Sunday, June 7, 2009

എന്റെ പ്രിയപ്പെട്ട ആയിഷ


എന്റെ ആയിഷയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് ഗാസ്സയെക്കുറിച്ച് പറയണം. പലസ്തീനിലെ സംഘര്‍ഷമേഘലയായ ഗാസ്സ. ഗാസ്സയിലെ പ്രശാന്ത സുന്ദരമായ "അല്‍ ഹാസ' താഴ്വര. ഒലിവ് മരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്ന ഒരു കൊച്ചു മലമ്പ്രദേശം. കാഴ്ചകള്‍ക്ക് നന്നേ ദാരിദ്ര്യം നിറഞ്ഞ ഉണങ്ങിയ പുല്‍മേടുകള്‍, തീറ്റ തേടി അങ്ങിങ്ങു അലയുന്ന ആട്ടിന്‍ പറ്റങ്ങള്‍, തോക്കുകളുടെയും യുദ്ധ ടാങ്കുകളുടെയും ശബ്ദമുഖരിതമായ ദിനരാത്രങ്ങള്‍ സുപരിചിതമായ നിസ്സഹായരായ ഒരു പറ്റം മനുഷ്യരെന്നോ അഭയാര്‍ത്ഥികളെന്നോ വിളിക്കാവുന്ന ഒരു സമൂഹം. നരക യാതനകളുടെ ദുരന്തങ്ങള്‍ ജീവിതത്തിലലിഞ്ഞു ചേര്‍ന്ന് വിലപിക്കാന്പോലും പലപ്പോഴും മറന്നുപോകാറുള്ള മനുഷ്യക്കോലങ്ങള്‍... കൂടപ്പിറപ്പുകളുടെ മൃതശരീരങ്ങള്‍ക്കിടയിലൂടെ നിസ്സംഗരായി നടന്നു നീങ്ങാന്‍ വിധിക്കപ്പെട്ട ദൈവസൃഷ്ടികള്‍....ശാപം കിട്ടിയതുപോലുള്ള ഒരു ജീവിതം എങ്ങിനെയെങ്കിലും ജീവിച്ചു തീര്‍ക്കാന്‍ പെടാപാട് പെടുന്ന കുടുംബങ്ങള്‍....അവരെ ഒരു കുടുംബം എന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിളിക്കാമോ എന്ന് പലപ്പോഴും ശങ്കിക്കാന്‍ കാരണം പലകുടുംബങ്ങളിളും താങ്ങും തണലുമാകേണ്ട നാഥന്മാര്‍ ഇല്ല എന്നതുകൊണ്ട് തന്നെ. സ്വാതന്ത്ര്യ സമരത്തിലേക്ക് സ്വയം എടുത്തുചാടിയവര്‍....രക്തസാക്ഷികളായവര്‍.....അല്ലെങ്കില്‍ സ്വയം ചാവേറായി പൊട്ടിത്തെറിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍...ഇവരാരും പിന്നീട് തിരിഞ്ഞു നോക്കാതെ അനാഥമാക്കപ്പെട്ട കുടുംബങ്ങളാണ് അധികവും. എങ്കിലും അവര്‍ ജീവിക്കുകയാണ്,സ്വന്തമായ ഒരു രാജ്യം സ്വപ്നം കണ്ടുകൊണ്ട്‌ .സ്വന്തമായി കിട്ടുന്ന മണ്ണില്‍ ജീവിച്ചു മരിക്കാന്‍....

അതിര്‍ത്തിയില്‍ നിന്നും അധികം ദൂരമില്ല അല്‍ ഹാസയിലേക്ക്. ഇസ്രായേലിന്റെ ഒരു മിലിട്ടറി ചെക്ക് പോയന്റില്‍ നിന്നും നീണ്ടു വരുന്ന മണ്‍പാതയോരത്ത് മണ്‍ ചുമരുകളാല്‍ കെട്ടിയുണ്ടാക്കിയ,ഈന്തപ്പനയോല മേഞ്ഞ ഒരു ഒറ്റമുറി വീട്. ആ കൊച്ചു വീട്ടിലാണ് എന്റെ ആയിഷ. അവളെ ഒരു കൊച്ചു മാലാഖ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. നിഷ്കളങ്കമായ അവളുടെ മുഖം കണ്ടാല്‍ ആരും അവളെ അങ്ങിനയെ വിളിക്കു. അത്രയ്ക്കും മനോഹരിയാണ് ആയിഷ. പക്ഷെ തിളക്കമില്ലാത്ത അവളുടെ കണ്ണുകള്‍ എന്നും എന്നെ നൊമ്പരപ്പെടുത്തിയിരുന്നു. പിന്നിത്തുടങ്ങിയ കുഞ്ഞുടുപ്പിന്റെ അലുക്കുകളില്‍ തുന്നിപ്പിടിപ്പിച്ച മുത്തുകളുടെ തിളക്കങ്ങളും മങ്ങിയിരിക്കുന്നു. ഇളം കാറ്റിന്‍ താളത്തില്‍ ചാഞ്ചാടി നെറ്റിത്തടങ്ങളിലും കവിളുകല്‍ക്കരികിലൂടെയും വീണു കിടക്കുന്ന അവളുടെ ചെമ്പന്‍ മുടികള്‍ കോതിമാറ്റുന്ന ആ കുഞ്ഞിളംകൈകളില്‍ അലങ്കാരങ്ങളൊന്നും ഇല്ലാതെ തന്നെ മനോഹരമായിരുന്നു. ഇടതു കയ്യില്‍ എപ്പോഴും കരുതാറുള്ള അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയാണ് അവളുടെ ഏറ്റവും അടുത്ത ചങ്ങാതി.വലതുകയ്യില്‍ ഉമ്മയില്ലാത്തപ്പോള്‍ തട്ടിത്തടഞ്ഞു വീഴാതിരിക്കാന്‍ കരുതാറുള്ള തന്റെ ചൂരല്‍ വടിയും. ഇവ രണ്ടുമാണ് ആയിഷയുടെ ഇണപിരിയാത്ത കൂട്ടുകാര്‍. പലപ്പോഴും തന്റെ പാവക്കുഞ്ഞിനോടാണ് അവളുടെ പിണക്കങ്ങളും പരിഭവങ്ങള്‍ പറയലും ആജ്ഞകളും എല്ലാം. അവളുടെ കുഞ്ഞിളം വായിലെ താരാട്ടിന്റെ ഈണങ്ങള്‍ പോലും ആരും കൊതിക്കുംവിധമായിരുന്നു.

