Thursday, January 21, 2010

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ ( മിനിക്കഥ )


എനിക്ക് മുമ്പെ ഈ വഴി നടന്നവര്‍, എനിക്ക് ശേഷം വരാനിരിക്കുന്നവര്‍ , അപരിചിതര്‍, എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. എല്ലാവരുടെ മുഖത്തും കാത്തിരിപ്പിന്റെ ആലസ്യമുണ്ട്. എല്ലാവരും പ്രതീക്ഷയിലാണ്. ഒരു നല്ല പരി സമാപ്തിക്കായി.അല്ലെങ്കിലും ഈ വഴിയുടെ അവസാനം ഒരു പരി സമാപ്തി ഉണ്ടായല്ലെ പറ്റു. ഉണ്ടാവും എന്ന പ്രതീക്ഷയില്‍ എല്ലാവരും മന്ദം മന്ദം മുന്നോട്ടു നീങ്ങുന്നു. 


ചിലര്‍ വലിയ കണക്കു കൂട്ടലുകളിലാണ് , മറ്റു ചിലര്‍ ആവലാതികളിലും, വേറെ ചിലര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു, കുറച്ചു പേര്‍ അല്‍പ്പം മാറി നിന്നു ഞങ്ങളെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്നു. എല്ലാവരും അച്ചടക്കത്തോടെ വരി വരിയായി വളരെ നിശ്ശബ്ദതയിലാണ് നീങ്ങുന്നത്‌. തിരക്ക് കൂട്ടി മുന്നേറാന്‍ ശ്രമിച്ച ഒരാളെ അവര്‍ അസഭ്യ വര്‍ഷം കൊണ്ടു നഗ്നനാക്കി. അയാള്‍ ആ പരിശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞു. പക്ഷെ ഞങ്ങള്‍ നിരാശരായില്ല. പ്രതീഷയുടെ ചിറകില്‍ മുന്നോട്ടു തന്നെയാണ്. സഞ്ചരിക്കാന്‍ ഇനിയും ഒത്തിരി ദൂരമുണ്ട് , ഈ സമയക്രമത്തില്‍ ഞങ്ങള്‍ക്കീ യാത്ര പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നാണ് എനിക്ക് ശേഷമുള്ളവരുടെ ആവലാതി.

ഈ യാത്രയില്‍ പലരെയും ഞാന്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. പക്ഷെ അധികവും അപരിചിതരാന്. പ്രായം കൊണ്ടു ജീവിതത്തിന്റെ പതിനെട്ടാം പടി പോലും കയരാത്തവര്‍. മൂക്കിനു താഴെ മുടി കിളിര്‍ക്കാത്തവര്‍....ഈ സംഘത്തെ എന്താണ് വിളിക്കേണ്ടതെന്ന് ഞാന്‍ പലകുറി ആലോചിച്ചു. എനിക്ക് മുമ്പേ ലക്ഷ്യത്തില്‍ എത്തിയവര്‍ വളരെ ആഹ്ലാദത്തിലാണ്. അവര്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ല, അവര്‍ ഒരു ചെറു സംഘമായി വീണ്ടും വാഹനത്തില്‍ യാത്ര തുടരുന്നു. 

