Sunday, June 21, 2009

അവിചാരിതം....തികച്ചും അവിചാരിതം

തോന്ന്യാശ്രമാത്തിലെ റിയാലിറ്റി കഥാ മത്സരത്തില്‍ ആദ്യ റൌണ്ടില്‍ വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കഥ വായിക്കാത്തവര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

മത്സരത്തിനു തന്ന കഥാ സന്ദര്‍ഭം ആദ്യം..
ജയിംസ് വാച്ചില്‍ നോക്കി. 11മണി ആയിരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ഗബ്രിച്ചായന്‍ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു. ഈ റിക്ഷായുടെ കുലുക്കത്തിലും ഇങ്ങേര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു? അല്ലെങ്കില്‍ തന്നെ ടൌണില്‍ ചായക്കടയില്‍ നിന്ന് വലിച്ചുകേറ്റിയത് ചില്ലറ വല്ലതുമാണോ?കര്‍ത്താവേ, ബ്രോക്കറിങ് പ്രൊഫഷനായി ഏറ്റെടുക്കുന്നവര്‍ക്ക് നീ അപാര ദഹന ശക്തിയാണല്ലോ കൊടുക്കുന്നത്. ഈ പെണ്ണുകാണല്‍ എന്ന കടമ്പ വല്ലാത്തതു തന്നെയാണ്. ക്യത്യമായി പറഞ്ഞാല്‍ ഇത് 17 )മത്തേതാണ്. ഇതെങ്കിലും ഒന്ന് ശരിയായാല്‍ മതിയാരുന്നു. ആദ്യമൊക്കെ പെണ്ണ് സുന്ദരിയായിരിക്കണം,വിദ്യാഭ്യാസമുള്ളവളായിരിക്കണം, പിന്നെ മുടി ഉള്ളവളായിരിക്കണം ഇങ്ങനെ എത്രയെത്രഡിമാന്റുകളായിരുന്നു താന്‍ ഓരോ മൂന്നാമന്മാരോടും പറഞ്ഞിരുന്നത്. മൂന്ന് മാസത്തെ ലീവ് ഉണ്ടല്ലോ, പതുക്കെയായലു തനിക്ക് യൊജിച്ച ഒരുവളെ തന്നെ നല്ലപാതിയായി കിട്ടണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ഡിമാന്റുകളും പിന്‍ വലിച്ചിരിക്കുന്നു. മാമോദിസ മുങ്ങിയ ഒരു പെണ്ണ് അത്രയും മതി.അല്ലേല്‍ ഈ അവധി തീരുന്നതിനു മുമ്പ് കല്യാണം നടന്നില്ലേല്‍? ഇനിയൊരു ലീവിന് 2 കൊല്ലം കാത്തിരിക്കണം. അപ്പോള്‍ പ്രായം 36 . കര്‍ത്താവേ, ദുബായില്‍ തന്റെ ഒപ്പം താമസിക്കുന്ന റഹ്മാന്‍ പറയുന്നത് ജയിംസ് ഓര്‍ത്തു. ഡാ എന്റെ മോള്‍ക്ക് 4 കൊല്ലം കൂടി കഴിഞ്ഞാല്‍ നിക്കാഹ് ആലോചിക്കണം.ന്നാലും അനക്ക് അതിനു മുമ്പ് കല്യാണം നടക്കുമോ? റഹ്മാന്‍ കുട്ടികാലത്ത് തന്റെ സഹപാഠിയായിരുന്നു .ഇനി എങ്ങോട്ടാണ് പോകേണ്ടത്? നിങ്ങള്‍ പറഞ്ഞ സ്കൂള്‍ എത്തി. ഓട്ടോറിക്ഷാ ഡ്രൈവര്‍ പിന്നോട്ട് തിരിഞ്ഞ് ചോദ്യമുയര്‍ത്തി. ജയിംസ് ഗബ്രിച്ചായനെ തട്ടി വിളിച്ചു.............................

ഗബ്രി ഉറക്കത്തില്‍ നിന്നും "എന്റെ പരുമല പുണ്യാളോ എന്നെ കൊല്ലാന്‍ വരുന്നേ രക്ഷിക്കണേ.."എന്നുറക്കെ വിളിച്ച് ഞെട്ടിയുണര്‍ന്നു. ചുറ്റും ഒന്ന് നോക്കിയിട്ട്,
"
ഹോ ഞാന്‍ പേടിച്ച് പോയി! വല്ല കല്യാണക്കാരാകും എന്ന് കരുതി".

