Wednesday, July 22, 2009

ചെറായിയിലേക്കുള്ള അവസാനത്തെ വണ്ടി!

പ്രിയമുള്ളവരേ,
കാപ്പിലാന്റെ തോന്ന്യാശ്രമത്തിലെ അവസാന റൌണ്ട് കഥാമത്സരത്തില്‍ വോട്ടെടുപ്പ്‌ ഇല്ലാത്തതിനാല്‍ ഈ കഥയുടെ സമ്മാനത്തുകയോ സ്ഥാനമോ അറിഞ്ഞില്ല. അതിനാല്‍ അഭിപ്രായം അറിയിക്കാനായി വിനയപൂര്‍വ്വം നിങ്ങളെ
ല്‍പ്പിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

മത്സരത്തിനു നല്കിയ കഥാ സന്ദര്‍ഭം!

ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.
നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.
ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല

----

ഓടനാവട്ടത്തെ ബി ബി സി യിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. എനിക്കിവിടെ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. എങ്കിലും ഇവരില്‍ നിന്നും വീണു കിട്ടുന്ന നുറുങ്ങുകള്‍ എന്‍റെ ബ്ലോഗില്‍ ഒരു പോസ്റ്റായി ഇടാമല്ലോ എന്നാ അത്യാഗ്രത്താലാണ് ഞാന്‍ ഈ ബി ബി സി യുടെ അടുത്ത്‌ ചുറ്റിപ്പറ്റി നില്‍ക്കുന്നത്. നാട്ടിന്‍പുറത്തെ ഒരു ചായക്കടയുടെ എല്ലാ ലക്ഷണക്കേടും ഉള്ള ഒരു കൊച്ചു റ്റീ ഷോപ്പിന്റെ പ്രൊപ്രൈറ്റര്‍ കം ചായ മാഷാണ് കുഞ്ഞന്‍സ്‌. ആയ കാലത്ത് കടയിലേക്ക് പാല് കൊണ്ടുവരാറുള്ള ദാക്ഷായണിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞനെ കയ്യോടെ ദാക്ഷായണിയുടെ തൊഴുത്തില്‍ കെട്ടി.എന്ന് പറഞ്ഞാല്‍ കല്യാണം കഴിപ്പിച്ചു എന്ന്. കുഞ്ഞനെ സംബന്ധിച്ച് രണ്ടും ഒന്ന് തന്നെ. സ്ത്രീധനമായി കിട്ടിയ രണ്ടു എരുമകളുമായി,ക്ഷമിക്കണം അത് നാട്ടുകാര്‍ അസൂയ കൊണ്ട് പറയുന്നതാ!,ഒരു എരുമയും പിന്നെ ദാക്ഷായണിയുമായും ഈ ചായപ്പീടികയുടെ പടികള്‍ കയറി വരുമ്പോള്‍ കുഞ്ഞന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തിരുന്നു.ദിവസവും
അഞ്ചിടങ്ങഴി പാലുമായി വരാറുള്ള ദാക്ഷായണിയുടെ ഇനിയുള്ള പാല് മുഴുവന്‍ തനിക്ക്‌ ഫ്രീയാണല്ലോ എന്ന് കുഞ്ഞന്‍ നായര്‍ ആനന്ദം കൊണ്ടു. ആദ്യ രാത്രികള്‍ നേരത്തെ കഴിഞ്ഞിരുന്നതിനാല്‍ കടയിലെ ബാക്കിയായ പാല് പകുതി വീതം കുടിക്കാന്‍ നില്‍ക്കാതെ കുഞ്ഞന്‍ അത് മോരുണ്ടാക്കാന്‍ ഒഴിച്ച് വെച്ചു. ദാക്ഷായണിയെയും എരുമയെയും സ്വന്തമാക്കിയ കുഞ്ഞന്‍ ആ രാത്രി മതിവരുവോളം ആര്‍മ്മാദിച്ചു. തൌട് തിന്നുന്ന എരുമ കെ എസ്‌ കാലിത്തീറ്റ കണ്ട പോലെ ഒരു ഒന്നൊന്നര ആര്‍മ്മാദം.പക്ഷെ രാവിലെ എഴുനേറ്റു തൊഴുത്തിലേക്ക്‌ നോക്കിയ കുഞ്ഞന്‍ ആദ്യമൊന്നു ഞെട്ടി,പിന്നെ എരുമയെയും ദാക്ഷായണിയെയും മാറി മാറി നോക്കി.
എങ്ങിനെ ഞെക്കിപ്പിഴിഞ്ഞെടുത്തിട്ടും മൂന്നു ഇടങ്ങാഴി പാലില്‍ ഒരു തുള്ളി കൂടുന്നില്ല. ദേഷ്യം വന്ന കുഞ്ഞന്‍ ദാക്ഷായണിയുടെ നേരെ അലറിയടുത്തു, ദാക്ഷായണിയുടെ കടുപ്പിച്ച നോട്ടം കണ്ടപ്പോള്‍ കുഞ്ഞന്റെ അലര്‍ച്ചയുടെ രണ്ടാം പാതി ഒരു കരച്ചിലായി മാറി. മൂന്നിടങ്ങഴി പാലില്‍ രണ്ടിടങ്ങാഴി വെള്ളമായിരുന്നു എന്നാ സത്യം ഒരു നെടുവീര്‍പ്പോടെ അന്ന് മനസ്സിലാക്കിയ കുഞ്ഞന്‍ പിന്നീട് ദാക്ഷായണിയോടു ഇത് വരെ പാലിന്റെ കണക്കെന്നല്ല ഒരു കാര്യവും ചോദിച്ചിട്ടില്ല. പിന്നീട് എല്ലാം കുഞ്ഞന്‍ അനുസരിക്കുകയായിരുന്നു. എങ്കിലും ദാക്ഷായണി ഇല്ലാത്ത നേരത്ത് കുഞ്ഞന്‍ കടയിലെ മെയിന്‍ മോഡറേറ്ററാണ്, എന്തും ചര്‍ച്ച ചെയ്യും...അപ്പോള്‍ ആ നിന്ന് ചായ ആറ്റുന്നതാണ് കഥാപാത്രം നമ്പര്‍ വണ്‍്. കുഞ്ഞന്‍


