ആരോടും അധികം സംസാരിക്കാത്ത പ്രക്യതമാണ് റീമയുടേത്. വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്ററോളം അകലെയുള്ള കോളേജിലേക്ക് റൂട്ട് ബസ്സിലാണ് നിത്യം പോകുന്നതും വരുന്നതും. വളരെ അച്ചടക്കവും ഒതുക്കവുമുള്ള ഒരു സുന്ദരിക്കുട്ടി. ക്ലാസിലെ കുട്ടികള്‍ കഴിഞ്ഞാല്‍ പിന്നെ ആകെയുള്ള അവളുടെ കൂട്ട് അച്ഛന്‍ വാങ്ങിക്കൊടുത്ത ക്യാമറയുള്ള മൊബൈല്‍ ഫോണാണ്. കോളേജില്‍ പോകുമ്പോള്‍ മൊബൈല്‍ കൊണ്ട് പോകാറുണ്ടെങ്കിലും അവള്‍ ആരേയെങ്കിലും വിളിക്കുകയോ,അപരിചിതമായ കോളുകള്‍ എടുക്കുകയോ ചെയ്യാറില്ല. വല്ല അത്യാവശ്യത്തിനും അമ്മയ്ക്കോ അച്ഛനോ വിളിക്കാമല്ലോ എന്ന് മാത്രമാണ് അവളുടെ മൊബൈല്‍ കൊണ്ടുള്ള ആകെയുള്ള ഉപയോഗം.
ഒരു ദിവസം മൊബൈല്‍ ഫോണ്‍ ശരിയാക്കുന്ന കടയന്വേഷിച്ചപ്പോഴാണ് റീമയുടെ കയ്യില്‍ മൊബൈല്‍ ഉള്ള വിവരം കൂട്ടുകാരി പോലും അറിയുന്നത്.അന്നത്തെ ക്ലാസ് കഴിഞ്ഞ് അവള്‍ നേരെ മൊബൈല്‍ കടയില്‍ തന്റെ ഫോണ്‍ ശരിയാക്കാന്‍ നല്‍കിയിട്ടാണ് വീട്ടില്‍ പോയത്.പിറ്റേ ദിവസം തന്നെ ഫോണ്‍ നേരെയാക്കി കിട്ടുമല്ലോ എന്നൊരാശ്വാസം അവളുടെ മുഖത്തുണ്ടായിരുന്നു.എങ്കിലും ഒരുറ്റ സുഹ്രുത്തിനെ പിരിഞ്ഞ മനോവേദനയാണ് അവള്‍ വീട്ടിലെത്തുന്നത് വരേയും എത്തിയിട്ടും അനുഭവിച്ചത്.
പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് വളരെ ഉത്സാഹത്തോട് കൂടിയാണ് അവള്‍ മൊബൈല്‍ കടയില്‍ എത്തിയത്. ശരിയാക്കി വെച്ചിരുന്ന മൊബൈല്‍ അവള്‍ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി.അവള്‍ മൊബൈല്‍ ചെക്ക് ചെയ്ത് നില്‍ക്കുമ്പോള്‍ കടയിലുള്ള ആള്‍ അവളുടെ ശരീരം തന്റെ കണ്ണുകള്‍ കൊണ്ട് സ്കാന്‍ ചെയ്യുകയായിരുന്നു.അയാള്‍ അത് വല്ലാതെ ആസ്വദിച്ചു.മൊബൈലിന് തകരാറില്ലെന്നുറപ്പ് വരുത്താന്‍ അയാള്‍ തന്റെ ഫോണില്‍ നിന്നും റീമയെ വിളിച്ച് ടെസ്റ്റ് ചെയ്ത് കണിച്ചു. സന്തോഷത്തോടെ പണം കൊടുത്ത് റീമ കടയില്‍ നിന്നും പോയി.അവള്‍ അകലെ മറയും വരെ അയാള്‍ അവളെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അയാളുടെ ചുണ്ടില്‍ ഒരു നറു പുഞ്ചിരി തത്തിക്കളിച്ചു.
