കേരളത്തില്‍ തേങ്ങയേക്കാള്‍ കൂടുതല്‍ ജോലിയില്ലാത്ത ബിരുദധാരികളുണ്ട് എന്ന ഒരു സിനിമാ നടന്റെ കണ്ടെത്തല്‍ സത്യമാണെന്ന് വിശ്വസിച്ചിരുന്ന കാലം. ശകാരങ്ങളെയും,ആക്ഷേപങ്ങളെയും ഒരു പൂമാല കണക്കെ നെഞ്ചില്‍ ഒരു ധീരമായ ചുവടുവെപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ചരിത്രപരമായ ഒരു കാലഘട്ടം!
ആയിടയ്ക്കാണ് ടൌണില്‍ നിന്നും ജോലിക്കുള്ള ഒരു ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടിയത്. ടൌണിലെ ഏറ്റവും പ്രശസ്തമായ ഒരു സ്വകാര്യ സ്ഥാപനം! അവിടെ ജോലി ലഭിക്കുക എന്നത് ഏതോരു ചെറുപ്പക്കാരനും സ്വപ്നം കണ്ടു നടന്നിരുന്ന ഒരു സമയവുമായിരുന്നു അത്. ഏതെങ്കിലും ഒരു ശുപാര്‍ശ ഉണ്ടായിരുന്നെങ്കില്‍ ആ ജോലി ലഭിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരു സുഹൃത്തില്‍ നിന്നും മനസ്സിലാക്കി. അന്ന് രാത്രിയില്‍ തന്നെ എന്റെ നാട്ടിലുള്ള ഒരു കോളേജ് അധ്യാപകന്റെ വീട്ടില്‍ ചെന്ന് ശുപാര്‍ശക്ക് വല്ല വഴിയും ഉണ്ടാവുമോ എന്ന് അന്വേഷിച്ചു. സാറിന്റെ ഒരു ശിഷ്യനാണ് അവിടെ ജനറല്‍ മാനേജരായി ജോലി ചെയ്യുന്നതെന്ന് എന്നുള്ള വിവരവും എനിക്ക് കിട്ടിയിരുന്നു.
"അല്ല, സാറൊന്നും പറഞ്ഞില്ല" നീണ്ട മൌനം ഭഞ്ജിച്ചു ഞാന്‍ ചോദിച്ചു.
"അയാളോട് പറഞ്ഞിട്ട് ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല, അയാളെ ബുദ്ധിമുട്ടിക്കേണ്ട"
സാറിന്റെ ആ വാക്കുകള്‍ എന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി. ദയനീയമായി ഞാന്‍ സാറിനെ നോക്കി.
"ഇയാള്‍ക്ക് തിരക്കില്ലല്ലോ? ഈ പറയുന്ന കമ്പനിയുടെ ഉടമസ്ഥന്റെ അമ്മ ഒരു ടീച്ചറാണ്, ഞാന്‍ അറിയും അവരെ. കുറെക്കാലമായി അവരെക്കുറിച്ചു അറിവൊന്നും ഇല്ല. അവരെ കണ്ടാല്‍ ഒരു പക്ഷെ കാര്യം നടന്നേക്കാം!
വീണ്ടും എന്നില്‍ പ്രതീക്ഷകള്‍ നാമ്പെടുത്തു.
"എനിക്ക് തിരക്കില്ല സാര്‍, അവരുടെ അഡ്രസ്സ് കിട്ടിയാല്‍ ഞാനൊന്ന് ശ്രമിച്ചു നോക്കാം!" ഞാന്‍ പ്രതീക്ഷയോടെ സാറിനെ നോക്കി.
"ഞാന്‍ അവരുടെ അഡ്രസ്സ് ഒന്ന് തപ്പിയെടുക്കട്ടെ, കുറച്ചു കാത്തിരിക്കുന്നതില്‍ ബുദ്ധിമുട്ടില്ലല്ലോ അല്ലെ?
"ഇല്ല സാര്‍, ഞാന്‍ വെയിറ്റ് ചെയ്യാം" എനിക്ക് വളരെ സന്തോഷമായി, സാര്‍ അകത്തേക്ക് പോയി, ഇഷ്ട ദൈവങ്ങളെ മനസ്സില്‍ ഓര്‍ത്ത് കൊണ്ട് ഞാന്‍ ആ ഉമ്മറത്ത് പ്രതീക്ഷയോടെ ഇരുന്നു.
"ഇതാണ് അഡ്രസ്സ്" സാറിന്റെ ശബ്ദം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി, ഞാന്‍ എഴുനേറ്റു നിന്നു.
"ഇതില്‍ ഒരു കത്തും ഉണ്ട്. അവര്‍ ഏതോ ഒരു ബംഗ്ലാവ് വാങ്ങി അങ്ങോട്ട് താമസം മാറി എന്നാണ് അവസാനം കണ്ടപ്പോള്‍ പറഞ്ഞത്.അതിപ്പോള്‍ ഒരു നാലഞ്ചു കൊല്ലം മുന്‍പാ, ഇപ്പോള്‍ അവര്‍ അവിടെത്തന്നെ ഉണ്ടാകുമോ എന്ന് പോലും ഉറപ്പൊന്നും ഇല്ല, എങ്കിലും ഒന്ന് പോയി നോക്ക്, അവര്‍ വിചാരിച്ചാല്‍ ഉറപ്പായും കാര്യം നടക്കും"
സാറിന്റെ അനുഗ്രഹം വാങ്ങി അവിടന്ന് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ബംഗ്ലാവും ടീച്ചറുമൊക്കെയായിരുന്നു മനസ്സില്‍.