പതിവു പോലെ അന്നും അവള്‍ ഉണരുന്നതിനു മുമ്പ് തന്നെ അവളുടെ എല്ലാമെല്ലാമായ ഉമ്മ ഒലിവ് തോട്ടത്തിലേക്ക് പോയിരുന്നു. ഒലിവ് തോട്ടത്തില്‍ വിളവെടുപ്പിന്റെ സമയമായതിനാല്‍ അവളുടെ ഉമ്മാക്ക് നിത്യം പണിയുണ്ട്. അല്ലാത്ത സമയങ്ങളില്‍ വല്ലപ്പോഴുമാണ് പണിയുന്ടാവുക. ചിലപ്പോള്‍ പട്ടിണി തന്നെയായിരിക്കും. എങ്കിലും ആരോടും പരിഭവമോ പരാതിപ്പെടാനോ ആ ഉമ്മ തയ്യാറായിരുന്നില്ല. ആയിഷാക്ക് കഷ്ടി ഒരു വയസ്സായപ്പോഴാണ് അവരുടെ ഭര്‍ത്താവിനെ തീവ്രവാദ ബന്ധമാരോപിച്ച് ഇസ്രായേലി സേന പിടിച്ച് കൊണ്ടുപോയത്. മരിച്ചെന്നോ തടവിലുന്ടെന്നോ അറിയാതെ കഴിഞ്ഞ അഞ്ചു വര്‍ഷമായി അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പലപ്പോഴും അതിര്‍ത്തി കടന്ന് അന്വേഷിച്ച് ചെന്നെന്കിലും, പട്ടാളക്കാരാല്‍ പീഡിപ്പിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയുമാണ് ഉണ്ടായത്. ഒരു നാള്‍ അവരുടെ പ്രാണ നാഥന്‍ തിരിച്ച് വരും എന്നുള്ള പ്രതീക്ഷയുടെ ഉള്‍തുടിപ്പുകളുമായി ആ കൊച്ചു കുടുംബം കാത്തിരുന്നു.

ആയിഷ ഉണര്‍ന്നതും താന്‍ സ്നേഹത്തോടെ ലൈലാ എന്ന് വിളിക്കുന്ന തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ കയ്യിലെടുത്തു. തന്റെ പാവക്കുട്ടിയെ ലൈലാ എന്ന് വിളിക്കുവാനും ആയിഷാക്ക് ഒരു ന്യായമുണ്ട്. തന്റെ ഇരുണ്ട ലോകത്തില് അവള്‍ക്കു എല്ലാം കറുത്തിട്ടാണ്. ഉമ്മ പറഞ്ഞു തന്നതില്‍ വെച്ച് ഏറ്റവും കറുപ്പ് രാത്രിക്കാണെന്നാണ് അവള്‍ കരുതിയിരിക്കുന്നത്. അതുകൊണ്ടാണ് രാത്രി എന്ന അര്‍ത്ഥം വരുന്ന ലൈലാ എന്ന് വിളിക്കുന്നത്. തറയിലെ വിരിക്കരികില്‍ വെച്ചിരുന്ന അവളുടെ ചൂരല്‍ വടിയും തപ്പി എടുത്തു കൊണ്ട് ആയിഷ അവളുടെ അന്നത്തെ ദിവസത്തിലേക്കു നടന്നു.

