അല്‍പ്പം സംശയത്തോടെ..) 
നിങ്ങളെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടല്ലോ..എവിടേന്ന് ഓര്‍മ്മ കിട്ടുന്നില്ല.

ആലിക്ക: ഞാന്‍ ഒരു അഞ്ചെട്ട് കൊല്ലം മുന്‍പ് ഇവിടെയൊക്കെ 
തന്നെയായിരുന്നു.വല്ല പിടുത്തോം കിട്യോ?

കടയുടമ: അങ്ങനെ വരട്ടെ, പിക്കപ്പ് വാടകയ്ക്ക് ഓടിച്ചിരുന്ന ആലിക്ക! 
പടച്ച് അ റബ്ബേ നിങ്ങള്‍ ആളാകെ മാറിയല്ലോ. 

ആലിക്ക: ഇവട്ത്തെ വെള്ളോം പൊറുതിയല്ലേ, മാറാണ്ട് പറ്റ്വോ? 
ഞാന്‍ വന്നത് വേറെ ഒരു കാര്യം അന്വേഷിക്കാനാ. ഒരു മസറയുള്ള 
അറബി ഇവിടന്ന് സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നല്ലോ. 
ആ വാടകേം അനക്ക് കായീമൊക്കെ ശരിക്കും തരാത്ത ഒരു കാട്ടറബി.
അയാളുടെ മസറയിലേക്ക് ഇപ്പോഴും സാധനം കൊണ്ട് പോകാറുണ്ടോ?

കടയുടമ: ആ ആളെ പിടി കിട്ടി. അയാള് രണ്ട് മൂന്ന് കൊല്ലം മുന്‍പ് 
ഒരു ആക്സിഡന്റില് മരണപ്പെട്ടല്ലോ. എന്തേ വല്ല കാശിന്റെ
എടപാടും ഉണ്ടോ?

ആലിക്ക: കാശിന്റെ ഇടപാടല്ല. ആ മസറയില്‍ ഒരു മലയാളി 
ഉണ്ടായിരുന്നു.ഒരു ഹസന്‍.അയാളെക്കുറിച്ച് കുറേ കാലമായി
ഒരു വിവരവും ഇല്ല.അയാളേ അന്വേഷിച്ച് ഇറങ്ങിയതാ.

കടയുടമ: ഹസനിക്ക. എനിക്കറിയാം.ആദ്യം ഈ അറബിയുടെ ഒരു 
കടയിലായിരുന്നു ഹസനിക്ക. അവിടന്ന് അയാളുടെ മസറയിലെ
ബംഗാളി ഒളിച്ചോടിയപ്പോള്‍ ഹസനിക്കാനെ അങ്ങോട്ട് കൊണ്ട് 
പോയി എന്നാണ് അറിഞ്ഞത്.പിന്നെ മൂപ്പരെ കുറിച്ച് ഒരു വിവരവും
അറിഞ്ഞിട്ടില്ല.അതിപ്പോ ഒരു പത്ത് കൊല്ലത്തിനു മുകളിലായില്ലേ ആലിക്കാ?

ആലിക്ക: അതെ. ഇത്രേം കാലായിട്ട് ഒരു വിവരവും ഇല്ല.ഇത് അസീസ് 
അയാളുടെ മകനാ.പാവം ബാപ്പാനെ അന്വേഷിച്ച് വന്നതാ.

അസീസ്: ബാപ്പ ഇങ്ങോട്ട് വന്നിട്ട് ഒരു പതിനഞ്ച് കൊല്ലമെങ്കിലും 
ആയിക്കാണും.ആദ്യത്തെ മൂന്നാലു മാസം കത്തെങ്കിലും 
കൂട്ടുകാരെക്കൊണ്ട് എഴുതിച്ചത് കിട്ടിയിരുന്നു.പിന്നെ 
ബാപ്പാനെക്കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ജീവിച്ചിരിപ്പുണ്ടോ
അതോ വല്ല അപകടവും സംഭവിച്ചോ എന്നൊന്നും അറിയില്ല. 
നിങ്ങള്‍ക്കെന്തേങ്കിലും വിവരം അറിയുമോ ബാപ്പാനെക്കുറിച്ച്?