പിറ്റേന്ന് തന്നെ ഞാന്‍ ടീച്ചറെ അന്വേഷിച്ചു പോകാന്‍ തീരുമാനിച്ചു.
സാറ് തന്ന അഡ്രസ്സ് പ്രകാരം ഒരു മലയോര ഗ്രാമത്തിലാണ് ടീച്ചറുടെ ബംഗ്ലാവ്. എനിക്ക് തീര്‍ത്തും അപരിചിതമായ ഒരു ഒറ്റപ്പെട്ട പ്രദേശമായിരുന്നു അത്. സമയം സന്ധ്യയോടടുത്തിരിക്കുന്നു. ബസ്സിറങ്ങി അടുത്ത് കണ്ട ഒരു ചെറിയ പെട്ടിപ്പീടികയില്‍ ചെന്ന് ഞാന്‍ ബംഗ്ലാവിലേക്കുള്ള വഴി അന്വേഷിച്ചു. കടക്കാരന്‍ എന്നെ സൂക്ഷിച്ചൊന്നു നോക്കി.
"എവിടുന്നു വര്വാ? കടക്കാരന്റെ ചോദ്യം.
"കുറച്ചു ദൂരേന്നാ, ടീച്ചര്‍ക്ക് കൊടുക്കാന്‍ ഒരുകത്തുമായി വര്വാ"എന്റെ മറുപടി കേട്ട അയാള്‍ ഒരു ഒറ്റയടിപ്പാത കാണിച്ചു അതിലൂടെ ഒരു പത്തടി നടന്നാല്‍ ടീച്ചറുടെ ബംഗ്ലാവിലെത്താമെന്നു പറഞ്ഞു. ഞാന്‍ നടന്ന് അയാളുടെ കണ്ണില്‍ നിന്നും മറയുന്നത് വരെ അയാള്‍ എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നെന്നു ഞാന്‍ മനസ്സിലാക്കി. ഒരു കുന്നിന്‍ ചരുവിലേക്ക് പടര്‍ന്നു കയറുന്ന ആ പാത വൃക്ഷലതാതികള്‍ തീര്‍ത്ത ഒരു ഗുഹയിലേക്ക് കയറിപ്പോകുന്ന പോലെ എനിക്ക് തോന്നി. ഒരു സര്‍പ്പക്കാവിന്റെ സകല ലക്ഷണങ്ങളും ആ പ്രദേശത്തിന് ഉണ്ടായിരുന്നു.. മുന്നോട്ടു നടക്കുംതോറും എന്റെ ദൂരക്കാഴ്ച്ചകളെ ഇരുട്ട് വിഴുങ്ങിക്കൊണ്ടിരുന്നു.
ശബ്ദ മുഖരിതമായ ആ കാവില്‍ നിന്നും പുറത്തു കടക്കാന്‍ ഞാന്‍ എന്റെ നടത്തത്തിന്റെ വേഗത കൂട്ടി. അല്‍പ്പം ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിക്കുന്നത് പോലെ ഒരു ശബ്ദം കേട്ടു.ഞാന്‍ തിരിഞ്ഞുനോക്കിയെങ്കിലും ആരെയും കണ്ടില്ല. അത് വെറുതേ തോന്നിയതാവും എന്ന് കരുതി ഞാന്‍ നടക്കാന്‍ തുടങ്ങിയതും പിന്നില്‍നിന്നും വീണ്ടും അതേ ശബ്ദം! ഇപ്രാവശ്യം ഒരു ചെറിയ ആള്‍രൂപം എന്റെ നേര്‍ക്ക് വരുന്നതായി ഞാന്‍ കണ്ടു. മനസ്സിലെ ധൈര്യമെല്ലാം ചോര്‍ന്നു പോകുന്നതായി തോന്നി. തൊണ്ടയിലെ വെള്ളമെല്ലാം വറ്റിവരണ്ടു. ആ രൂപം എന്റെ അടുത്തെത്തും തോറും എന്റെ നെഞ്ചിടിപ്പ് കൂടി. ഒരു കുട്ടിയാണ് വരുന്നതെന്ന് അടുത്തെത്തുമ്പോഴേക്കും എനിക്ക് മനസ്സിലായി. എന്റെ ശ്വാസം നേരെയായി. ഒരു കൊച്ചു കുട്ടി ഏതാണ്ട് പത്തുപതിനൊന്നു വയസു പ്രായം വരും, അവന്‍ അടുത്ത് വന്നു ചോദിച്ചു,
"ചേട്ടന്‍ ബംഗ്ലാവിലേക്കാണോ?
അതെയെന്നു ഞാന്‍.
"എന്തിനാ ഈ സന്ധ്യാനേരത്ത് ഈ വഴി ഒറ്റയ്ക്ക് വന്നത്? ചേട്ടന് പേടിയില്ലേ?
എന്റെ ഉള്ളൊന്നു വിറച്ചു, ഇവന്‍ ഇനി വല്ല പ്രേതമോ മറ്റോ ആവുമോ എന്നൊരു പേടി തോന്നിയെങ്കിലും അത് മറച്ചു വെച്ച് ഞാന്‍ പറഞ്ഞു. എനിക്ക് പേടിയൊന്നും ഇല്ല, ഈ വഴി പോയാല്‍ എന്താ വല്ല പ്രശ്നവുമുണ്ടോ?