തലേ ദിവസത്തെ ബാക്കി വന്ന റൊട്ടിക്കഷ്ണം ഉണങ്ങിയിട്ടുണ്ടെങ്കിലും വെള്ളവും കൂട്ടി കഴിക്കുന്നതിനു മുമ്പ് അവള്‍ ദൈവ നാമത്തില്‍ തുടങ്ങാന്‍ മറന്നില്ല. റൊട്ടി തിന്നു തീര്‍ന്നപ്പോളും അവള്‍ സന്തോഷത്തോടെ അന്നം നല്‍കി അനുഗ്രഹിച്ച ദൈവത്തിനു നന്ദി പറഞ്ഞു. ചുമരിനപ്പുറത്തെ റോഡിലുടെ ഇടയ്ക്ക് ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദം ആയിഷയുടെ കൊച്ചു മുറിയുടെ നിശ്ശബ്ദത ഭഞ്ജിച്ചു കൊണ്ടേയിരുന്നു. റോഡില്‍ കൂടി വാഹനങ്ങളുടെ എണ്ണം കൂടുകയാണെങ്കില്‍ ആയിഷാക്ക് ഉള്ളില്‍ നടുക്കമാണ്. ഇസ്രായേലി പട്ടാളക്കാര്‍ തങ്ങളെ ആക്രമിക്കാന്‍ വരുന്നതിന്റെ സൂചനയാണ് റോഡ് വാഹനങ്ങളാല്‍ നിറയുന്നതെന്ന് അവള്‍ക്കു നന്നായറിയാം. യുദ്ധ ടാങ്കുകള്‍ റോഡില്‍ കൂടി ഉരുളുമ്പോള്‍ തന്റെ കൊച്ചു റൂമില്‍ ഒരു ഭൂമികുലുക്കം തന്നെ അനുഭവപ്പെടാറുന്ടെന്ന് ആയിഷാക്ക് അനുഭവങ്ങളില്‍ നിന്നും അറിവുള്ളതാണ്. ആ സംഭവങ്ങള്‍ ഓര്‍ക്കുന്നത് തന്നെ അവളുടെ കുഞ്ഞു മനസ്സില്‍ തേങ്ങലുകള്‍ തീര്‍ക്കും. അങ്ങിനെ സംഭവിക്കുന്ന പക്ഷം തന്റെ കൊച്ചു മുറിയുടെ മൂലയിലുള്ള ഭൂഗര്‍ഭ അറയിലേക്ക് ഇറങ്ങി ഒളിച്ചിരിക്കാന്‍ ഉമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളിലും അവളുടെ ശ്രദ്ധയുണ്ടാകാറുണ്ട്. വാഹനത്തിന്റെ ശബ്ദത്തില്‍ നിന്നും അവ വലുതാണോ ചെറുതാണോ എന്ന് മാത്രം അവള്‍ തിരിച്ചറിഞ്ഞു.

അന്ന് സന്ധ്യയോടടുത് അവളുടെ ഉമ്മ വന്നു. അത്രയും നേരം തന്റെ തങ്കക്കുടത്തെ കാണാതിരുന്നതിന്റെ സങ്കടത്താല്‍ ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അവളെ വാരിയെടുത്തു മാറോടു ചേര്‍ത്ത് അവര്‍ അവളെ മതിവരുവോളം ഉമ്മകള്‍ നല്‍കി. ഉമ്മയുടെ സാമീപ്യം തന്നെ ആയിഷാടെ കൊച്ചു മുഖം സന്തോഷത്താല്‍ പ്രകാശിതമായിരുന്നു. ഉമ്മ വന്നാല്‍ പിന്നെ അവള്‍ ചൂരല്‍ വടി അതിന്റെ സ്ഥാനത്ത് കൊണ്ടുവെക്കും, പക്ഷെ ലൈല അവളുടെ കയ്യില്‍ തന്നെയുണ്ടാകും. ഉമ്മ വന്നാല്‍ പിന്നെ അവളുടെ കൊഞ്ചലും സംസാരങ്ങളും എല്ലാം പിന്നെ ഉമ്മയോടാണ്. അപ്പോഴാണ്‌ അന്നന്ന് തോന്നുന്ന സംശയങ്ങളും തനിക്കു അറിയേണ്ടതിനെ പറ്റിയും പിന്നെയീ ആകാശത്തിന് കീഴെയുള്ള എല്ലാവിധ കാര്യങ്ങളെ പ്പറ്റിയും അവള്‍ക്കറിയാവുന്നത് പോലെ ചോദിക്കുന്നത്. അവളുടെ കണ്ണുകളില്‍ ഉറക്കം വരുന്നത് വരെ അവരങ്ങിനെ സംസാരിച്ചു കിടക്കും. പട്ടാളം ആക്രമിക്കാന്‍ വരുന്നതും, ബോംബുകള്‍ വര്ഷിക്കുന്നതും, അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും നിഷേധിക്കുന്നതും മറ്റും എന്തിനാണെന്ന് അവളുടെ കുഞ്ഞുമനസ്സിന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. നിസ്സഹായരായ തന്നെയും തന്റെ ഉമ്മയെയും ദ്രോഹിക്കുന്ന ശത്രുക്കള്‍ക്ക് നല്ലബുദ്ധി വരാന്‍ അവള്‍ എന്നും ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു.
തന്റെ ഉപ്പയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉമ്മാടെ നിലയ്ക്കാത്ത കണ്ണീര്‍ പ്രവാത്തിലാണ് ഉത്തരങ്ങള്‍ അവസാനിക്കാറ്. ആര്‍ക്കും വേണ്ടാത്ത രണ്ടു മനുഷ്യക്കോലങ്ങള്‍ നിസ്സഹായതയുടെ രാത്രികളില്‍ ദൈവ സന്നിധിയില്‍ എല്ലാം സമര്‍പ്പിച്ച്‌ അല്പ്പായുസ്സുകലായ മറവിയുടെ യാമാങ്ങളിലേക്ക് അലിഞ്ഞു ചേര്‍ന്നു.