വീട്ടിലെത്തിയതും അവള്‍ തന്റെ റൂമില്‍ കയറി വാതിലടച്ചു.പുറത്ത് നിന്നും പതിവു പോലെ അമ്മയുടെ ശകാരം ആരംഭിച്ചു,
“കോളേജ് കഴിഞ്ഞ് വന്നാല്‍ ഒന്ന് ഫ്രഷായി വിശക്കുന്നതിന് വല്ലതും കഴിച്ച് പിന്നെയിരുന്ന് പഠിക്കരുതോ? ഇത് കോളേജിന്ന് വന്നാല്‍ നേരെ കേറി റൂമടച്ചിരിക്കും, എന്തേങ്കിലും ചോദിച്ചാല്‍ പറയും പ്രോജക്റ്റ് തയ്യാറാക്കുകയാണെന്ന്! പെണ്‍കുട്ടികളായാല് കുറച്ച് അടുക്കളയിലെ പ്രോജെക്റ്റും ചെയ്യണം! അതിനെങ്ങനാ പുന്നാരിച്ച് വഷളാക്കിയിരിക്യല്ലേ അച്ഛന്‍”
അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. അതൊരു സ്ഥിരം പരിപാടിയായത് കൊണ്ട് റീമ പ്രതികരിച്ചില്ല. പതിവ്പോലെ അത്താഴത്തിന്റെ സമയത്ത് അവള്‍ തീന്‍ മേശയില്‍ ചെന്നിരുന്നു. അമ്മയുടെ അടുത്ത റൌണ്ട് ശകാരം അവള്‍ പ്രതീക്ഷിച്ചു.പക്ഷേ അമ്മ അവള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോഴും ഒന്നും മിണ്ടിയില്ല. അവരും ഒരു പാത്രത്തില്‍ ഭക്ഷണമെടുത്ത് അവള്‍ക്കരികിലിരുന്നു. കുറച്ച് നേരത്തേയ്ക്ക് അവര്‍ ഒന്നും സംസാരിച്ചില്ല. അല്പ നേരത്തെ മൌനത്തിന് ശേഷം അമ്മയാണ് പറഞ്ഞ് തുടങ്ങിയത്,
“അച്ഛന്‍ ഒരുമാസത്തെ ലീവിനു വരുന്നുണ്ട്, ടിക്കറ്റ് ശരിയായാല്‍ ഉടനെ എത്തും”
റീമ മുഖമൊന്നുയര്‍ത്തി അമ്മയെ നോക്കി, അമ്മ തുടര്‍ന്നു,
“നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു, എന്തേ നിന്റെ മൊബൈല്‍ ഓഫാണോ?“
അവള്‍ ചെറുതായൊന്ന് മൂളി.
“നിനക്ക് എന്തേങ്കിലും പ്രത്യേകം കൊണ്ട് വരാന്‍ പറയണോ?”
“വേണ്ട, ഒന്നും വേണ്ട“
അവള്‍ എഴുനേറ്റ് വാഷ്ബേസിനടുത്ത് ചെന്ന് കയ്യും വായും കഴുകി ടവലില്‍ മുഖം തുടച്ചു.അമ്മ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.അവള്‍ വീണ്ടും തന്റെ മുറിയില്‍ കയറി വാതിലടച്ചു. അമ്മ ഒരു ദീര്‍ഘനിശ്വാസത്തോടെ അവിടെ നിന്നും എഴുനേറ്റ് പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയി. അവരുടെ മുഖത്ത് വല്ലാത്തൊരു മ്ലാനത നിഴലിച്ചിരുന്നു.
റീമ കിടക്കയില്‍ കിടന്ന് തന്റെ മൊബൈലിലെ ചിത്രങ്ങള്‍ നോക്കുകയായിരുന്നു.ഇടയ്ക്ക് അവള്‍ തന്റെ ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.അല്‍പ്പ സമയത്തിന് ശേഷം അവള്‍ക്കൊരു കോള്‍ വന്നു. നമ്പര്‍ എവിടെയോ കണ്ട് മറന്ന പോലെ തോന്നിയ അവള്‍ ആ കോള്‍ അറ്റന്റ് ചെയ്തു.ഫോണിന്റെ അങ്ങേ തലയ്ക്കല്‍ മൊബൈല്‍ കടയിലെ പയ്യനായിരുന്നു.
“ഹലോ, എന്താ മോളേ ഉറങ്ങിയില്ലേ?” അവള്‍ ഒന്നും മിണ്ടിയില്ല, അയാള്‍ തുടര്‍ന്നു,
‘മോള്‍ വന്ന് പോയതില്‍ പിന്നെ എനിക്കൊരു സമാധാനവും ഇല്ല, മോളെ എനിക്ക് വളരെ ഇഷ്ടമായി”
അവള്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും ഫോണ്‍ ശബ്ദിച്ചു, അവള്‍ ഫോണെടുത്ത് അല്‍പ്പം ഗൌരവത്തോടെ പറഞ്ഞു,
“ഹലോ മിസ്റ്റര്‍, നിങ്ങള്‍ക്കെന്താണ് വേണ്ടത്? എനിക്കാരേയും ഇഷ്ടമല്ല. ഇനിയെന്നെ വിളിച്ച് ശല്യം ചെയ്യരുത്”
“ഹാ അങ്ങിനെയങ്ങ് തീര്‍ത്ത് പറഞ്ഞാലോ മോളേ....ഞാന്‍ പറയുന്നതും കൂടി ഒന്ന് കേള്‍ക്ക്, എന്നിട്ട് തീരുമാനിക്ക് ഈ ഫോണ്‍ കട്ട് ചെയ്യണോ എന്ന്. എനിക്ക് മോളെ അത്രയ്ക്കിഷ്ടാ, ആ സൌന്ദര്യം മുഴുവന്‍ ഞാന്‍ ആസ്വദിച്ച് പോയില്ലേ, നിന്നെ ഒരു മറയും ഇല്ലാതെ ഞാന്‍ കണ്‍കുളിരേ കണ്ടു പോയില്ലേ? എനിക്ക് നിന്നെ വേണം”
“വാട്ട്! എന്ത് അസ്സംബന്ധമാണ് താങ്കള്‍ പറയുന്നത്? എന്ത് കണ്ടെന്നാ?”