ഒരു
നെടുവീര്‍പ്പോടെ ഗബ്രിച്ചായന്‍ പോക്കറ്റില്‍ നിന്നും ഒരു കൊച്ചു ഡയറി പുറത്തെടുത്ത് പേജുകള്‍ മറിച്ച്‌ നോക്കിയിട്ട്:

"
കുവൈറ്റ്‌ ചാണ്ടി, സ്കൂളിന്റെ വലതു വശത്തെ ടാറിടാത്ത റോഡില്‍ കൂടി ഒരു നൂറു മീറ്റര്‍ പോയാല്‍ വീടിന്റെ ഗയിറ്റിനു മുന്നില്‍ ഏറോപ്ലയിനിന്റെ രൂപം പണിത് വെച്ചത് അടയാളം.
ഗബ്രി ഡ്രൈവറെ നോക്കി റോഡിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു,
"
ദാ കാണുന്ന റോഡില്‍ കൂടി പോട്ടെ. ഇതൊക്കെ സ്വിംഗ് സ്വിങ്ങാക്കി കയ്യിത്താരാം എന്റെ ജയിംസ്‌ നീ പേടിക്കാണ്ടിരി. കാര്യം പെണ്‍ വീട്ടുകാര്‍ ഇത്തിരി മുന്തിയ കൂട്ടാരാ. പഴയ തറവാട്ടുകാരാ, തോമാസ്ലീഹ നേരിട്ട് വന്നു ആസിഡ് മുക്കീതാന്നാ അല്ല മാമോദീസ മുക്കീതാന്ന വെയ്പ്പ്, നമ്മളതൊന്നും ശ്രദ്ധിക്കാന്‍ പോണ്ട, കുട്ടി തെറ്റില്യാന്നാ അറിഞ്ഞത്

ഞാന്‍ നിസ്സംഗമായി എല്ലാം മൂളിക്കേട്ടു.

ഗബ്രി തുടര്‍ന്നു, "എന്ന് കരുതി നമ്മളും മോശക്കാരാന്നല്ലാട്ടോ, നമ്മളും കൊല്ലും കൊലയുമോക്കെയുള്ള തറവാട്ടുകാരല്ലേ , ഇപ്പൊ കൊല്ലില്ലാ എന്നല്ലേയുള്ളൂ ബാക്കിയോക്കെയില്ലേ?"
ഗബ്രി പുറത്തേക്ക് നോക്കി ഡ്രൈവറോട് പറഞ്ഞു, " നിര്‍ത്ത് നിര്‍ത്ത് ദാ കാണുന്നതല്ലേ എറോപ്ലയിന്‍? ഇതുതന്നെ വീട്. വാ ഐശ്വര്യമായി ഇറങ്ങിക്കെ, ഒക്കെ സ്വിംഗ് സ്വിങ്ങായി ഗബ്രിയേല്‍ ശരിയാക്കിത്തരാം"

ഗബ്രിയേല്‍ മുന്നിലായും ഞാന്‍ അയാളുടെ പിന്നിലായും നടന്നു.ഒരു കൊച്ചു വീട്, ഗയിറ്റില്‍ നിന്നും രണ്ടടി നടക്കണം വീട്ടിലേക്കെത്താന്‍. വഴിയില്‍ ചപ്പു ചവറുകള്‍ കിടക്കുന്നു, തൂത്ത് വാരിയ ലക്ഷണമൊന്നും കാണുന്നില്ല, പടികള്‍ക്കു മുന്നിലായി കോഴികള്‍ കാഷ്ടിച്ച് വെച്ചിരിക്കുന്നു. ഒരു മാതൃകാ കൃഷിഭവന്റെ ലോക്കല്‍ ബ്രാഞ്ചിലേക്ക് കയറിപ്പോകുന്നത്‌ പോലെ എനിക്ക് വീട്ടിലേക്കു കയറുമ്പോള്‍ അനുഭവപ്പെട്ടു.