കടയുടമ: വന്ന അവസരത്തില്‍ ഇവിടെയടുത്തായിരുന്നു താമസം.
ഇവിടന്ന് തന്നെയാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്.നാട്ടില്‍
നിന്നുള്ള കത്തുകളും ഇവിടത്തെ ബോക്സില്‍ തന്നെയാണ് വരാറ്. 
പിന്നെ പിന്നെ കത്ത് വരുന്നോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കാന്‍
നമുക്ക് പറ്റില്ലല്ലോ മാത്രമല്ല, ഫ്രം അഡ്രസ് വല്ല 
പെണ്ണുങ്ങളുടെതാണെങ്കില്‍ ഏതെങ്കിലുമൊക്കെ ഞരമ്പ് രോഗികള്‍ 
കട്ട് കൊണ്ട് പോകും. ബോക്സ് പുറത്തിരിക്കുന്നത് 
കാരണം നമുക്കതൊന്നും നോട്ടമെത്തില്ല.ഒരിക്കലോ 
മറ്റോ സാധനങ്ങള്‍ കൊണ്ട് പോകുന്ന വണ്ടിയില്‍ ഹസനിക്കാക്ക് ഒരു 
കത്ത് കൊടുത്തയച്ചതായി ഓര്‍ക്കുന്നു. അതിന്റെ ഫ്രം അഡ്രസ് ഒരു 
ആണിന്റെ പേരായത് കാരണം ആരും കൊണ്ട് പോകാത്തത് കൊണ്ട് 
കണ്ണില്‍ പെട്ടതായിരിക്കാം. 

ആലിക്ക: ഇപ്പോഴും ആ മസറയിലേക്ക് സാധനങ്ങള്‍ കൊണ്ട് 
പോകാറുണ്ടോ? ആ മസറ ഇപ്പോഴും ഉണ്ടോ അതോ....?

കടയുടമ: മസറ ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ വേറെ ആരോ 
ആണ് അത് നടത്തുന്നത്. സാധനങ്ങളൊന്നും ഇവിടുന്നല്ല
വാങ്ങുന്നത്. എന്തായാലും നിങ്ങള്‍ അവിടം വരെ ഒന്ന് പോയി 
നോക്കിക്കോളിന്‍. ഇത് വരെ വന്നതല്ലേ.വല്ല വിവരവും
കിട്ടിയെങ്കിലോ? ഇപ്പോഴാണെങ്കില്‍ ആ മസറയുടെ അടുത്ത് വരെ നല്ല 
റോഡുമുണ്ട്.

ആലിക്ക : എന്നാല്‍ ഞങ്ങളൊന്ന് പോയി അന്വേഷിക്കട്ടെ, നിന്നെ 
കണ്ടത് നന്നായി.ഞങ്ങള്‍ വരട്ടെ.

കടയുടമ: ഹസനിക്കടെ എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണേ ആലിക്കാ.

ആലിക്ക: തീര്‍ച്ചയായും...എന്നാല്‍ ഞങ്ങളിറങ്ങട്ടെ, അസ്സലാമു അലൈകും
(അവര്‍ അവിടെ നിന്നും ഇറങ്ങി കാറില്‍ കയറുന്നു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നു)

സീന്‍ - 08 


സമയം പകല്‍
കാറിന്റെ ഉള്‍ വശം.
അവര്‍ യാത്ര തുടരുന്നു.വിജനമായ മരുഭൂമിയിലെ റോഡിലൂടെ നീങ്ങുന്നു.
അസീസ് അക്ഷമനാകുന്നു.അയാളുടെ മുഖത്ത് ആകാംക്ഷയും പരിഭ്രമവും
പ്രകടമാവുന്നു. 

അസീസ്: ഇനിയും ഒത്തിരി ദൂരമുണ്ടോ ആലിക്കാ?

ആലിക്ക: കുറച്ച് കൂടിയുണ്ട്. നീ ബേജാറാവാണ്ടിരിക്ക്. 
ബാപ്പ അവിടെത്തന്നെയുണ്ടാകുമെന്നേ.ആ അറബി അവിടന്ന്
പുറത്ത് പോകാന്‍ സമ്മതിച്ച് കാണില്ല.എന്തായാലും നമ്മള്‍ക്ക് നേരിട്ട് 
അന്വേഷിക്കാലോ..