പിറ്റേ ദിവസത്തിലെ പ്രഭാതത്തിലെ കാറ്റിനു തണുപ്പ് അല്‍പ്പം കൂടുതലുണ്ടോ എന്ന് ആയിഷാന്റെ ഉമ്മ സംശയിച്ചു. വിളവെടുപ്പായതിനാല്‍ ഇന്നും അവര്‍ക്ക് തോട്ടത്തില്‍ പണിയുണ്ട്. അന്ന് പണിക്കു പോകാന്‍ ആ ഉമ്മാക്ക് തോന്നിയില്ലെന്കിലും തന്റെ തങ്കക്കുടത്തിനെ പട്ടിണിക്കിടാന്‍ ഇടവരുമല്ലോ എന്നോര്‍ത്ത് അവളുടെ കുഞ്ഞിക്കവിളില്‍ ഒരുപാട് ചുംബനങ്ങള്‍ നല്‍കിയാണ്‌ ഉമ്മ ഒലിവ് കായ്ച്ചു നില്‍ക്കുന്ന തോട്ടത്തിലേക്ക് പോയത്. ആയിഷ അപ്പോഴും നല്ല ഉറക്കത്തിലാണ്. അന്ന് പതിവിലും കൂടുതല്‍ വാഹനങ്ങള്‍ ആ വഴിയിലൂടെ കടന്നു പോയത് ആയിഷ അറിഞ്ഞില്ല. അധികം വൈകാതെ യുദ്ധ സജ്ജമായി ഹെലികോപ്ട്ടെറുകളും യുദ്ധവിമാനങ്ങളും ആകാശത്ത് കൂടി ഇരമ്പിപ്പാഞ്ഞു കൊണ്ടിരുന്നു. കാതടപ്പിക്കുന്ന ഈ ശബ്ദം കേട്ടാണ്‌ ആയിഷ ഉണര്‍ന്നത്. അവള്‍ ഉണര്‍ന്നതും ലൈലയെ മാറോടടക്കിപ്പിടിച്ചു. തന്റെ ചൂരല്‍ വടിക്ക് വേണ്ടി അവള്‍ കുഞ്ഞിക്കൈകളാല്‍ തപ്പിക്കൊണ്ടിരുന്നു.

ഒരു ഏകപക്ഷീയമായ നരനായാട്ടിനുള്ള കോപ്പുകൂട്ടലായിരുന്നു അതെന്ന് പലരും തിരിച്ചറിഞ്ഞു. ഒരു ചെറുവിരല്‍ കൊണ്ടുപോലും അത് തടയാന്‍ ആരും ആ നിസ്സഹായരുടെ ലോകത്തിലേക്ക്‌ വന്നില്ല. കണ്ണുള്ളവര്‍ ആരും അത് കണ്ടതായി ഭാവിച്ചില്ല. ആരുടെയൊക്കെയോ വികലമായ ചില തീരുമാനങ്ങള്‍ അവിടെ നടമാടാന്‍ പോകുകയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒലിവ് തോട്ടത്തില്‍ നിന്നും ആയിഷാന്റെ ഉമ്മ അവളുടെ അടുത്തേക്ക് അതിവേഗം ഓടി.
അതിര്‍ത്തിയില്‍ നിന്നും അനവധി യുദ്ധടാങ്കുകള്‍ ആ താഴ്വര ലക്‌ഷ്യം വെച്ച് നീങ്ങിക്കൊണ്ടിരുന്നു. കൃ‌ത്യമായി ഒരു പാതയിലൂടെയല്ലാതെ മുന്നില്‍ കണ്ട വീടുകളും കുടിലുകളും എല്ലാം തട്ടിത്തരിപ്പണമാക്കിയാണ് ടാങ്കുകള്‍ മുന്നോട്ട് വന്നുകൊണ്ടിരുന്നത്‌. ഇരുമ്പ് ബെല്റ്റിനടിയില്‍ പലതും കിടന്നു ഞെരിഞ്ഞമര്‍ന്നു. ജനങ്ങള്‍ ജീവനുവേണ്ടി നെട്ടോട്ടമോടി. ചിലര്‍ കല്ലുകളുമായി ടാങ്കുകളെ നേരിട്ടു. ദുര്‍ബ്ബലമായ ഒരു ചെറുത്തുനില്‍പ്പ്, അല്ലെങ്കില്‍ അവരുടെ ഒരു പ്രതിഷേധം. പക്ഷെ ടാങ്കുകളുടെ ശബ്ദം താഴ്‌വരയുടെ മരണത്തിന്റെ ഇരമ്പലായി മാറുകയായിരുന്നു. കാറ്റിനു ചൂട് പിടിച്ചിരിക്കുന്നു. കാറ്റില്‍ രക്തത്തിന്റെ മണം കലര്‍ന്ന് തുടങ്ങി.