ഗബ്രിചായന്‍ ഉമ്മറത്തേക്ക് കയറി.പള പള മിന്നുന്ന സില്‍ക്ക് ജുബ്ബ കഴുത്തോളം വിഴുങ്ങി ഒരു ഉപ്പുമാങ്ങാ ഭരനിപോലെയുള്ള കുവൈറ്റ്‌ ചാണ്ടിയുടെ രൂപം കണ്ടപ്പോള്‍ എനിക്ക് അല്‍പ്പം അസ്വസ്ഥത തോന്നി. കാരണം പേറ്റന്ട് ഇതാണെങ്കില്‍ പ്രോഡക്റ്റ് എന്തായിരിക്കും എന്നുള്ള ചിന്ത എന്നെ വല്ലാതെ അസ്വസ്ത്ഥനാക്കി. സ്വര്‍ണ്ണ ഫ്രെയിമിന്റെ കണ്ണട ശരിയാക്കി വെച്ച് അയാള്‍ എന്നെയൊന്നു നോക്കി. എനിക്ക് എന്തോ ഒരു ലജ്ജ തോന്നി. അറിയാതെ ഞാനും എന്റെ ശരീരമോന്നു നോക്കി,വയറിന്റെ മുകളിലുള്ള മസിലുകള്‍ ഒന്ന് മുറുക്കിപ്പിടിച്ചു. ശ്വാസം വളരെ പ്രയാസപ്പെട്ടാണ് പിന്നീട് എന്റെ ശരീരത്തില്‍ കയറിയിറങ്ങിയത്‌ എന്ന് എനിക്ക് മനസ്സിലായി.

ചാണ്ടി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.അകം ഒരു വിശാലമായ ഹാളായിരുന്നു. പുറത്തു നിന്ന് നോക്കിയാല്‍ ഇതൊരു ചെറിയ വീടായേ തോന്നിയുള്ളൂ. അകത്ത് കേറിയപ്പോഴല്ലേ ഇതൊരു വിശാലമായ ഷോറൂമാനെന്നു മനസ്സിലായത്‌.ഗബ്രി വാചാലനായി എന്റെയും കുടുംബക്കാരുടെയും വീര ശൂര പരാക്രമണങ്ങളും കൊണകണങ്ങളും അല്‍പ്പം പോലും പിശുക്കില്ലാതെ കുവൈറ്റ്‌ ചാണ്ടിയുടെ തിരു സന്നിധിയില്‍ വിളമ്പുകയാണ്.ഗബ്രിയുടെ അസ്ഥാനത്തുള്ള ചില പൊക്കിപ്പറച്ചില്‍ കേട്ടപ്പോള്‍ ഗബ്രിയെ ഒറ്റടിക്ക് തെമ്മാടിക്കുഴിയിലടക്കാന്‍ എനിക്ക് ശക്തമായ തോന്നലുണ്ടായി. എന്നാല്‍ പിന്നീട് കുവൈറ്റ്‌ ചാണ്ടിയുടെ ഗ്രാമഫോണ്‍ തിരിഞ്ഞു തുടങ്ങി.കടിച്ചതിനേക്കാള്‍ വലുതാണ്‌ മടയില്‍ കിടക്കുന്നത് എന്ന് പറഞ്ഞ പോലെയായിരുന്നു അവസ്ഥ. ഇതിലും എത്രയോ ഭേതമായിരുന്നു ഗബ്രി. ചാണ്ടി എന്ന ബോംബിനു മുന്നില്‍ ഗബ്രി വെറും ഒരു ചീനപ്പടക്കമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

ഇറാഖ്‌ അധിനിവേശവും കുവൈറ്റ്‌ യുദ്ധവും, യുദ്ധാനന്തര കുവൈറ്റ്‌ പ്രശ്നവും കഴിഞ്ഞു ഏതാണ്ട് സദ്ദാമിന്റെ വധശിക്ഷ കഴിഞ്ഞതോടു കൂടി കുമ്മായത്തില്‍ മുഖം കുത്തിവീന പോലെ ഒരു രൂപം ചായയുമായി വന്നു. ഒരു നിമിഷം മെത്രാനച്ചന്‍ മുഖ്യമന്ത്രിയായ പോലെ ഒരു ഞെട്ടല്‍ എനിക്കുണ്ടായി.കുവൈറ്റ്‌ ചാണ്ടി എന്റെ ഭാവം കണ്ടെന്നോണം പറഞ്ഞു,

" ഇത് ആലീസ്‌, എന്റെ ഭാര്യയാണ്. അവള്‍ക്കു ബ്യൂട്ടി പാര്‍ലറില്‍ കേറിയതിന്റെ ശിക്ഷയാ മുഖമിങ്ങനെ വെളുത്തോണ്ടിരിക്കുന്നത്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടല്ലെയുള്ളൂ ഇത് വയിറ്റ് വാഷ്‌ ചെയ്തപോലെയായി ബൂ...ഹു... ഹു ഹൂ ”.