"പ്രശ്നമൊന്നും ഉണ്ടായിട്ടല്ല, ഈ നാട്ടുകാരൊക്കെ പറയുന്നത് ഈ വഴി അസമയത്ത് പോയാല്‍ പ്രേതത്തെ കാണുമെന്നാ,അത്കൊണ്ടല്ലേ ആരും ഈ വഴി വരാത്തത്, പ്രത്യേകിച്ചു ആ ബംഗ്ലാവിലാത്രെ പ്രേതങ്ങളുടെ സങ്കേതം".
ഞാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലായി.മുന്നോട്ടു നടക്കണോ വേണ്ടയോ എന്ന് വരെ ചിന്തിച്ചു.എങ്കിലും ധൈര്യമുന്ടെന്നു വരുത്തി ഞാന്‍ സംഭാഷണം തുടര്‍ന്നു, എന്താ നിന്റെ പേര്?
"രാഘവന്‍ എന്നാ"
ഇത്തിരി പഴയ പേരാണല്ലോ, രാഘവന്റെ.
"എന്റെ മുത്തച്ഛന്റെ പേരാ"
ആട്ടെ ഈ ബന്ഗ്ലാവില്‍ പ്രേതം ഉണ്ടെന്നു പറയുന്നത് സത്യമാണോ രാഘവാ? നീയെങ്ങാനും കണ്ടിട്ടുണ്ടോ ഈ പ്രേതത്തെ?
"ഒരു പ്രേതോം മണ്ണാങ്കട്ടേം ഇല്ല, അതൊക്കെ ഈ നാട്ടുകാര് വെറുതേ പറയുന്നതല്ലേ? അവിടെ ഒരു പാവം ടീച്ചറാ താമസിക്കുന്നത്"
എനിക്ക് ആശ്വാസമായി,ഞാന്‍ നടത്തത്തിന്റെ വെഗതയൊന്നു കുറച്ചു.
അപ്പോള്‍ പിന്നെ ഈ നാട്ടുകാര്‍ ആ ബംഗ്ലാവില്‍ പ്രേതം ഉണ്ടെന്നു വെറുതേ പറഞ്ഞു നടക്കുന്നതാണോ?
"ബംഗ്ലാവിന്ന് അസമയങ്ങളില്‍ ഉറക്കെയുള്ള ചിരികളും കരച്ചിലും കൂവലുമൊക്കെ കേള്‍ക്കാരുണ്ടത്രേ! ഈ നാട്ടില് പലരും കേട്ടിട്ടുണ്ടത്രേ, പക്ഷെ അതൊക്കെ ആളുകള്‍ പേടിപ്പിക്കാന്‍ പറയുന്നതാ.ഞാനാ ബംഗ്ലാവില്‍ പോകാറുണ്ട്, അവിടെ പ്രായമായ ഒരു ടീച്ചരുണ്ട്, എന്നെ വല്യ കാര്യാ, പക്ഷെ ആ ടീച്ചറെ നോക്കാന്‍ ആരും ഇല്യ!. എന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ചു കരയും, ഒരു പാട് ഉമ്മകള്‍ തരും,ഞാനവരെ അമ്മേന്നാ വിളിക്ക്യാ"രാഘവന്‍ ടീച്ചരെക്കുരിച്ചു പറയുമ്പോള്‍ വളരെ ഉത്സാഹത്തിലായിരുന്നു,അവന്റെ കണ്ണുകള്‍ തിളങ്ങുന്നതായി എനിക്ക് തോന്നി.
ഇനി എത്ര ദൂരമുണ്ട് രാഘവാ? എന്റെ ആകാംഷ ഉള്ളില്‍ വെച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
"കുറച്ചും കൂടി പോകണം. അല്ല! ചേട്ടനെന്തിനാ ടീച്ചറെ കാണുന്നത്? വല്ല ആവശ്യവും ഉണ്ടോ? അല്ലെന്കിലും ഈ ടീച്ചറെ കണ്ടിട്ട് എന്ത് സഹായം കിട്ടാനാ?"
അവന്റെ ചോദ്യത്തിന് കൃത്യമായി ഉത്തരം ഞാന്‍ പറഞ്ഞില്ല. "വെറുതേ ഒരൂട്ടം സംസാരിക്കാനുണ്ട്, ഒരു ജോലിക്കര്യാണ്ന്നു കൂട്ടിക്കോളൂ." അവനു മനസ്സിലായില്ലെന്ന് എനിക്ക് തോന്നി എങ്കിലും അവന്‍ തലയാട്ടി. ടീച്ചര്‍ക്ക് ഒരു മകനുണ്ടല്ലോ? അയാളിവിടെ വരാറില്ലേ?
"ഒന്നല്ല ടീച്ചര്‍ക്ക് രണ്ടു ആണ്‍മക്കളാ.ഒരു മകനും ഭാര്യയും പിന്നേ എന്റെ അത്രേം പോന്ന ഒരു കുട്ടിയും വിഷം കഴിച്ചു മരിച്ചതാ.ഏട്ടനും അനിയനും തമ്മിലുള്ള വഴക്കാത്രേ കാരണം.ഒരു മകനാണ് ടൌണില്‍ വലിയ ഫാക്ടറിയൊക്കെയുള്ള വലിയ മുതലാളി. അയാള്‍ ഏട്ടന്‍ മരിച്ചതില്‍ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല".
"ഈ ടീച്ചര്‍ക്ക് ബന്ധുക്കളായി വേറെ ആരും ഇല്ലേ?