എന്റെ ഊഴം ആയിട്ടില്ല. പലപ്പോഴും നമ്മള്‍ നമ്മുടെ ഊഴങ്ങള്‍ തിരിച്ചറിയാറില്ല. അത് തനിയെ
സംഭവിക്കുകയാണ്. ചിലരതിനെ ഭാഗ്യം എന്നോ യോഗമെന്നോ വിളിച്ചു. പക്ഷെ ഈ ഊഴം എല്ലാവരിലും വരുമെന്ന് എനിക്കുറപ്പായിരുന്നു. എത്ര പേര്‍ അത് നേരാവണ്ണം ഉപയോഗിക്കുന്നു? അറിയില്ല, അതിനെപ്പറ്റി ഞാന്‍ കൂടുതല്‍ ചിന്തിച്ചില്ല. എന്റെ ചിന്തകള്‍ മുഴുവനും അവളിലായിരുന്നു. കോളേജിലെ അവസാന ദിനവും യാത്ര പറഞ്ഞിറങ്ങിയ ഈ ദിവസത്തിലും അവള്‍ ഒന്നും പറഞ്ഞില്ല. ഒന്നാകുമെന്ന ചിന്തകളാല്‍ പകുത്തു തന്ന പല അമൂല്യ നിധികളും അവള്‍ ഒരു കടങ്കഥ പോലെ മറന്നിരിക്കുന്നു. അവളുടെ ചിന്തകളില്‍ നിന്നും എന്റെ ചിത്രം ചിതലരിക്കാന്‍ തുടങ്ങിയിരുന്നു എന്ന് അവള്‍ പറഞ്ഞപ്പോഴും ഞാന്‍ ഞെട്ടിയില്ല. അല്ലെങ്കിലും അവളുടെ ചിന്തകള്‍ക്ക് ജീവനുണ്ടായിരുന്നില്ല എന്ന തിരിച്ചരിവാകാം എന്നെ അത്ഭുതപ്പെടുത്താതിരുന്നത്. അവള്‍ എന്നില്‍ നിന്നും പകര്‍ന്നെടുത്തത്തില്‍ ഒന്ന് അവളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചപ്പോഴും പതറാതെ, പശ്ചാത്താപങ്ങള്‍ ഒട്ടും ഇല്ലാതെ നശിപ്പിച്ചു കളഞ്ഞ് അവള്‍ എന്റെ മുന്നിലേക്ക് വന്നപ്പോഴും അവളുടെ കണ്ണുകളില്‍ ഭയപ്പാടിന്റെയോ മന:സ്സാക്ഷിക്കുത്തിന്റെയോ ഒരു ലാന്ജന പോലും ഇല്ല എന്നുള്ളത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇനി ആരിലേക്കാണ് അവള്‍ നടന്നു കയറുക എന്ന ചിന്ത എന്നെ അല്‍പ്പം അസ്വസ്ഥനാക്കി. 


എന്റെ യാത്ര ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുന്നു. അവളുടെ മുഖം മനസ്സില്‍ തെളിയാതിരിക്കണം. അതിനുള്ള കുറുക്കുവഴിയിലാണ് സുഹൃത്തേ നമ്മള്‍ കണ്ടത്. ഈ മരുന്ന് എന്റെ ഓര്‍മ്മകള്‍ അല്‍പ്പ നേരത്തെക്കെങ്കിലും മറക്കാന്‍ സഹായിക്കും എന്ന് കരുതിയാണ് ഞാന്‍ ഈ യാത്രയില്‍ പങ്കെടുത്തത്. പഴയൊരു ദിനപ്പത്രത്തിന്റെ താളില്‍ മരുന്ന് പൊതിഞ്ഞു വാങ്ങി ആ യാത്രയുടെ പര്യവസാനം കുറിച്ച്, ആ വൈന്‍ ഷോപ്പില്‍ നിന്നും മറ്റൊരു ചെറു വാഹനത്തില്‍ ഏകനായി ഞാന്‍ യാത്ര തുടര്‍ന്നു....

Sunday, January 17, 2010

കാന്തവലയം ( മിനിക്കഥ)


രാവിലെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ കസ്റ്റമര്‍ ഉണ്ടെനു പറഞ്ഞു മാമി എന്നെ പറഞ്ഞു വിട്ടു. ആരാണെന്നറിയാന്‍ ഒട്ടും ആഗ്രഹമൊന്നും തോന്നിയില്ല. എങ്കിലും രാവിലെത്തന്നെ ബുദ്ധിമുട്ടിക്കാന്‍ വന്ന അയാളെ ഞാന്‍ മനസ്സാല്‍ ശപിച്ചു. അയാള്‍ രമേഷ് മേനോനായിരുന്നു, ഏതാണ്ട് നാല്‍പ്പതു വയസ്സിനോടടുത്ത പ്രായം. ഇതിനു മുമ്പും അയാള്‍ ഇവിടെ വന്നിട്ടുണ്ട്. പക്ഷെ ഇത്ര രാവിലെ വരുന്നത് ഇത് ആദ്യം.

"എന്താ സാറേ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ, പെണ്ണുമ്പിള്ള പിന്നെയും പിണങ്ങിപ്പോയോ?"

ഒന്നിനും അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ വല്ലാതെ കിതക്കുനുണ്ടായിരുന്നു. അയാളെ ഞാന്‍ കട്ടിലിലേക്കിരുത്തി. അയാളുടെ ഉടുപ്പിന്റെ ബട്ടണുകള്‍ അഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു, "എന്താ സാറേ വല്ല പ്രശ്നവുമുണ്ടോ? വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ?"

അയാള്‍ അല്‍പ്പം വെള്ളത്തിന്‌ ആവശ്യപ്പെട്ടു. അയാളുടെ ഷര്‍ട്ട്‌ ഹാങ്ങ്കെറില്‍ ഇട്ടു ഞാന്‍ അയാള്‍ക്ക്‌ വെള്ളവുമായി വന്നു. അയാള്‍ അത് കുടിച്ചതിനു ശേഷം എന്നോട് അല്പം മദ്യം ആവശ്യപ്പെട്ടു.