കുവൈറ്റ്‌ ചാണ്ടി ഗള്‍ഫ്‌ യുദ്ധത്തിനു ശേഷം ഇങ്ങനെയാണ് ചിരിക്കാറ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ആലീസ്‌ ഒളികണ്ണിട്ട്‌ ചാണ്ടിച്ചനെ നോക്കി"അച്ചായ വേണ്ടാട്ടോ, ഞാന്‍ മറ്റേ കാര്യം പറയണോ?”

അത് കേട്ടമാത്രമയില്‍ കുവൈറ്റ്‌ അച്ചായന്‍ ഫിലമെന്റ്റ് അടിച്ചുപോയ ബള്‍ബ് പോലെ കെട്ട്‌പോയി.എന്തായിരിക്കും രഹസ്യമെന്ന് അറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും, വന്ന കാര്യത്തിലേക്ക് കടക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു.

ഒരു പച്ച നിറത്തിലുള്ള സാരിയുമുടുത്തു ഒരു സുന്ദരിപ്പെണ്ണ് എനിക്ക് അഭിമുഖമായി നിന്നു. എന്റെ ക്യാമറ കണ്ണുകള്‍ താഴെ നിന്നും സ്കാന്‍ ചെയ്ത്‌ ചെയ്ത്‌ അങ്ങ് തലശ്ശേരി വരെ എത്തി. കൊള്ളാം നല്ല കുട്ടി. ഇത്തിരി തടി കൂടുതലുള്ളത് കൊളസ്ട്രോള്‍ അമിതമായി അടിഞ്ഞു ചേര്‍ന്നതിലാണെന്ന് ഞാന്‍ മനസ്സിലാക്കി. അത് കയറു ചാട്ടംകൊണ്ടോ വീട്ടുപണി കൊണ്ടോ കുറപ്പിക്കാം എന്നും കണക്കു കൂട്ടി. മൊത്തത്തില്‍ വലിയ കുഴപ്പമില്ല. ഒരു എണ്‍പതു മാര്‍ക്ക് വരെ കൊടുക്കാവുന്ന ഒരു ഫിഗര്‍,പക്ഷെ ആക്രാന്തം കൊണ്ട് ഞാന്‍ നൂറ്റിപ്പത്ത് മാര്‍ക്കും നല്‍കി. തടസ്സങ്ങളൊന്നും ഇല്ലാതെ ഇതെങ്കിലും നടക്കണം എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഗബ്രി വിജയീ ഭാവത്തില്‍ എന്നെ നോക്കി വളരെ പതുക്കെ,"എല്ലാം സ്വിംഗ് സ്വിങ്ങല്ലേ?" എന്നിട്ട് അവരോടായി പറഞ്ഞു,"അവര്‍ക്കു വല്ലതും പറയാനുന്ടെന്കി നമ്മളിവിടെ നിക്കണത് ശരിയല്ലല്ലോ. നമുക്കങ്ങോട്ടു മാറിനില്‍ക്കാം"

ഗബ്രിയുടെ ബുദ്ധിപരമായ നീക്കത്തില്‍ എനിക്ക് ഗബ്രിയോടു വല്ലാത്ത ആരാധന തോന്നി. കസേരയില്‍ നിന്നും എഴുനേറ്റു അവളുടെ അടുത്തേക്ക്‌ നിന്നു, തൊണ്ടയൊന്നു ശരിയാക്കി ഞാന്‍ ചോദിച്ചു,
"
എന്താ പേര്?"

റോസ് മേരി.

ഇപ്പോള്‍ പഠിക്കുന്നുണ്ടോ?

ഇല്ല ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒന്നിനും പോയില്ല, പിന്നെ പെണ്ണുകാണല്‍..

എന്നെ ഇഷ്ടമായോ?