ബാക്കിയുള്ളവരെ നമുക്ക് വഴിയെ പരിചയപ്പെടാം. എന്നാല്‍ നമുക്ക് അവരുടെ ഗൂഡാലോചനയിലേക്ക് ഒന്ന് എത്തി നോക്കാം.

"യൂ നോ ഇന്ത്യാ പാക്ക് യുദ്ധ സമയത്ത് ഇതുപോലെ ഒരു പ്രതിസന്ധി ഗട്ടമുണ്ടായിരുന്നു."

കുഞ്ഞന്‍:എന്ത് പ്ലാവിന്മേ മഞ്ഞത്തുണി കെട്ടിയതോ?

കേണല്‍: നോ നോ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ എന്റെ സീനിയര്‍ ഓഫീസര്‍ കുഴങ്ങിയ ആ സന്ദര്‍ഭം ഹോ ഭയാനകം....

കുഞ്ഞമ്മദ്: അല്ല നായരെ എന്താ ഈ ഇന്ത്യാ പാക് യുദ്ധം?

കേണല്‍: യൂ നോ വെന്‍ ഐ വാസ്‌ ഇന്‍ ഡെറാഢൂണ്‍....ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് ഒരു ലോറി നിറയെ പാക്ക് കയറ്റിപ്പോയിരുന്നു.ചൈനയിലേക്ക് പാക്ക് കയറ്റിപ്പോയ ആ ലോറിയെ ചൊല്ലി ഉടലെടുത്ത ഒരു പ്രശ്നമാണ് പിന്നീട് ഇന്ത്യാ പാക്ക് യുദ്ധമായത്‌. ഞാനന്ന് അടുക്കളയിലായത് കൊണ്ട് ഛെ അല്ല അണ്ടര്‍ ഗ്രൌണ്ട് ട്രെന്ചിലായത് കൊണ്ട് രക്ഷപ്പെട്ടു.

കുഞ്ഞന്‍: നായരെ ഇങ്ങടെ ബഡായി നിര്‍ത്തിന്‍ ഇവിടത്തെ പ്രശ്നം ആ സിദ്ധനാ.അവനെ തുരത്താനൊരു വഴി ആലോചിക്കൂ..

കേണല്‍: ആദ്യം എന്റെ പ്ലാവ് എന്നിട്ട് മതി സിദ്ധന്‍.

ബേബിച്ചായന്‍:ഒരാള് ഒരു ഷര്‍ട്ടടിക്കാന്‍ തന്നാല്‍ ബാക്കി തുണി കൊണ്ട് നമ്മടെ കുട്ടിക്ക് ഒരു ഷര്‍ട്ടടിച്ചാ എന്താ കൊഴപ്പം?

കുഞ്ഞന്‍ : അന്റെ സ്വഭാവം ഇപ്പൊ ഇവിടെ വിളിച്ചു പറയാന്‍ കാര്യം?

ബേബി: ഒരു ചര്ച്ചയല്ലേ എന്റെ വകയായിട്ട് എന്തെങ്കിലുമൊക്കെ പറയണ്ടേ.അതോണ്ടാ.