"അതൊന്നും ഇന്നാട്ടില്‍ ആര്‍ക്കും അറിഞ്ഞൂടാ ചേട്ടാ, ദുര്‍മ്മരണങ്ങള്‍ നടന്ന ഒരു ബംഗ്ലാവായതിനാല്‍ ആരും ആ ടീച്ചറെ അന്വേഷിച്ചു പോകാറില്ല. പക്ഷെ ഞാന്‍ ഇടയ്ക്കു പോയി ടീച്ചറെ കാണാറുണ്ട്."
ഞങ്ങള്‍ ആ ബംഗ്ലാവിന്റെ വലിയ ഗേറ്റിനു മുന്നിലെത്തി. ശരിക്കും ഒരു ഭാര്‍ഗ്ഗവീ നിലയം തന്നെയെന്ന് എനിക്ക് തോന്നി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
"അതാ ചേട്ടാ,അതാണ് ബംഗ്ലാവ്. ഞാന്‍ ഇനി പോകട്ടെ വീട്ടില്‍ തിരക്കുന്നുണ്ടാകും" അതും പറഞ്ഞു രാഘവന്‍ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ഒരു നന്ദിവാക്ക് പറയുന്നത് കേള്‍ക്കാന്‍ പോലും അവന്‍ നിന്നില്ലല്ലോ എന്ന് ഞാനോര്‍ത്തു.
ആ വലിയ ഗെയ്റ്റ് അല്പം പ്രയാസപ്പെട്ടാണെങ്കിലും ഞാന്‍ തുറന്നു. നടപ്പാതയില്‍ പുല്ലുകള്‍ വളര്‍ന്നിരിക്കുന്നു. പൂന്തോട്ടത്തിലെ ചെടികളില്‍ അധികവും ഉണങ്ങിയതുപോലെ തോന്നി, എങ്കിലും മുല്ലപ്പൂവിന്റെ ഒരു സുഗന്ധമായിരുന്നു അവിടത്തെ ഇളം കാറ്റിനും. ഒരു ചെറിയ ബള്‍ബ് പ്രകാശിക്കുന്നത് ഒഴിച്ചാല്‍ എങ്ങും ഇരുട്ട് പരന്നിരുന്നു. ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. ഇരുട്ടില്‍ നിന്നും ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. കണ്ണെത്തും ദൂരത്തൊന്നും ഒരു മിന്നാമിനുങ്ങിന്റെ വെട്ടം പോലും കാണാനില്ല എന്ന് എനിക്ക് മനസ്സിലായി. രാഘവന്‍ പറഞ്ഞ ദുര്‍മ്മരണങ്ങളും, പ്രേതങ്ങളുമൊക്കെ മനസ്സില്‍ ചില നടുക്കങ്ങലോടെ മിന്നി മറഞ്ഞു. എങ്കിലും ധൈര്യം ചോര്‍നിട്ടില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. കോളിംഗ് ബെല്ലില്‍ ഞാന്‍ രണ്ടു തവണ വിരലമര്‍ത്തി കാത്തു നിന്നു. അകത്ത് നിന്നും പ്രതികരണങ്ങള്‍ ഒന്നുമുണ്ടായില്ല. ഞാന്‍ വീണ്ടും ബെല്ലില്‍ അമര്‍ത്തി. അകത്ത് നിന്നും ആരോ നടന്നടുക്കുന്നതായി എനിക്ക് തോന്നി.വലിയൊരു ഞരക്കത്തോടെ ആ വലിയ വാതിലുകള്‍ എനിക്ക് മുമ്പില്‍ മലര്‍ക്കെ തുറന്നു. അരണ്ട വെളിച്ചത്തില്‍ കണ്ട ആ രൂപം കണ്ട് ഞാനൊന്നു ഭയന്ന് പിറകോട്ട് മാറി.
"പേടിച്ചു പോയോ? സൌമ്യമായ ആ ചോദ്യത്തോടൊപ്പം അവര്‍ ഉള്ളിലെ ലയിറ്റ് തെളിയിച്ചു.
പ്രായമായ ഒരു സ്ത്രീ, അനുസരനയില്ലാതേ കിടക്കുന്ന തലമുടി,വലിച്ചു വാരിയുടുത്ത പോലെ സാരി ചുറ്റിയിരിക്കുന്നു, കണ്‍ തടങ്ങളിലെ കറുപ്പ് നല്ല പോലെ ദൃശ്യമാകുന്നു,കാഴ്ചയില്‍ തീര്‍ത്തും അവശ.
"എന്താടോ പേടിച്ചു പോയോ? അവര്‍ വീണ്ടും ചോദിച്ചു.
എനിക്ക് വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങുന്നതായി തോന്നി. എന്തെങ്കിലും പറയാന്‍ നാവ് വഴങ്ങാത്തത് പോലെ തോന്നി. ഒരു പ്രേതത്തിന്റെ മുന്പിലാണോ നില്‍ക്കുന്നതെന്ന് ഒരു നിമിഷം ഞാന്‍ തെറ്റിധരിച്ചു. ഭയത്താല്‍ കണ്ണില്‍ ഇരുട്ട് കയറിയെങ്കിലും ഞാന്‍ അവരോടു ചോദിച്ചു, ഈ ടീച്ചര്‍....