ആയിഷ തന്റെ ചൂരല്‍ വടി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ദൂരെ നിന്നും കേട്ടിരുന്ന ഒരു ടാങ്കിന്റെ ശബ്ദം വളരെ വളരെ അടുത്തേക്ക്‌ വരുന്നതായി ആയിഷാക്ക് തോന്നി. ആ കുഞ്ഞുമനസ്സ് ഭയത്താല്‍ പിടഞ്ഞു. അവള്‍ ഉമ്മാനെ ഉറക്കെ വിളിച്ചു. ടാങ്കിന്റെ ശബ്ദം അടുക്കുംതോറും അവളുടെ ശബ്ദം ആ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി. കണ്ണീര്‍ ചാലുകളില്‍ ഉറവ പിടിച്ച ആ മാലാഖക്കുഞ്ഞ് പേടിച്ചരണ്ടു ഉമ്മാനെ ഉറക്കെ വിളിച്ചു അട്ടഹസിച്ചു കരഞ്ഞു. തന്റെ ചൂരല്‍ തപ്പുന്നതിനിടയില്‍ കയ്യില്‍ കിട്ടിയ ഒരു റൊട്ടിക്കഷ്ണം അവള്‍ മുറുക്കിപ്പിടിച്ചു. നിരങ്ങി നിരങ്ങി മുറിയുടെ മൂലയിലുള്ള ഭൂഗര്‍ഭ അറയിലേക്ക് എത്തിപ്പെടാന്‍ ഒരു വിഫല ശ്രമം നടത്തുന്നതിനിടയില്‍ ഭീകര ശബ്ദത്തില്‍ അവളുടെ മുറിയുടെ ചുമര്‍ ഒരു വശത്തേക്ക്‌ പതിച്ചു. എന്തോ അത്യാഹിതം സംഭവിക്കാന്‍ പോകുന്നെന്നു മനസ്സിലായ ആയിഷ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി.അവളുടെ കുഞ്ഞു മനസ്സില്‍ അവള്‍ എന്തോ തീരുമാനിച്ചിരിക്കുന്നു.അവളുടെ ചുണ്ടുകള്‍ എന്തോ മന്ത്രിച്ചുകൊണ്ടിരുന്നു. അവസാനമെന്നോണം ഒരിക്കല്‍ കൂടി അവള്‍ തന്റെ ഉമ്മാനെ വിളിച്ച് പറഞ്ഞു "ഉമ്മാ ദൈവത്തിന്റെ രക്ഷയും കരുണയും ഉമ്മാക്കുണ്ടാകട്ടെ എന്റെ പ്രിയ ഉമ്മാ" ഇടറിയ കണ്ഠത്തില്‍ നിന്നും വാക്കുകള്‍ തെങ്ങലുകളായാണ് പുറത്തേക്കു വന്നത്. എന്നിട്ടവള്‍ കാല്‍ മുട്ടുകളില്‍ ഇരുന്നു നെറ്റിത്തടം ഭൂമിയില്‍ അമര്‍ത്തി വെച്ച് ദൈവത്തോട് തന്റെ കൊച്ചു രാജ്യത്തിന് വേണ്ടി പ്രാര്‍ത്തിച്ചു. അവളുടെ തിളക്കമില്ലാത്ത കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ആ മണ്ണിനെ കുളിരണിയിച്ചു. ടാങ്കിന്റെ ഇരുമ്പ് ബെല്‍ട്ട്‌ ആയിഷാടെ പിഞ്ചു ശരീരത്തിലൂടെ ഒരു മടിയും കൂടാതെ കയറിയിറങ്ങിപ്പോയി.തന്റെ കയ്യില്‍ ഒട്ടിച്ചേര്‍ന്ന ലൈലയും മറുകയ്യിലെ റൊട്ടിയും പുതിയ തിളക്കമാര്‍ന്ന ചുവപ്പണിഞ്ഞിരുന്നു.

അല്‍ ഹാസ താഴ്വരയില്‍ നിന്നും ഇപ്പോഴും നിങ്ങള്‍ക്ക് എന്റെ ആയിഷയുടെ ദീന രോദനം കേള്‍ക്കാം...ഒന്ന് ചെവിയോര്‍ത്തു നോക്കു...നിങ്ങളും കേള്‍ക്കുന്നില്ലേ? ആയിഷാ എന്റെ പ്രിയപ്പെട്ട ആയിഷാ.

(ഗാസയില്‍ പൊലിഞ്ഞ കുരുന്നു ജീവനുകള്‍ക്ക് മുന്നില്‍ ഒരിറ്റു കണ്ണീരോടെ ഈ കഥ ഞാന്‍ സമര്‍പ്പിക്കുന്നു)

48 comments:

Rafeek Wadakanchery said...

“എന്നിട്ടവള്‍ കാല്‍ മുട്ടുകളില്‍ ഇരുന്നു നെറ്റിത്തടം ഭൂമിയില്‍ അമര്‍ത്തി വെച്ച് ദൈവത്തോട് തന്റെ കൊച്ചു രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. അവളുടെ തിളക്കമില്ലാത്ത കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ആ മണ്ണിനെ കുളിരണിയിച്ചു“
ഇങ്ങനെ എത്ര എത്ര ആയിഷമാര്‍, എത്ര എത്ര മനുഷ്യജീവനുകള്‍.. എന്നാണ് സമാധാനം ഈ ജനതയുടെ മേല്‍ ഉണ്ടാവുക.
കൊള്ളാം എഴുത്തിന്റെ രീതിയില്‍ വന്ന മാറ്റം നന്നായിട്ടുണ്ട്.ആയിഷ എന്റെ നൊമ്പരമായി കുറച്ചുനേരത്തിനെങ്കിലും.തനിക്കു നേരെ പാഞ്ഞടുക്കുന്ന വാഹനത്തിന്റെ ( ടാങ്കിന്റെ) വലിപ്പം ശബ്ദം കൊണ്ട് തിരിച്ചറിയാന്‍ ശ്രമിക്കുന്ന ആയിഷ, അവളെ ഒളിച്ചിരിക്കാന്‍ ഉമ്മ പഠിപ്പിച്ച ഭൂഗര്‍ഭ അറയേക്കാള്‍ കുടുസ്സായ ചിന്തകള്‍ ഉള്ള ലോകത്തെ കാണാഞ്ഞത് നന്നായി എന്നു പോലും തോന്നിപ്പോയി.
അഭിവാദ്യാങ്ങള്‍..
റഫീക്ക്
-മിനുസപ്ലാവില-

Anonymous said...