പാക്കരന്‍: നിങ്ങടെ അനിയനെ ഒരു സ്വകാര്യം പറയാന്‍ ഒരു തെങ്ങിന്റെ ചോട്ടിലേക്ക് വിളിക്ക്, നല്ല മുഴുത്തൊരു കൊല വെട്ടി തലേല്ക്ക് ഇടുന്ന കാര്യം ഞാന്‍ ഏറ്റു, എന്താ.


കേണല്‍: അത് വേണ്ട പാക്കരാ. നമുക്കാ വെറ്റിലയെ നാട് കടത്തിയാ ധൈര്യമായി പ്ലാവങ്ങോട്ടു വെട്ടാം,അതിനുള്ള വഴി ഉണ്ടാക്കൂ..

സഖാവ്‌: വളരെ വ്യക്തമായി പറഞ്ഞാല്‍ ഈ ഗൂടോത്രത്തിലും ദൈവത്തിലുമോന്നും ഞങ്ങള്‍ ഈ സഖാക്കള്‍ക്ക് ഒരു വിസ്വാസോം ഇല്ലെടോ.പിന്നെ ആപത്തു വരുമ്പോള്‍ വല്ലപ്പോഴും ദൈവത്തെ വിളിച്ചാല്‍ പാര്ട്ടീന്നു പുറത്തൊന്നും പോകില്ലന്നെ, എന്നാലും ഈ പ്ലാവിനെ എസ്‌ എന്‍ ഡീപ്പീല് എടുത്തപോലെയായല്ലോ,മഞ്ഞയല്ലേ പുതപ്പിച്ചിരിക്കുന്നത്!

കുഞ്ഞമ്മദ്: ഗള്ഫില് ഈ വക ഒരു ജാഹിലുകളും ഇല്ലായിരുന്നുട്ടോ. എന്ത് തങ്കപ്പെട്ട ആള്‍ക്കാരാ അവിടെ.ഇത്തിരി പാര വെക്കും എന്നല്ലാണ്ട് വേറെ ഒരു കൊയപ്പോം ഇല്ല. ഇപ്പൊ ഒരാളുടെ പേഴ്സ് പോയി എന്ന് വെക്കുക, അവിടെക്കിടക്കും.

കുഞ്ഞന്‍: പെഴ്സവിടെ കിടക്ക്വോ?

കുഞ്ഞമ്മദ്: ശൈയ്ത്താനെ പേഴ്സ് ആണുങ്ങള് കൊണ്ടോവും.പെഴ്സിന്റെ ഉടമസ്ഥന്‍ അവിടെ കിടക്കും! പേഴ്സിലെ കായീം കാര്‍ഡൊക്കെ പോയാല് ഓനെവിടെ പോകാന്‍? ഓനവിടെ കിടക്കും.

പാക്കരന്‍: അപ്പൊ അവിടെ കള്ളനെ പിടിക്കാന്‍ പോലീസും പോലീസ് നായയുമോന്നും ഇല്ലേ?

കുഞ്ഞമ്മദ്: നായ ഈ അറബ്യോള്‍ക്ക് ഹറാമല്ലേ അതിനു പകരം പോലീസ് ഒട്ടകമാണ്,പോലീസ് ഒട്ടകം.

കേണല്‍: ഈ ഒട്ടകം നായ്ക്കളെ പോലെ മണം പിടിക്ക്യോ കുഞ്ഞമ്മദേ, നിങ്ങടെ മസാല ഇത്തിരി കൂടുന്നുണ്ട്...

കുഞ്ഞമ്മദ്: എടൊ ഈ ഒട്ടകം വല്യ വല്യ കുന്നിന്റെ പുറത്തൊക്കെ കേറി നിന്ന് നോക്കുമ്പോ കള്ളനെ കാണാലോ. അങ്ങനെ പോലീസ് പോയി പിടിക്കും.

കുഞ്ഞന്‍: വല്ലാത്ത നാട് തന്നെ.അതവിടെ നിക്കട്ടെ നമുക്ക് ഈ സിദ്ധനെ ഒരു ഇരുട്ടടി അടിച്ചാലോ? അല്ലെങ്കില്‍ അവന്റെ തരികിട പൊളിക്കുന്ന വല്ല നമ്പരും ഇറക്കണം.

ബേബി: ഞാനൊരു കാര്യം പറയാം. നാട്ടുകാരെ മുഴുവന്‍ കൂട്ടീട്ടു നമ്മുടെ ഓടനാവട്ടം ഓമനേടെ മകന്റെ അച്ഛന്‍ ആരാന്നു ആ സിദ്ധനെക്കൊണ്ട് പറയിച്ചാലോ? ഓമനക്ക് തന്നെ അറിയാത്ത കാര്യം ആ സിദ്ധന്‍ പറയുമോ എന്ന് നോക്കാലോ? ഏത്?