അവര്‍ ചെറുതായൊന്നു പുഞ്ചിരിച്ചു, "പേടിക്കേണ്ട ഞാന്‍ തന്നെയാണ് ആ ടീച്ചര്‍, പ്രേതമൊന്നുമല്ല മോനെ,
അതൊക്കെ നാട്ടുകാര്‍ വെറുതേ പറയുന്നതാ. താന്‍ അകത്തെക്കു കയറി വാ"
എനിക്ക് അപ്പോഴും പേടി മാറിയിട്ടുണ്ടായിരുന്നില്ല. ഞാന്‍ വെറുതേ പേടിക്കുകയാനെന്നു എനിക്ക് മനസ്സിലായി. അവര്‍ വളരെ സൌമ്യമായി എന്നോട് ഇരിക്കാന്‍ പറഞ്ഞു. നാട്ടുകാര്‍ പ്രേതമെന്നു വിളിച്ച ആ പാവം ടീച്ചറുടെ മുന്നില്‍ അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ ഇരുന്നു.ഞാന്‍ വന്ന കാര്യം പറഞ്ഞു, സാറിന്റെ കത്തും ടീച്ചര്‍ക്ക് കൊടുത്തു. ടീച്ചര്‍ ആ കത്ത് വായിച്ചതിനു ശേഷം വീണ്ടും ഒന്ന് ചിരിച്ചു, ഞാന്‍ ടീച്ചറെ തന്നെ ശ്രദ്ധിച്ചു.
"അപ്പോള്‍ ശുപാര്‍ശക്ക് വന്നതാണല്ലേ? ടീച്ചര്‍ ഒരു നെടുവീര്‍പ്പിനു ശേഷം തുടര്‍ന്നു,
"മകന്‍,ഭാര്യ, മക്കള്‍ എല്ലാം എനിക്ക് അന്യമായ പദങ്ങളാണ് കുഞ്ഞേ. നീയാ ഫോണ്‍ കണ്ടോ? വല്ലപ്പോഴും ആ ഫോണില്‍ നിന്നും ഒരു ശബ്ദമുണ്ടാകുമെന്ന് കരുതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാത്തിരിക്കയാണ് ഞാന്‍. ഇവിടെ ഒരമ്മ ജീവിചിരിക്കുന്നുന്ടെന്നോ മരിച്ചെന്നോ എന്റെ മകന്‍ അന്വേഷിക്കാറില്ല. എന്റെ മകനെ കണ്ടിട്ട് എത്രയോ കൊല്ലങ്ങളായി മോനെ"
ടീച്ചര്‍ ഒന്ന് നിര്‍ത്തി, ആ കണ്ടം ഇടറാന്‍ തുടങ്ങിയിരിക്കുന്നു. ഒരു നിസ്സഹായായ ഒരമ്മയുടെ ദയനീയമായ വാക്കുകള്‍ എന്നില്‍ നൊമ്പരം പടര്‍ത്തി. ടീച്ചര്‍ തുടര്‍ന്നു.
"ഇവിടത്തെ ഈ അസ്ഥിത്തറകളെല്ലാം വിട്ട് അവനോടൊപ്പം ടൌണിലേക്ക് പോകാന്‍ എനിക്ക് മനസ്സുവന്നില്ല. എന്റെ മകന്റെ കുഞ്ഞുങ്ങളെപ്പോലും ഞാന്‍ കണ്ടിട്ടില്ല. അവന്‍ എന്നും ബിസിനെസ്സ് യാത്രകളിലും മറ്റുമായി തിരക്കിലേക്ക് ഊളിയിട്ടപ്പോള്‍ ഈ കരയില്‍ ഞാന്‍ ഒറ്റയ്ക്കായി. ചിലപ്പോള്‍ സങ്കടം കൊണ്ട് ഉറക്ക കരയും ചിലപ്പോള്‍ ചിരിക്കും,ഒറ്റയ്ക്ക് സംസാരിക്കും,സമയം നോക്കാതായി, തീയ്യതി അറിയാന്ടായി,ഞാന്‍ ഞാന്‍ മാത്രമായി ചുരുങ്ങി. നാട്ടുകാര്‍ക്ക് ഒരു പ്രേതത്തെ സൃഷ്ട്ടിക്കാന്‍ ഇതിലും കൂടുതല്‍ എന്തെങ്കിലും വേണോ?
ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ആ മാതൃ ദുഖത്തിന് മുന്നില്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.കുറെ നേരത്തേക്ക് അവിടം വല്ലാത്ത നിശബ്ദതയായിരുന്നു.
"മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പണ്ടാരോ പറഞ്ഞത് എത്ര പരമമായ സത്യം"! ടീച്ചറാണ് നിശ്ശബ്ദത ഭഞ്ചിച്ചത്, ഇനിയും ജീവിച്ചു തീര്‍ത്ത അത്രയൊന്നും ഇനി ജീവിക്കെണ്ടല്ലോ. നാട്ടുകാരുടെ പ്രേതമായിട്ടാണെങ്കില്‍ അങ്ങിനെ!ഇനിയൊരു ആത്മഹത്യ വയ്യ. നിന്നെ സഹായിക്കാന്‍ എനിക്ക് കഴിയില്ല മോനെ,എന്നോട് ക്ഷമിക്കൂ, നിന്റെ നെറുകയില്‍ കൈ വെച്ച് അനുഗ്രഹിക്കാന്‍ മാത്രമേ ഇപ്പോള്‍ എനിക്ക് കഴിയൂ. ഭൂമിയില്‍ ആര്‍ക്കും വേണ്ടാത്ത എത്രയോ മനുഷ്യരില്ലേ? അവരില്‍ ഒരുവളായി ഇനിയുള്ള കാലവും ഞാന്‍ ഇവിടെ കഴിഞ്ഞോളാം...എന്നോട് പൊറുക്കൂ....സോറി..സോറി..... "
ടീച്ചര്‍ പിന്നെയും പിറു പിറുത്തു കൊണ്ടിരുന്നു.വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരെക്കാള്‍ വളരെ ദയനീയമായ ഒരു ചുറ്റുപാടില്‍ ജീവിക്കുന്ന ആ ടീച്ചറുടെ മുഖം, തിരിച്ചുള്ള എന്റെ യാത്രയില്‍ മനസ്സില്‍ വല്ലാത്തൊരു വേദനയായി അവശേഷിച്ചു.ജീവിത സായാഹ്നം ദരിദ്രമാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ നിന്നും വേറിട്ടൊരു നേര്‍ക്കാഴ്ച!