"എന്താ സാറേ 
ഇത്, ഈ വെളുപ്പാന്‍കാലത്ത് തന്നെ തുടങ്ങണോ?

അയാള്‍ എന്തോ പറയാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നി. ഒരല്‍പം മദ്യം ചെന്നാല്‍ എല്ലാം പറയും എന്ന് മനസ്സിലാക്കി ഞാന്‍ അയാള്‍ക്ക്‌ മദ്യം നല്‍കി. ലഹരി തലയ്ക്കു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി.


"എടീ ഒരുമ്പെട്ടോളെ, നിനക്കറിയോ എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് അവളുടെ വീട്ടില്‍ പോയി . എന്നോടൊപ്പം ജീവിക്കാന്‍ അവള്‍ക്കു വയ്യാത്രെ. എനിക്ക് പരസ്ത്രീ ബന്ധം ഉണ്ട് 
പോലും".

പിന്നെയും അയാള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഭാര്യയില്‍ നിന്നും കിട്ടാത്ത എന്താണ് അയാള്‍ക്ക്‌ എന്നില്‍ നിന്നും കിട്ടുന്നതെന്ന ചോദ്യത്തിനും അയാള്‍ പിറു പിറുത്തു. അയാള്‍ പിന്നെയും കുടിച്ചു. അന്ന് വൈകുന്നേരം വരെ അയാള്‍ എന്നെ വിലക്കെടുത്തു.
അന്ന് ഒരിക്കല്‍ പോലും അയാള്‍ ഞാനുമായി ശരീരം പങ്കുവെച്ചില്ല. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ഇടയ്ക്കു കരയുന്നുണ്ടായിരുന്നു. അന്ന് വൈകീട്ടു പോകുന്നത് വരെ അയാള്‍ കുറ്റബോധം കൊണ്ട് നെടുവീര്‍പ്പിടുന്നതായി എനിക്ക് തോന്നി. ഇനി ഒരിക്കലും അയാള്‍ ആ വഴി വരില്ലെന്ന് ശപഥം ചെയ്തു കൊണ്ടാണ് പോയത്. അയാളുടെ വാക്കുകളില്‍ ആത്മാര്‍ഥതയുന്ടെന്നു എനിക്ക് തോന്നി. പതിവില്ലാതെ അയാളുടെ ഭാര്യ തിരിച്ചു വരാനായി ഞാന്‍ പ്രാര്ത്ഥിച്ചു. അന്ന് രാത്രിയില്‍ മുഴുവന്‍ അയാളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. 


പിറ്റേ ദിവസത്തെ തണുത്ത പ്രഭാതം. നേരം വെളുത്തു വരുന്നതേയുള്ളൂ. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. വാതില്‍ തുറന്നതും അയാള്‍, രമേഷ് മേനോന്‍ ! അയാള്‍ റൂമില്‍ കയറി വാതിലടച്ചു.

 comments:nazeer hassan said...
ചെറുകഥ ...മിനി കഥ ആയോ എന്നൊരു സംശയം .. നന്നായിട്ടുണ്ട് ..പെണ്ണ് ഒരു കാന്തം തന്നെ ഇനിയും എഴുതുക നസി


Rafeek Wadakanchery said...
ഒരു പരസ്യ വാചകം ആണു മനസ്സില്‍ ഓടിയെത്തിയത് "പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ " അതു പോലെയാണ് രമേഷ് മേനോന്റെ കാര്യം .എങ്ങനെ വേണമെങ്കിലും വളച്ചു ഒടിക്കാവുന്ന വിഷയം വളരെ ഭദ്രമായി കൈകാര്യം ചെയ്തതു വളരെ ഇഷ്ടായി. നന്നാവട്ടെ ആശം സകള്‍ .


മാണിക്യം said...
മനസ്സിലെ ചങ്ങാത്തം അതുണ്ടാവണം ഇണകള്‍ക്കിടയില്‍ അതിന്റെ രസതന്ത്രം അറിയുന്നവരുടെ ജീവതം അതൊരു ഇളങ്കാറ്റുപോലെ കുളിരരുവിപോലെ പാല്‍‌നിലാവുപോലെ അവരെയും മറ്റുള്ളവരേയും കൊതിപ്പിച്ച് അങ്ങു നീങ്ങും.......