കുഞ്ഞന്‍: അത് വേണ്ട അത് ശരിയാവില്ലാ.

കേണല്‍: അതെന്താ ശരിയാവാത്തെ. ഓമനേടെ സ്വഭാവം വെച്ച് ആരാന്നു സിദ്ധനല്ല അവന്റെ അപ്പന്‍ വിചാരിച്ചാല്‍ നടക്കില്ല പിന്നെയല്ലേ.

കുഞ്ഞന്‍: അത് വേണ്ട എന്നല്ലേ പറഞ്ഞത്, വേറെ വഴി വല്ലതും നോക്കാം...

സഖാവ്‌: എന്റെ ഒളിവുകാല ജീവിതം, ഐ മീന്‍ അണ്ടര്‍ഗ്രോണ്ട് ജീവിതത്തില്‍ ഓമനയുടെ വീടിനടുത്ത് കൂടെ രാത്രി പോയി എന്നല്ലാതെ ഞാന്‍ അവിടെ ഒളിച്ചിട്ടെയില്ലാ.അത് കൊണ്ട് എനിക്ക് പേടിയില്ല, കുഞ്ഞാ അത് മതിയെടോ നമുക്ക് അതില് സിദ്ധനെ പൂട്ടാം.

കുഞ്ഞന്‍: എടാ ദ്രോഹികളെ ! ആ സിദ്ധന്‍ എന്റെ പേരെങ്ങാനും വിളിച്ചു പറഞ്ഞാല്‍...

കുഞ്ഞമ്മദ്: എടാ കള്ളക്കുഞ്ഞാ...

ആ വിളിയോടെ ചര്‍ച്ച അല്‍പ്പ നേരത്തിനു നിശ്ശബ്ദമായി.

ഈ ഗൂഡാലോചന എങ്ങും ചെന്നെത്തില്ലാ എന്ന് എനിക്ക് മനസ്സിലായി ഞാന്‍ പതുക്കെ ചായക്കടയുടെ ഉള്ളില്‍ കയറി.

ഞാന്‍: ചേട്ടാ ഒരു ചായ.മധുരത്തില് ആയിക്കോട്ടെ". എന്നിട്ട് മെല്ലെ കുഞ്ഞഹമ്മദിക്കാനെ നോക്കി.

"നിങ്ങള് അബുദാബീല് ഉണ്ടായിരുന്ന ആളല്ലേ"

കുഞ്ഞമ്മദ്: അതെ മോനെ ഇജ്ജ്‌ ഇന്നേ കണ്ടിട്ടുണ്ടാ..ഇജ്ജിങ്ങഡ് വന്നെ ഒരു സൊകാര്യം ചോയിക്കട്ടെ"

ഇതും പറഞ്ഞു കുഞ്ഞഹമ്മദിക്ക എന്നെ കടയുടെ ഒരു മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയി ശബ്ദം താഴ്ത്തി പറഞ്ഞു.
" അതേയ് ഞാന്‍ പണ്ട് ഗള്ഫില് ഉണ്ടായിരുന്നത് നേരാ പക്ഷെ അവിടെ എന്തായിരുന്നു പണി എന്നാ വിവരം മാത്രം ഇജ്ജ്‌ ഇവിടെ പറയരുത്‌. സുലൈമാനി ഓപ്പറേറ്റര്‍ എന്നാ ഭയങ്കര ജോലിയായിരുന്നു എനിക്ക് എന്നാ ഞാന്‍ കാച്ചിയിരിക്കുന്നത് ,അത് പൊളിക്കരുത്, ചായടെ കായി ഞാന്‍ കൊടുത്തോളാം..ഏത്?

ഞാന്‍ ചിരിച്ചു കൊണ്ട് സമ്മതിച്ചു.കുഞ്ഞഹമ്മദിക്ക അതിലേറെ സന്തോഷിച്ചു, എന്നിട്ട് അവരോടായി പറഞ്ഞു.'കണ്ടോ എന്റെ ഒരു ചങ്ങായിടെ മകനാ, ഓന്‍ എന്നെ കാണാന്‍ ബന്നതാ"

സഖാവ്‌: വല്ല അറബിപ്പോലീസുമാണോ കോയാ?

കുഞ്ഞമ്മദ്: അത് ഞമ്മക്കിട്ടു താങ്ങീതാണല്ലോ സഖാവേ. ഇങ്ങള് തന്നെ ശോയിക്കീന്‍.

കുഞ്ഞന്‍ ചായ ഗ്ലാസ്സ്‌ എന്റെ മുന്നില്‍ വെച്ച് കൊണ്ട്: നിങ്ങളേതാ ഇതിനു മുമ്പ് ഇവിടെ കണ്ടിട്ടില്ലാലോ?