അവള്‍ അല്‍പ്പം വേവലാദിയോടെ ചോദിച്ചു.
“ഇനി കാണാനെന്ത് ബാക്കിയിരിക്കുന്നു. മൊബൈലില്‍ തന്റെ ഉടുതുണിയില്ലാതെ പോസ് ചെയ്ത് നില്‍ക്കുന്ന എല്ലാ പടങ്ങളും ഞാന്‍ കണ്‍ കുളിര്‍ക്കേ കണ്ടു. ഹോ എന്തൊരു മുടിഞ്ഞ സൌദര്യമാ മോളേ നിനക്ക്,ഇത്രേം ഭംഗിയുള്ള ഒരു പെണ്ണിനെ എന്റെ ജീവിതത്തില്‍ ആദ്യമായിട്ട് കാണുകയാ”
“സ്റ്റോപ്പിറ്റ്, നിങ്ങള്‍ കള്ളം പറയുകയാണ്. എന്റെ മൊബൈല്‍ നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ അതില്‍ ഒരു പടവും ഇല്ലായിരുന്നു.അത് ഉറപ്പ് വരുത്തിയിട്ടാണ് ഞാന്‍ തന്നത്”
“ഹ ഹ മണ്ടിപ്പെണ്ണേ, നീ ഡെലീറ്റ് ചെയ്ത ചിത്രങ്ങളെല്ലാം റിക്കവര്‍ ചെയ്യുന്ന സോഫ്റ്റ്വെയറുണ്ട് എന്റെ പക്കല്‍,അതുപയോഗിച്ച് നീ ഡെലീറ്റ് ചെയ്ത സകലതും ഞാന്‍ തിരിച്ച് പിടിച്ചു”
“ഛീ നിങ്ങള്‍ ചതിയനാണ് ഞാന്‍ പോലീസില്‍ അറിയിക്കും”
അവളുടെ ചങ്കിടിപ്പ് വര്‍ദ്ധിച്ചു,തൊണ്ടയിലെ വെള്ളം വറ്റിവരളുന്നതായി അവള്‍ക്കനുഭവപ്പെട്ടു,അവളുടെ ശബ്ദം പതറാന്‍ തുടങ്ങി.കൈകാലുകള്‍ പെരുത്ത് വരുന്നതായി അവള്‍ക്കനുഭവപ്പെട്ടു.
“പോലീസോ? ഹ ഹ ഹ. അയാള്‍ കുറച്ച് നേരം അട്ടഹസിച്ച് ചിരിച്ചു, എന്നിട്ട് തുടര്‍ന്നു,
പോലീസാണ് ഈ വക ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഇതുപോലുള്ള സകല നൂഡ് ചിത്രങ്ങളും കിട്ടുന്നതും പ്രചരിപ്പിക്കുന്നതും അവരാണ്, അവരെ വേണേല്‍ ഞാന്‍ വിളിക്കാം എന്താ വേണോ?
അവള്‍ കരച്ചിലിന്റെ വക്കത്തെത്തി, എങ്കിലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞു,
“നിങ്ങള്‍ പറയുന്നതത്രയും കള്ളമാണ്, ഞാന്‍ വിശ്വസിക്കില്ല, നിങ്ങള്‍ എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്, മേലാല്‍ എന്നെ വിളിക്കരുത്”
അവള്‍ ഫോണ്‍ കട്ട് ചെയ്തു.മനസ്സില്‍ വല്ലാത്ത നടുക്കവും കണ്ണുകളില്‍ ഭീതിയും നിറഞ്ഞു. അവള്‍ അസ്വസ്തമായി റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.വെള്ളം കുടിക്കാന്‍ ദാഹിച്ചെങ്കിലും അവള്‍ കുടിച്ചില്ല.എന്ത് ചെയ്യണമെന്നറിയാതെ അവളുടെ മനസ്സ് അസ്വസ്തമായിക്കൊണ്ടിരുന്നു.
അധികം വൈകിയില്ല അവളുടെ മൊബൈലിലേക്ക് എം എം എസ് വന്നു. ഒരു തമാശയ്ക്ക് വേണ്ടി അവളെടുത്ത സ്വന്തം നഗ്ന ചിത്രങ്ങള്‍! അവള്‍ക്ക് വിശ്വസിക്കാനായില്ല.അവളുടെ കൈകള്‍ വിറ കൊണ്ടു.അവളാകെ തകര്‍ന്നു. അവള്‍ മെല്ലെ കട്ടിലിലേക്കിരുന്നു. അവളുടെ മൊബൈല്‍ വീണ്ടും റിങ്ങ് ചെയ്തു. വിറയാര്‍ന്ന കൈകളോടെ അവള്‍ കോള്‍ എടുത്തു. അങ്ങേ തലയ്ക്കല്‍ അയാള്‍ വീണ്ടും!
“ഇപ്പോ മോള്‍ക്ക് വിശ്വാസമായോ? ഞാന്‍ സത്യമേ പറയൂ, മോള്‍ക്കെന്നെ വിശ്വസിക്കാം.”