Monday, May 25, 2009
Friday, May 1, 2009
ശകുനപ്പിഴകള്‍
രാവിലെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ വലതു ഭാഗം ചേര്‍ന്ന് എഴുന്നേല്‍ക്കാന്‍ രാഹുല്‍ ഈശ്വര്‍ പ്രത്യേകം ശ്രദ്ധിച്ചു. രാഹുല്‍ കടുത്ത ഈശ്വര ഭക്തനോന്നുമല്ല. എങ്കിലും ഈ വിദേശ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതം അയാളില്‍ ചില മാറ്റങ്ങള്‍ വരുത്തി എന്ന് പറയുന്നതാവും ശരി. സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ വേണ്ടി അയാള്‍ ദുബായ് നഗരത്തില്‍ വളരെ നാളായി കഷ്ടപ്പെടുകയാണ്.ഇതുവരെ ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ നിന്നും ഒന്ന് കര കേറാന്‍ അദ്ദേഹത്തിനായില്ല. എങ്കിലും ശുഭ പ്രതീക്ഷയിലാണ് രാഹുല്‍. എല്ലാം ഒരു നാള്‍ ശരിയാകുമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.
എന്നാല്‍ ഇന്ന് അയാള്‍ക്ക് വളരെ സുപ്രാധാനമായ ഒരു ദിവസമാണ്. അയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇന്ന് ഒരു പ്രൊജക്റ്റ് ലഭിക്കും. അത് കിട്ടിയാല്‍ ഒരു സ്വപ്ന സാക്ഷത്കാരമെന്നോണം അയാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഇതു വരെയുണ്ടായ അയാളുടെ എല്ലാ കടങ്ങളും എല്ലാ പ്രശ്നങ്ങളും തീരും. നാട്ടിലെ ബാങ്ക് ജപ്തിയില്‍ നിന്നും അയാള്‍ക്ക് തന്റെ തറവാട് വീട് രക്ഷിച്ചെടുക്കാം. അച്ഛന്റെ അസ്ഥിത്തറയുള്ള ആ മണ്ണ് നഷ്ടപ്പെടുന്നത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി കരുതിയ രാഹുലിനു ഈ പ്രൊജക്റ്റ് ലഭിക്കുക എന്നത് തീര്‍ത്തും ഒരു ജീവിത പ്രശ്നം തന്നെയാണ്. ആ പ്രൊജക്റ്റ് ഒരു കാരണവശാലും നഷ്ടപ്പെടാതിരിക്കാന്‍ തന്റെ ഭാഗത്ത് നിന്നും ചെറിയ ഒരു കാരണം പോലും ഉണ്ടാകരുത് എന്ന് കരുതിയാണ് അയാള്‍ അന്ന് വലതു വശം ചേര്‍ന്ന് എഴുന്നേറ്റത്.
കുളിച്ച് ശുദ്ധനായി ഈശ്വരന്മാര്‍ക്ക് മുന്നില്‍ ദീപം തെളിച്ചുവെച്ച് പതിവിലും നേരം അയാള്‍ കണ്ണുകളടച്ച് പ്രാര്‍ത്തിച്ചു. റൂമില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് ഒന്നും എടുക്കാന്‍ മറന്നിട്ടില്ല എന്നയാള്‍ ഉറപ്പു വരുത്തി. മനസ്സില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് നടക്കുമ്പോള്‍ പിന്നില്‍ നിന്നും ആരും വിളിക്കല്ലേ എന്ന് അയാള്‍ മനസ്സാല്‍ ആഗ്രഹിച്ചു. ദുബായിയില്‍ നിന്നും മുപ്പതു കിലോമീറ്റെര്‍ അകലെയുള്ള അജ്മാന്‍ എന്ന സ്ഥലത്തേക്കാണ് അയാള്‍ക്ക് പോകേണ്ടത്. ട്രാഫിക് ജാമില്‍ പെട്ട് നേരം വൈകാതിരിക്കാന്‍ അല്പം നേരത്തെയാണ് രാഹുല്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്.
കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു പോകാന്‍ തുടങ്ങുമ്പോള്‍ ഒരു മൈന രാഹുലിന്റെ കാറിന്റെ മുന്നില്‍ വന്നിരുന്നു. രാഹുല്‍ വേഗം അതിന്റെ കൂടെ വേറെ മൈനയുണ്ടോ എന്ന് നോക്കി. ആ പരിസരത്തൊന്നും വേറെ മൈനയെ കാണാന്‍ കഴിഞ്ഞില്ല. രാഹുലിന്റെ മുഖത്ത് നിരാശ പടര്‍ന്നു. ഒറ്റ മൈനയെ കാണുന്നത് ആശുഭമാനെന്നൊരു വിശ്വാസം കുട്ടിക്കാലം മുതല്‍ക്കേ രാഹുലിനുണ്ട്. അയാളുടെ മനസ്സ് വെറുതേ അസ്വസ്ഥമായി .