വീ കെ said...
ശക്തമായ കാന്തവലയം


പാവപ്പെട്ടവന്‍ said...
ഭാര്യയില്‍ നിന്നും കിട്ടാത്ത എന്താണ് അയാള്‍ക്ക്‌ എന്നില്‍ നിന്നും കിട്ടുന്നതെന്ന ? വളരെ പ്രസക്തമായ ചോദ്യം സ്നേഹംഒരുവാക്ക് , ഒരു നോട്ടം അതിന്‍റെ തണല്‍ അതൊരു സ്വാന്തനമാണ് . മറ്റ് അര്‍ത്ഥങ്ങള്‍ കാണില്ല ലളിതമായ ആവിഷ്കാരം മനോഹരം


കാപ്പിലാന്‍ said...
പെണ്ണെന്നും പുരുഷന് ഒരാകര്‍ഷണ വസ്തുവാണ് അല്ലേ വാഴക്കാട . അങ്ങനെയാണ് അവരെ സൃഷ്ടിച്ചിരിക്കുന്നത് . കഥ നന്നായിട്ടുണ്ട് . സ്ത്രീക്കും പുരുഷന്‍ അങ്ങനെ ആകാം .


ഹരീഷ് തൊടുപുഴ said...
പിന്നേ; വ്യഭിചാരശാലയില്‍ അല്ലെങ്കില്‍ പരസ്ത്രീയുടെ അടുത്ത് പോകുന്നത് ചുമ്മാ പത്രംവായിക്കാനാണെന്നു വിചാരിക്കാന്‍ അയാളുടെ ഭാര്യ ഒരു പൊട്ടിയൊന്നുമല്ലല്ലോ..


ബാജി ഓടംവേലി said...
ശക്തമായ കാന്തവലയം...


ധൃഷ്ടദ്യുമ്നൻ said...
സ്നേഹമാണു യഥാർദ്ധ കാന്തം..സൗജന്യമായി കൊടുക്കുകയും, തിരികെ ലഭിക്കയും ചെയ്യുന്നില്ലെങ്കിൽ പണം കൊടുത്ത്‌ അത്‌ സ്വന്തമാക്കാൻ ശ്രമിക്കുന്നത്‌ സ്വാഭാവികം...


വാഴക്കോടന്‍ ‍// vazhakodan said...
അഭിപ്രായങ്ങള്‍ പങ്കുവെച്ച പ്രിയ കൂട്ടുകാര്‍ക്ക് നന്ദി. ഇനിയും ഈ വഴി വരുമല്ലോ. സസ്നേഹം, വാഴക്കോടന്‍


hAnLLaLaTh said...
തൊട്ടു മുകളിലെ കമന്റിനോട് യൊജിക്കുന്നു.. കഥ വളരെ നന്നായിട്ടുണ്ട്


...പകല്‍കിനാവന്‍...daYdreamEr... said...
നിന്റെ ഈ ചെറിയ അവിവേകം ഇഷ്ടമായി... !! :)


ശിവ said...
പോസ്റ്റ് വായിച്ചു.....അയാള്‍ പിന്നെയും കരയാന്‍ വന്നതായിരിക്കാം എന്നോര്‍ത്ത് ഞാന്‍ ആശ്വസിക്കുന്നു....


ഹരിശ്രീ said...
:)


ramaniga said...
ഭാര്യയില്‍ നിന്ന് കിട്ടാത്ത എന്താണ് അയ്യാള്‍ക്ക് ഇവിടെനിന്നു കിട്ടുന്നത് ..... അറിയില്ല നന്നായി!


കുമാരന്‍ | kumaran said...
ഇവളുമാർ‌ അങ്ങനെയൊക്കെയാണു...ഒഴിവാക്കാൻ‌ പറ്റത്തില്ല...


കൊച്ചുതെമ്മാടി said...
ജീവിതത്തിന്റെ കണ്ണ് പൊത്തി കളി.....ലെ...? എന്നെ പരിചയം ഉണ്ടോ....വാക്കില്‍ കണ്ടിട്ടുണ്ടാവുമെന്നു വിചാരിക്കുന്നു...


OAB/ഒഎബി said...
അയാളുടെ ഭാര്യ തിരിച്ചു വന്നല്ലെ?