“പ്ലീസ് ഞാന്‍ നിങ്ങളുടെ കാലു പിടിക്കാം എന്നെ ഉപദ്രവിക്കരുത്, ആ ഫോട്ടോകള്‍ മറ്റാര്‍ക്കും കാണിക്കരുത്, ഞാന്‍ ചത്ത് കളയും ഉറപ്പാ”
“അയ്യോ മോളെന്നെ കുറിച്ച് അങ്ങിനേയാണോ കരുതിയിരിക്കുന്നത്? ഞാനിത് മറ്റാര്‍ക്കും കാണിക്കില്ല, സത്യം. പക്ഷേ ഞാന്‍ മോളെ കണ്ട് പോയില്ലെ? സംസാരിച്ച് പോയില്ലേ? മോളെ കൊതിച്ച് പോയ്യില്ലെ? എനിക്ക് മോളെ വേണം,ഒരു നേരത്തേക്കെങ്കിലും” അയാള്‍ വളരെ വിനീതനായിക്കൊണ്ടിരുന്നു.
“ഛീ, നിങ്ങള്‍ക്കെന്റെ ശവമേ കിട്ടുകയുള്ളൂ” അവള്‍ അല്‍പ്പം ഗൌരവത്തോടെയാണ് അത് പറഞ്ഞത്.
“ഇതാ കുഴപ്പം, ഒന്ന് പറഞ്ഞാ രണ്ടമത്തേതിന് ചാവും ശവമാവും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കും, അച്ഛനും അമ്മയ്ക്കും ആകേയുള്ള ഒരു സന്തതി, ചത്ത് പോയാല്‍ അവര്‍ക്ക് പോയി, എന്നാലും ഈ ഫോട്ടോ ചാവുന്നില്ലല്ലോ. അതിങ്ങനെ കറങ്ങിത്തിരിഞ്ഞ് ഒരു ദിവസം സ്വന്തം അച്ഛന്റെ കയ്യിലുമെത്തും,മരിച്ച് പോയമകളുടെ നഗ്ന ചിത്രം കാണേണ്ടി വരുന്ന ആ അച്ഛന്റെ അവസ്ഥ! ഹോ”
അവള്‍ക്ക് ദേഷ്യം അടക്കാനായില്ല, അവള്‍ അലറി,”സ്റ്റോപ്പിറ്റ്, നിങ്ങള്‍ക്കെന്താണ് വേണ്ടത്?
അയാള്‍ വീണ്ടും ചിരിച്ചു,
“മിടുക്കീ..ഞാന്‍ പറഞ്ഞല്ലൊ എനിക്ക് നിന്നെ വേണം, അത്രയ്ക്ക് ഞാന്‍ നിന്നെ കൊതിച്ചുപോയി.നീ നാളെ ഞാന്‍ പറയുന്നിടത്ത് വരണം.രാവിലെ പത്ത് മണിക്ക് ഞാന്‍ സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിന്റെ മുന്നിലുണ്ടാവും.ഒരു 10.15 വരെ നിന്നെ കാത്ത് നില്‍ക്കും.വന്നില്ലെങ്കില്‍ ഞാന്‍ നേരെ പോകുന്നത് അടുത്തുള്ള ഇന്റര്‍നെറ്റ് കഫേയിലേക്കായിരിക്കും, പിന്നെ നിന്റെ സൌദര്യ ശസ്ത്രോം ഭൂമി ശാസ്ത്രോം എല്ലാം നാട്ടുകാര് കാണും,ഒടുവില്‍ നിന്റെ വീട്ടുകാരും.പിന്നെ ഇതിനേക്കാള്‍ വലിയ മാനക്കേടാവും ഉണ്ടാവുക.അത് വേണോ? അത് കൊണ്ട് മോളൊരു സുന്ദരിക്കുട്ടിയായി അനുസരണയുള്ള കുട്ടിയായി നാളെ ഞാന്‍ പറഞ്ഞിടത്ത് പറഞ്ഞ സമയത്ത് എത്തണം!എത്തിയിരിക്കും അല്ലേ മോളെ? ഉറങ്ങിക്കോളൂ ഇനി ഞാന്‍ വിളിക്കില്ല.നാളെ നേരില്‍ കാണാം. ബൈ മോളൂ...” അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
അവള്‍ക്കുറക്കം വന്നില്ല. വല്ലാത്തൊരു ഉള്‍ഭയം അവളെ വരിഞ്ഞ് മുറുക്കി.അമ്മയോട് പറഞ്ഞാലോ എന്നവള്‍ക്ക് തോന്നിയെങ്കിലും അമ്മയുടെ രൂക്ഷമായ പ്രതികരണങ്ങളും കുത്ത് വാക്കുകളും ഓര്‍ത്തപ്പോള്‍ അവളതില്‍ നിന്നും പിന്തിരിഞ്ഞു. തനിക്കെല്ലാം തുറന്ന് പറയാന്‍ കഴിയുന്ന ഒരു കൂട്ടില്ലാത്തതില്‍ അവള്‍ക്കേറെ ദുഃഖം തോന്നി.ഒരു സഹോദരനെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു. ഒരു തീരുമാനമെടുക്കാനാവാതെ അവള്‍ കിടക്കയില്‍ ചരിഞ്ഞും മറിഞ്ഞും കിടന്നു.രാത്രിയുടെ അന്ത്യ യാമത്തിലെപ്പോഴോ അവള്‍ ഉറങ്ങിപ്പോയി.