മജി..
ആയിഷ ഇപ്പോളും എന്നെ വേട്ടയാടുന്നു .. കണ്ണുകളും കാതുകളും ഉള്ളവര്‍ ഉറക്കം നടിച്ചു എത്രെ നാള്‍ ഇങ്ങിനെ തുടരും ...? ദൈവത്തിന്റെ ശിക്ഷക്ക് വേണ്ടി കാത്തിരിക്കുകയാണോ ..? മജീദ്‌ എഴുത്ത് നന്നായിട്ടുണ്ട്.. തുടരുക . അടിച്ചമര്‍ത്തിയവരുടെ പരിസരത്ത് നിന്നുള്ള എഴുത്തിനു കണ്ണുനീരിന്റെ നനവും ഉപ്പുരസവും ഉണ്ട്.. അത് ഹൃദയത്തില്‍ മുറിപാടുകള്‍ ഉണ്ടാക്കുന്നു...നീറ്റലും...
എല്ലാ ഭാവുകങ്ങളും നേരുന്നു
സ്നേഹത്തോടെ
നസീര്‍ ഹസ്സന്‍

shajkumar said...

ദുഖങ്ങള്‍ക്കും സൌന്ദര്യമുണ്ട്‌! ഇതു പോലെ

വാഴക്കോടന്‍ ‍// vazhakodan said...

ആയിഷ എന്നെ ശരിക്കും വേദനിപ്പിച്ചു. "അസ്സലാമു അലയ്ക്കും യാ ഉമ്മാ"("ഉമ്മാ ദൈവത്തിന്റെ രക്ഷയും കരുണയും ഉമ്മാക്കുണ്ടാകട്ടെ എന്റെ പ്രിയ ഉമ്മാ") എന്ന് പറയുന്ന ആ പിഞ്ചുമുഖം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ആ വേദന നിങ്ങള്‍ക്കും പകര്‍ന്നു തരാന്‍ കഴിഞ്ഞു എന്ന്‌ അറിയുന്നതില്‍ സന്തോഷം. അഭിപ്രായങ്ങള്‍ അറിയിച്ച റഫീക്ക്,നസീര്‍ ഹസ്സന്‍, ഷാജ്കുമാര്‍, എന്നിവരോട് എന്റെ നന്ദി അറിയിക്കുന്നു. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......സസ്നേഹം വാഴക്കോടന്‍.

Anonymous said...

This really a nice one.Aayisha teared my eyes!
Keep it up ! keep writing! Regards, Sachin Madhavan.me_sachin2009@yahoo.com

Anonymous said...

Dear Majeed,
Ente Priyappetta Aysha Vayichu. Very good. Alavitharangalil ninnum Ayshayilekulla yathrayil you have a lot of improvement. Ayshaye pole iniyum manassil ennum niranju nilkunna rachanakal undavatte Ennu aashikkunnu.

Kunjippa
from riyadh
saudi arabia

ശ്രീ said...

വളരെ ടച്ചിങ്ങ് ആയി എഴുത്യിരിയ്ക്കുന്നു. ആയിഷ വായനയ്ക്കു ശേഷവും മനസ്സില്‍ നിന്നും മായുന്നില്ല.

Anitha Madhav said...

തിളക്കമില്ലാത്ത കണ്ണുകളുള്ള ആയിഷ എന്നെ ശരിക്കും നൊമ്പരപ്പെടുത്തി.
മനസ്സില്‍ വല്ലാത്തൊരു വേതനയായി ആയിഷ കീഴ്പ്പെടുത്തി.
ആയിഷയുടെ ദുഃഖം ഞാന്‍ നെഞ്ജിലേക്ക് ഏറ്റുവാങ്ങുന്നു.
മനോഹരമായി എഴുതിയിരിക്കുന്നു, ആശംസകള്‍....

മാണിക്യം said...

എന്തിനോ വേണ്ടി അര്‍ത്ഥമില്ലാത്ത കൊലയും കൊള്ളിവെയ്പ്പും
നടത്തുന്ന-നിറങ്ങളും വെളിച്ചവും ഇല്ലാത്ത ഈ ലോകത്ത് നിന്ന്
അയിഷയെന്ന കൊച്ചു മാലാഖ ഒരു ചിത്രശലഭത്തെ പോലെ പറന്നുയര്‍ന്നു, അവസാനമായി പറഞ്ഞ
“:അസ്സലാമു അലയ്ക്കും യാ ഉമ്മാ":”
എങ്കിലും ഈശ്വരന്‍ കേട്ടിരിക്കുമോ?ദൈവത്തിന്റെ രക്ഷയും കരുണയും ഉമ്മാക്കുണ്ടാകുമോ?
ദശകങ്ങളായി നടക്കുന്ന നരബലിയും കൂട്ടകൊലയും ഈശ്വരനും നിര്‍‌വികാനായികണ്ടിരിക്കുകയാണോ?

വഴക്കോടാ ശക്തമാണീ വാക്കുകള്‍!
ആ ടങ്കര്‍ ഒരു നിമിഷം മന‍സ്സില്‍ കൂടി കയറിയിറങ്ങി
അയിഷയുടെ നിലവിളി കര്‍ണ്ണപുടങ്ങളില്‍ തുളച്ചിറങ്ങുന്നു ....

കനല്‍ said...

കരയിച്ചല്ലോ വാഴക്കോടാ.

ഒരു ഫലിത കഥ പ്രതീക്ഷിച്ചായിരുന്നു വന്നത്.

shahir chennamangallur said...

I couldn't read this story fully. its really touching.

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ കൂട്ടുകാരാ.. വല്ലാതെ നൊമ്പരപ്പെടുത്തുന്നു ഈ കഥ.. വളരെ നന്നായി എഴുതിയിരിക്കുന്നു..