Saturday, January 9, 2010

ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്


വിവാഹം കഴിഞ്ഞ് നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു അച്ഛനാകാനുള്ള അറിയിപ്പുമായി ഭാര്യ ഛര്‍ദ്ദിച്ചു കാണിച്ചത്. എല്ലാവര്‍ക്കും സന്തോഷം,എനിക്ക് ആശ്വാസം. ഞങ്ങള്‍ പ്ലാനിങ്ങിലാണ് എന്ന സ്ഥിരം ഉത്തരം പറഞ്ഞു പറഞ്ഞു മടുത്ത ഞാന്‍ പിന്നീട് കൂട്ടുകാര്‍ പ്ലാനിംഗ് തീര്‍ന്നില്ലേ എന്ന് തിരിച്ച് ചോദിക്കാന്‍ തുടങ്ങിയതും പിന്നീട് ആ ചോദ്യങ്ങള്‍ എന്റെ പുരുഷത്വത്തെ വരെ ചോദ്യം ചെയ്യും എന്നൊരു ഘട്ടത്തിലാണ് ആ സന്തോഷവാര്‍ത്ത എന്റെ മനസ്സും ശരീരവും കുളിരണിയിച്ചു കൊണ്ട് എന്നിലൂടെ പെയ്തിറങ്ങിയത്. എന്തോ അമൂല്യമായ ഒരു നിധി സൂക്ഷിക്കുന്നത് പോലെ എല്ലാവരും ഭാര്യയെ ശുശ്രൂഷിക്കുന്നത്‌ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. കുനിയരുത്, ഭാരം എടുക്കരുത്,പെട്ടെന്ന് എഴുന്നെല്‍ക്കരുത്, വലിയ ഹീലുള്ള ചെരുപ്പ് ഇടരുത് എന്നിങ്ങനെയുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ , ഇതൊക്കെ എനിക്കും സമ്മതമായിരുന്നെങ്കിലും "ബെഡ് റെസ്റ്റ്" എന്നൊരു വില്ലന്‍ ഇങ്ങനെ കടന്നാക്രമിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആ ദുഃഖം കടിച്ചമര്‍ത്തിയത് ഒരു കുഞ്ഞിക്കാലു കാണാമല്ലോ എന്ന ആശ്വാസത്തില്‍ മാത്രമാണ്.


മൂന്നാം മാസത്തെ ചെക്ക് അപ്പിന് ഞാനാണ് ലീവെടുത്ത് അവളുടെ കൂടെ പോയത്. പ്രത്യുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി. പല വലിപ്പത്തിലും മുഴുപ്പിലും ഉള്ള വയറുകള്‍. കൂട്ടത്തില്‍ ഏതെങ്കിലും പരിചിതരുണ്ടോ എന്ന് വെറുതേ ഒന്ന് കണ്ണോടിച്ചപ്പോഴാണ്, കോളേജില്‍ ഒരുമിച്ചു പഠിച്ച അല്‍പ്പം പരിഷ്കാരമൊക്കെ പറഞ്ഞു നടന്നിരുന്ന ആഞ്ജലീനയെ കണ്ടത്. അവള്‍ക്ക്‌ വയര്‍ പൊങ്ങിയിട്ടൊന്നും കാണുന്നില്ല, ഇവിടെയായതിനാലാണ് ഞാന്‍ സ്വാഭാവികമായി വയര്‍ നിരീക്ഷണം നടത്തിയത് എന്ന് സമാധാനിച്ചു. പ്രസവിക്കുന്നതും കുട്ടികളെ വളര്‍ത്തുന്നതുമൊക്കെ അറു പഴഞ്ജന്‍ ഏര്‍പ്പാടാണെന്നും അതിനൊക്കെ വാടക ഗര്‍ഭപാത്രങ്ങളും മറ്റും സുലഭമാനെന്നും തന്റെ സൌന്ദര്യം അങ്ങിനെ കളയാനില്ലെന്നും ശക്തിയായി വാദിച്ചവളെ ഒരു ഗൈനക്കോളജിസ്ടിന്റെ റൂമിന് മുന്നില്‍ കണ്ടതിന്റെ ആശ്ചര്യത്താല്‍ അവളുടെ അടുത്തെത്തി.

"ഹായ് ആഞ്ജലീന ഓര്‍ക്കുന്നുണ്ടോ എന്നെ?

അവള്‍ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി,

"ഓ,നമ്മുടെ ഒരു മുന്‍ ആര്‍ട്സ് ക്ലബ് സെക്രെട്ടറിയല്ലേ മറക്കാന്‍ പറ്റുമോ?" 

ഭാഗ്യം അവള്‍ മറന്നിട്ടില്ല,ഞാന്‍ ആശ്വാസം കൊണ്ടു. 

"എന്താടോ ഇവിടെയൊക്കെ? തന്റെ വാദ മുഖങ്ങളെയൊക്കെ മണ്ണിട്ട്‌ മൂടിയോ?"