ഒരു പേടിസ്വപ്നം കണ്ട പോലെ അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.സമയം ഏഴ് മണിയോടടുത്തിരുന്നു. അവളുടെ മുഖത്തുനിന്നും ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല. ചുമരില്‍ ചാരി നിന്ന് പതിയെ അവള്‍ നിലത്ത് ഊര്‍ന്നിരുന്നു.സമയം കടന്ന് പോയിക്കൊണ്ടിരുന്നു. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ അപക്വമായ അവളുടെ മനസ്സ് വിങ്ങുകയായിരുന്നു.കണ്ണുകള്‍ നിറഞ്ഞൊഴുകി.മരിക്കാന്‍ അവള്‍ക്ക് ഭയമില്ലായിരുന്നു,പക്ഷേ അച്ഛനെക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ സകല ധൈര്യവും ചോര്‍ന്നു പോയി. സമയം കടന്ന് പോയിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു തീരുമാനമെടുത്ത പോലെ അവള്‍ അവിടെനിന്നും എഴുന്നേറ്റു കുളിമുറിയില്‍ കയറി.
അന്ന് പതിവിനു വിപരീതമായി അമ്മയോട് യാത്ര പറഞ്ഞാണ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. അമ്മയറിയാതെ വീട്ടില്‍ നിന്നും കൈക്കലാക്കിയ കറിക്കത്തി അവള്‍ ബാഗില്‍ സുരക്ഷിതമല്ലേയെന്ന് ഇടയ്ക്ക് ഉറപ്പ് വരുത്തി.പത്ത് മണിയ്ക്ക് തന്നെ അവള്‍ സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിലെത്തി.അവള്‍ ചുരിദാറിന്റെ ഷാളെടുത്ത് തലവഴിയിട്ടു. പരിചയക്കാര്‍ വല്ലവരും കാണുമോയെന്ന് അവല്‍ വല്ലാതെ ഭയപ്പെട്ടു. അല്‍പ്പസമയത്തിന് ശേഷം ഒരു കാര്‍ വന്ന് ഗേറ്റിനടുത്ത് നിന്നു. അതില്‍ നിന്നും അയാള്‍ ഇറങ്ങി റീമയുടെ അടുത്ത് വന്നു. അയാള്‍ വശ്യമായി പുഞ്ചിരിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നെങ്കിലും ആ കണ്ണുകളില്‍ ഒരു പ്രതികാരത്തിന്റെ തീക്കനലുണ്ടായിരുന്നു.
“വരൂ നമുക്കൊരിടം വരെ പോകാം” അയാള്‍ അവളെ കാറിലേക്ക് ക്ഷണിച്ചു.അനുസരണയോടെ അവള്‍ കാറില്‍ കയറി.ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നവള്‍ ചുറ്റും കണ്ണോടിച്ചു. അയാള്‍ കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങി. അവരുടെ വാഹനം നഗരത്തേയും കറില്‍ ന്നിന്നൂം വമിച്ച പുകപടലങ്ങളേയും ബഹു ദൂരം പിന്നിലാക്കി കടന്ന് പോയിക്കൊണ്ടിരുന്നു. അയാള്‍ വളരെ സന്തോഷത്തിലായിരുന്നു.ചിരിക്കുന്നു, അവളോട് സംസാരിക്കുന്നു,ഫോണ്‍ വിളിക്കുന്നു.അവള്‍ ഒന്നും മിണ്ടിയില്ല.ഇടയ്ക്ക് തന്റെ ബാഗിലെ കത്തിയില്‍ മുറുകെപ്പിടിച്ച് അവള്‍ ധൈര്യം സംഭരിക്കുകയായിരുന്നു. കാര്‍ ഒരു റിസോര്‍ട്ടിന്റെ മുന്നില്‍ ചെന്ന് നിന്നു.അയാള്‍ കാറില്‍ നിന്നും ഇറങ്ങി അവളുടെ ഡോറ് തുറന്ന് പിടിച്ച് അവളോട് ഇറങ്ങാന്‍ പറഞ്ഞു. അവള്‍ ഇറങ്ങാന്‍ മടിച്ചപ്പോള്‍ അയാള്‍ സ്നേഹപൂര്‍വ്വം അവളെ അതിന്റെ ഭവിഷ്യത്തുകള്‍ ഓര്‍മ്മിപ്പിച്ചു.അവള്‍ തല കുനിച്ച് കൊണ്ട് കാറില്‍ നിന്നും ഇറങ്ങി അയാളെ അനുഗമിച്ചു. അവള്‍ ബാഗില്‍ കയ്യിട്ട് ഒരു കൈ കൊണ്ട് കത്തിയില്‍ മുറുകെ പിടിച്ചു.