ഞാന്‍: ഞാനൊരു ബ്ലോഗറാ,പടം പിടിക്കാനും കഥ എഴുതാനുമൊക്കെ കറങ്ങി നടക്കുന്ന കൂട്ടത്തില്‍ ഇവിടെയും വന്നെന്നു മാത്രം.

ബേബിച്ചായന്‍ വളരെ പതുക്കെ കുഞ്ഞമ്മദിനോട്: അല്ല മൂപ്പരെ എന്താ ഈ പറഞ്ഞ സാധനം,ബ്ലോഗര്‍?

കുഞ്ഞമ്മദ്: ഞാന്‍ ഗള്ഫിലുള്ളപ്പോഴൊന്നും അങ്ങിനെ ഒരു സാധനം കേട്ടിട്ടില്ലാന്നെ എന്തോ മുന്തിയ ഇനമാ..ആ കാമറയൊക്കെ കണ്ടില്ലേ...

ഞാന്‍: എന്താ ഒരു സ്വകാര്യം? ഞാനും കൂടി കേള്‍ക്കട്ടെ?

കുഞ്ഞമ്മദ്: ഒന്നൂല്യാന്നെ, ഒരു വെറ്റില സിദ്ധന്‍ വന്നിട്ട് ഞമ്മളെ ആകെ ബേജാറാക്കിക്കൊണ്ടിരിക്ക്യല്ലേ. ഓനെ ഈ നാട്ടീന്നു കെട്ട് കെട്ടിക്കണം.അതിനൊരു വളഞ്ഞ വഴി ആലോയിച്ചോണ്ടിരിക്കുവാ..

ഞാന്‍: ആഹാ അത്രയേ ഉള്ളോ കാര്യം? സിദ്ധനെ ഞാന്‍ ഓടിച്ചു തരാം,പകരംനിങ്ങള്‍ എന്ത് തരും?

കേണല്‍: എന്റെ പൊന്നു മോനെ എന്ത് വേണമെന്ന് പറ. പൊട്ടാത്ത ബോംബ് വേണോ? എ കെ 47 വേണോ? കാശ് വേണോ? പറ..ആ സിദ്ധനെ ഓടിച്ചാല്‍ ഞങ്ങള്‍ എന്തും ചെയ്യും.

ഞാന്‍: അയ്യോ എനിക്കതൊന്നും വേണ്ട.എനിക്ക് നിങ്ങടെ നാട് വളരെ ഇഷ്ടമായി.കുറച്ചു ഫോട്ടോ എടുക്കാന്‍ എന്നെയൊന്നു ഇവിടുത്തെ എല്ലാ സ്ഥലങ്ങളും ഒന്ന് കാണിച്ചു തന്നാല്‍ മതി.

പാക്കരന്‍: അത്രയേ ഉള്ളോ? ഞാന്‍ ഒരു കുടം തെങ്ങിന്‍ കള്ളെങ്കിലും ചോദിക്കുമെന്ന് പ്രതീക്ഷിച്ചു.

ഞാന്‍: അതോക്കെ ഒന്നു അന്തി മയങ്ങട്ടെ എന്റെ പാക്കരാ.സിദ്ധനെ നമുക്ക് കുതന്ത്രം കൊണ്ട് നേരിടണം.മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്നത് പോലെ. നമ്മള്‍ സിദ്ധന്‍ കളിച്ച കളി തിരിച്ചു കളിക്കണം.
എല്ലാവരുടെ മുഖത്തും ആകാംക്ഷ ഞാന്‍ ശ്രദ്ധിച്ചു. എല്ലാവരും എന്റെയടുത്തേക്ക് കുതന്ത്രം കേള്‍ക്കാന്‍ നിശ്ശബ്ദരായി നിന്നു. ഞാന്‍ ഒരു ചാണക്യനെപ്പോലെ കുതന്ത്രങ്ങളിലേക്ക് കടന്നു.

ഞാന്‍: നമുക്കൊരു ഭ്രാന്തനെ സിദ്ധനെതിരായി ഇറക്കാം, അതിനു രൂപം കൊണ്ട് പാക്കരന്‍ മതിയാകും. ഭ്രാന്തന് എന്ത് ബസ്സും കാറും? ഭ്രാന്തന് എന്തും ചെയ്യാം ആരും സംശയിക്കില്ല. പാക്കരനാകുമ്പോള്‍ തെങ്ങില്‍ നിന്നും വീണിട്ടു സംഭവിച്ചതാണ് എന്നൊരു പബ്ലിസിറ്റിയും കൊടുക്കാം."