" ഏയ് അങ്ങിനെയൊന്നും ഇല്ലടോ, എന്നാലും കണക്കു കൂട്ടലുകള്‍ തെറ്റുമ്പോള്‍ ഇവിടെ വരാതിരിക്കാന്‍ പറ്റില്ലല്ലോ, ജസ്റ്റ് ഒരു ഡി എന്‍ സി"

അവള്‍ അത് വളരെ നിസ്സാരമായി പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ എന്റെ ഭാര്യയുടെ വയറിലേക്കൊന്നു നോക്കി. ഒരു ജന്മത്തോടുള്ള രണ്ടു വ്യതസ്ത കാഴ്ചപ്പാടുകള്‍.ഞാന്‍ അല്‍പ്പം പരിഭവത്തോടെ ചോദിച്ചു 

" നീ കല്യാണത്തിനോ വിളിച്ചില്ല, എവിടെ നിന്റെ ഹസ്? വന്നിട്ടില്ലേ, ഒന്ന് പരിചയപ്പെടുത്തടോ?
അവള്‍ വീണ്ടും വശ്യമായി പുഞ്ചിരിച്ചു. 

"കല്യാണമോ? സോറി മാന്‍, ആ ഒരു സാഹസം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല".

അവള്‍ ഒരു കൂസലുമില്ലാതെ ഡോക്ടറുടെ റൂമിലേക്ക്‌ കയറിപ്പോയി. കല്യാണം കഴിക്കുന്നത്‌ അത്ര മോശപ്പെട്ട കാര്യമായി ചിന്തിയ്ക്കാന്‍ തുടങ്ങിയോ എന്ന് ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഭാര്യ ചോദിച്ച പലചോദ്യങ്ങളും ഞാന്‍ കേട്ടില്ല.


അന്ന് കൂട്ടുകാര്‍ പറഞ്ഞത് !


വാഴക്കോടന്‍ ‍// vazhakodan said...
അവള്‍ക്ക്‌ വയര്‍ പൊങ്ങിയിട്ടൊന്നും കാണുന്നില്ല, ഇവിടെയായതിനാലാണ് ഞാന്‍ സ്വാഭാവികമായി വയര്‍ നിരീക്ഷണം നടത്തിയത് എന്ന് സമാധാനിച്ചു. തികച്ചും സ്വാഭാവികം.....


അനില്‍@ബ്ലോഗ് said...
"കല്യാണമോ? സോറി മാന്‍, ആ ഒരു സാഹസം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല". കൊള്ളാം..... !!!!


Arun - said...
"ബെഡ് റെസ്റ്റ്" എന്ന് പറയുന്നത് ഇത്ര വലിയ വില്ലനാണോ? (അല്ല അനുഭവിച്ചവര്‍ക്കല്ലേ അറിയൂ) കഥ ഇഷ്ട്ടമായി. തികച്ചും സ്വാഭാവികമായി തോന്നി! അഭിനന്ദനം!


Anitha Madhav said...
അവള്‍ ഒരു കൂസലുമില്ലാതെ ഡോക്ടറുടെ റൂമിലേക്ക്‌ കയറിപ്പോയി. ഇതില്‍ അത്ര വലിയ അതിശയോക്തി വേണോ? എല്ലാം തികച്ചും സ്വാഭാവികമല്ലേ?" അണ്‍ ഓതറൈസ്ട് " ഇപ്പോഴും നശിപ്പിക്കപ്പെടുന്നതും ഇന്ന് സര്‍വ്വ സാധാരണം. അവതരണം ഇഷ്ട്ടമായി.


സമാന്തരന്‍ said...
നിരീക്ഷണം കൊള്ളാം.എത്ര “വല്ല്യ” ആണാണെങ്കിലും ഇവിടെ ചിലത് പഠിക്കും... നന്നായിരിക്കുന്നു , വാഴക്കോടന്‍. സ്വാഭാവികത എന്ന ലേബലൊട്ടിച്ച് അതിശയോക്തി എടുത്തു കളഞ്ഞാല്‍ ബ്രിട്ടനിലെ വാര്‍ത്ത വായിക്കേണ്ടിവരില്ല. ചൂടുള്ള നാടന്‍ വാത്തകള്‍ ഇവിടെ സുലഭമാകും..


കാപ്പിലാന്‍ said...
ഒരു ചായ കുടിക്കാന്‍ ചായക്കട മുഴുവന്‍ ആരെങ്കിലും വാങ്ങുമോ വാഴക്കൊട ? ( ആത്മഗതം ) ചില മണ്ടന്മാര്‍ അല്ലാതെ :)


വാഴക്കോടന്‍ ‍// vazhakodan said...
കാപ്പിലാനേ, ചില അനിവാര്യമായ മണ്ടത്തരം പറ്റിയല്ലേ പറ്റൂ. അരുണേ മണ്ടത്തരം പറ്റിയിട്ടില്ലെന്ന് തോന്നുന്നു. എല്ലാം വഴിയെ അറിയും. വെറുതേ കാപ്പിലാന്റെ വാക്ക് കേട്ട് വഴി തെറ്റണ്ട. അനിത പറഞ്ഞത് പൊളിറ്റിക്കലി കറക്റ്റ് ആണെന്കിലും കേരളത്തില്‍ "കപട" സദാചാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. സമാന്താരന്‍ പറഞ്ഞതിനോടും യോജിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.