അയാള്‍ പരിചിതനെപ്പോലെ ശീതീകരിച്ച വലിയൊരു മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറി.പിന്നാലെ ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളും അനുഗമിച്ചു.ഒരു കൈ അപ്പോഴും അവള്‍ കത്തിയില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അവള്‍ അകത്ത് കടന്നതും അയാള്‍ വാതിലടച്ച് കുറ്റിയിട്ടു. ഒരു ചെറുചിരിയോടെ അയാള്‍ അവളുടെ നേരെ തിരിഞ്ഞതും,കയ്യില്‍ കരുതിയ കത്തിയുമായി അവള്‍ അയാള്‍ക്ക് നേരെ കുത്താനാഞ്ഞു.ഒട്ടും പരിഭ്രമം കൂടാതെ അയാള്‍ ആ കത്തി വാങ്ങി ദൂരെയെരിഞ്ഞു.അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു. അയാള്‍ അവളെ കോരിയെടുത്ത് കിടക്കയിലേക്കെറിഞ്ഞു.അവള്‍ കൈകള്‍ കൂപ്പി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പരഞ്ഞു.അവളുടെ വിലാപങ്ങള്‍ ആ ചുമരുകള്‍ക്കുള്ളില്‍ കിടന്ന് വീര്‍പ്പ് മുട്ടി. ഇരയുടെ മേല്‍ ചാടി വീഴുന്ന സിംഹത്തിന്റെ ആവേശത്തോടെ അയാള്‍ ആ മാന്‍ പേടയുടെ മുക്കളിലേക്ക് ചാടിവീണു. അയാളുടെ കാല്‍ തട്ടി സൈഡ് ടെബിളില്‍ നിന്നുമൊരു പളുങ്ക് പാത്രം നിലത്ത് വീണ് ചിന്നിച്ചിതറി.
കരഞ്ഞ് കലങ്ങിയ കണ്ണുകളും, സാധാരണത്തേക്കാള്‍ ക്ഷീണിതയുമായി റീമ കോളേജ് കഴിഞ്ഞ് വരുന്ന അതേ സമയത്ത് വീട്ടിലേക്ക് കയറിച്ചെന്നു. പതിവിന് വിപരീതമായി അവളെ കാത്ത് അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.അവള്‍ ഉമ്മറത്തേയ്ക്ക് കയറിയതും അമ്മ അല്‍പ്പം ഗൌരവത്തോടെ അവളോട് ചോദിച്ചു,
“നീയിന്ന് കോളേജില്‍ പോയില്ലെടീ?”
അവളുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി,ചങ്കൊന്ന് പിടച്ചു. അവള്‍ ഒന്നും മിണ്ടാതെ നിന്നു.
“എടീ നിന്നോടാ ചോദിച്ചത് നീയിന്ന് കോളേജില്‍ പോയില്ലേ?”അമ്മയുടെ ശബ്ദം അല്‍പ്പം കൂടി ഉയര്‍ന്നു.
അവള്‍ മുഖം മെല്ലെ ഉയര്‍ത്തി ഉത്തരമെന്നോണം ഒരു മറുചോദ്യം ചോദിച്ചു,
“എന്താ കാര്യം? ആരാ പോയില്ലാന്ന് പറഞ്ഞത്?”
അമ്മ കോപത്താല്‍ വിറയ്ക്കുകയായിരുന്നു.അവര്‍ അവളുടെ അടുത്ത് ചെന്നു,
“നീയിന്ന് ആരുടേയെങ്കിലും കൂടെ കാറില്‍ കയറിപ്പോയിരുന്നോ?”
അതും കൂടി കേട്ടപ്പോള്‍ അവള്‍ ആകെ തളര്‍ന്നു.അമ്മയോട് ആരോ താന്‍ കാറില്‍ കയറിപ്പോയ വിവരം പറഞ്ഞിരിക്കുന്നു.അവള്‍ക്കെന്ത് ഉത്തരം നല്‍കണമെന്നറിയാതെ കുഴഞ്ഞു.അവളുടെ കൈകാലുകള്‍ തളരുന്നതായി അവള്‍ക്ക് തോന്നി.തല കുനിച്ച് നിന്നവള്‍ വിക്കി വിക്കി എന്തോ പറയാന്‍ ഭാവിച്ചു. വാക്കുകള്‍ അവളുടെ തൊണ്ടയിലുടക്കി.എങ്കിലും അല്‍പ്പം ധൈര്യം സംഭരിച്ച് അവള്‍ അമ്മയെ നോക്കി,
“ഞാനൊരു കൂട്ടുകാരിയുടെ വീട്ടില്‍...പോകാന്‍....”
അവള്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പ് അമ്മ ഇടപെട്ടു.
“മുഖത്ത് നോക്കി നുണ പറയുന്നോടി അസത്തേ, കുടുംബത്തിന് മാനക്കേടുണ്ടാക്കിയാലുണ്ടല്ലോ പിന്നെ നിനക്കെന്നെ ജീവനോടെ കാണാനൊക്കില്ല, ഓര്‍ത്തോ”
ഒരു ഉറച്ച തീരുമാനമായിരുന്നു അതെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.
“എന്നാ പോയി ചത്ത് തൊലയ്” ദ്വേഷ്യത്തോടെയും സങ്കടത്തോടെയുമാണ് അവള്‍ പറഞ്ഞത്,
‘ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ചാവുന്നതാ’എന്നവള്‍ പിറുപിറുത്തു.