എല്ലാവരുടെ മുഖത്തും ആശ്വാസ ഭാവവും പുഞ്ചിരിയും വന്നു തുടങ്ങി ഞാന്‍ തുടര്‍ന്നു,ഭ്രാന്തഭിനയിക്കുന്ന പാക്കരന്‍ നേരെ പ്ലാവിലെ തുണി പറിച്ചു തലയില്‍ കെട്ടണം, അതിനു ശേഷം വെട്ടുകത്തിയും നീട്ടിപ്പിടിച്ചു കൊണ്ട് സിദ്ധന്റെ വീട്ടിലേക്കു ചെല്ലുക. പിന്നെ ജീവനുണ്ടെങ്കില്‍ സിദ്ധന്‍ അവിടെ നില്‍ക്ക്വോ? അയാള്‍ ജീവനില്‍ കൊതിയുണ്ടെങ്കില്‍ നാട് വിട്ടോടില്ലേ?

പാക്കരന്‍: അല്ലാ ആ തുണി പറിച്ചാല്‍ തലമണ്ട പൊട്ടിത്തെറിക്കുമെന്നല്ലേ സിദ്ധന്‍ പറഞ്ഞിരിക്കുന്നത്?

ഞാന്‍: പാക്കരാ, അതിനുള്ള കൂടോത്രം ഞാന്‍ പറഞ്ഞുതരാം.എന്താ പോരെ?

പാക്കരന്‍: പിന്നെ എനിക്കെന്തു പേടി? അത് ഞാന്‍ ഏറ്റൂ...

കുഞ്ഞമ്മദ്: അരേ വാ, അന്റെ തല നിറച്ചും ബുദ്ധിയാണല്ലോ എന്റെ പൊന്നും കട്ടേ. അന്നേ ഞമ്മക്ക്‌ പെരുത്തു ഇഷ്ടായെക്കുന്നു. ഇജ്ജ്‌ ബരീന്‍ ഇന്ന് ഞമ്മന്റെ പെരേല് അനക്ക് കോയി ബിരിയാണി.

കേണല്‍: മോനെ നീ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വല്ല അബദ്ധത്തിലും ചെന്ന് ചാടിയേനെ.

കുഞ്ഞന്‍: ആശ്വാസമായി ഭഗവതീ..ഒരു ചായേം കൂടി എടുക്കട്ടെ.

ബേബി: ഭഗവതിക്ക് ചായേ? വേണേല്‍ എനിക്കൊരെണ്ണം എടുത്തോ.

സഖാവ്‌: ഓരോ പരിപ്പ് വടേം പോരട്ടെ. ഈ നിസ്സാര പ്രശ്നമല്ലേ നമ്മള്‍ പീബീലെന്ന പോലെ ചര്‍ച്ച ചെയ്തത്.ഹോ ഈ ബ്ലോഗര്‍ എന്നത് ഒരു സാമ്രാജ്യത്വ ശക്തിയൊന്നും അല്ലല്ലോ അല്ലെ?

കുഞ്ഞമ്മദ്: എന്തായാലും മനുഷ്യനെ ഇടങ്ങേറാക്കിണ ഹലാക്കുകളല്ലാന്നു ഞമ്മക്ക്‌ പുടികിട്ടീ..

എല്ലാവരും സന്തോഷത്താല്‍ ചിരിച്ചു. അവര്‍ എന്നെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു.
പിറ്റേ ദിവസം ആ നാട്ടിലെ മനോഹരങ്ങളായ ചിത്രങ്ങളൊക്കെ ഒപ്പിയെടുത്തു കൊണ്ട് പോരാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ നില വിളിച്ചു ഓടുന്നത് കണ്ടു. പിന്നാലെ ഭ്രാന്തന്റെ വേഷത്തില്‍ ഓടി വരുന്ന പാക്കരനെ കണ്ടപ്പോള്‍ മുന്നില്‍ ഓടുന്നത് സിദ്ധനാണെന്ന് മനസ്സിലായി...

പാക്കരന്‍ എന്നെ കണ്ടതും ഒരു നിമിഷം നിന്നു. പിന്നാലെ കൂട്ടമായി ഓടിവന്ന നാട്ടുകാരും പാക്കരന്റെ കുറച്ചു പിന്നിലായി നിന്നു. പാക്കരന്‍ എന്റെ അടുത്തേക്ക്‌ ആ വെട്ടു കത്തിയുമായി നടന്നു വന്നു. പാക്കരന്റെ ഭാവം കണ്ടാല്‍ ഭ്രാന്തില്ലാന്നു ആരും പറയില്ല. എനിക്കും ചെറിയൊരു ഉള്‍ഭയം ഉണ്ടായി. ഞാന്‍ രണ്ടടി പിന്നോട്ട് നീങ്ങി.അപ്പോഴാണ്‌ പാക്കരനും സങ്കതി എന്തോ പന്തി കേടുന്ടെന്നു മനസ്സിലായത്‌. ഞാന്‍ ഓടുന്ന സിദ്ധനെ ചൂണ്ടിക്കൊണ്ട് പാക്കരനോട് പറഞ്ഞു,

"പാക്കരാ അതാ പോകുന്നതാ സിദ്ധന്‍ ഞാനൊരു പാവം ബ്ലോഗറാ....നീ അവന്റെ പിന്നാലെ വിട്ടോടാ..."