അസീസ്: ബാപ്പ അവിടെ ഉണ്ടായിരുന്നാല്‍ മതിയായിരുന്നു.റബ്ബേ 
എന്റെ ബാപ്പാക്ക് ഒരു ആപത്തും പറ്റിയിട്ടുണ്ടാവരുതേ...

മാത്യു: അസീസെ, നീ വിഷമിക്കാതിരിക്ക്.ദൈവം നിങ്ങളുടെയൊക്കെ 
പ്രാര്‍ത്ഥന കേള്‍ക്കാതിരിക്യോ? 
(അവരുടെ കാര്‍ മസറയുടെ മുന്നിലെ ഗെറ്റിനു മുന്നില്‍ നിര്‍ത്തുന്നു.
അവര്‍ കാറില്‍ നിന്നും പുറത്തിറങ്ങുന്നു.)

സീന്‍ - 09


പകല്‍
മസറയുടെ ഗേറ്റ് കടന്ന് മൂന്ന് പേരും മസറയിലെ സാമാന്യം ഭേതപ്പെട്ട 
ഒരു കുടിലിനെ ലക്ഷ്യമാക്കി നീങ്ങുന്നു.അവരെ കണ്ട് അകത്ത് നിന്നും 
ഒരു പാക്കിസ്താനി മുഷിഞ്ഞ വേഷത്തോടെ പുറത്തേയ്ക്ക് വരുന്നു.

ആലിക്ക: അസ്സലാമു അലൈകും 

പാക്കി: വ അലൈകും അസ്സലാം.. ഭായി ക്യാ മംഗ്തെ?

ആലിക്ക: ഭായി ഇതര്‍ ഏക് ആദ്മി താ ഹസന്‍.വ അഭി ഇദര്‍ ഹേ യാ നഹീ?

പാക്കി: ഹസന്‍? നഹീ ഭായി ഇതര്‍ മേം ഔര്‍ ഏക് ബംഗാളി മുഷരിഫ് 
നാമക് ആദ്മി ഹെ ബസ്, ഓര്‍ സുനൊ ഏക് ബുഡാ ആദ്മി ഹെ ഇതര്‍, 
ഉസ്കാ നാം യാ ജഗഹ് കുച്ച് നഹീ മാലൂം സാബ്.
(അവര്‍ പരസ്പരം ഉഖത്തോട് മുഖം നോക്കുന്നു)
“ആവോ മേം ദിക്കായേകാ.....ഉസ്കാ ബാരെ മേം കുച്ച് നഹി മാലൂം”

(അയാള്‍ അവരേയും കൂട്ടി ഒരു ആട്ടിന്‍ കൂടിനടുത്തേയ്ക്ക് പോകുന്നു)

സീന്‍ - 10

പകല്‍
ആട്ടിന്‍ കൂടിന്റെ ഒരു മൂലയില്‍ വളരെ മുഷിഞ്ഞ് നാറിയ ഒരു കന്തൂറയിട്ട് 
കാല് ഒരു കയറ് കൊണ്ട് ഒരു ബന്ധൈപ്പിച്ച് ഒരു വയസായ
മനുഷ്യക്കോലം. മടിയില്‍ ഒരു ആട്ടിങ്കുട്ടിയെ വെച്ച് താലോലിക്കുന്നു.
പാക്കിസ്താനിയെ കണ്ടതും ആ വ്യദ്ധന്‍ ആട്ടിന്‍ കുട്ടിയെ മാറോട് കൂടുതല്‍
അടക്കിപ്പിടിച്ച് എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുന്നു.ആ വ്യദ്ധന്‍ 
തന്റെ ബാപ്പയാണെന്ന് അസീസ് തിരിച്ചറിയുന്നു.അസീസ് ബാപ്പാ
എന്ന് വിളിച്ച് ആ വ്യദ്ധനെ എഴുന്നേല്‍പ്പിച്ച് ആലിംഗനം ചെയ്യുന്നു.
ആലിക്കയും മാത്യുവും ആ രംഗം കണ്ട് കണ്ണ് നിറയുന്നു.
പാക്കി: പാകല്‍ ആദ്മി, ബഹുത് സാല്‍ സേ ഇദരീ ഹെ.ഇസ്കാ ബാപ്പ് 
യെ ആദ്മി? സുഭാനള്ളാ....
അസീസ് ബാപ്പയെ കെട്ടിപ്പിടിച്ച് കരയുന്നു.അസീസ് ആലിക്കാടെ നേര്‍ക്ക് 
തിരിഞ്ഞ് കൊണ്ട്,
അസീസ്: ആലിക്കാ...എന്റെ ബാപ്പ....ഇതാ എന്റെ ബാപ്പ....!