‘തര്‍ക്കുത്തരം പറയുന്നോടീ’ എന്ന് പറഞ്ഞ് റീമയുടെ മുഖമടച്ച് അമ്മ ആഞ്ഞൊരടിയടിച്ചു.അടിയുടെ ശക്തിയില്‍ അവള്‍ നിലത്ത് വീണു.അവള്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും അവളെ സഹായിച്ചു.ദ്വേഷ്യത്തില്‍ കൈതട്ടിമാറ്റി അവള്‍ തന്റെ റൂമില്‍ കയറി വാതിലടച്ചു.അമ്മ പിന്നേയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.പിന്നീടവര്‍ ഫോണില്‍ ആരെയൊക്കെയോ വിളിച്ച് സങ്കടങ്ങള്‍ പറയുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു.
സമയം രാത്രി പത്ത് മണിയോടടുത്തിട്ടും റീമ വാതില്‍ തുറക്കുകയോ പുറത്ത് വരുകയോ ചെയ്തില്ല.അവളെ കാണാഞ്ഞ് അമ്മയ്ക്ക് ആധിയായി.അവരുടെയുള്ളില്‍ ഒരു ഭയം വളര്‍ന്ന് വരാന്‍ തുടങ്ങി.അവര്‍ റീമയുടെ വാതില്‍ക്കല്‍ ചെന്ന് അവളെ വിളിച്ചു.ഉള്ളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. അവര്‍ വാതിലില്‍ ശക്തിയായി മുട്ടി വിളിച്ചിട്ടും ഫലമുണ്ടായില്ല. അവരിലെ ഭയം ഒരു തേങ്ങലായി അത് പിന്നെ കരച്ചിലായി രൂപാന്തരപ്പെട്ടു. അവര്‍ റീമയെ ഉറക്കെ വിളിച്ച് കരഞ്ഞു. വാതിലിലും ജനാലയിലും മാറി മാറി മുട്ടിവിളിച്ചു.കൂട്ടിലടച്ച വെരുകിനെപ്പോലെ അവര്‍ ആ വീട്ടില്‍ പരക്കം പാഞ്ഞ് നടന്നു.
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ റീമ വാതില്‍ തുറന്നു. അവള്‍ കടുത്ത ദ്വേഷ്യത്തില്‍ തന്നെയായിരുന്നു.മകളെ കണ്ടതും അവര്‍ക്ക് ആശ്വാസമായി.അവര്‍ കണ്ണുകള്‍ തുടച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു.
‘എന്തിനാ കിടന്ന് കാറുന്നത്? ഞാന്‍ ചത്തിട്ടൊന്നുമില്ല“ അവള്‍ വാതില്‍ പാതി തുറന്ന് പിടിച്ചാണ് അത് പറഞ്ഞത്.
അമ്മ വളരെ സൌമ്യമായി അവളോട് പറഞ്ഞു “വാ മോളെ, വന്നിട്ട് എന്തെങ്കിലും കഴിക്ക്, അന്തിപ്പട്ടിണി കിടക്കണ്ട, നിന്റെ നന്മയ്ക്ക്....” പറഞ്ഞ് തീരുന്നതിനു മുന്‍പേ അവള്‍ തനിക്കൊന്നും വേണ്ടാ എന്നും പറഞ്ഞ് വാതിലുകള്‍ കൊട്ടിയടച്ചു. അന്ന് ആ വീട്ടില്‍ ആരും അത്താഴം കഴിച്ചില്ല.കടുത്ത ദുഃഖത്തോടെ അമ്മ അവരുടെ റൂമിലേക്ക് പോയി. അവരുടെയുള്ളില്‍ വല്ലാത്തൊരു ഭയം വളര്‍ന്ന് വരുന്നുണ്ടായിരുന്നു. അവരുടെ മനസ്സ് അസ്വസ്തമായിക്കൊണ്ടിരുന്നു.
റൂമില്‍ തന്റെ കിടക്കയില്‍ കമഴ്ന്ന് കിടക്കുകയായിരുന്നു റീമ. വിശപ്പും ദാഹവും അവളെ വല്ലാതെ തളര്‍ത്തി.അതിലുപരിയായിരുന്നു ശരീരത്തിന്റേയും മനസ്സിന്റേയും വേദന.തന്റെ മനസ്സിന് ശക്തി നല്‍കാന്‍ അവള്‍ ദൈവത്തോട് മനമുരുകി പ്രാര്‍ത്ഥിച്ചു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പിഴുതെറിയപ്പെട്ട ചെടിയെപ്പോലെ അവള്‍ വാടിക്കൊണ്ടിരുന്നു.
മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. തന്റെ പ്രിയപ്പെട്ട അച്ഛനാണ് വിളിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായി.അവളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.ഫോണ്‍ മെല്ലെ ചെവിയോട് ചേര്‍ത്ത് പിടിച്ചു.അങ്ങേ തലയ്ക്കല്‍ നിന്നും അച്ഛന്റെ മോളേ എന്ന വിളികേട്ടതും അവളുടെ ദുഃഖം അണപൊട്ടി. അവള്‍ നിയന്ത്രിക്കാനാവാത്ത വിധം പൊട്ടിക്കരഞ്ഞു.അച്ഛന്‍ അവളെ ആശ്വസിപ്പിച്ചു,
“സാരമില്ല മോളെ, അമ്മയല്ലേ തല്ലിയത്, നീ ക്ഷമിക്ക്, അമ്മയ്ക്ക് വേണ്ടി അച്ഛന്‍ മാപ്പ് ചോദിക്കുന്നു, എന്റെ പൊന്നുമോള്‍ കരയണ്ട, അച്ഛന്‍ നാളെ വരുന്നുണ്ട്, എന്റെ മോള്‍ സമാധാനമായി ഇരിക്ക്”
പിന്നെയും അയാള്‍ ആശ്വാസവാക്കുകള്‍ പറഞ്ഞ് കൊണ്ടേയിരുന്നു. റീമ ഒന്നും മിണ്ടിയില്ല.അവള്‍ കരയുകയായിരുന്നു.അല്‍പ്പം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അവള്‍ക്ക് എല്ലാം അച്ഛനോട് പറയണമെന്നുണ്ടായിരുന്നു,പക്ഷേ അവളുടെ സങ്കടം ഒന്നിനും അനുവദിച്ചില്ല. എന്തായാലും പിറ്റേന്ന് അച്ഛന്‍ വരുമ്പോള്‍ സംഭവിച്ചതെല്ലാം പറയാമെന്നവള്‍ മനസ്സില്‍ കണക്ക് കൂട്ടി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു.അച്ഛനായിരിക്കും എന്ന് കരുതി അവള്‍ ഫോണെടുത്ത് ചെവിയില്‍ വെച്ച് ‘ഹലൊ’ എന്ന് പറഞ്ഞു. അങ്ങേ തലയ്ക്കല്‍ അച്ഛനായിരുന്നില്ല പകരം അപരിചിതമായ ഒരു ശബ്ദമായിരുന്നു. അവള്‍ ഉടനെ ഫോണിലെ നംബര്‍ നോക്കി.അതൊരു അപരിചിതമായ നംബറായിരുന്നു.അവള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയില്‍ അവള്‍ ഫോണ്‍ വീണ്ടും ചെവിയോടടുപ്പിച്ചു.
“ഹലോ മോളൂ ഉറങ്ങിയില്ലേ? നല്ല ക്ഷീണം കാണുമല്ലോ? ഓ ഞാന്‍ പറയാന്‍ മറന്നു, ഇന്ന് മോളൊരുത്തന്റെ കൂടെ റിസോട്ടില്‍ പോയില്ലേ, ഞാനവന്റെ ഉറ്റ സുഹ്യത്താ. അവന്‍ ചതിയനാ, അവന്‍ എന്റെ കാര്യം കൂടി പറയാമെന്ന് ഏറ്റിട്ട് ഇപ്പോള്‍ പറയുവാ എന്റെ കാര്യം ഞാന്‍ തന്നെ പറയണമെന്ന്. മോള്‍ക്കറിയോ മോള്‍ടെ ഫോട്ടോ അവന്‍ അയച്ച് തന്നതില്‍ പിന്നെ എനിക്കുറങ്ങാന്‍ പറ്റിയില്ല, ഹലോ മോള്‍ കേള്‍ക്കുന്നില്ലേ? ഹലോ....”
അവള്‍ ഒന്നും മിണ്ടിയില്ല.അവളുടെ തല പെരുത്ത് വന്നു.ദ്വേഷ്യവും സങ്കടവും കോണ്ട് അവളുടെ കണ്ണുകള്‍ ജ്വലിച്ചു.ഒടുവില്‍ സര്‍വ്വ ശക്തിയുമെടുത്ത് അവളാ മൊബൈല്‍ തറയിലെറിഞ്ഞ് തകര്‍ത്തു.അവളുടെ കണ്ണുകളില്‍ ഇരുട്ട് കയറി.എന്ത് ചെയ്യണമെന്നറിയാതെ അവള്‍ ആകെ തകര്‍ന്നു പോയി.കിടക്കയില്‍ നിന്നും ഊര്‍ന്നവള്‍ നിലത്തിരുന്നു.അവളുടെ മനസ്സ് വല്ലാതെ ഭയപ്പെട്ടു.ഒരു തീരുമാനമെടുക്കാനാവാതെ അവളുടെ മനസ്സ് വിങ്ങി.
പിറ്റേന്ന് വെറും നിലത്ത് വെള്ള പുതച്ച് കിടത്തിയ മകളുടെ ചേതനയറ്റ ശരീരത്തിന്റെ തല ഭാഗത്തിരുന്ന് അവളുടെ അമ്മ ഒരിക്കല്‍ പോലും കരഞ്ഞതേയില്ല.താന്‍ അടിച്ചത് കൊണ്ടോ വഴക്ക് പറഞ്ഞത് കൊണ്ടോ അല്ല മകള്‍ മരിച്ചതെന്ന സത്യം ഉള്‍ക്കൊള്ളാനാവാത്ത വിധം ആ അമ്മ മനസ്സ് ശിഥിലമായിക്കഴിഞ്ഞിരുന്നു.