Arun said...

പ്രിയപ്പെട്ട വാഴക്കോടാ,
കണ്ണുകള്‍ ശരിക്കും നിറഞ്ഞു. ഹൃദയത്തില്‍ തട്ടിയ എഴുത്ത്.
എന്നെ കരയിചെങ്കിലും ഈ ആയിഷയെ ഇഷ്ടമായി ഒരുപാടൊരുപാട്.

പി.സി. പ്രദീപ്‌ said...

എഴുത്ത് നന്നായിട്ടുണ്ട്.

ഹന്‍ല്ലലത്ത് Hanllalath said...

...കണ്ണ് നിറച്ചു കളഞ്ഞു...

പ്രതീഷ്‌ദേവ്‌ said...

കൊള്ളാം..നന്നായിട്ടുണ്ട്‌..

SreeDeviNair.ശ്രീരാഗം said...

ഇഷ്ടമായീ
ആശംസകള്‍

സസ്നേഹം,
ശ്രീദേവിനായര്‍

ബാജി ഓടംവേലി said...

മനോഹരമായി എഴുതിയിരിക്കുന്നു, ആശംസകള്‍....

Typist | എഴുത്തുകാരി said...

ശരിക്കും സങ്കടം വന്നൂട്ടോ. കഥ വായിച്ചു കഴിഞ്ഞിട്ടും ആയിഷ മനസ്സില്‍ നിന്നു പോവുന്നില്ല.

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ പ്രിയപ്പെട്ട ആയിഷയെ നിങ്ങള്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. ഒരു അന്ധയായ മാലാഖക്കുഞ്ഞായി ആയിഷ എന്റെ സ്വപ്നങ്ങളില്‍ കടന്നു വരാറുണ്ട്‌.അവള്‍ സന്തോഷത്തോടെ എനിക്ക് സലാം പറയാറുണ്ട്‌.സ്വപ്നത്തില്‍ പക്ഷെ അവയ്ക്ക് കാഴ്ചയുണ്ട്. അത്രക്കും പ്രിയപ്പെട്ടതാണ് എനിക്കീ ആയിഷ.
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇനിയും ഈ വഴികളില്‍ വരുമല്ലോ!
സസ്നേഹം,
വാഴക്കോടന്‍

പുഴയോരം said...

ente viralkalkku enthenkilum type cheyyaanulla shakthiyilla vazhakkodaaa..kannukal niranju poyi....

Kasim Sayed said...

"ഒരു ചെറുവിരല്‍ കൊണ്ടുപോലും അത് തടയാന്‍ ആരും ആ നിസ്സഹായരുടെ ലോകത്തിലേക്ക്‌ വന്നില്ല. കണ്ണുള്ളവര്‍ ആരും അത് കണ്ടതായി ഭാവിച്ചില്ല. ആരുടെയൊക്കെയോ വികലമായ ചില തീരുമാനങ്ങള്‍ അവിടെ നടമാടാന്‍ പോകുകയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു."
നമുക്കു പോലും ഒന്നും ചെയ്യനകുന്നില്ലല്ലോ ദൈവമെ...

പാവപ്പെട്ടവൻ said...

പ്രിയ വാഴക്കോട,
മനസ്സിനെ വല്ലാണ്ട് നോവിച്ച ഒരു കഥയയിപ്പോയി .ആയിഷ ഒരു നൊമ്പരമായി മനസ്സില്‍ തന്നെ തങ്ങി നില്‍ക്കുന്നു ആശംസകള്‍;

അരുണ്‍ കരിമുട്ടം said...

ഹോ, പിടിച്ചിരുത്തുന്ന എഴുത്ത്.ആയിഷ മനസ്സ് അലിയിക്കും
:(

ramanika said...

veendum vayichappol AYISHA oru nombaramayi manassil niranju!

ഞാന്‍ ആചാര്യന്‍ said...

വാഴക്കോട ഞാന്‍ ഇത് കോപ്പിയടിക്കും

കുഞ്ഞായി | kunjai said...

മനസ്സിനെ സ്പര്‍ശിച്ചു വല്ലാതെ..
നല്ല എഴുത്ത് മാഷെ

വശംവദൻ said...

അതിമനോഹരം.
ആശംസകളോടെ..

ചാര്‍ളി ചാപ്ലിന്‍സ് said...

വാഴക്കോടൻ,

ഒലീവ്‌ മരത്തണലിൽ കരിഞ്ഞുണങ്ങിവീണ, വീഴുന്ന, പിഞ്ചുപൈതങ്ങൾ, എന്ത്‌ പിഴച്ചു?

ആരും അതോർക്കാറില്ല, വർഷംതോറും സംഘടിപ്പിക്കുന്ന സമധാന മാമാങ്കത്തിന്റെ നിറംപിടിപ്പിച്ച കഥകൾക്കും ലജ്ജതോന്നിതുടങ്ങിയിട്ടുണ്ടാവും.

വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു ആയിഷയെ. ഓലീവ്‌ തോട്ടത്തിലൂടെയുള്ള ഒരുയാത്രസുഖം. അഭിനന്ദനങ്ങൾ.

Arun said...

പ്രിയപ്പെട്ട വാഴക്കോടന്‍,
ഈ കഥകളെല്ലാം ഒരു പുസ്തകമായി ഇറക്കിക്കൂടെ? ചെറുകഥകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതൊരു മുതല്‍കൂട്ടാവും, തീര്‍ച്ച. ദയവായി ആ വഴിക്കും ഒന്ന് ചിന്തിക്കൂ....ആശംസകളോടെ..