നിഷ്കളങ്കരായ ഓടാനവട്ടത്തുകാരെ സിദ്ധന്റെ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടുത്തിയതിന്റെ ചതാരിതാര്‍ത്ഥ്യവുമായി ഞാന്‍ എന്റെ അടുത്ത ലക്ഷ്യമായ "ചേറായിയിലെക്കുള്ള ” അവസാനത്തെ വണ്ടിക്കായി കാത്തു നിന്നു. ഓടനാവട്ടത്തു നിന്നും ചെറായിയിലേക്കുള്ള അവസാനത്തെ വണ്ടി.

20 comments:

വാഴക്കോടന്‍ ‍// vazhakodan said...

അവസാന റൌണ്ട് കഥാമത്സരത്തില്‍ വോട്ടെടുപ്പ്‌ ഇല്ലാത്തതിനാല്‍ ഈ കഥയുടെ സമ്മാനത്തുകയോ സ്ഥാനമോ അറിഞ്ഞില്ല. അതിനാല്‍ അഭിപ്രായം അറിയിക്കാനായി വിനയപൂര്‍വ്വം നിങ്ങളെ ഏല്‍പ്പിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

ramanika said...

BBC sarikkum kalakki!

Arun said...

വാഴക്കോടാ പതിവിലും വളരെ വ്യത്യസ്തമായ അവതരണമാണല്ലോ! കലക്കി. ഭ്രാന്തഭിനയിക്കാനുള്ള ബുദ്ധി അപാരം.കൊള്ളാം ഇതും വളരെ ഇഷ്ടമായി. സമ്മാനം എന്റെ വക ഈ കഥയ്ക്ക്‌ തന്നെ!

Sureshkumar Punjhayil said...

Ganbheeram Vaze... Aruninoppam Sammanam enteyum vaka...!

പോലീസ് ഒട്ടകമാണ്,പോലീസ് ഒട്ടകം. ( Pidikkathe nokkane )

Manoharam, Ashamsakal...!!!

ബഷീർ said...

>>> കുഞ്ഞന്‍: പെഴ്സവിടെ കിടക്ക്വോ?

കുഞ്ഞമ്മദ്: ശൈയ്ത്താനെ പേഴ്സ് ആണുങ്ങള് കൊണ്ടോവും.പെഴ്സിന്റെ ഉടമസ്ഥന്‍ അവിടെ കിടക്കും! പേഴ്സിലെ കായീം കാര്‍ഡൊക്കെ പോയാല് ഓനെവിടെ പോകാന്‍? ഓനവിടെ കിടക്കും. <<


ചിരിച്ച് ചിരിച്ച് മോണിറ്റർ കപ്പി :)

എന്റെ വോട്ട് രേഖപ്പെടുത്തുന്നു

ബഷീർ said...

ബ്ലോഗ് പൂട്ടി നാട്ടിലെത്തിയ ആരെങ്കിലുമായിരുന്നോ ആ സിദ്ധൻ ?

Areekkodan | അരീക്കോടന്‍ said...

Ha..ha..haa..entummae...

Husnu said...

Super Comedy again from my favourite bloger. Congrats again,,,,

Really hats off!

Anitha Madhav said...

പ്രിയപ്പെട്ട വാഴക്കോടന്‍,
താങ്കളുടെ കഥകള്‍ ഒന്നിനൊന്നു മെച്ചമാണ്. ഇതും വോട്ടെടുപ്പ്‌ നടത്തിയിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്ത്‌ തന്നെ എത്തുമായിരുന്നു എന്ന് വിശ്വസിക്കുന്നു. കഥ ഇഷ്ടപ്പെട്ടു.അഭിനന്ദനങള്‍...

poor-me/പാവം-ഞാന്‍ said...

Thanks for nice time...

സന്തോഷ്‌ പല്ലശ്ശന said...