(അസീസ് ബാപ്പടെ കാലിലെ കെട്ടഴിച്ച് സ്വതന്ത്രനാക്കുന്നു,പതുക്കെ അയാളെ
പിടിച്ച് എഴുനേല്‍പ്പിച്ച് താങ്ങിപ്പിടിച്ച് പുറത്തേക്ക് നടക്കാനായി തിരിയുന്നു!)
സീന്‍ ഫ്രീസ്!

മരുഭൂമിയില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങളില്‍ നിന്നും ഒന്ന് മാത്രം..........

38 comments:

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു!
സസ്നേഹം....

ദേവന്‍ said...

ഇക്കാ, ഇത് വളരെ നന്നായി എഴുതിയിരിക്കുന്നു ഇത് ടെലി ഫിലിം ആക്കണമെന്ന മോഹം എത്രയും വേഗം പൂവണിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു

നിഷാർ ആലാട്ട് said...

vallare nannayittundu vazhakodan yella bhavukalum nerunnu

Hashim said...

വളരെ നന്നായിട്ടുണ്ട് വാഴക്കോടാ ഈ തിരക്കഥ. ഇത് തീര്‍ച്ചയായും ഒരു ടെലിഫിലിമാവേണ്ടത് തന്നെയാണ്.
ഹസന്‍ എന്ന കഥാപാത്രം മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

എല്ലാവിധ ആശംസകളും

അഫ്സല്‍ said...

ഇക്കാ, ഇത് ഇത് ടെലിഫിലിം ആക്കിയില്ലേങ്ഗില്‍ തീരാനഷ്ടമാണ്

jayanEvoor said...

വാഴക്കോടാ,
നന്നായിട്ടുണ്ട്.

(അറബിക്കഥ സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടെത്താൻ ശ്രമിക്കുന്നത് ഓർമ്മ വന്നു എന്നൊരു ന്യൂനത ഉണ്ട്. അത് സംവിധായകൻ ശരിയാക്കിക്കൊള്ളും)

Muhammed Sageer Pandarathil said...

ഈ കഥ വളരെ ഹൃദയസ്പശിയാണ്.കഥയിലെ എന്റിങ്ങ് പോസറ്റീവ് ആക്കിയത് നന്നായി.ഇത് തിരക്കഥയാകണമെങ്കിൽ ഇനിയും ഏറെ കടമ്പകൾ ഉണ്ട്!ഇതിനു വേണ്ടി തിരക്കഥ എഴുതുമ്പോൾ ഇത് സംഭാഷണങ്ങളായി ഉപയോഗിക്കാം.എത്രയും വേഗം ഇത് ടെലിഫിലിം ആകട്ടെയെന്ന് ആശംസിക്കുന്നു.

Muhammed Sageer Pandarathil said...
This comment has been removed by the author.
പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇതൊക്കെ ഇവിടെ സാധാരണമാ എന്നാലും നമ്മുടെ പാവപ്പെട്ട സഹോദരങ്ങള്‍ വീണ്ടും ഈ ചതിയില്‍ വീഴുന്നു.ഇടക്കൊക്കെ അടുജീവിതം എന്ന നോവലിലെ പലരെയും വീണ്ടും കണ്ടു മുട്ടിയത്‌ പോലെ തോന്നി

Raneesh said...

നന്നായിട്ടുണ്ട്...

Raneesh said...

നന്നായിട്ടുണ്ട്...

സച്ചിന്‍ // SachiN said...

ഇത് തീര്‍ച്ചയായും ദ്യശ്യാവിഷ്കാരം ചെയ്യപ്പേടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.അതിനായി കാത്തിരിക്കുന്നു.
ആശംസകളോടെ....

അപര്‍ണ്ണ II Appu said...

നന്നായിട്ടുണ്ട്. ഇതൊരു ടെലിഫിലിമായി കാണാന്‍ കാത്തിരിക്കുന്നു.
ആശംസകള്‍

SUJITH KAYYUR said...

nannaayi. manassil thodunna kadha.

ramanika said...