അതിനവള്‍ മറുപടിയൊന്നും പറഞ്ഞില്ല.ഒരു പുഞ്ചിരി മാത്രം.എങ്കിലും ഞാന്‍ നിര്‍ബന്ധിച്ചു. ഇതിനുമുന്‍പ് പതിനാറു പെണ്ണ് കണ്ട കഥയും ഒന്നും നടക്കാതെ പോയതും, കല്യാണം നടക്കണം എന്നആഗ്രഹത്താല്‍ ഞാന്‍ റോസിനോട് ഒരു അടുത്ത സുഹൃത്തിനെപ്പോലെയാണ് സംസാരിച്ചത്‌. ഒടുവില്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും വളരെ അടുത്തവരെപ്പോലെ റോസ് സംസാരിച്ചു തുടങ്ങി,

"
ഇവിടെ ഇഷ്ടമല്ലല്ലോ പ്രധാനം, മറ്റു പലതുമല്ലേ? എന്നെ ഇഷ്ടപ്പട്ട പലരും പിന്നീട് വഴി വന്നിട്ടില്ല. എങ്കിലും ഒരു ദിനചര്യപോലെ ഞാന്‍ വീണ്ടും വീണ്ടും അരങ്ങിലേക്കെത്തുന്ന ഒരു കോമാളിയെപ്പോലെ കാണികളെ രസിപ്പിക്കുന്നു"

"
റോസ് നന്നായി സംസാരിക്കുന്നു, റോസിനെ ഇഷ്ടപ്പെട്ടവര്‍ മടങ്ങി വരാത്തെതിന്റെ കാരണം സ്ത്രീധനമാണെങ്കില്‍ സോറി, എനിക്കതില്‍ താല്പര്യമില്ല, എന്നെ സ്നേഹിക്കുന്ന, എന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടി, അത് മാത്രം മതി എനിക്ക്"

അതുമാത്രം മതിയോ?

അവളുടെ ചോദ്യം എന്നില്‍ ഒരു നടുക്കമുണ്ടാക്കി.
"
റോസ്, നീ എന്താണ് ഉദ്ദേശിച്ചത്? പറയൂ. നിന്നെ ഇഷ്ട്ടപപെട്ടവര്‍ തിരിച്ചു വരാത്തതിന്റെ കാരണങ്ങള്‍...അതെന്താണെങ്കിലും പറയൂ. ഒരു പക്ഷെ ഈ വിവാഹം നടന്നാല്‍...പിന്നീട് ഞാന്‍ അറിയാനിടയായാല്‍.... പ്ലീസ്‌ പറയൂ റോസ്"

"അതെ..ഒരുപക്ഷെ ഈ വിവാഹം നടന്നാലും ഇല്ലെങ്കിലും,എന്റെ ജീവിതം വീടിനുള്ളില്‍ അവസാനിച്ചാലും സത്യം അറിഞ്ഞവര്‍ പൂര്‍ണ്ണ സമ്മതത്തോടെ എന്നെ സ്വീകരിക്കുന്നത്‌ വരെ എനിക്കീ വേഷം കെട്ടിയെ ഒക്കൂ"

"
റോസ്, തെളിച്ചു പറയൂ, നിന്റെ സത്യസന്ധത ഞാന്‍ മനസ്സിലാക്കുന്നു. എന്നോട് പറയാന്‍ കഴിയുന്നതാണെങ്കില്‍ റോസ് നീയത് പറയണം"

"അല്ലെങ്കിലും ഇതൊന്നും ആരും അറിയില്ലെന്ന് ധരിക്കാന്‍ മാത്രം ഒരു വിഡ്ഢിയല്ലല്ലോ ഞാന്‍,
എന്നെ കാണാന്‍ വരുന്നവരോട് പറഞ്ഞു പറഞ്ഞു എനിക്കിതു പറയുക എന്നതും ഒരു ചടങ്ങാണ്, കഥയറിഞ്ഞാല്‍ ഒരു പക്ഷെ നിങ്ങളും തിരിച്ചു വരില്ലായിരിക്കാം, എങ്കിലും എനിക്ക് പറഞ്ഞെ മതിയാകൂ, വിഴുപ്പുകളുമായി ഒരു ജീവിതം പേറാന്‍ എനിക്കാവില്ല.അതുകൊണ്ടാണ്"

"
റോസ് മുഖവുരയ്ക്ക് ദൈര്‍ഖ്യം കൂടുന്നു, ഇനിയും വളച്ച് കെട്ടാതെ പറയൂ..."