...പകല്‍കിനാവന്‍...daYdreamEr... said...
പ്രിയ വാഴക്കോടന്‍ .... പറയാനുള്ളത് വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു... ആശംസകള്‍...


Vasamvadan said...
“പ്രതുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി" എത്രയൊക്കെ തിരക്കു് പിടിച്ച ജീവിതമാണെങ്കിലും, ഒരുപക്ഷെ, ഇത്രയും കാര്യക്ഷമമായി മറ്റൊരു പ്രക്രിയയും എവിടെയും നടക്കുന്നുണ്ടാകില്ല (ഓതറൈസ്‌ഡ് ആയാലും അൺ‌ ഓതറൈസ്‌ഡ് ആയാലും). മിനിക്കഥ കൊള്ളാം, അഭിനന്ദനങ്ങൾ !


പാവപ്പെട്ടവന്‍ said...
കല്യാണം കഴിക്കുന്നത്‌ അത്ര മോശപ്പെട്ട കാര്യമായി ചിന്തിയ്ക്കാന്‍ തുടങ്ങിയോ? കാര്യങ്ങള്‍ മുറയ്ക്കു നടന്നാല്‍ പോരെ കല്യാണവും മണ്ണാങ്കട്ടയും + പുലിവാലു പിടിക്കണോ ? കഥ വളരെയങ്ങ്‌ ഇഷ്ടപ്പെട്ടു നല്ലഭിപ്രായമാണ് . ആശംസകള്‍


വാഴക്കോടന്‍ ‍// vazhakodan said...
പകലാ, വശംവതാ, പാവപ്പെട്ടവാ അഭിപ്രായങ്ങള്‍ക്കു നന്ദി അറിയിക്കുന്നു. സത്യമായും എന്റെ രണ്ടു മക്കളാണേ എനിക്ക് കല്യാണം കഴിച്ചത് ഒരു മോശമായി തോന്നുന്നെയില്ല (കഞ്ഞികുടി മുട്ടിക്കല്ലേ)


NAZEER HASSAN said...
DEAR MAJI 'പ്രതുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി' പ്രത്യുല്പാദന പ്രക്രിയ ഇത്രയും കാര്യക്ഷമം ആയി നടക്കാന്‍ , അതിന്റെ "രസകൂട്ടു" നല്‍കി അനുഗ്രഹിച്ച ദൈവത്തിനു സ്തുതി .. കഥ ഇഷ്ടപ്പെട്ടു .. സസ്നേഹം നസി


Rafeek Wadakanchery said...
ഭാര്യയേയും കൊണ്ട് ആശുപത്രിയില്‍ “ഫാദര്‍ ഫീലിംഗില്‍“ പോയപ്പോള്‍ അവിടത്തെ തിരക്കു കണ്ട് ഞാനും ഒന്നു അന്തംവിട്ടു നിന്നിട്ടുണ്ട്..ആ ഓര്‍മ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍... “പല വലിപ്പത്തിലും മുഴുപ്പിലും ഉള്ള വയറുകള്‍. കൂട്ടത്തില്‍ ഏതെങ്കിലും പരിചിതരുണ്ടോ എന്ന് വെറുതേ ഒന്ന് കണ്ണോടിച്ചപ്പോഴാണ്“.. വാഴക്കോടന്‍ ഒരാളെയല്ലെ കണ്ടതു.ഞാന്‍ 5 പരിചയക്കാരെ കണ്ടു..(ആഞ്ജലീന കാറ്റഗറി അല്ല കേട്ടോ..ഓതറൈസ്ഡ് ..തന്നെ 5 എണ്ണം)... കൊള്ളാം മോനെ..അഭിവാദ്യങ്ങള്‍..


വാഴക്കോടന്‍ ‍// vazhakodan said...
തൃശ്ശൂരിലെ ഒരു പേറ് സ്പെഷല്‍ ആശുപത്രിയില്‍ ക്യൂ നിന്നതിന്റെ കലിപ്പും ഇത്തിരി ഉണ്ടായിരുന്നു.അഭിപ്രായത്തിന് നന്ദി അറിയിക്കുന്നു നസിയോടും റഫീക്കിനോടും!