പാവത്താൻ said...

വല്ലാതെ വേദനിപ്പിച്ച വാക്കുകൾ...മനസ്സിനെ വിമലീകരിക്കുന്ന കഥ....എല്ലാവരും വായിച്ചിരുന്നെങ്കിൽ

ബിനോയ്//HariNav said...

വാഴക്കോടാ, മുന്‍പ് കണ്ടിരുന്നു ഈ കഥ. നന്നായിട്ടുണ്ട് :)

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

Unknown said...

nombarthinte sowndharyam nannayittund

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി അറിയിക്കുന്നു. ഇനിയും ഇതുപോലെ നല്ല കഥകള്‍ എഴുതാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇനിയും ഈ വഴി വരുമല്ലോ. സസ്നേഹം, വാഴക്കോടന്‍

Unknown said...

വായനയിൽ ഉടനീളം ഒരു മറപോലെ ആയിഷ നിറഞ്ഞൂ നില്ക്കുന്നു

Sureshkumar Punjhayil said...

Iraqil polinja ente suhruthinte kunjupengalude kathakoodiyakunnu ithu..... Manoharam... Ashamsakal...!!

സൂത്രന്‍..!! said...

kollam

jayanEvoor said...

തമാശയ്ക്കപ്പുറം വാഴക്കോടന്റെ സര്‍ഗവൈഭവം വളര്‍ന്നു എന്നു തെളിയിക്കുന്ന രചന. ഉള്ളുലയ്ക്കുന്ന ഒന്ന്. ഇത്രയധികം എഴുതാന്‍ എങ്ങനെ സമയം കണ്ടെത്തുന്നു!

അഭിനന്ദനങ്ങള്‍!

വാഴക്കോടന്‍ ‍// vazhakodan said...

ആയിഷയെ സ്വീകരിച്ചതിനു ഒരിക്കല്‍ക്കൂടി എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.
@ ജയന്‍ : ജോലിത്തിരക്കിനിടയില്‍ ഒന്നിനും കഴിയാറില്ല. പിന്നെ രാത്രി ഉറക്കമിളച്ച് ടൈപ്പ് ചെയ്യുന്നു. എഴുതി വെക്കുന്ന ശീലം കുറവാ. ആ സമയം കൊണ്ട് ടൈപ്പ് ചെയ്തു തീര്‍ക്കാലോ എന്ന് കരുതും.
കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.ഇനിയും ഈ വഴി വരുമല്ലോ...

Unknown said...

വൈകി വന്നതിനു ക്ഷമചോദിക്കുന്നു, വളരെ ഉള്ളില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഈ ദുരിതങ്ങള്‍ക്ക് എന്നെങ്കിലും ഒരറുതി ഉണ്ടാകും എന്നാശിക്കാം
നന്ദി ഇങ്ങനെ ഒരു പോസ്റ്റിനു

Patchikutty said...

നമ്മളൊക്കെ എത്ര ഭാഗ്യ മുള്ളവര്‍ അല്ലെ.... പാവം കുഞ്ഞ്...അതിലും പാവം ആ അമ്മയും അവരെക്കുറിച്ച് ഒന്നും അറിയാതെ മനം നൊന്തു എവിടെയോ പീഡനങ്ങള്‍ ഏറ്റു വാങ്ങി പ്രതീക്ഷയാറ്റ് ജീവിക്കുന്ന അച്ഛനും...

Faisal Mangadan said...

Really Really Herart Touching man..
This is not story .. real life in Palastine..

Faisal M A
Muscat

M@mm@ Mi@ said...

എന്നെ കരയിപ്പിച്ച ആദ്യത്തെ ബ്ലോഗ്‌ കഥ.കുഞ്ഞു ആയിഷയുടെ പ്രാര്‍ത്ഥന മനസ്സില്‍ നിന്നു മായുന്നില്ല...

SHAREEF CHEEMADAN said...

വേതന മാറുന്നില്ല,
ചങ്ക് പറിച്ചെടുത്ത പോലെ,

Echmukutty said...

ഇങ്ങനെ എത്രയെത്ര ആയിഷമാരെ വിഴുങ്ങിയാണ് അധികാരത്തിന്റെ ആർത്തിയും മുഷ്ക്കും കുതിയ്ക്കുന്നത്!

മനുഷ്യ ജന്മം കിട്ടിയ്ത് മഹാഭാഗ്യമെന്ന് പറയുന്നതൊക്കെ വെറുതെയാണെന്ന് തോന്നിപ്പോകുന്നു. ഇതൊക്കെ അറിഞ്ഞും കേട്ടും മനസ്സിലാക്കിയും അനുഭവിച്ചും എന്നിട്ടും ഒന്നും ചെയ്യാനാകാതെ ചുമ്മാ ഇങ്ങനെ ജീവിച്ചു മരിയ്ക്കുന്നതിനാണോ മനുഷ്യ ജന്മം കിട്ടിയത്?
വല്ലാത്ത വിഷമം.....ശ്വാസം മുട്ടുന്നതു പോലെ.

Irshad said...

ആയിഷ എന്നെയും കരയിച്ചു. :(

Rainy Dreamz ( said...

അതി മനോഹരം എന്ന് പറഞ്ഞ് മതി വന്നില്ല... ദുഖങ്ങൾക്കും ചിലപ്പോൾ സുന്ദരമായ ചിറകുകളുണ്ടല്ലേ...