കുട്ടിക്കാലത്ത് ഒറ്റ മൈനയെ കണ്ടു സ്കൂളില്‍ പോയ ദിവസമൊക്കെ കണക്കു മാഷിന്റെ കയ്യില്‍ നിന്നും കണക്കിനു കിട്ടിയിട്ടുണ്ട് അല്ലെങ്കില്‍ അച്ഛന്റെ വക. ഏതായാലും അന്നത്തെ ദിവസം അടി ഉറപ്പായിരുന്നു. അന്ന് മുതല്‍ ഒറ്റ മൈനയെ കാണുമ്പോള്‍ അതൊരു അശുഭ കാഴ്ച്ചയായാണ് രാഹുല്‍ കരുതിപ്പോന്നത്. തന്റെ കാറിനു മുന്നില്‍ വന്നു പെട്ട ഒറ്റ മൈനയും അയാളെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. തന്റെ പ്രൊജക്ടിനെ ഇതു വല്ല വിധേനയും ബാധിക്കുമോയെന്ന് അയാള്‍ വെറുതേ ഭയപ്പെട്ടു. എങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ അയാള്‍ അജ്മാനിലേക്ക് നീങ്ങി. വഴിയില്‍ പതിവില്ലാത്ത ഒരു ട്രാഫിക് ജാം അയാളെ അസ്വസ്ഥനാക്കി. അര മണിക്കൂറിലധികമായി ഒരു ട്രാഫിക് ജാമില്‍ പെട്ട് അയാളുടെ കാര്‍ അല്‍പ്പം പോലും മുന്നോട്ടു നീങ്ങിയില്ല. ഒറ്റ മൈനയെ കണ്ടതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയെന്ന് രാഹുല്‍ മെല്ലെ വിശ്വസിക്കാന്‍ നിര്‍ബന്ധിതനായിത്തുടങ്ങി.
ആ റോഡില്‍ ഒരു ആക്സിടെന്റ്റ് ഉണ്ടായിട്ടുണ്ടെന്ന് എതിര്‍ വശത്തെ വണ്ടിയിലെ ഡ്രൈവര്‍ ആന്ഗ്യം കാണിച്ചതില്‍ നിന്നും അയാള്‍ക്ക് മനസ്സിലായി. മറ്റൊരു റോഡിലൂടെ അജ്മാനിലേക്ക് എത്തിപ്പെടാന്‍ രാഹുല്‍ കാര്‍ മറ്റൊരു റോഡിലേക്ക് തിരിച്ചു. അല്പം വളഞ്ഞാണെങ്കിലും ആ റോഡിലൂടെ തന്റെ ലക്ഷ്യ സ്ഥാനത്ത് എത്താമെന്ന് രാഹുലിനു മനസ്സിലായി. ജനവാസമുള്ള ഒരു പ്രദേശത്ത് കൂടിയാണ് ആ റോഡ് പോകുന്നത്. നിറയെ വളവുകളും തിരിവുകളുമാണ്. ഒറ്റ മൈനയെ കണ്ടതിനാലാണ് തനിക്ക് ഈ വഴി വരേണ്ടി വന്നതെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.
ഒരു വളവു തിരിഞ്ഞതും ഒരു കറുത്ത പൂച്ച രാഹുലിന്റെ കാറിനു വട്ടം ചാടി. ഒരു കച്ചറ ടിന്നിനടുത്ത് എന്തോ തിന്നു കൊണ്ടു നിന്നിരുന്ന പൂച്ച കാറിന്റെ ശബ്ദം കേട്ട് പേടിച്ചു ഓടിയതാണ്. രാഹുല്‍ ആകെ സ്തബ്ധനായി. താന്‍ ജീവിതത്തില്‍ കാണാന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യം തന്റെ ജീവിതത്തിലെ സുപ്രാധാനമായ ദിവസത്തില്‍ കണ്ടിരിക്കുന്നു. അയാള്‍ക്ക് ഭയങ്കര നിരാശ തോന്നി. താന്‍ ഏറ്റവും അധികം ആഗ്രഹിച്ചിരുന്ന ആ പ്രൊജക്റ്റ് തനിക്ക് നഷ്ട്ടപ്പെടുമെന്നു അയാള്‍ ഉറച്ചു വിശ്വസിച്ചു. ഒരു വേള തിരിച്ചു പോയാലോ എന്ന് പോലും അയാള്‍ ചിന്തിച്ചു. എങ്കിലും അപ്പോയന്റ്റ്‌മെന്റ് ഉള്ള സ്ഥിതിക്ക് മാത്രം പോകാമെന്ന് കരുതി അയാള്‍ യാത്ര തുടര്‍ന്നു. എല്ലാം തന്റെ വിധിയാനെന്നോര്‍ത്തു സമാധാനിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. തന്റെ എല്ലാ സ്വപ്നങളും മോഹങ്ങളും ഒരു മരീചിക പോലെയായെന്നു അയാള്‍ക്ക് തോന്നി. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ആ ഓഫീസിലേക്ക് നടന്നു.