മാണിക്യം said...
കളിയല്ല കല്യാണം! അതിന്റെതായ ഗൌരവത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കണ്ട ഒരു ചുമതലയാണ്, അത് പുരുഷനായാലും സ്ത്രീയയാലും.ആവശ്യത്തിനു നര്‍മ്മവും വിട്ടുവീഴ്ചയും കരുതലും മേമ്പൊടി സ്നേഹവും എന്നും ഉണ്ടാവണം.. പണ്ടുള്ളവര്‍ പറയുന്ന പോലെ മക്കള്‍ ദൈവത്തിന്റെ വരദാനമാണെന്നും മനസ്സിലാക്കണം അറിയണം... അതിനൊന്നും തയാറല്ലാത്ത‘ആഞ്ജലീന’മാര്‍ അങ്ങനെ തന്നെ തുടരട്ടെ..അല്ലതെ കല്യാണംകഴിഞ്ഞ് മക്കളുമായി കഴിഞ്ഞ് അവരെ ഇട്ടെറിഞ്ഞ് ഡൈവോഴ് ചെയ്യുന്നത് ആണ് ഇതിലും വലിയ ക്രൂരത. ....


അരുണ്‍ കായംകുളം said...
അതാണ്‌ ചേട്ടാ ജനറേഷന്‍ഗ്യാപ്പ്.ഇനി എന്തെല്ലാം കേള്‍ക്കണം?


hAnLLaLaTh said...
ക ധ കൊള്ളാം.. (...പണ്ടാറം...കധയുടെ ധ കിട്ടുന്നില്ല :(.. ) ഞാന്‍ കല്യാണം കഴിക്കാന്‍ ആയില്ലെന്ന് എന്റെ വീട്ടുകാര്‍.. സൊ...നോ എക്സ്ട്രാ കമന്റ്..! :)


ആർപീയാർ | RPR said...
നന്നായി... പ്രതുൽ‌പ്പാദന ആണോ പ്രത്യുൽ‌പ്പാദന അല്ലേ ?? പഴഞ്ജൻ ആണോ പഴഞ്ചൻ അല്ലേ ?? തെറ്റ് കണ്ടത് പറഞ്ഞതേയുള്ളൂ കേട്ടോ .. ആശംസകൾ


വാഴക്കോടന്‍ ‍// vazhakodan said...
കണ്ടിട്ടും കാണാതെ പോകുന്ന തെറ്റുകളാണ് ആര്‍പ്പീയാര്‍ ചൂണ്ടിക്കാണിച്ചത്. നന്ദി. ചില നേരത്ത് ട്രാന്സിലിറ്റരേശന്‍ എന്നോടോ എന്ന് ചോദിച്ചു പണി മുടക്കും. അപ്പോള്‍ വന്നത് വരട്ടെ എന്ന് കരുതി പോസ്റ്റും. ഇനി ഞാന്‍ നന്നായിക്കോളാം. അഭിപ്രായം അറിയിച്ചവര്‍ക്ക് നന്ദി. ഇനിയും വരുമല്ലോ.


ഞാനും എന്‍റെ ലോകവും said...
is it reposted good story sorry for english


Jinson said...
like your blog


വിജയലക്ഷ്മി said...
കൊള്ളാം അവതരണം വളരെ നന്നായിരിക്കുന്നു ..


Sureshkumar Punjhayil said...
Kunjinum Achanum ammakkum Mangalashamsakal...!!!


കുമാരന്‍ | kumaran said...
ആഞ്ജലീല കൊള്ളാലോ..


mini//മിനി said...
ഇതൊക്കെ പണ്ടെ പതിവാണ്. ആദ്യത്തെ കണ്‍‌മണിക്കു വേണ്ട പേറ്റുനോവുമായി ഡലിവറിറൂമില്‍ 25 കൊല്ലം മുന്‍പ് ഞാന്‍ കിടന്നപ്പോള്‍ തൊട്ടടുത്ത ബഡ്ഡില്‍ ഞാന്‍ പഠിച്ച സ്ക്കൂളിലെ യൂനിഫോം ഇട്ട പെണ്‍കുട്ടി. കളയാന്‍ വേണ്ടി കിടക്കുന്നതു കണ്ട ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ല.


നരിക്കുന്നൻ said...
ചിരിപ്പിച്ചില്ല.. ചിന്തിപ്പിച്ചു...വാഴക്കോടന്‍ ‍// vazhakodan said...
ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുഇനിയും ഈ വഴി വരുമല്ലോ. സസ്നേഹം, വാഴക്കോടന്‍


lekshmi said...
kollaam..