വളരെ നന്നായി ഈ തിരക്കഥ
ടെലി ഫിലിമാക്കാന്‍ സാധിക്കട്ടെ .....

noordheen said...

വളരെ നന്നായിട്ടുണ്ട് വാഴക്കോടാ. ഹസന്‍ എന്ന കഥാപാത്രം മനസ്സിനെ വല്ലാതെ നോവിക്കുന്നു. ഇഥെത്രയും വേഗം ഒരു ടെലിഫിലിമായിക്കാണാന്‍ ആഗ്രഹിക്കുന്നു.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Anitha Madhav said...

ഹ്യദയസ്പര്‍ശിയാണ് ഈ കഥ. മനസ്സിനെ വല്ലതെ നോവിക്കുന്നു.കണ്ണുകള്‍ അറിയാതെ നിറഞ്ഞു.
എല്ലാവിധ ആശംസകളും...

Afsal said...

നന്നായിട്ടുണ്ട്.
ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കഥ നന്നായിരിക്കുന്നു...
ഒരു ചങ്കിടിപ്പോടെ വായിച്ച് തീര്‍ത്തു...
അവസാനം നിരാശയിലേക്ക് തള്ളിവിടല്ലേ എന്നായിരുന്നു ചിന്ത.
അസീസ് ഹസന്‍ക്കാനെ കണ്ടുമുട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

എത്രയും പെട്ടെന്ന് ഇതൊരു ടെലിഫിലിമായി തീരട്ടെ എന്നാശംസിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
നന്ദിയോടെ...

Naseef U Areacode said...

മസ് രഹകളില്‍ പോയിട്ടുണ്ട്.. പക്ഷെ ആഘോഷങ്ങളുമയാണെന്ന് മാത്രം...
മനസ്സില്‍ ആഞ്ഞിറങ്ങുന്ന തിരക്കഥ .... ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ സംഘടനകള്‍ കൂടൂതല്‍ ശ്രമിക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു... ആശംസകള്‍

zephyr zia said...

നന്നായിട്ടുണ്ട്... ആശംസകള്‍...

Kalam said...

തിരക്കഥ നന്നായി.
പല തവണ കണ്ണ് നിറഞ്ഞു.
പ്രത്യേകിച്ചും ആ കത്ത് വായിക്കുന്ന ഭാഗം.
വാഴക്കൊടന്റെ ഒരു creative level വെച്ച് അവസാനഭാഗം അല്പം കൂടെ നന്നാക്കാന്‍ പറ്റുമെന്ന് തോന്നുന്നു.

ചില സംശയങ്ങള്‍ സൂചിപ്പിക്കട്ടെ,
ഹസ്സന്‍ ജോലി ചെയ്യുന്ന ‘മസറ‘യില്‍ ആലിക്ക മുന്‍പേ പോയിട്ടുള്ള സ്ഥിതിക്ക് ആ കടക്കാരനോട് ചോദിക്കേണ്ട ആവശ്യം ഉണ്ടോ? നേരെ അങ്ങോട്ട്‌ പോയാല്‍ പോരെ?

പിന്നെ,
ആലിക്ക ആദ്യം കാണുമ്പോള്‍ ഹസ്സന്ക്ക അറബിയിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നില്ല,
അഞ്ചാറു വര്ഷം അറബികളുടെ കൂടെ കഴിയുന്ന ആള്‍ അറബി പഠിക്കാതിരിക്കുമോ?

വേഗം ടെലിഫിലിം ആവാന്‍ ആശംസകള്‍!
ആയാല്‍ ഞങ്ങളെയൊക്കെ അറിയിക്കണം.

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട കലാം,
വളരെ സൂക്ഷ്മമായി വായിക്കപ്പെട്ടു ഈ തിരക്കഥ എന്നറിയുന്നതില്‍ സന്തോഷം.
ആ കടക്കാരന് ഹസനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാമെങ്കില്‍ മസറയിലേക്കുള്ള അത്രയും യാത്ര ഒഴിവാക്കാനാകും അല്ലെങ്കില്‍ മറ്റ് വല്ല വിവരവും കിട്ടുകയാണെങ്കില്‍ ആ വഴിക്ക് അന്വേഷിക്കാലൊ എന്ന് മാത്രം.
പിന്നെ മസറയില്‍ അറബികള്‍ താമസിക്കാറില്ല,അവരോടധികം ഇട പെടാറുമില്ല എന്നാണ് എനിക്ക് കിട്ടിയ അറിവുകള്‍.തികച്ചും ഒരടിമയെപ്പോലെയാണ് മസറയിലെ ആളുകളെ അറബികള്‍ കണക്കാക്കിയിരിക്കുന്നത്.അറബിയായാലും മറ്റേത് ഭാഷയായാലും സംസാരിച്ചാലല്ലേ നമുക്ക് പഠിക്കാന്‍ പറ്റൂ.അത് കൊണ്ടാണ് ഹസന് അറബി സംസാരിക്കാന്‍ കഴിയാഞ്ഞത്.