പ്രോജക്ടിന്റെ കാര്യം സംസാരിക്കാന്‍ ഡയരെക്ടര്‍ അല്‍പ്പ സമയത്തിനകം വരുമെന്നും അയാളോട് ഗസ്റ്റ് റൂമില്‍ കാത്തിരിക്കുവാനും റിസപ്ഷനിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. താന്‍ കണ്ട ലക്ഷണങ്ങള്‍ വെച്ച് നോക്കിയാല്‍ ഈ പ്രൊജക്റ്റ് തനിക്ക് കിട്ടാന്‍ ഒരു സാധ്യതയും ഇല്ലെന്ന് അയാള്‍ വീണ്ടും വീണ്ടും മനസ്സില്‍ ഓര്‍ത്ത് കൊണ്ടിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഒരച്ഛന്റെ മകനില്‍ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിതത്തില്‍ അലിഞ്ഞ് ചേര്‍ന്നത് സ്വാഭാവികം എന്ന് പറഞ്ഞു തന്റെ വിശ്വാസങ്ങളെ ന്യായീകരിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
അല്‍പ്പ സമയത്തിന് ശേഷം രാഹുലിനെ ഡയരെക്ടറുടെ റൂമിലേക്ക് വിളിപ്പിച്ചു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവനെപ്പോലെ, വളരെയേറെ നിരാശയോടെ രാഹുല്‍ ഡയറക്ടറുടെ മുന്നില്‍ ഇരുന്നു.തന്റെ വിശ്വാസങ്ങളെ തകിടം മറിച്ച് അത്ഭുതങ്ങളൊന്നും സംഭവിക്കാനില്ല എന്ന് അയാള്‍ മനസ്സില്‍ ഓര്‍ത്തുകൊന്ടെയിരുന്നു.എന്നാല്‍ തന്റെ എല്ലാ വിശ്വാസങ്ങളെയും അശുഭ ലക്ഷണങ്ങളെയും തകര്‍ത്ത് കൊണ്ട് ആ പ്രൊജക്റ്റ് രാഹുലിനു കിട്ടി. ആ സത്യം ഉള്‍ക്കൊള്ളാന്‍ അയാള്‍ പ്രയാസപ്പെട്ടു. സന്തോഷത്താല്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു പുതിയ സാമ്രാജ്യം വെട്ടിപ്പിടിച്ച അതിരറ്റ സന്തോഷത്തിലായിരുന്നു രാഹുല്‍.
പ്രോജക്ടിന്റെ അഡ്വാന്‍സ് തുകയുടെ ചെക്കുമായി ആ ഓഫീസിന്റെ പടികളിറങ്ങുമ്പോള്‍ അയാള്‍ ആ ഒറ്റ മൈനയെപ്പറ്റിയും കറുത്ത പൂച്ചയെപ്പറ്റിയും ചിന്തിച്ചു. എല്ലാം വെറും അന്ധ വിശ്വാസങ്ങളാണെന്നു അയാള്‍ക്ക് തോന്നി. തിരിച്ചു പോകുമ്പോള്‍ താനിനി ഇത്തരം ശകുനങ്ങളില്‍ വിശ്വസിക്കില്ല എന്ന് അയാള്‍ ഉറച്ചൊരു തീരുമാനമെടുത്തു. തിരിച്ചുള്ള യാത്രയില്‍ ആ കറുത്ത പൂച്ചയെ ഒന്നു കൂടി കണ്ടാല്‍ കൊള്ളാമെന്നു അയാള്‍ക്ക് തോന്നി. ഒരു പക്ഷെ ആ പൂച്ച മുന്നില്‍ ചാടിയതിനാലാണോ തനിക്ക് പ്രൊജക്റ്റ് കിട്ടിയതെന്ന് വരെ രാഹുല്‍ ചിന്തിച്ചു. തന്റെ മണ്ടന്‍ തീരുമാനത്തില്‍ പ്രൊജക്റ്റ് സൈന്‍ ചെയ്യാന്‍ പോകാതെ തിരിച്ചു പോകാനെങ്ങാനും തീരുമാനിച്ചിരുന്നെങ്കില്‍ എന്ന് ഒരു നടുക്കത്തോടെ അയാള്‍ ഓര്‍ത്തു. സന്തോഷത്താല്‍ അയാള്‍ മതി മറന്നു.
എത്രയും വേഗം തന്റെ ഓഫീസിലെത്താന്‍ അയാള്‍ കാറിനു അല്‍പ്പം വേഗത കൂട്ടി. ഈ സന്തോഷം നാട്ടിലുള്ള തന്റെ ഭാര്യയുമായി പങ്കുവെക്കാന്‍ അയാള്‍ തന്റെ ഫോണെടുത്തു നാട്ടിലേക്ക് വിളിച്ചു. ഭാര്യയോടു സംസാരിക്കുന്നതിന്റെ സന്തോഷത്തില്‍ മുന്നിലുള്ള സിഗ്നലില്‍ ചുവപ്പ് വെളിച്ചം തെളിഞ്ഞത് രാഹുല്‍ കണ്ടില്ല. ഇടതു വശത്തെ റോഡില്‍ നിന്നും വന്ന ഒരു ട്രെയിലര്‍ രാഹുലിന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ നിന്നും അല്‍പ്പം ഉയര്‍ന്ന് ഒരു ഘോര ശബ്ദത്തില്‍ നിലത്ത് വന്നു വീണു നിശ്ചലമായി.
Subscribe to:
Posts (Atom)