"തന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടി പതിവ്രതയായിരിക്കണം എന്നാണ് ഏതോരു പുരുഷനും ആഗ്രഹിക്കുന്നത്,എനിക്ക് ആഗ്രഹം സാധിച്ചു തരാനാവില്ല. മനപ്പൂര്‍വ്വം ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ റാഗിങ്ങിന്റെ പേരില്‍ രണ്ടുമൂന്നു സീനിയര്‍ ആണ്‍കുട്ടികള്‍ എന്നെ ബലമായി നശിപ്പിച്ചു. ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ ഞാന്‍ അവരുടെ ആക്രമണത്തിനു ഇരയായി. മാനഹാനി ഭയന്നു ഞങ്ങള്‍ ആ നാട്ടില്‍ നിന്നും വീട് വിറ്റു പോന്നു. കേസും കൂട്ടവുമോന്നും ഉണ്ടായില്ല. എന്റെ ജീവിതം തകരുമെന്ന് പേടിച്ചു ഒരു കേസിനും പോകണ്ട എന്നാണു എല്ലാവരും തീരുമാനിച്ചത്? ഇതെല്ലാം മൂടി വെച്ച് ഒരു സമാധാന ജീവിതം എനിക്കുണ്ടാകുമോ? അങ്ങിനെ ഏതു നിമിഷവും പുറത്തു വരാവുന്ന ഒരു ഭൂതത്തെ ഒളിപ്പിച്ചു വെച്ചുകൊണ്ടുള്ള ഒരു ജീവിതം, അതില്‍ എനിക്ക് സത്യമായും താല്പര്യമില്ല മിസ്റ്റര്‍ ജയിംസ്‌. എന്നോടൊന്നും തോന്നരുത്‌, ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കൂ.."

ഞാന്‍ വല്ലാത്തൊരു ധര്‍മ്മസങ്കടത്തിലായി.വാക്കുകള്‍ക്ക് വേണ്ടി തപ്പിത്തടഞ്ഞു, കടുത്ത മൌനം അവിടെ അല്‍പ്പ നേരം തളം കെട്ടി നിന്നു. അവസാനം ഒരു തീരുമാനം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

"
റോസ്, നീ വളരെ സത്യസന്ധയാണ്. നിന്നെ കാണാതെ പോയാല്‍ എന്റെ ജന്മം തികച്ചും അര്‍ത്ഥ ശൂന്യമാകും. വിവാഹത്തിനു ശേഷം എത്ര കുടുംബങ്ങള്‍ അവിഹിത ബന്ധങ്ങളാല്‍ തകര്‍ന്നതും ഏച്ച് കെട്ടി കൊണ്ട് നടക്കുനതുമായ ജീവിതങ്ങള്‍ നമ്മള്‍ കാണുന്നു. ആയിരം
കള്ളങ്ങള്‍
പറഞ്ഞ് ഒരു വിവാഹം നടത്തുമ്പോള്‍ ഒരു സത്യത്തിന്റെ പേരില്‍ ഒരു വിവാഹം മുടങ്ങില്ല റോസ്. ഞാനിതാ വാക്ക് തരുന്നു. വിവാഹം നടക്കും.ഞാന്‍ കണ്ടെത്തിയ പുണ്യത്തെ എനിക്ക് കൈവിടാനാകില്ല, ഇത് സത്യം"

റോസ്
അപ്പോഴും ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു, അപ്പോള്‍ അവളുടെ മുഖം കൂടുതല്‍ ശോഭയുള്ളതായി എനിക്ക് തോന്നി.

"
എന്താ ജയിംസ്, കഴിഞ്ഞില്ലേ കിന്നാരം?എല്ലാം സ്വിംഗ് സ്വിങ്ങല്ലേ?"
ഗബ്രി ഹാളിലേക്ക് കയറിവന്നു ചോദിച്ചു. “നിങ്ങടെ കഴിഞ്ഞെങ്കി ചായ കുടിക്കാമായിരുന്നു, അത് വെറുതെ തണുപ്പിക്കെണ്ടല്ലോ.എന്താന്നറിയില്ല ഈയിടെയായി ഭയങ്കര വിശപ്പില്ലായ്മ, വല്ല ഡോക്ടറേയും കാണേണ്ടി വരുമോ എന്തോ?"

ഞാനും റോസും ഒന്ന് പുഞ്ചിരിച്ചു, കണ്ണുകള്‍ എന്തോപറയാന്‍ ശ്രമിച്ചോ എന്നൊരു തോന്നല്‍..

അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നിറയെ റോസായിരുന്നു.അവളുടെ ദുരന്തം മറ്റാരും അറിയരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു, അവള്‍ എത്ര പേരോട് ഇക്കഥ പറഞ്ഞിട്ടുണ്ടാകും എന്നുള്ള ഒരാശങ്ക വെറുതെ എന്റെ മാസ്സിലൂടെ കടന്നു പോയി.എങ്കിലും റോസിനെ നഷ്ടപ്പെടുത്തുന്ന ഒരു തീരുമാനവും ഉണ്ടായില്ല, ഉണ്ടാക്കിയില്ല എന്ന് പറയുന്നതാവും ശരി.

24 comments:

വാഴക്കോടന്‍ ‍// vazhakodan said...

റിയാലിറ്റി കഥാ മത്സരത്തില്‍ ആദ്യ റൌണ്ടില്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തതാണ് ഈ കഥ. വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ.

Junaiths said...

ഒരു പേര്,റോസ് മേരി ജെയിംസ്‌.
നല്ലതു പോലെ പറഞ്ഞു സാഹിബ്‌.

പാവപ്പെട്ടവൻ said...

കുവൈറ്റ്‌ ചാണ്ടി,നമ്മുടെ കുവയിറ്റ് അളിയന്‍റെ ആരെങ്കിലും ആണോ ?
കഥകൊള്ളാം ഇഷ്ടപ്പെട്ടു

അരുണ്‍ കരിമുട്ടം said...

കഥ കൊള്ളാം, അതല്ലേ തിരിഞ്ഞെടുത്തത്:)

Unknown said...

മാഷെ സംഭവം ഉഷാ‍ർ.............

Anitha Madhav said...

ഒരു നല്ല വിഷയം വളരെ തന്മയത്വത്തോടു കൂടി അവതരിപ്പിച്ചതുകൊണ്ടാണ് ഈ കഥ എനിക്ക് ഇഷ്ടമായത്. സത്യത്തില്‍ റാഗിങ്ങിന് വിധേയരാകുന്ന പെണ്‍കുട്ടികളെ എത്ര പേര്‍ അറിഞ്ഞു കൊണ്ട് ജീവിതത്തിലേക്ക് ക്ഷണിക്കും? പക്ഷെ സത്യം മൂടിവെച്ചിട്ടാണെങ്കില്‍ ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല. വാഴക്കോടന്‍ ഈ കഥ വളരെ നന്നായിട്ടുണ്ട്. നല്ല ചിന്ത, അഭിനന്ദനങള്‍...

Thus Testing said...

കഥ കൊള്ളാം...ജീവിതം തന്നെ...കഥയാകുന്ന ജീവിതം..നന്നായിരിക്കുനു..ദേണ്‍ടെ കിടക്കുന്നു ഒരു ഘടാഘടിയന്‍ വോട്ട്.

Arun said...

ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടതാണ്‌. ഇതിനു ഞാനും വോട്ടു ചെയ്തിരുന്നു കേട്ടോ. ഒന്നാം സ്ഥാനം കിട്ടിയതില്‍ അഭിനന്ദനം അറിയിക്കുന്നു...

Husnu said...

Good Story, Keep writing....
Congrats

ചാണക്യന്‍ said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു...
അവിടെ വായിക്കാന്‍ കഴിഞ്ഞില്ല..അതുകൊണ്ട് മാര്‍ക്കും ഇട്ടില്ല:):)

ജിജ സുബ്രഹ്മണ്യൻ said...

വാഴേ കഥ വളരെ വളരെ നന്നായി.ഒരു കഥാ സന്ദർഭം തന്നിട്ട് അതിനെ വികസിപ്പിച്ച് ഈ പരുവത്തിലാക്കിയതിനു പ്രത്യേക അഭിനന്ദനം.

വാഴക്കോടന്‍ ‍// vazhakodan said...

ആദ്യമായിട്ടായിരുന്നു ഒരു കഥാ സന്ദര്‍ഭം തന്നിട്ടുള്ള കഥാ മത്സരത്തില്‍ പങ്കെടുക്കുന്നത്. അത് നന്നായി എന്നറിഞ്ഞതില്‍ സന്തോഷം. ഇത്തിരി കത്രിക വെച്ചാണ് ഇവിടെ പോസ്റ്റിയത്. അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..

ബഷീർ said...