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.

sumayya said...

പ്രിയപ്പെട്ട വാഴക്കോടന്‍,
നിറമിഴികളോടെയാണ് ഞാനീ തിരക്കഥ വായിച്ച് തീര്‍ത്തത്.ഞാനൊരു പ്രവാസിയുടെ മകളാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലേക്ക് പോയ ബാപ്പ ഇതു വരെ തിരിച്ച് വന്നിട്ടില്ല.ജീവിച്ചിരിപ്പുണ്ടെന്നോ മരിച്ചെന്നോ ഒന്നും അറിയില്ല.ഒരു പക്ഷേ സൌദി അറേബ്യയിലെ ഏതെങ്കിലും ഒരു മസറയില്‍ ഇതു പോലെ ജീവിച്ച് മരിച്ചിരിക്കാം.അള്ളാഹു ആലം.
കൂടുതല്‍ എനിക്ക് പറയാനാവുന്നില്ല.
വാഴക്കോടന് എല്ലാ ആശംസകളും നേരുന്നു.ഇതെത്രയും വേഗം ഒരു ടെലിഫിലിമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

സൂത്രന്‍..!! said...
This comment has been removed by the author.
സൂത്രന്‍..!! said...

നന്നായിട്ടുണ്ട് ... തുടരുക

ഏറനാടന്‍ said...

തിരക്കഥയുടെ മട്ടില്‍ ആയിട്ടില്ല. പുതുമ വരുത്തണം.

വാഴക്കോടന്‍ ‍// vazhakodan said...

അതാണ് ഞാന്‍ ആദ്യമെ പറഞ്ഞത് ഇത് സീന്‍ തിരിച്ച് എഴുതിയിട്ടേ ഉള്ളൂ എന്ന്!

അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.
സ്നേഹത്തോടെ....

ശ്രദ്ധേയന്‍ | shradheyan said...

ഒരുപക്ഷെ ഞാനായിരിക്കും ഈ തിരക്കഥയുടെ ആദ്യ 'കമന്റര്‍', അല്ലെ വാഴേ...?

അന്ന് പറഞ്ഞ പോലെ :)

naakila said...

Valare nannayi
Puthiya samrambhathinu ella bhaavukangalum

Areekkodan | അരീക്കോടന്‍ said...

vaayikkatte...

മഹേഷ്‌ വിജയന്‍ said...

കഥ നൊമ്പരപ്പെടുത്തി...
തിരക്കഥയെ കുറിച്ച് അഭിപ്രായം പറയാന്‍ മാത്രം വിവരം എനിക്കില്ല.. :-)
ഏതായാലും നല്ലൊരു ഉദ്യമം.. ആശംസകള്‍..

അതിരുകള്‍/പുളിക്കല്‍ said...

കണ്ണിരോടെയാണ് ഞാനീ കഥ വായിച്ചു തീര്‍ത്തത്...ഇതൊരു ടെലിഫിലിം ആക്കിയാല്‍ നൂറു ശതമാനം വിജയിക്കും......ആശംസകള്‍

Akbar said...

ആശംസകള്‍.

ദിലീപ്......Dils....... said...

2 തുള്ളീ കണ്ണീർ സമർപ്പിക്കുന്നു.......ആത്മാർതയോടേ......

ദിലീപ്.....

lajeesh k said...

ഈശ്വരാ.......

പ്രവാസി said...

കഴിവിനെ അഭിനന്ദിക്കുന്നു, ഇനിയും ഇത് പോലുള്ള നല്ല കൃതികള്‍ എഴുതാന്‍ താങ്കള്‍ക്ക് സര്‍വ്വ ശക്തന്‍ കഴിവ്‌ തരട്ടെ...!