വാഴെ ആരാ ഈ സിദ്ധന്‍...ആരുടെ ഡ്യൂപ്പാ എത്ര ആലോചിച്ചിട്ടും എനിക്കങ്ങട്‌ മിന്നുന്നില്ല... ഞാനൊരു പാവായതു കൊണ്ടാ...പിന്നെ ആ പര്‍സിന്‍റെ കഥയും ഇന്‍ഡ്യാ പാക്‌ യുദ്ധവും സ്റ്റാന്‍ഡേര്‍ഡ്‌ വിറ്റായിരുന്നു ട്ടാ...

അഭിജിത്ത് മടിക്കുന്ന് said...

കഥ മൊത്തത്തില്‍ ഞമ്മക്ക്‌ പെരുത്ത്‌ ഇശ്ടായിക്കുനു.ഇങ്ങളാ പേഴ്സിന്റെ വിറ്റ് പറഞ്ഞത് ഇത്തിരി ചളിയായിപ്പോയി.ആ വിറ്റ് ഞമ്മളേടെയോ കേട്ടിന്റൊന്നു ഒരു സംശയം. ഇങ്ങള് നല്ല ബ്ലോഗര്‍ തന്നെ പഹയാ.

Unknown said...

നന്നായിരിക്കുന്നു,രസകരമായി അവതരിപ്പിച്ചു.

അപ്പോള്‍ മത്സരം ഉപേക്ഷിച്ചോ?
ഞാനും പങ്കെടുത്തിരുന്നു ഇപ്പ്രാവശ്യമെങ്ങിലും നിങ്ങളില്‍ നിന്നും സമ്മാനം പിടിച്ചുവാങ്ങണം എന്നുണ്ടായിരുന്നു അത് നടന്നില്ല ..കഷ്ടം

പുഴയോരം said...

ഷാർജ്ജയിലല്ലെ,ഒട്ടക പോലീസ്‌ പിടിക്കാതെ നോക്കണം...ആ സിധനു ഏതൊ ബ്ലൊഗ്‌ സിധന്റെ ഛായയുണ്ടല്ലൊ...

മാണിക്യം said...

ബ്ലോഗില്‍ കൂടി സംവദിച്ചവര്‍,
ഒരു മുറ്റത്ത്‌ ഒത്തു കൂടുന്നത്
ഒരു മഹാനുഭവം.
ചരിത്രത്തിന്റെയും മനസിന്റെയും
താളുകളില്‍ ഇടം തേടുന്ന,
തേടേണ്ടുന്ന ധന്യ മുഹൂര്‍ത്തം.

ജയ്‌ ചെറായി ബ്ലോഗേഴ്സ് സംഗമം
അഭിവാദ്യങ്ങളോടെ‍

ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം... http://maanikyam.blogspot.com/2009/07/blog-post_24.html

ഓട്ടകാലണ said...

കഥ നന്നായിട്ടുണ്ട്....
ഇതെങ്ങനാ വോട്ടിടുന്നത്?

എനിക്കും വോട്ടിടാന്‍ പറ്റുമോ?
വേറെ എന്തൊക്കെ കഥകളാ മത്സരിക്കുന്നത്?

Muralee Mukundan , ബിലാത്തിപട്ടണം said...

ആഗോളബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടെ ആ നഷ്ടബോധം പോയി ! മക്കള്‍ക്ക്‌ കുറച്ചു ദിവസം മുമ്പ് പനിപിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ഭൂകോളബുലോക മീറ്റിലും ,ചെറായിയുടെ സുന്ദരമായ സ്നേഹതീരത്ത് വിഹരിക്കാനും സാധിക്കാത്തത് മാത്രം വിഷമത്തിനിടയാക്കി . വിവരസാങ്കേതികവിദ്യയിലൂടെ ,എഴുത്തിന്‍റെ മായാജാല കണ്ണികള്‍കൊണ്ടു പരസ്പരം മുറുക്കിയ ഇണപിരിയാത്ത മിത്രങ്ങളായി മാറിയിരുന്നു ഒരോബുലോഗരും ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ /അതവര്‍ ആദ്യകൂടിക്കാഴ്ച്ചയില്‍ തന്നെ പരസ്പരം പ്രകടിപ്പിക്കുകയും ചെയ്തു ..

സെലി ചരിതം said...

kalakkan)))))))))))))))))

തൃശൂര്‍കാരന്‍ ..... said...

എടൊ ഈ ഒട്ടകം വല്യ വല്യ കുന്നിന്റെ പുറത്തൊക്കെ കേറി നിന്ന് നോക്കുമ്പോ കള്ളനെ കാണാലോ. അങ്ങനെ പോലീസ് പോയി പിടിക്കും.ഹ ഹ...കലക്കി :-)

സച്ചിന്‍ // SachiN said...

വളരെ രസകരമായ അവതരണം!
ഇഷ്ടപ്പെട്ടു വാഴക്കോടന്‍!
ഇനിയും വരാം.