നന്നായിട്ടുണ്ട്..
അഭിനനന്ദനങ്ങൾ

Typist | എഴുത്തുകാരി said...

അവിചാരിതം തന്നെ. ജെയിംസ് വേണ്ടെന്നു വച്ചു പോകുമോ എന്നു സംശയിച്ചു.

വശംവദൻ said...

നല്ല അവതരണം. അഭിനന്ദനങ്ങൾ !

പാവത്താൻ said...

നല്ല കഥ..ഒരു മത്സരം ജയിച്ച കഥയല്ലേ നന്നാവാതിരിക്കില്ലല്ലോ...

പുഴയോരം said...

അതു ശരി അപ്പോ വാഴക്കോടനായിരുന്നു ഈ കത എഴുതിയത്‌!! ആദ്യം തന്നെ വായിചിരുന്നു ,അഭിനന്ദങ്ങൾ!!!!!!!!!!!

കനല്‍ said...

നല്ല കഥയെന്ന് ഇതിനെ ആദ്യം വിശേഷിപ്പിച്ചത് ഒരു പക്ഷെ ഞാനായിരിക്കും.
നന്ദി,

Rafeek Wadakanchery said...

കഥ വായിച്ചു..സമ്മാനം കിട്ടിയ സ്റ്റോറിക്കു എന്റെ വക വീണ്ടും സമ്മാനം ..ദാ..പിടിച്ചോ....
റഫീക്ക വടക്കാന്ചേരി.

Unknown said...

ഒന്നാം സമ്മാനത്തിന് വീണ്ടും അഭിനന്ദനങ്ങള്‍
നന്നായി എഴുതി.
ഒരു സഹ മത്സരാര്‍ത്തി

വരവൂരാൻ said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഇനിയും നിറഞ്ഞു കാണട്ടെ ഈ പേരു..

Kasim Sayed said...

നല്ല അവതരണം.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കഥയില്‍ ഒരു പുതുമയും തോന്നിയില്ല . പക്ഷെ അതിന്റെ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു . അഭിനന്ദനങ്ങള്‍ . ജൈത്രയാത്ര തുടരൂ ...

Patchikutty said...

"നീ വളരെ സത്യസന്ധയാണ്. നിന്നെ കാണാതെ പോയാല്‍ എന്റെ ജന്മം തികച്ചും അര്‍ത്ഥ ശൂന്യമാകും. വിവാഹത്തിനു ശേഷം എത്ര കുടുംബങ്ങള്‍ അവിഹിത ബന്ധങ്ങളാല്‍ തകര്‍ന്നതും ഏച്ച് കെട്ടി കൊണ്ട് നടക്കുനതുമായ ജീവിതങ്ങള്‍ നമ്മള്‍ കാണുന്നു. ആയിരം
കള്ളങ്ങള്‍ പറഞ്ഞ് ഒരു വിവാഹം നടത്തുമ്പോള്‍ ഒരു സത്യത്തിന്റെ പേരില്‍ ഒരു വിവാഹം മുടങ്ങില്ല റോസ്".... കഥ ഒക്കെ കലക്കി... നല്ല ആശയം... നല്ല മെസ്സേജ്... ഒക്കെ കൊള്ളാം..പക്ഷെ എത്ര ചേട്ടന്മാരുണ്ട് ഈ ഈ ഭൂമി മലയാളത്തില്‍ പെണ്ണിന്റെ ഈ കുമ്പസാരം കേട്ട് ഇത്രേം നട്ടല്ലോടെ തീരുമാനം എടുക്കുന്നവര്‍....(നൂറ്റികൊന്നുകാണുമായിരിക്കും അതോ ) അതുകൊണ്ട് തന്നെ അല്ലെ പെണ്‍കുട്ടികള്‍ തകര്‍ന്നു പോയ ഒരു ചെറു പ്രണയം പോലും പറയാന്‍ പേടിക്കുന്നത്?.... ഇതൊക്കെ വായിച്ചു ഒരു പുരുഷന്‍ എങ്കിലും ഇത്തരം ഒരു തീരുമാനം എടുത്തു അന്തസ്സായി ജീവിച്ചു (കുത്തുവാക്കുകള്‍, പീഡനം ഒന്നുമില്ലാതെ)ലോകത്തെ കാണിച്ചാല്‍ വാഴേ. ..ഈ ജന്മം കൃതാര്തമായി എന്നൊക്കെ പറയും ഈ കഥ.